/indian-express-malayalam/media/media_files/uploads/2023/09/October-15-to-October-21-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
വാരഫലം, മൂലം മുതൽ രേവതി വരെ
October 15 - October 21, 2023, Weekly Horoscope Astrological Predictions Moolam to Revathi: ആദിത്യൻ കന്നി-തുലാം രാശികളിൽ, ചിത്തിര ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ഒക്ടോബർ 17/ കന്നി 30 ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സൂര്യന്റെ തുലാം രാശിയിലേക്കുള്ള സംക്രമം. ചന്ദ്രൻ ശുക്ലപക്ഷ പ്രഥമ മുതൽ സപ്തമി വരെയുള്ള തിഥികളിലും ചിത്തിര മുതൽ മൂലം വരെയുള്ള നക്ഷത്രങ്ങളിലും സഞ്ചരിക്കുന്നു. ചന്ദ്രൻ പക്ഷബലത്തിലേക്ക് നീങ്ങിത്തുടങ്ങുന്ന വാരം കൂടിയാണിത്.
ബുധൻ ഒക്ടോബർ ഒന്നാം തീയതി കന്നിയിൽ നിന്നും തുലാത്തിലേക്കു പ്രവേശിക്കുന്നു. ചൊവ്വ തുലാം രാശിയിൽ തുടരുന്നു. ബുധനും ചൊവ്വയും മൗഢ്യത്തിലാണ്. ശുക്രൻ ചിങ്ങത്തിലും വ്യാഴം മേടത്തിലുമാണ്. ശനി കുംഭം രാശിയിൽ തുടരുന്നു. വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ അതാത് രാശികളിൽ വക്രഗതിയിൽ ആണ് എന്നതും ഓർക്കേണ്ട യാഥാർത്ഥ്യമാണ്.
രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. രാശിസന്ധിയിൽ പ്രവേശിച്ച് കഴിഞ്ഞതിനാൽ രാഹുവും കേതുവും നൽകുന്ന ദോഷഫലങ്ങൾ അധികരിക്കാനാണ് സാധ്യത. ഏതൊക്കെ കൂറുകാർക്കാണ് ഈയാഴ്ച അഷ്ടമരാശിക്കൂറ് എന്നുനോക്കാം. ഞായർ, തിങ്കൾ ദിവസങ്ങളിൽ മീനക്കൂറുകാർക്കും, തുടർന്ന് വ്യാഴം സായാഹ്നം വരെ മേടക്കൂറുകാർക്കും, തുടർന്ന് ശനിയാഴ്ച രാത്രി വരെ ഇടവക്കൂറുകാർക്കും ചന്ദ്രൻ അഷ്ടമരാശിയിൽ സഞ്ചരിക്കുന്നു. ശുഭകാര്യങ്ങൾക്ക് അഷ്ടമരാശി ഒഴിവാക്കണം. ധനപരമായ ഇടപാടുകളിൽ കൃത്യത വേണം. പൊതുവേ എല്ലാക്കാര്യത്തിലും കരുതൽ പുലർത്തുകയാണ് നല്ലത്.
മുകളിൽ വിശദമാക്കിയ ഗ്രഹനിലയുടെ പഞ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം പരിശോധിക്കാം.
മൂലം
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മനസ്സന്തോഷം, ആദായവർദ്ധനവ് എന്നിവ ഭവിക്കും. ഐ.ടി. മേഖലയിലുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. പ്രോജക്ടുകളുടെ നവീനത അഭിനന്ദിക്കപ്പെടാം. എതിർപ്പുകളെ കൃത്യമായി പ്രതിരോധിക്കുവാനാവുന്നതാണ്. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും. കരാറുകൾ അനുകൂലമാം വിധം ഉറപ്പിക്കാൻ കഴിഞ്ഞേക്കും. കുടുംബാംഗങ്ങൾ പിന്തുണയുമായി ഒപ്പമുണ്ടാവും. ആരോഗ്യപരിശോധനകൾ ആശ്വാസമേകുന്നതാണ്.
പൂരാടം
പുതിയ സുഹൃത്തുക്കളെ ലഭിക്കും. കൂട്ടുകച്ചവടം ലാഭകരമാവുന്നതാണ്. വ്യാപാരത്തിൽ നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് അധികാരം വർദ്ധിക്കുന്നതാണ്. സഹപ്രവർത്തകരുടെ മുഴുവൻ പിന്തുണയും പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകുന്നതാണ്. കലാകായിക മത്സരങ്ങളിൽ വിജയിക്കാനാവും. പണവരവ് പ്രതീക്ഷിച്ചതിലും കൂടാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവ് വർദ്ധിച്ചേക്കാം.
ഉത്രാടം
കഷ്ടങ്ങളെ ഭാഗികമായി മറികടക്കാൻ കഴിയും. ദുരിതങ്ങളുടെ കാരണം കണ്ടെത്താനാവുമെന്നതാണ് മുഖ്യം. കച്ചവട പുരോഗതിക്കായി വിദഗ്‌ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തും. വായ്പാ തിരിച്ചടവ് ഭാഗികമായി അടയ്ക്കാൻ വഴി തേടുന്നതാണ്. കുടുംബാംഗങ്ങളുടെ സർവ്വാത്മനാ ഉള്ള പിന്തുണ കരുത്തേകും. കിടപ്പ് രോഗികൾക്ക് ആശ്വാസം ഉണ്ടാവുന്നതാണ്. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഭവിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിൽ വരാം.
തിരുവോണം
നല്ലകാര്യങ്ങൾ അനുകൂലമാവുന്ന വാരമാണ്. കർമ്മരംഗം പുഷ്ടിപ്പെടും. അഭിവൃദ്ധിക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുവാൻ സന്നദ്ധത വന്നുചേരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവുന്നതാണ്. കലാകായികമത്സരങ്ങളിൽ വിജയിക്കുവാൻ സാധിക്കും. പൊതുപ്രവർത്തകർക്ക് ആത്മവിശ്വാസം ഉയരും. വിദേശത്ത് പഠനം / തൊഴിൽ ഇവയ്ക്കുള്ള ശ്രമം വിജയം കാണുന്നതാണ്. വാരാവസാനത്തിൽ ചില മനക്ലേശങ്ങൾ ഉണ്ടായെന്നുവരാം.
അവിട്ടം
ചന്ദ്രസഞ്ചാരം ഒട്ടൊക്കെ അനുകൂല രാശികളിലാവുകയാൽ മനസ്സന്തോഷവും ആത്മസംതൃപ്തിയും ഉണ്ടാവും. മുൻപ് ചെയ്ത ജോലികൾക്ക് ഉചിതമായ പ്രതിഫലം കിട്ടുന്നതാണ്. തൊഴിൽ മേഖലയിൽ ഉണർവ്വ് ഉണ്ടാവും. പുതിയ ഉല്പന്നങ്ങൾ കച്ചവടം ചെയ്യാനുള്ള കരാറുകൾ നേടുവാനാവും. ഉദ്യോഗസ്ഥർക്കും പ്രതീക്ഷയുള്ള കാലമാണ്. അധികാരമുള്ള ചുമതലകൾ വന്നുചേരാം. സഹപ്രവർത്തകരുടെ ആലോചനാ യോഗങ്ങളിൽ നന്നായി കാര്യങ്ങൾ അവതരിപ്പിച്ച് സംസാരിക്കാൻ സാധിക്കുന്നതാണ്. ഉപാസനകൾ മുടങ്ങില്ല. ക്ഷേത്രാടനങ്ങൾക്ക് സമയം കണ്ടെത്തുവാൻ കഴിയുന്നതാണ്.
ചതയം
ഗുണപ്രദമായ വാരമാണ്. ലക്ഷ്യം നേടാനാവും. തടസ്സങ്ങൾ നീക്കാൻ സ്ഥൈര്യം പുലർത്തും. കുടുംബകാര്യങ്ങളിൽ യോജിച്ച തീരുമാനമുണ്ടാവും. ശുഭവാർത്തകൾ തേടി വരുന്നതാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ശക്തമായി പ്രകടിപ്പിക്കുന്നതിനാൽ ബന്ധുക്കൾക്ക് നീരസം തോന്നാം. ഇതേ കാരണത്താൽ സഹപ്രവർത്തകരും അകലം പുലർത്തിയേക്കും. സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. പാരിതോഷികങ്ങൾ ലഭിച്ചേക്കാം.
പൂരൂരുട്ടാതി
ഭൂമിയിൽ നിന്നും ആദായമുണ്ടാകും. സുഹൃത്തുക്കളുടെ സഹകരണത്തോടെ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. വലിയ മുതൽ മുടക്കുകൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. പഠന ഗവേഷണാദികളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായേക്കും. കലാകായികമത്സരങ്ങളിൽ വിജയിക്കാൻ സാധിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന്റെ രൂപരേഖ തയ്യാറാവും. അവധിക്കാലത്ത് സകുടുംബം വിനോദയാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തും. ജീവിതശൈലീരോഗങ്ങൾ കുറച്ചൊന്ന് ക്ലേശിപ്പിക്കാം.
ഉത്രട്ടാതി
ഞായർ, തിങ്കൾ ദിവസങ്ങൾക്ക് ഗുണം കുറയും. അഷ്ടമരാശിയാകയാൽ മനോവാക്കർമ്മങ്ങളിൽ ശ്രദ്ധ വേണം. കടബാധ്യതകൾ വിഷമിപ്പിക്കാനിടയുണ്ട്. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ നിറവേറപ്പെടണം എന്നില്ല. ഒപ്പം മറ്റുള്ളവർക്ക് നൽകിയ വാക്കുറപ്പും പാലിക്കാൻ ക്ലേശിക്കും. ചെറിയ ആവശ്യങ്ങൾ നടന്നുകൂടും. സന്താനങ്ങൾ മത്സരങ്ങളിൽ വിജയിക്കുന്നതാണ്. നവീനസാങ്കേതിക വിദ്യ പഠിക്കാൻ താല്പര്യമുണ്ടാകും. വാരാന്ത്യത്തിൽ കൂടുതൽ സൽഫലം വന്നെത്തുന്നതാണ്.
രേവതി
വാരത്തിന്റെ തുടക്കത്തിൽ ചില തിരിച്ചടികൾ വിഷമിപ്പിക്കാം. പണം കൈമോശം വന്നേക്കാം. നടക്കും എന്ന് കരുതിയവ അവസാന നിമിഷം വഴുതിമാറാം. അനാവശ്യ കാര്യങ്ങളിൽ തലയിട്ട് പുലിവാൽ പിടിക്കാതിരിക്കാനും ശ്രദ്ധിക്കണം. ചൊവ്വാഴ്ച മുതൽ ഭേദപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. വേണ്ടപ്പെട്ടവരുടെ പിണക്കം തീർന്നേക്കും. ദാമ്പത്യത്തിൽ വീണ്ടും സ്വരലയം ഉണ്ടാകാം. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ഉന്നതരുടെ സഹകരണം കാര്യസാധ്യത്തിന് ഉതകുന്നതായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.