scorecardresearch

October 15 - October 21, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

October 15 - October 21, 2023: Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ളവരുടെ വാരഫലമിങ്ങനെ

October 15 - October 21, 2023: Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ളവരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | ജ്യോതിഷം

വാരഫലം, മകം മുതൽ തൃക്കേട്ട വരെ

October 15 - October 21, 2023, Weekly Horoscope Astrological Predictions Makam to Thrikketta: ആദിത്യൻ കന്നി-തുലാം രാശികളിൽ, ചിത്തിര ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ഒക്ടോബർ 17/ കന്നി 30 ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സൂര്യന്റെ തുലാം രാശിയിലേക്കുള്ള സംക്രമം. ചന്ദ്രൻ ശുക്ലപക്ഷ പ്രഥമ മുതൽ സപ്തമി വരെയുള്ള തിഥികളിലും ചിത്തിര മുതൽ മൂലം വരെയുള്ള നക്ഷത്രങ്ങളിലും സഞ്ചരിക്കുന്നു. ചന്ദ്രൻ പക്ഷബലത്തിലേക്ക് നീങ്ങിത്തുടങ്ങുന്ന വാരം കൂടിയാണിത്.

Advertisment

ബുധൻ ഒക്ടോബർ ഒന്നാം തീയതി കന്നിയിൽ നിന്നും തുലാത്തിലേക്കു പ്രവേശിക്കുന്നു. ചൊവ്വ തുലാം രാശിയിൽ തുടരുന്നു. ബുധനും ചൊവ്വയും മൗഢ്യത്തിലാണ്. ശുക്രൻ ചിങ്ങത്തിലും വ്യാഴം മേടത്തിലുമാണ്. ശനി കുംഭം രാശിയിൽ തുടരുന്നു. വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ അതാത് രാശികളിൽ വക്രഗതിയിൽ ആണ് എന്നതും ഓർക്കേണ്ട യാഥാർത്ഥ്യമാണ്.

രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. രാശിസന്ധിയിൽ പ്രവേശിച്ച് കഴിഞ്ഞതിനാൽ രാഹുവും കേതുവും നൽകുന്ന ദോഷഫലങ്ങൾ അധികരിക്കാനാണ് സാധ്യത. ഏതൊക്കെ കൂറുകാർക്കാണ് ഈയാഴ്ച അഷ്ടമരാശിക്കൂറ് എന്നുനോക്കാം. ഞായർ, തിങ്കൾ ദിവസങ്ങളിൽ മീനക്കൂറുകാർക്കും, തുടർന്ന് വ്യാഴം സായാഹ്നം വരെ മേടക്കൂറുകാർക്കും, തുടർന്ന് ശനിയാഴ്ച രാത്രി വരെ ഇടവക്കൂറുകാർക്കും ചന്ദ്രൻ അഷ്ടമരാശിയിൽ സഞ്ചരിക്കുന്നു. ശുഭകാര്യങ്ങൾക്ക് അഷ്ടമരാശി ഒഴിവാക്കണം. ധനപരമായ ഇടപാടുകളിൽ കൃത്യത വേണം. പൊതുവേ എല്ലാക്കാര്യത്തിലും കരുതൽ പുലർത്തുകയാണ് നല്ലത്.

മുകളിൽ വിശദമാക്കിയ ഗ്രഹനിലയുടെ പഞ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം പരിശോധിക്കാം.

Advertisment

മകം

ചില സഹായ വാഗ്ദാനങ്ങൾ ഇപ്പോൾ അനുഭവത്തിൽ വരും. ദുർഘടങ്ങളെ നേരിടാൻ കരുത്തുണ്ടാകും. സഹോദരരുമായി വീണ്ടും ഇണങ്ങും. കുടുംബവിഷയങ്ങൾ ചർച്ച ചെയ്ത് കൂട്ടായ തീരുമാനത്തിലെത്തും. സ്വന്തം ബിസിനസ്സിൽ പങ്കാളികളെ ചേർക്കുന്ന കാര്യം സജീവ പരിഗണനയിലെത്തും. ഭൂമി വില്പനയിൽ വിചാരിച്ചത്രയല്ലെങ്കിലും ലാഭം ഉണ്ടാകുന്നതാണ്. മക്കളുടെ ഉപരിപഠനം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ വരാം. വാരാന്ത്യത്തിൽ മനസ്സിന്റെ പ്രവർത്തനം മന്ദഗതിയിലാവും. നിരുന്മേഷത വരാം.

പൂരം

സാമ്പത്തിക കാര്യങ്ങളിൽ നല്ല അച്ചടക്കം ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താത്പര്യം കുറയും. കുടുംബത്തിലെ ഇളമുറക്കാരും മുതിർന്നവരുമായി മാനസിക ഐക്യം ദുർബലമാകാം. തൊഴിലിൽ സ്ഥാനക്കയറ്റത്തിനായുള്ള ശ്രമങ്ങൾ വിജയിച്ചേക്കില്ല. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകും. ബന്ധുക്കളുടെ പിന്തുണ ഉറപ്പിക്കാനാവില്ല. വാരാന്ത്യത്തിൽ സ്ഥിതി പൊതുവേ മെച്ചപ്പെടുന്നതായി തോന്നാം.

ഉത്രം

നക്ഷത്രനാഥനായ സൂര്യന് ചൊവ്വ, കേതു എന്നീ പാപഗ്രഹങ്ങളുമായി ബന്ധം വരികയാൽ ദുഷ്പ്രേരണകൾ ഉണ്ടാവാം. കൂട്ടുകെട്ടുകൾ സ്വഭാവത്തിന് ചേർന്നതാവണമെന്നില്ല. അനാവശ്യ വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുകയാവും ഉത്തമം. കച്ചവടം നടത്തുന്നവർക്ക് പ്രതീക്ഷിച്ചിടത്തോളം വരുമാനം വന്നുചേരാനിടയില്ല. ഉദ്യോഗത്തിലിരിക്കുന്നവർക്ക് വെല്ലുവിളികളാവുന്ന ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നേക്കും. കുടുംബസമേതമുള്ള തീർത്ഥാടനത്തിന് തയ്യാറെടുപ്പുകൾ നടത്തും.

അത്തം

ഗ്രഹപ്പിഴകൾ തുടരുന്ന കാലമാകയാൽ സാഹസങ്ങൾക്ക് മുതിരരുത്. മനക്ലേശം തുടരാം. ഉദ്യമങ്ങളിൽ നേട്ടം ഒച്ചിനെപ്പോലെ ഇഴഞ്ഞെന്നുവരാം. ബുദ്ധിപരമായ ഉണർവ്വ് പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ വലിയ തോതിൽ സഹായകമാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ സാമ്പത്തിക മേന്മയുണ്ടാവുന്നതാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ പുതിയ ഊർജ്ജമേകും. വിദ്യാഭ്യാസ കാര്യങ്ങളിൽ ശുഷ്കാന്തി കുറയുന്നതാണ്.

ചിത്തിര

പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്ന കാലമാണ്. വ്യക്തിത്വത്തിന്റെ സന്തുലിതത്വം നഷ്ടമാകാം. ക്ഷോഭം അധികരിച്ചേക്കാം. ചെറിയ കാര്യങ്ങളെ വലുതാക്കുന്ന പ്രവണത ദോഷമുണ്ടാക്കും. ചെലവ് അധികരിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. കുടുംബജീവിതത്തിൽ സുഖവും സ്വൈരവും കുറയാനിടയുണ്ട്. ചെറുകരാറുകൾ ഉറപ്പിച്ചു കിട്ടാം. വസ്തുകച്ചവടത്തിൽ കരുതിയ ലാഭം ഉണ്ടായേക്കില്ല. തിടുക്കവും ഉൽക്കണ്ഠയും കുറയ്ക്കുന്നത് നന്നായിരിക്കില്ല.

ചോതി

അപ്രതീക്ഷിത യാത്രകളുണ്ടാവാം. ദേഹത്തിന് ആയാസവും ആരോഗ്യപ്രശ്നങ്ങളും വരാം. വേണ്ടാത്ത കാര്യങ്ങൾക്കായി വീറും വാശിയും കാട്ടും. ഭൗതിക നേട്ടങ്ങൾ നാമമാത്രമായിട്ടാവും അനുഭവത്തിൽ വരിക. വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് ഈ ആഴ്ച പഠനത്തിൽ മുഴുകാൻ കഴിഞ്ഞേക്കില്ല. വ്യാപാരത്തിൽ ചെറിയ നേട്ടം പ്രതീക്ഷിക്കാം. പതിനൊന്നിൽ ശുക്രൻ ഉള്ളതിനാൽ ഭോഗവും ഭോജ്യസുഖവും ഉണ്ടായേക്കാം. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ തുറന്നുകിട്ടുന്നതാണ്.

വിശാഖം

മനസ്സ് പല കാര്യങ്ങളിലേക്ക് പായും. ബഹുകാര്യങ്ങൾ ഏറ്റെടുക്കും. പക്ഷേ വാരാന്ത്യത്തിൽ വാഗ്ദാനങ്ങൾ ഒന്നും പൂർത്തിയാക്കാൻ കഴിയില്ല എന്നതാവും വൈപരീത്യം. കർമ്മരംഗം നവീകരിക്കാൻ വായ്പാ സഹായം തേടും. സർക്കാർ / ബാങ്ക്/ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലത ഉണ്ടാവുക എളുപ്പമാവില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അകർമ്മണ്യതയിലേക്ക് നീങ്ങുക എന്നതും ഒരു സാധ്യതയാണ്. കലാകാരന്മാർക്ക് ചില നേട്ടങ്ങൾ ഉണ്ടാവും.

അനിഴം

വാരാദ്യത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാവും. വിശിഷ്ട വ്യക്തിത്വങ്ങളുമായി പരിചയപ്പെടും. മുൻപ് നടന്ന മത്സരങ്ങളിൽ അനുകൂല വിധി വന്നുചേരും. ഉപരിപഠനത്തിന് അന്യനാട്ടിലെ കലാശാലകളിൽ അനുമതി ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചില സങ്കീർണ്ണമായ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. ദിനചര്യകൾക്ക് നേരനീക്കം വരുന്നതാണ്. പണമിടപാടുകളിൽ കണക്ക് സൂക്ഷിക്കാൻ മറക്കരുത്. കച്ചവട സ്ഥാപനം സൗന്ദര്യവൽക്കരിക്കാൻ ശ്രമം തുടങ്ങും. പാചകനൈപുണ്യം അതിഥികളുടെ പ്രശംസ നേടും.

തൃക്കേട്ട

പതിവിലധികം നേരം ഓഫീസ് കാര്യങ്ങൾക്കായി ചെലവഴിക്കപ്പെട്ടേക്കും. ഉയർന്ന അധികാരികളുമായി ഔദ്യോഗിക യാത്രകൾ വേണ്ടി വരാം. മക്കളുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സാമ്പത്തിക ഞെരുക്കം ആഴ്ചയുടെ രണ്ടാം പകുതി മുതൽ കൂടുവാൻ സാധ്യതയുണ്ട്. ചൊവ്വയും കേതുവും പന്ത്രണ്ടാം ഭാവത്തിൽ തുടരുകയാൽ പൊതുവേ മാനസിക ക്ലേശമേറുന്നതാണ്. പാദരോഗങ്ങൾ വിഷമിപ്പിച്ചേക്കാം. കലഹ പ്രേരണകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാവും ഉചിതം. ആരോഗ്യ കാര്യങ്ങളിൽ അലംഭാവം അരുത്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: