/indian-express-malayalam/media/media_files/uploads/2023/09/October-8-to-October-14-Weekly-Horoscope-Astrological-Predictions-Makam-to-Thriketta.jpg)
വാരഫലം, മകം മുതൽ തൃക്കേട്ട വരെ
October 08-October 14, 2023: Weekly Horoscope Astrological Predictions Makam to Thriketta: ആദിത്യൻ കന്നിരാശിയിൽ അത്തം, ചിത്തിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ നവമിയിൽ തുടങ്ങി കറുത്തവാവ് വരെയുള്ള തിഥികളിലും പൂയം മുതൽ അത്തം വരെയുള്ള നക്ഷത്രങ്ങളിലുമാണ്. പൊതുവേ ചന്ദ്രൻ പക്ഷബലരഹിതനാണ് ഈയാഴ്ച. ചൊവ്വ, ബുധൻ എന്നീ രണ്ടു ഗ്രഹങ്ങളും മൗഢ്യത്തിലാണ്.
ചൊവ്വ തുലാം രാശിയിൽ ചിത്തിര, ചോതി നക്ഷത്രങ്ങളിലാണ്. ബുധൻ കന്നിരാശിയിൽ ഉച്ചസ്ഥനാണ്. എന്നാൽ ക്രമമൗഢ്യാവസ്ഥയിലത്രെ! ഈയാഴ്ച അത്തം നക്ഷത്രത്തിലൂടെയാണ് ബുധന്റെ സഞ്ചാരം എന്നതും പ്രസ്താവ്യം. ശുക്രൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലൂടെയാണ് ഈയാഴ്‌ച സഞ്ചരിക്കുന്നത്.
വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ ഭരണി രണ്ട്, ഒന്ന് പാദങ്ങളിൽ സഞ്ചരിക്കുന്നു. രാഹു മേടം രാശിയിൽ അശ്വതി ഒന്നാം പാദത്തിലാണ്. കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിലുമുണ്ട്. ശനി വക്രഗതിയിൽ കുംഭം രാശിയിൽ ചതയം ഒന്നാം പാദത്തിൽ സഞ്ചരിക്കുന്നു.
ഈയാഴ്ച ഏതൊക്കെ കൂറുകാർക്കാണ് അനിഷ്ടപ്രദമായ അഷ്ടമരാശിക്കൂറ് അഥവാ ചന്ദ്രന്റെ അഷ്ടമരാശിയിലൂടെയുള്ള സഞ്ചാരം എന്ന് നോക്കാം. ഞായറും തിങ്കളും ധനുക്കൂറിനും ചൊവ്വയും ബുധനും വ്യാഴം വൈകിട്ട് വരെയും മകരക്കൂറിനും തുടർന്ന് വാരാന്ത്യം വരെ ഉള്ള ദിവസങ്ങൾ കുംഭക്കൂറിനും അഷ്ടമരാശിയാണ്. പ്രസ്തുത ദിവസങ്ങളിൽ വാക്കിലും പ്രവൃത്തിയിലും കരുതൽ അനിവാര്യമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഏതുവിധത്തിലൊക്കെയാവും എന്ന് പരിശോധിക്കാം.
മകം
ഞായർ, തിങ്കൾ ദിവസങ്ങളിൽ ചെലവധികമാവും. ദേഹസുഖവും മനസ്സുഖവും കുറയും. കാര്യങ്ങൾ വരുതിയിലല്ലെന്ന തോന്നൽ ഉണ്ടാകാം. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ന്യായമായ ആഗ്രഹങ്ങൾ നടന്നു കിട്ടും. സാമ്പത്തികമായ ഗുണം ഉണ്ടാകും. ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം. സകുടുംബം വിരുന്നുകളിൽ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
പൂരം
ഉദ്യോഗസ്ഥർക്ക് നയചാതുര്യം ആവശ്യമായി വരും. കാര്യസാധ്യം ദുർഘടമാകാം. അധ്വാനഭാരം കൂടുന്നതാണ്. ദേഹക്ലേശവും മനക്ലേശവും വലയ്ക്കാം. എന്നാൽ സന്തോഷിക്കാനും സ്വസ്ഥത പുലർത്താനും സന്ദർഭങ്ങൾ ഇടയ്ക്കിടെ വന്നുചേരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയോടെ പഠനത്തിൽ മുഴുകാൻ സാധിച്ചേക്കില്ല തൊഴിൽ തേടുന്നവർക്ക് ചെറിയ അവസരങ്ങൾ ലഭിച്ചേക്കാം. അത്യാവശ്യങ്ങളുടെ നിർവഹണത്തിന് പണം കൈവശമെത്തും.
ഉത്രം
വ്യക്തിപരമോ തൊഴിൽപരമോ ആയ യാത്രകൾ വേണ്ടി വന്നേക്കും. ഉദ്ദേശിച്ച നേട്ടങ്ങൾ മുഴുവനായും ലഭിക്കണമെന്നില്ല. ബിസിനസ്സ് വിപുലീകരണത്തിന് ഉചിതമായ കാലമാണിതെന്ന് പറയുക വയ്യ. ചെറിയ കാലാവധിയുള്ള പഠന കോഴ്സുകളിൽ ചേരാൻ സാധിച്ചേക്കും. സഭകളിലും സംഘടനകളിലും പ്രസംഗിക്കുകയോ സിമ്പോസിയങ്ങളിൽ പങ്കെടുക്കുകയോ ചെയ്തേക്കും. വരവുചെലവുകളിൽ കണിശപ്പെടുത്തലുകൾ നടപ്പിലാക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കും.
അത്തം
ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കാൻ സാധിക്കും. നക്ഷത്രനാഥനായ ചന്ദ്രന് ബലക്ഷയം വരുന്നതിനാൽ അല്പം മനക്ലേശം വരാം. തീരുമാനിച്ച കാര്യങ്ങളിൽ നിന്നും പിൻവാങ്ങാനുള്ള പ്രവണതയുണ്ടാവും. ചെലവ് അധികരിക്കുമെങ്കിലും സാമ്പത്തികമായി മെച്ചമുണ്ടാകുന്നതാണ്. ബുധൻ ഉച്ചരാശിയിൽ തുടരുകയാൽ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടും. സ്വന്തം കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്.
ചിത്തിര
തുലാക്കൂറുകാർക്ക് കൂടുതൽ നേട്ടങ്ങൾ വന്നുചേരും. സാമൂഹികമായ അംഗീകാരം ഭവിക്കുന്നതാണ്. സുഖഭോഗങ്ങൾ പ്രതീക്ഷിക്കാം. അദ്ധ്വാനത്തിലുപരി ആദായം സിദ്ധിക്കുന്നതാണ്. വാഗ്ദാനങ്ങൾ നിറവേറപ്പെടും. സുഹൃത്തുക്കളുമായുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ കഴിയുന്നതാണ്.
വിദ്യാർത്ഥികൾക്ക് പ്രോജെക്ടുകൾ ഭംഗിയായി പൂർത്തിയാക്കാനാവും. വാരാന്ത്യത്തിലെ ഒന്നുരണ്ട് ദിവസങ്ങൾക്ക് മേന്മ കുറയാനിടയുണ്ട്.
ചോതി
സാമ്പത്തിക ശോച്യതയ്ക്ക് അയവ് വരും. തടസ്സപ്പെട്ട കാര്യങ്ങളിൽ മുന്നോട്ട് പോക്ക് സാധ്യമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കാം. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അന്യനാട്ടിൽ പഠനം തുടരാൻ അവസരമുണ്ടാകും. മക്കളുടെ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഭാഗികമായി വിജയിക്കുന്നതാണ്. വസ്തുസംബന്ധിച്ച കലഹം വ്യവഹാരമായി വളരാതിരിക്കാൻ ശ്രദ്ധിക്കണം. വാരാന്ത്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ, അലച്ചിൽ എന്നിവ സാധ്യതകളാണ്.
വിശാഖം
പ്രശ്നപരിഹാരത്തിന് തുറന്ന സമീപനം കൈക്കൊള്ളും. വിഷയാധിഷ്ഠിത സമീപനം മേലധികാരികളുടെ പ്രീതി നേടിത്തരും. ബഹുമുഖമായ കഴിവുകൾ വികസിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമം നടത്തും. ക്ഷോഭം, അതിവൈകാരികത ഇവ നിയന്ത്രിക്കേണ്ടതുണ്ട്. കായിക മേഖലകളിലുള്ളവർക്ക് വിദഗ്ദ്ധ പരിശീലനത്തിന് അവസരം കൈവരും. കുടുംബപരമായി ഗുണാനുഭവങ്ങൾക്ക് തന്നെയാണ് മുൻതൂക്കം. വെള്ളി, ശനി ദിവസങ്ങളിൽ സാഹസകർമ്മങ്ങൾക്ക് മുതിരരുത്.
അനിഴം
നക്ഷത്രനാഥനായ ശനിയുടെ വക്രഗതിയും രാശിനാഥനായ ചൊവ്വയുടെ മൗഢ്യവും ലക്ഷ്യപ്രാപ്തിക്ക് തടസ്സം സൃഷ്ടിക്കാം. എങ്കിലും ഗുണാനുഭവങ്ങൾക്കും ധനപരമായ നേട്ടങ്ങൾക്കും പ്രാബല്യം സിദ്ധിക്കുന്ന വാരമാണിത്. ആത്മവിശ്വാസം കുറയില്ല. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ വന്നെത്തും. കച്ചവടത്തിൽ നിന്നും ആദായം ഉയരും. ഉദ്യോഗസ്ഥർക്ക് ചില സമ്മർദ്ദങ്ങൾ ഉണ്ടാവാം. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിൽ പരാങ്മുഖത്വം വന്നേക്കും.
തൃക്കേട്ട
നക്ഷത്രനാഥനായ ബുധന് ഉച്ചസ്ഥിതി ഉള്ളതിനാൽ തല ഉയർത്തിപ്പിടിച്ച് നടക്കാൻ സാധിക്കും. സ്വന്തം നിലപാടുകൾ ശരിയാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നതാണ്. ബൗദ്ധികമായ കഴിവുകൾ ഉയർന്ന വിതാനത്തിലെത്തും. ചർച്ചകളിലും സംവാദങ്ങളിലും സജീവ സാന്നിദ്ധ്യമാകും.
മുൻപ് ചെയ്ത സേവനങ്ങളുടെ പ്രതിഫലം വന്നുചേരും. വ്യാപാരത്തിൽ നിന്നും വരുമാനം ഉയർന്നേക്കാം. ചെലവുകളിൽ നിയന്ത്രണം വേണ്ട കാലം കൂടിയാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുവാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.