scorecardresearch

Monthly Horoscope October 2023: ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

October 2023 Astrological Predictions for stars Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം ഇവിടെ വായിക്കാം

October 2023 Astrological Predictions for stars Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം ഇവിടെ വായിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | October Horoscope | Astrology

ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

October Month 2023 Astrological Predictions for stars Moolam to Revathi: സൂര്യൻ കന്നിരാശിയിലും തുലാം രാശിയിലുമായി സഞ്ചരിക്കുന്നു. അത്തം, ചിത്തിര, ചോതി എന്നീ ഞാറ്റുവേലകളിലൂടെ സൂര്യൻ കടന്നുപോകുകയാണ് എന്നതും സ്മരണീയം. തുലാം സൂര്യന്റെ നീചരാശിയാണ്. അക്കാര്യവും പ്രാധാന്യമർഹിക്കുന്ന വിഷയമത്രെ

Advertisment

ഒക്ടോബർ ഒന്നിന് ചന്ദ്രൻ അശ്വതി നക്ഷത്രത്തിലാണ്. ഒക്ടോബർ 31 ന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചന്ദ്രൻ രോഹിണി നക്ഷത്രത്തിലെത്തുന്നു. ഒക്ടോബർ ഒന്നിന് കൃഷ്ണപക്ഷദ്വിതീയയാണ്. ഒക്ടോബർ 14 ന് കറുത്തവാവും ഒക്ടോബർ 28 ന് വെളുത്തവാവും വരുന്നു. അന്ന് രാത്രി അശ്വതി നക്ഷത്രത്തിൽ രാഹുഗ്രസ്ത ചന്ദ്രഗ്രഹണവും സംഭവിക്കുന്നു. രേവതി, അശ്വതി, ഭരണി, മകം, മൂലം എന്നീ നാളുകാർക്ക് ഗ്രഹണദോഷം പറയപ്പെടുന്നു.

ശനി കുംഭം രാശിയിൽ വക്രഗതിയിൽ തുടരുകയാണ്. ചതയം ഒന്നാം പാദത്തിൽ നിന്നും, മാസാന്ത്യത്തിൽ ശനി അവിട്ടം നാലാം പാദത്തിലേക്ക് നിഷ്ക്രമിക്കുന്നുണ്ട്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതി തുടരുകയാണ്.

മേടം രാശിയിൽ തുടരുന്ന രാഹു ഒക്ടോബർ 29 ന് മേടം രാശിയിൽ നിന്നും മീനം രാശിയിലേക്ക് പകരുന്നു. അനുബന്ധമായി തുലാം രാശിയിൽ തുടരുന്ന കേതു കന്നിരാശിയിലേക്കും അപസവ്യഗതിയായി (Anti Clock wise) മാറുന്നു. ഒന്നര വർഷത്തിലൊരിക്കലാണ് രാഹു- കേതു രാശിമാറ്റം എന്നതിനാൽ ഇത് ഒക്ടോബർ മാസത്തിലെ മുഖ്യഗ്രഹസംഭവമായി കണക്കാക്കാം.

Advertisment

ഒക്ടോബർ ഒന്നിന് അർദ്ധരാത്രിയിൽ ശുക്രൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചൊവ്വ ഒക്ടോബർ 3 ന് കന്നിയിൽ നിന്നും തുലാം രാശിയിലേക്ക് മാറുന്നു. ബുധൻ അന്നു തന്നെ കന്നിയിലേക്ക് സംക്രമിക്കുന്നു. ബുധന് ക്രമമൗഢ്യം ഉണ്ടെങ്കിലും കന്നിരാശി ബുധന്റെ ഉച്ചരാശിയാണെന്നത് പ്രസ്താവ്യമാണ്.

ഇങ്ങനെയുള്ള നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളേയും ഉച്ചനീചാദി അവസ്ഥകളെയും മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ
2023 ഒക്ടോബർ മാസത്തെ സമ്പൂർണ്ണമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

മൂലം

കർമ്മരംഗത്ത് ഉണർവും ഉയർച്ചയുമുണ്ടാവും. സ്വന്തം തൊഴിലിൽ വിജയിക്കാനാവും. സാമ്പത്തിക സ്വാശ്രയത്വമുണ്ടാവുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അവസരം ലഭിച്ചേക്കാം. ഭൂമിയുടെ വ്യാപാരം ഊർജ്ജിതമാകും. സഹോദരരുമായുള്ള കലഹം രമ്യതയിലായേക്കും. വായ്പകളുടെ തിരിച്ചടവിന് ക്ലേശിക്കേണ്ടി വരില്ല. കുടുംബജീവിതത്തിൽ സ്വസ്ഥതയുണ്ടാവും. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ പിന്തുണ കരുത്തേകും.

പൂരാടം

ഈമാസം ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും മെച്ചം പ്രതീക്ഷിക്കാം. പ്രൊഫഷണലുകൾക്ക് ഉയർച്ച ഉണ്ടാകും. സ്വന്തം കഴിവുകൾ അംഗീകരിക്കപ്പെടും. സാമ്പത്തികമായി ലാഭം വന്നുചേരുന്നതാണ്. വസ്തു സംബന്ധിച്ച വ്യവഹാരങ്ങൾക്ക് അനുകൂലവിധി വരാം. നല്ല അവസരങ്ങൾ കിട്ടാതെ വിഷമിച്ചവർക്ക് ഇത് അനുകൂലമായ സന്ദർഭമാണ്. പഠന മികവ് അനുമോദനം നേടും. കലാവാസനകൾക്കും പോഷണം ലഭിക്കുന്നതാണ്. മുതിർന്ന അംഗങ്ങൾക്ക് ആരോഗ്യപരമായ ക്ലേശങ്ങൾ കുറയും.

ഉത്രാടം

തൊഴിൽപരമായി വലിയ മാറ്റം ഉണ്ടാവുമെന്ന് പറയാനാവില്ല. ഏറ്റെടുത്തിട്ടുള്ള ചുമതലകൾ നൽകുന്ന സമ്മർദ്ദം തുടർന്നേക്കും. ബിസിനസ്സ് വിപുലീകരിക്കാൻ തൽകാലം മുതിരാതിരിക്കുകയാണ് നന്ന്. പ്രസ്തുത ആവശ്യത്തിനായി വായ്പ വാങ്ങുന്നതായാൽ തിരിച്ചടക്കാൻ വിഷമിക്കും. കുടുംബാംഗങ്ങൾ നൽകുന്ന പിന്തുണ വലിയ മാനസികോർജ്ജം പകരും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അന്വേഷണം പുരോഗമിക്കും. ധനുക്കൂറുകാർക്ക് മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കാം.

തിരുവോണം

നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ ഒന്നൊന്നായി പൂർത്തീകരിക്കും. തൊഴിൽ രംഗത്ത് പുതിയ ചില പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും പറയത്തക്ക സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് വരാവുന്നതാണ്. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനത്തിന് സാധ്യതയുണ്ട്. വിരുന്നുകളിലും പൂജകളിലും പങ്കെടുക്കും. ഭൗതികസാഹചര്യങ്ങൾ മാസത്തിന്റെ പകുതി മുതൽ കൂടുതൽ മെച്ചപ്പെടുന്നതാണ്. ഗൃഹത്തിന് / തൊഴിലിടത്തിന് മോടിപിടിപ്പിക്കൽ ഉണ്ടായേക്കും.

അവിട്ടം

പ്രവൃത്തി സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാകാം. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. വിദ്യാർത്ഥികൾ പ്രോജക്ടുകൾ പൂർത്തീകരിക്കാൻ അധികസമയം എടുത്തേക്കും. വിദേശ പഠനത്തിന് അനുമതി ലഭിക്കുക എളുപ്പമായേക്കില്ല. തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് അല്പകാലം കൂടി കാത്തിരിക്കേണ്ടിവരും. കുടുംബ കാര്യങ്ങളിൽ ആശ്വാസമനുഭവപ്പെടുന്നതാണ്. ഭാര്യാഭർത്താക്കന്മാർ അനുരഞ്ജനത്തോടെ പ്രവർത്തിക്കും. സാമ്പത്തിക സ്ഥിതി ഒട്ടൊക്കെ അനുകൂലമാവും.

ചതയം

സങ്കീർണ്ണവിഷയങ്ങളിൽ ബുദ്ധിപൂർവ്വം ഇടപെടുന്നതാണ്. പ്രശ്നങ്ങളുടെ കുരുക്കുകളെ സമർത്ഥമായി അഴിക്കും. വിദ്യാഭ്യാസത്തിൽ പുരോഗതി കാണാനാവും. ബന്ധുപ്രീതിയുണ്ടാവും. പണവരവ് പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. ആദിത്യൻ അഷ്ടമത്തിൽ തുടരുകയാൽ ഉദ്യോഗസ്ഥർക്ക് മനക്ലേശമേറുന്നതാണ്. അധികാരികളുമായി പൊരുത്തപ്പെടാൻ വിഷമിക്കും. കുടുംബത്തിലും ചില അസംതൃപ്തികൾ നിഴലിക്കാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. സ്വന്തം ആരോഗ്യപരിപാലനത്തിലും അലംഭാവമരുത്.

പൂരൂരുട്ടാതി

ഉറപ്പുകൾ പാലിക്കപ്പെടുകയില്ല. കിട്ടും എന്ന് കരുതിയവ അവസാനനിമിഷം നഷ്ടപ്പെടാം. ധനവരവ് സാമാന്യമായിരിക്കും. വ്യാപാരികൾക്ക് കടം, വായ്പ ഇവ അധികരിക്കാം. അന്യനാട്ടിൽ തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. പ്രണയികൾക്ക് ഇച്ഛാഭംഗത്തിനിടയുണ്ട്. ദാമ്പത്യജീവിതത്തിലും പൊരുത്തക്കേടുകൾ ഉണ്ടാവാം. പഠനത്തിൽ ശ്രദ്ധ പുലർത്താൻ സാധിക്കുന്നതാണ്. ചെറിയ കോഴ്സുകളിൽ ചേർന്നെന്നു വരാം. സ്ഥിരോത്സാഹവും സഹിഷ്ണുതയും നഷ്ടപ്പെടുത്തരുത്. പിതാവുമായുള്ള ബന്ധം രമ്യമാവണമെന്നില്ല.

ഉത്രട്ടാതി

യാത്രകൾ വേണ്ടിവരുന്നതാണ്. വ്യാപാര കരാറുകൾ പുതുക്കപ്പെടാം. ഉദ്യോഗത്തിൽ ശ്രദ്ധ കുറയുന്നതിന് മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. ശത്രുക്കളുടെ എതിർപ്പുകളെ മറികടക്കാൻ ക്ലേശിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല. കുടുംബ ബന്ധങ്ങളുടെ ശക്തി ദുർബലപ്പെടുന്നതായി തോന്നാം. ഊഹക്കച്ചവടത്തിൽ നിന്നും നേരിയ ആദായം കൈവന്നേക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ കരുത്തേകും. വാഹനം, വൈദ്യുതി, അഗ്നി തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ഏറ്റവും കരുതൽ വേണ്ടതുണ്ട്.

രേവതി

നക്ഷത്രനാഥനായ ബുധൻ ഉച്ചക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ ആത്മവിശ്വാസവും അധൃഷ്യതയും ഏറും. സമൂഹത്തിൽ സമാദരിക്കപ്പെടും. പഠിതാക്കൾക്കും ഗവേഷകർക്കും ഉത്സാഹം വർദ്ധിക്കും. വാദപ്രതിവാദങ്ങളിൽ വിജയിക്കുവാൻ കഴിയും. വ്യാപാരത്തിൽ ലാഭം കൂടുന്നതാണ്. നിക്ഷേപങ്ങൾ ആദായകരമായേക്കും. അഷ്ടമത്തിൽ കുജനുള്ളതിനാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. പാഴ്ച്ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ജോലിക്കൂടതൽ തുടങ്ങിയ സാധ്യതകളും കാണുന്നു.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: