scorecardresearch

Monthly Horoscope October 2023: ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

October 2023 Astrological Predictions for stars Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം ഇവിടെ വായിക്കാം

October 2023 Astrological Predictions for stars Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം ഇവിടെ വായിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | October Horoscope | Astrology

ഒക്ടോബര്‍ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

October Month 2023 Astrological Predictions for stars Makam to Thrikketta: സൂര്യൻ കന്നിരാശിയിലും തുലാം രാശിയിലുമായി സഞ്ചരിക്കുന്നു. അത്തം, ചിത്തിര, ചോതി എന്നീ ഞാറ്റുവേലകളിലൂടെ സൂര്യൻ കടന്നുപോകുകയാണ് എന്നതും സ്മരണീയം. തുലാം സൂര്യന്റെ നീചരാശിയാണ്. അക്കാര്യവും പ്രാധാന്യമർഹിക്കുന്ന വിഷയമത്രെ

Advertisment

ഒക്ടോബർ ഒന്നിന് ചന്ദ്രൻ അശ്വതി നക്ഷത്രത്തിലാണ്. ഒക്ടോബർ 31 ന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചന്ദ്രൻ രോഹിണി നക്ഷത്രത്തിലെത്തുന്നു. ഒക്ടോബർ ഒന്നിന് കൃഷ്ണപക്ഷദ്വിതീയയാണ്. ഒക്ടോബർ 14 ന് കറുത്തവാവും ഒക്ടോബർ 28 ന് വെളുത്തവാവും വരുന്നു. അന്ന് രാത്രി അശ്വതി നക്ഷത്രത്തിൽ രാഹുഗ്രസ്ത ചന്ദ്രഗ്രഹണവും സംഭവിക്കുന്നു. രേവതി, അശ്വതി, ഭരണി, മകം, മൂലം എന്നീ നാളുകാർക്ക് ഗ്രഹണദോഷം പറയപ്പെടുന്നു.

ശനി കുംഭം രാശിയിൽ വക്രഗതിയിൽ തുടരുകയാണ്. ചതയം ഒന്നാം പാദത്തിൽ നിന്നും, മാസാന്ത്യത്തിൽ ശനി അവിട്ടം നാലാം പാദത്തിലേക്ക് നിഷ്ക്രമിക്കുന്നുണ്ട്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതി തുടരുകയാണ്.

മേടം രാശിയിൽ തുടരുന്ന രാഹു ഒക്ടോബർ 29 ന് മേടം രാശിയിൽ നിന്നും മീനം രാശിയിലേക്ക് പകരുന്നു. അനുബന്ധമായി തുലാം രാശിയിൽ തുടരുന്ന കേതു കന്നിരാശിയിലേക്കും അപസവ്യഗതിയായി (Anti Clock wise) മാറുന്നു. ഒന്നര വർഷത്തിലൊരിക്കലാണ് രാഹു- കേതു രാശിമാറ്റം എന്നതിനാൽ ഇത് ഒക്ടോബർ മാസത്തിലെ മുഖ്യഗ്രഹസംഭവമായി കണക്കാക്കാം.

Advertisment

ഒക്ടോബർ ഒന്നിന് അർദ്ധരാത്രിയിൽ ശുക്രൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചൊവ്വ ഒക്ടോബർ 3 ന് കന്നിയിൽ നിന്നും തുലാം രാശിയിലേക്ക് മാറുന്നു. ബുധൻ അന്നു തന്നെ കന്നിയിലേക്ക് സംക്രമിക്കുന്നു. ബുധന് ക്രമമൗഢ്യം ഉണ്ടെങ്കിലും കന്നിരാശി ബുധന്റെ ഉച്ചരാശിയാണെന്നത് പ്രസ്താവ്യമാണ്.

ഇങ്ങനെയുള്ള നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളേയും ഉച്ചനീചാദി അവസ്ഥകളെയും മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ
2023 ഒക്ടോബർ മാസത്തെ സമ്പൂർണ്ണമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

മകം

ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ സുഖഭോഗങ്ങൾ ഭവിക്കുന്നതാണ്. മനസ്സിനിഷ്ടപ്പെട്ട പാരിതോഷികങ്ങൾ ലഭിക്കാം. പഠനത്തിൽ മികവേറും. പണ്ഡിതോചിതമായി സംസാരിക്കും. പദവികളും അധികാരങ്ങളും കിട്ടാം. ആജ്ഞാശക്തി വർദ്ധിച്ചേക്കും. ഉറച്ചനിലപാടുകൾ കൈക്കൊള്ളുന്നതാണ്. പിണങ്ങിനിന്ന സഹോദരരുമായി ഇണക്കത്തിലാവും. പിതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. അടുക്കളത്തോട്ടം/ മട്ടുപ്പാവ് കൃഷി ഇവയിൽ നിന്നും ആദായുണ്ടാകുന്നതാണ്.

പൂരം

മനസ്സ് സുഖാലസ്യത്തിൽ മുഴുകും. ഉദ്യോഗസ്ഥർ അവധിയെടുത്ത് സകുടുംബം സുഖവാസകേന്ദ്രങ്ങളിൽ പോകും. കച്ചവടത്തിൽ ഭാഗികമായി വിജയം നേടുവാൻ കഴിയും. ചെറുപ്പക്കാരുടെ നവസംരംഭങ്ങൾക്ക് ആശാവഹമായ തുടക്കം ലഭിച്ചേക്കാം.വിജ്ഞാനാന്വേഷണത്തിൽ വിജയിക്കാൻ കഴിയുന്നതാണ്. സദസ്സുകളിൽ പണ്ഡിതോചിതമായ പ്രസംഗം നടത്തും. വിദ്യാർത്ഥികൾക്ക് കലാപരിശീലനത്തിന് അവസരം വന്നുചേരുന്നതാണ്. പ്രണയികളുടെ ഹൃദയബന്ധം സുദൃഢമായിത്തീരും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ എല്ലാക്കാര്യങ്ങളെക്കുറിച്ചും തുറന്ന ആശയ വിനിമയം നടക്കും.

ഉത്രം

ചിങ്ങക്കൂറുകാർക്ക് ആശ്വാസത്തിന് വകയുണ്ട്. പഠനപുരോഗതി, ധനപരമായ ഉയർച്ച എന്നിവ പ്രതീക്ഷിക്കാം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതാണ്. കന്നിക്കൂറുകാർക്ക് അല്പം സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കും. ഉദ്യോഗസ്ഥർ ചില പദവികളിൽ നിന്നും ഒഴിവാക്കപ്പെടാം. മുന്നൊരുക്കം നടത്താതെ പുതുസംരംഭങ്ങൾക്ക് തുടക്കം കുറിക്കരുത്. ബന്ധുക്കളോട് വിരോധം തോന്നുകയും അത് പ്രകടിപ്പിക്കുകയും ചെയ്യാനിടയുണ്ട്. ക്ഷോഭങ്ങളെ നിയന്ത്രിക്കണം.

അത്തം

ജന്മരാശിയിൽ നിന്നും ചൊവ്വ മാറുന്നതിനാൽ ആരോഗ്യഗുണം പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ തുടർന്നു പോന്ന അനൈക്യം അവസാനിക്കും. ആദിത്യൻ ജന്മരാശിയിൽ തുടരുകയാൽ അലച്ചിലുണ്ടാകും. സാമ്പത്തികക്ലേശം വരാം. രാശിനാഥനായ ബുധൻ ഉച്ചത്തിലാവുകയാൽ പ്രശസ്തി വർദ്ധിക്കും. സാഹിത്യം, ഗണിതം, ഭാഷ, കരകൗശലം എന്നിവയിൽ നൈപുണ്യം ഉണ്ടാകുന്നതാണ്. ബന്ധുക്കളുടെ സ്നേഹവും പിന്തുണയും ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം.

ചിത്തിര

പാപഗ്രഹങ്ങൾ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ദോഷപ്രദമാണ്. കന്നിരാശിയിൽ ആദിത്യനും തുലാരാശിയിൽ ചൊവ്വയും സഞ്ചരിക്കുകയാൽ ചിത്തിര നാളുകാർ സങ്കീർണ്ണ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന് വ്യക്തം. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടും. ആരോഗ്യപ്രശ്നങ്ങളെയും നേരിടേണ്ടി വരാം. പ്രധാനകാര്യങ്ങളിൽ ഉചിതതീരുമാനം കൈക്കൊള്ളുന്നതിൽ ആശയക്കുഴപ്പം ഉണ്ടാവുന്നതാണ്. ബുധന് ഉച്ചസ്ഥിതിയുള്ളതിനാൽ കന്നിക്കൂറുകാർക്ക് വൈക്ലബ്യങ്ങളെ പരിഹരിക്കാൻ സാധിക്കും. പതിനൊന്നാമെടത്തിലെ ശുക്രന്റെ ശുഭത്വം തുലാക്കൂറുകാർക്കും ഗുണാനുഭവങ്ങൾ സമ്മാനിക്കും.

ചോതി

ജന്മരാശിയിൽ കേതു, ചൊവ്വ എന്നിവരും മാസത്തിന്റെ രണ്ടാം പകുതി മുതൽ ആദിത്യനും സഞ്ചരിക്കുകയാൽ പൊതുവേ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. വ്യക്തിത്വപ്രതിസന്ധി, വീഴ്ച, മുറിവ് , ധനക്ലേശം എന്നിവ ചില സാധ്യതകളാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. മുതൽമുടക്കുകൾക്കും ഇപ്പോൾ കാലാനുകൂല്യം ഇല്ല. ജന്മരാശ്യധിപനായ ശുക്രന്റെ ലാഭഭാവസ്ഥിതി കുറച്ചൊക്കെ ദോഷ നിവൃത്തികരമാണ്.

വിശാഖം

ചെറുതും വലുതുമായ യാത്രകൾ വേണ്ടിവരുന്നതാണ്. എന്നാൽ അവ ലക്ഷ്യം നേടും എന്ന് പറയാനാവില്ല. പല കാര്യങ്ങളും ചിന്തിച്ചുറപ്പിക്കുമെങ്കിലും അവ പ്രാവർത്തികമാക്കുന്നത് എളുപ്പമല്ലെന്നറിയും. വീട്ടുകൃഷിക്കായി നേരം മാറ്റി വെക്കുന്നതാണ്. സാങ്കേതിക ജ്ഞാനം സമാർജിക്കുക അനിവാര്യമാണെന്നറിയും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാനിടയുണ്ട്. വ്യാപാര ചർച്ചകകൾ പുരോഗമിക്കും. ദാമ്പത്യരംഗം കലുഷമാകാൻ സാധ്യതയുണ്ട്. പ്രണയികൾക്കും
നല്ല കാലമല്ല.

അനിഴം

പത്തും പതിനൊന്നും ഭാവനാഥന്മാർ ഒരുമിച്ച് പതിനൊന്നാം ഭാവത്തിൽ സ്ഥിതി ചെയ്യുകയാൽ തൊഴിലിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി, വേതന വർദ്ധനവ് മുതലായവ പ്രതീക്ഷിക്കാം. പരീക്ഷകളിലും അഭിമുഖങ്ങളിലും നേട്ടമുണ്ടാകും. ധനവരവ് അധികരിക്കും. ന്യായമായ ആഗ്രഹങ്ങൾ സഫലമാകുന്നതാണ്. ഒക്ടോബർ 20 വരെ ഈ സ്ഥിതി തുടരാം. അതിനുശേഷം ഗുണം കുറഞ്ഞേക്കും. പാദരോഗങ്ങൾ, യാത്ര, പാഴ്ച്ചെലവുകൾ എന്നിവ സാധ്യതകൾ.

തൃക്കേട്ട

പതിനൊന്നാം ഭാവത്തിലെ ബുധാദിത്യയോഗം ഏറ്റവും അനുകൂലമാണ്. വ്യാപാരത്തിൽ പ്രതീക്ഷിച്ചതിലധികം ലാഭം ഉണ്ടാവും. ഉപഭോക്താക്കളെ ആകർഷിക്കും വിധം വ്യാപാരതന്ത്രങ്ങൾ ആവിഷ്കരിക്കും. ഉദ്യോഗത്തിലിരിക്കുന്ന വർക്ക് അധികാരം വർദ്ധിക്കും. വേതനം ഉയരാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. നല്ല സ്വപ്നങ്ങൾ സാക്ഷാല്ക്കരിക്കാൻ സാധിക്കുന്നതാണ്. രാഷ്ട്രീയത്തിൽ വിജയം നേടാനാവും. ദാമ്പത്യം ശോഭനമാകുന്നതാണ്. മാസാന്ത്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ, സർക്കാരിൽ നിന്നും പ്രതികൂലത, പാഴ്ച്ചെലവുകൾ ഇവയും സാധ്യതകൾ.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: