/indian-express-malayalam/media/media_files/uploads/2023/09/October-22-to-October-28-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam-.jpg)
വാരഫലം, അശ്വതി മുതൽ ആയില്യം വരെ
October 22 - October 28, 2023: Weekly Horoscope Astrological Predictions Aswathi to Ayilliam: സൂര്യൻ തുലാം രാശിയിൽ നീചാവസ്ഥയിൽ, ചിത്തിര, ചോതി ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ അഷ്ടമി മുതൽ പൗർണമി വരെയുള്ള തിഥികളിലൂടെയും ഉത്രാടം മുതൽ രേവതി / അശ്വതി വരെയുള്ള നക്ഷത്രങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഒക്ടോബർ 28 ന് ശനി രാത്രി പൗർണമിയും അശ്വതി നക്ഷത്രത്തിൽ ചന്ദ്രഗ്രഹണവും സംഭവിക്കുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.
ബുധൻ തുലാം രാശിയിൽ സഞ്ചരിക്കുന്നു. പക്ഷേ ബുധമൗഢ്യം തുടരുകയാണ്. ചൊവ്വയും തുലാം രാശിയിൽ തന്നെയുണ്ട്, അതും മൗഢ്യത്തോടെ. ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. അവിട്ടം നാലാം പാദത്തിലായാണ് സഞ്ചാരം. വ്യാഴം വക്രഗതിയിൽ, ഭരണി നക്ഷത്രത്തിലുമാണ്.
രാഹു, മേടം രാശിയിൽ അശ്വതി നക്ഷത്രത്തിന്റെ ആരംഭബിന്ദുവിനടുത്തും കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിന്റെ തുടക്കത്തിലും ആണ്. ഒക്ടോബർ 30 ന് രാഹു, മേടത്തിൽ നിന്നും മീനത്തിലേക്കും, കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും അപസവ്യഗതിയായി പകരുന്നതിന്റെ
തൊട്ടു മുന്നിലുള്ള ദിവസങ്ങളാകയാൽ രാഹു-കേതുക്കളുടേത് രാശിസന്ധിയിലെ സ്ഥിതിയാണ്.
ഞായർ, തിങ്കൾ ദിവസങ്ങൾ മിഥുനക്കൂറുകാരുടേയും ചൊവ്വ, ബുധൻ ദിവസങ്ങൾ കർക്കടകക്കൂറുകാരുടേയും, വ്യാഴം, വെള്ളി ദിവസങ്ങൾ ചിങ്ങക്കൂറുകാരുടേയും അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. ശനിയാഴ്ച മുതൽ കന്നിക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുകയുമാണ്. ഏറ്റവും കൂടുതൽ കരുതൽ വേണ്ട ദിവസങ്ങളാണ് അഷ്ടമരാശിക്കൂറ് ദിവസങ്ങൾ എന്നത് ഓർക്കുമല്ലോ?
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
കർമരംഗത്ത് ചുവടുറപ്പിക്കാനാവും. ലക്ഷ്യത്തിലെത്താൻ സാധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല. അധ്വാനിക്കാനുള്ള മനസ്സ് അംഗീകരിക്കപ്പെടും. കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും പിന്തുണ ലഭിക്കുന്നതാണ്. പാചക നൈപുണ്യം അതിഥികളുടെ പ്രശംസ നേടും. വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം കലാകായികമായ അഭിരുചികളിലും ശോഭിക്കാൻ സാധിക്കുന്നതാണ്. സൽകർമ്മങ്ങൾക്ക് മുൻകൈയ്യെടുക്കും. വാരാന്ത്യത്തിലെ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ഭരണി
അനുകൂലമായ കാലമാണ്. അകർമ്മണ്യത കളഞ്ഞ് പ്രവർത്തിക്കുന്ന പക്ഷം നേട്ടങ്ങൾ ഉണ്ടാക്കാനാവും. വ്യക്തിജീവിതത്തിലെ വിഷാദം പ്രസാദമാകാം. സ്വന്തം തൊഴിലിന്റെ വിപുലീകരണത്തിന് ഉചിതമായ അവസരമാണിത്. കരാറുപണികൾ ചെയ്യുന്നവർക്ക് വരുമാനമുണ്ടാകുന്നതായിരിക്കും. പൊതുപ്രവർത്തകർക്ക് അനുകൂലസാഹചര്യം ഉദിച്ചേക്കും. സംവാദങ്ങളിൽ കൈക്കൊള്ളുന്ന നിലപാട് കൈയ്യടി നേടും. വാരാന്ത്യത്തിൽ ചെലവധികരിക്കാം. അലച്ചിലുണ്ടാകുന്നതാണ്.
കാർത്തിക
നക്ഷത്രനാഥനായ ആദിത്യന് നീചം, പാപഗ്രഹയോഗം എന്നിവ വരികയാൽ ദുർജനസംസർഗം ഉണ്ടായേക്കും. കഴിവുകളുണ്ടായാലും അവ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതി വരാം. ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഇളിഭ്യരാവാം. ആരോഗ്യപരമായി അത്ര നല്ല സമയമല്ല. പഠനത്തിൽ ഏകാഗ്രത കുറയാം. കച്ചവടം ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം ഉണ്ടായിക്കൂടെന്നില്ല. വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച സമ്മർദ്ദം നീങ്ങാം. ഗാർഹിക കാര്യങ്ങളിൽ കുറച്ചൊക്കെ സംതൃപ്തിയനുഭവപ്പെടാം.
രോഹിണി
നേട്ടങ്ങളുടെ ആഴ്ചയാണ് മുന്നിൽ. നക്ഷത്രാധിപനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ മനോബലമുണ്ടാവും. വാക്കിലും കർമ്മത്തിലും ഉറച്ച് നിൽക്കാനായേക്കും. വീട്ടിലെ സ്ത്രീകളുടെ സ്ഥിതി ഉയരുന്നതാണ്. അമ്മ, മുത്തശ്ശി തുടങ്ങിയവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടേക്കാം. കൃഷിയിൽ നിന്നും എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാവും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനാവുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്കും അതിലുപരിയായും ധനാഗമം പ്രതീക്ഷിക്കാം.
മകയിരം
ഇടവക്കൂറുകാർക്ക് ആഴ്ച മുഴുവൻ അനുകൂല ഫലം തന്നെയാണ്. മിഥുനക്കൂറുകാർക്ക് ആദ്യ രണ്ടു ദിവസങ്ങൾക്ക് ശേഷം ഗുണം അനുഭവപ്പെട്ടു തുടങ്ങും. അധികം വിയർപ്പൊഴുക്കാതെ തന്നെ പലതും നേടാനാവും. ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കും. ജീവിതം മൂല്യാധിഷ്ഠിതമായിരിക്കാൻ ആത്മാർത്ഥമായ ശ്രമം തുടരുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങൾ തേടി വരും. ബൗദ്ധിക വിനോദങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്.
തിരുവാതിര
പുതിയ ഭാഷയോ, സാങ്കേതിക വിഷയങ്ങളോ ഒഴിവ് നേരത്ത് പഠിക്കുവാൻ ഉദ്യമിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്. ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടിയേക്കാം. ബന്ധുക്കളുടെ പിന്തുണ നേടുന്നതിൽ വിജയിക്കുന്നതാണ്. അയൽ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിച്ചേക്കും. വ്യവഹാരാദികൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. കുട്ടികളുടെ ഭാവികാര്യങ്ങളിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ നിർബന്ധിതരായിത്തീരും. സകുടുംബം തീർത്ഥാടനത്തിന് പോവാൻ പദ്ധതിയിടും. സാമ്പത്തികമായി ഗുണമുളള വാരമാണ്.
പുണർതം
അഷ്ടമരാശിക്കൂറിലാണ് ഞായർ, തിങ്കൾ ദിവസങ്ങൾ. കരുതൽ വേണം. വാക്കും കർമ്മവും സമന്വയിപ്പിക്കുക എളുതാവില്ല. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ചില മനക്ലേശങ്ങൾ വരാം. മറ്റു ദിവസങ്ങളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടാവും. ഊഹക്കച്ചവടത്തിൽ ലാഭം വന്നുചേരും. തൊഴിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുന്നതാണ്. കായിക മത്സരങ്ങളിലും ബൗദ്ധിക വ്യായാമങ്ങളിലും വിജയിക്കുവാൻ കഴിഞ്ഞേക്കും.
പൂയം
കുടുംബ ജീവിതത്തിൽ സന്തോഷമനുഭവപ്പെടുന്നതാണ്. ഗാർഹികമായ ചിട്ടയും വെടിപ്പും മറ്റും വേണ്ടപ്പെട്ടവരുടെ പ്രശംസനേടും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടായേക്കാം. വസ്തുവില്പനയെ ചൊല്ലിയുള്ള തർക്കങ്ങളുടെ വ്യവഹാര സാധ്യത തള്ളിക്കളയുവാൻ കഴിയില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അനാവശ്യ യാത്രകളോ പാഴ്ച്ചെലവുകളോ ഭവിക്കാം. ഉദ്യോഗസ്ഥർക്ക് ദൗത്യം പൂർത്തീകരിക്കുന്നതിൽ വീഴ്ചയുണ്ടാവും. വാരാന്ത്യത്തിൽ മംഗളകർമ്മങ്ങളിൽ പങ്കെടുത്തേക്കും.
ആയില്യം
നക്ഷത്രനാഥനായ ബുധൻ ഉച്ചത്തിലുമാണ്; എന്നാൽ മൗഢ്യത്തിലുമാണ് എന്നതിനാൽ വലിയ നേട്ടങ്ങൾ ഭവിക്കും. എന്നാൽ അവ കൈക്കൊള്ളാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകാം. ബുദ്ധിശക്തിയാൽ എതിർപ്പുകളെ മറികടക്കും. ബന്ധുക്കളിൽ ചിലർ ശത്രുക്കളായി മാറാം. നന്നായി സംസാരിച്ച് കാര്യം നേടാൻ സാഹചര്യം വന്നുചേരും. ഗൃഹവാഹനാദികൾ പുതുക്കാനായി പണച്ചെലവുണ്ടാകും. വാരത്തിന്റെ മധ്യദിവസങ്ങളിൽ ക്രയവിക്രയങ്ങളിൽ നഷ്ടം വരാതെ നോക്കണം. ചില മമതാബന്ധങ്ങൾ മനപ്രയാസത്തിന് കാരണമാകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.