/indian-express-malayalam/media/media_files/uploads/2023/09/October-15-to-October-21-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam-.jpg)
വാരഫലം, അശ്വതി മുതൽ ആയില്യം വരെ
October 15 - October 21, 2023: Weekly Horoscope Astrological Predictions Aswathi to Ayilliam: ആദിത്യൻ കന്നി-തുലാം രാശികളിൽ, ചിത്തിര ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ഒക്ടോബർ 17/ കന്നി 30 ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സൂര്യന്റെ തുലാം രാശിയിലേക്കുള്ള സംക്രമം. ചന്ദ്രൻ ശുക്ലപക്ഷ പ്രഥമ മുതൽ സപ്തമി വരെയുള്ള തിഥികളിലും ചിത്തിര മുതൽ മൂലം വരെയുള്ള നക്ഷത്രങ്ങളിലും സഞ്ചരിക്കുന്നു. ചന്ദ്രൻ പക്ഷബലത്തിലേക്ക് നീങ്ങിത്തുടങ്ങുന്ന വാരം കൂടിയാണിത്.
ബുധൻ ഒക്ടോബർ ഒന്നാം തീയതി കന്നിയിൽ നിന്നും തുലാത്തിലേക്കു പ്രവേശിക്കുന്നു. ചൊവ്വ തുലാം രാശിയിൽ തുടരുന്നു. ബുധനും ചൊവ്വയും മൗഢ്യത്തിലാണ്. ശുക്രൻ ചിങ്ങത്തിലും വ്യാഴം മേടത്തിലുമാണ്. ശനി കുംഭം രാശിയിൽ തുടരുന്നു. വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ അതാത് രാശികളിൽ വക്രഗതിയിൽ ആണ് എന്നതും ഓർക്കേണ്ട യാഥാർത്ഥ്യമാണ്.
രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. രാശിസന്ധിയിൽ പ്രവേശിച്ച് കഴിഞ്ഞതിനാൽ രാഹുവും കേതുവും നൽകുന്ന ദോഷഫലങ്ങൾ അധികരിക്കാനാണ് സാധ്യത. ഏതൊക്കെ കൂറുകാർക്കാണ് ഈയാഴ്ച അഷ്ടമരാശിക്കൂറ് എന്നുനോക്കാം. ഞായർ, തിങ്കൾ ദിവസങ്ങളിൽ മീനക്കൂറുകാർക്കും, തുടർന്ന് വ്യാഴം സായാഹ്നം വരെ മേടക്കൂറുകാർക്കും, തുടർന്ന് ശനിയാഴ്ച രാത്രി വരെ ഇടവക്കൂറുകാർക്കും ചന്ദ്രൻ അഷ്ടമരാശിയിൽ സഞ്ചരിക്കുന്നു. ശുഭകാര്യങ്ങൾക്ക് അഷ്ടമരാശി ഒഴിവാക്കണം. ധനപരമായ ഇടപാടുകളിൽ കൃത്യത വേണം. പൊതുവേ എല്ലാക്കാര്യത്തിലും കരുതൽ പുലർത്തുകയാണ് നല്ലത്.
മുകളിൽ വിശദമാക്കിയ ഗ്രഹനിലയുടെ പഞ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം പരിശോധിക്കാം.
അശ്വതി
ആഴ്ചയുടെ തുടക്കവും ഒടുക്കവും മെച്ചപ്പെട്ടതാവും. സാമ്പത്തിക ഇടപാടുകളിൽ മെച്ചം ഭവിക്കും. വിദ്യാർത്ഥികൾക്ക് ഉന്മേഷത്തോടെ പഠനം തുടരാൻ കഴിയുന്നതാണ്. ഗാർഹികരംഗം സംതൃപ്തവും സന്തോഷഭരിതവുമാവും. വിരുന്നുകാർക്ക് ആതിഥ്യമരുളേണ്ടി വന്നേക്കും. ബന്ധങ്ങൾ ദൃഢമാകും. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. അശുഭവാർത്തകൾ കേൾക്കാം. ചെലവുകൾ അല്പം അനിയന്ത്രിതമാവും. ശകാരം കേൾക്കുവാനിടയുണ്ട്.
ഭരണി
സൽകാര്യങ്ങൾ ചെയ്യാൻ സാഹചര്യം ഉണ്ടാവും. പ്രതിസന്ധികളെ ഭംഗിയായി തരണം ചെയ്യും. അനുഭവത്തിൽ നിന്നും അറിഞ്ഞ 'വിജയമന്ത്രം' ഫലപ്രദമായി ഉപയോഗിക്കും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. വ്യാപാരക്കരാറുകൾ നേടും. യാത്രകൾ കൊണ്ട് നേട്ടം ഭവിക്കുന്നതാണ്. ദാമ്പത്യം മധുരതരമാവും. വിദ്യാസത്തിൽ പുരോഗതി പ്രതീക്ഷിക്കാം.ആഴ്ച മധ്യത്തിൽ എല്ലാക്കാര്യത്തിലും സൂക്ഷ്മത വേണം. ക്ഷോഭവാസനകളെ നിയന്ത്രിക്കേണ്ടതുണ്ട്.
കാർത്തിക
ചുമതലകൾ ഭംഗിയായി നിർവഹിക്കും. സ്വന്തം തൊഴിൽ നേർവഴിക്ക് തന്നെയാണ് നീങ്ങുന്നത് എന്ന തോന്നൽ ഉണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി / ലൈസൻസ് ഇവ ലഭിക്കുന്നതാണ്. നക്ഷത്രനാഥനായ ആദിത്യന് വാരമധ്യം മുതൽ നീചം, പാപയോഗം ഇവ വരുന്നു. അതിനാൽ ചിലരുടെ ദുഷ്പ്രേരണകൾക്ക് വഴിപ്പെടാം. ആരുടെയെങ്കിലും ഉപദേശം ചെവിക്കൊള്ളുന്നതിന് മുൻപ് അവയുടെ ശരിതെറ്റുകൾ സ്വയം വിലയിരുത്തുന്നത് ഗുണകരമാവും.
രോഹിണി
കാര്യതടസ്സം, തൊഴിൽ പ്രശ്നങ്ങൾ, അനാരോഗ്യം എന്നിവയാൽ വിഷമിച്ചവർക്ക് ഭേദപ്പെട്ട സമയം തുടങ്ങുകയാണ്. അധികാരികളുടെ അംഗീകാരം ലഭിക്കും. സഹപ്രവർത്തകരിൽ അസൂയ ഉണ്ടാക്കുന്ന പുതിയ ചുമതലകൾ വന്നുചേരുന്നതാണ്. പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കും. ഗവേഷണത്തിൽ നവോന്മേഷം കൈവരും. കച്ചവടത്തിൽ നിന്നും ധനവരവ് ഉയരുന്നതാണ്. പുതുവായ്പകൾക്കുള്ള ശ്രമം വിജയിക്കാം. വാരാന്ത്യത്തിൽ മനോവാക്കർമ്മങ്ങളിൽ നല്ലശ്രദ്ധ വേണ്ടതുണ്ട്.
മകയിരം
ഇടവക്കൂറുകാർക്ക് എതിർപ്പുകളെ പ്രതിരോധിക്കാനാവും. മനസ്സിന് സ്വസ്ഥതയുണ്ടാവാം. ജോലിസ്ഥലത്തുണ്ടായിരുന്ന സമ്മർദ്ദം കുറയുന്നതാണ്. മക്കളുടെ ഉപരിപഠന കാര്യത്തിലെ ആശങ്കകൾ ഒഴിഞ്ഞേക്കും. മിഥുനക്കൂറുകാർ അനാവശ്യ കാര്യങ്ങൾ ആലോചിച്ച് കൂട്ടും. തീരുമാനങ്ങൾ കൈക്കൊള്ളാൻ വിഷമിച്ചേക്കാം. ഉപദേശം കേൾക്കാത്തതിനാൽ മക്കളോട് നീരസം ഉണ്ടാവുന്നതാണ്. ചന്ദ്രന് പക്ഷബലം ഉണ്ടാവുകയാൽ വാരാന്ത്യത്തിൽ മനസ്സന്തോഷം, തരക്കേടില്ലാത്ത ആദായം, ദാമ്പത്യസൗഖ്യം തുടങ്ങിയവ പ്രതീക്ഷിക്കാം.
തിരുവാതിര
സാമ്പത്തികമായി മുറുക്കമുള്ള വാരമാണ്. ബിസിനസ്സിന്റെ സുഗമതയ്ക്ക് ചില തടസ്സങ്ങൾ ഉണ്ടാവാം. ഉല്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിൽ കൂടുതൽ ശ്രദ്ധയുണ്ടാവേണ്ട സന്ദർഭമാണ്. ഉദ്യോഗസ്ഥർ ജോലിയിലെ സമ്മർദ്ദം മൂലം നിലവിലെ തൊഴിൽ ഉപേക്ഷിച്ചാലോ എന്നു വിചാരിക്കും. കുടുംബത്തിന്റെ സപ്പോർട്ട് സമാശ്വാസമേകും. ബുധനാഴ്ച മുതൽ ചില മെച്ചങ്ങൾ പ്രതീക്ഷിക്കാം. ധനപരമായി ഉയർച്ചയുണ്ടാകും.
പുണർതം
നക്ഷത്രനാഥനായ വ്യാഴത്തിന് വക്രഗതി, കൂറിന്റെ അധിപനായ ബുധന് മൗഢ്യം എന്നിവ ഉള്ളതിനാൽ ഗ്രഹാനുകൂല്യം കുറവാണ്. സുലഭമായി നേടുന്ന വസ്തുക്കൾ ദുർലഭമായിത്തീരാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ തിരിച്ചറിയുമെങ്കിലും പ്രതിരോധം വിഷമകരമാവും. വാരമധ്യം മുതൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാം. പഠനത്തിലെ ആലസ്യം നീങ്ങുന്നതാണ്. ബുദ്ധിപരമായ ഉണർവ്വ് ഉണ്ടാവാം. സുഹൃത്തുക്കളുടെ പിന്തുണ മനക്കരുത്തേകും. വായ്പകൾ ഭാഗികമായി തിരിച്ചടക്കാൻ ശ്രമം തുടരുന്നതാണ്. ആരോഗ്യപരമായി നല്ല ശ്രദ്ധ വേണ്ടതുണ്ട്.
പൂയം
രാശിനാഥനായ ചന്ദ്രന്റെ വെളുത്ത പക്ഷത്തിലെ പ്രയാണം പ്രശ്നങ്ങളുടെ പരിഹാരത്തിലേക്ക് നയിക്കും. മണ്ണിൽ ചവിട്ടി നിന്നുകൊണ്ടു തന്നെ സ്വപ്നം കാണും. വാരാദ്യത്തിൽ സുഹൃൽസമാഗമം, ബന്ധുഗൃഹസന്ദർശനം ഇവയുണ്ടാവാം. അമ്മയുടെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. വാഗ്ദാനങ്ങൾ നിറവേറുന്നതിൽ വിജയിക്കുന്നതാണ്. യാത്രകൾ ഉണ്ടായേക്കും. പ്രണയികൾക്ക് അത്ര നല്ലവാരമാണെന്ന് പറഞ്ഞുകൂടാ. ഭൂമിയിന്മേലുള്ള തർക്കം വ്യവഹാരമാകാനുള്ള സാധ്യത കാണുന്നു.
ആയില്യം
സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കൾക്കായി കൂടുതൽ സമയം നീക്കിവെച്ചേക്കും. ഗാർഹിക കാര്യങ്ങൾ നിർവഹിക്കാനും മറ്റും കുറെ ഊർജ്ജം ചെലവാകും. വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാകും. ശാസ്ത്രീയ അന്വേഷണത്തിൽ മുഴുകുന്നതാണ്.
നവമാധ്യമങ്ങളിൽ സജീവമായ ഇടപെടൽ നടത്തും. കർമ്മരംഗത്ത് ഉദാസീനത ഉണ്ടായേക്കാം. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചേക്കില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.