scorecardresearch

October 08 - October 14, 2023: വാരഫലം, അശ്വതി മുതൽ രേവതി വരെ: Weekly Horoscope, Astrological Predictions

October 08-October 14, 2023: Weekly Horoscope Astrological Predictions Aswathi to Revathi: അശ്വതി മുതൽ രേവതി വരെയുള്ളവരുടെ വാരഫലമിങ്ങനെ

October 08-October 14, 2023: Weekly Horoscope Astrological Predictions Aswathi to Revathi: അശ്വതി മുതൽ രേവതി വരെയുള്ളവരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | ജ്യോതിഷം

വാരഫലം, അശ്വതി മുതൽ രേവതി വരെ

October 08-October 14, 2023: Weekly Horoscope Astrological Predictions Aswathi to Revathi: ആദിത്യൻ കന്നിരാശിയിൽ അത്തം, ചിത്തിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ നവമിയിൽ തുടങ്ങി കറുത്തവാവ് വരെയുള്ള തിഥികളിലും പൂയം മുതൽ അത്തം വരെയുള്ള നക്ഷത്രങ്ങളിലുമാണ്. പൊതുവേ ചന്ദ്രൻ പക്ഷബലരഹിതനാണ് ഈയാഴ്ച. ചൊവ്വ, ബുധൻ എന്നീ രണ്ടു ഗ്രഹങ്ങളും മൗഢ്യത്തിലാണ്.

Advertisment

ചൊവ്വ തുലാം രാശിയിൽ ചിത്തിര, ചോതി നക്ഷത്രങ്ങളിലാണ്. ബുധൻ കന്നിരാശിയിൽ ഉച്ചസ്ഥനാണ്. എന്നാൽ ക്രമമൗഢ്യാവസ്ഥയിലത്രെ! ഈയാഴ്ച അത്തം നക്ഷത്രത്തിലൂടെയാണ് ബുധന്റെ സഞ്ചാരം എന്നതും പ്രസ്താവ്യം. ശുക്രൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലൂടെയാണ് ഈയാഴ്‌ച സഞ്ചരിക്കുന്നത്.

വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ ഭരണി രണ്ട്, ഒന്ന് പാദങ്ങളിൽ സഞ്ചരിക്കുന്നു. രാഹു മേടം രാശിയിൽ അശ്വതി ഒന്നാം പാദത്തിലാണ്. കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിലുമുണ്ട്. ശനി വക്രഗതിയിൽ കുംഭം രാശിയിൽ ചതയം ഒന്നാം പാദത്തിൽ സഞ്ചരിക്കുന്നു.

ഈയാഴ്ച ഏതൊക്കെ കൂറുകാർക്കാണ് അനിഷ്ടപ്രദമായ അഷ്ടമരാശിക്കൂറ് അഥവാ ചന്ദ്രന്റെ അഷ്ടമരാശിയിലൂടെയുള്ള സഞ്ചാരം എന്ന് നോക്കാം. ഞായറും തിങ്കളും ധനുക്കൂറിനും ചൊവ്വയും ബുധനും വ്യാഴം വൈകിട്ട് വരെയും മകരക്കൂറിനും തുടർന്ന് വാരാന്ത്യം വരെ ഉള്ള ദിവസങ്ങൾ കുംഭക്കൂറിനും അഷ്ടമരാശിയാണ്. പ്രസ്തുത ദിവസങ്ങളിൽ വാക്കിലും പ്രവൃത്തിയിലും കരുതൽ അനിവാര്യമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഏതുവിധത്തിലൊക്കെയാവും എന്ന് പരിശോധിക്കാം.

Advertisment

അശ്വതി

വാരാദ്യം യാത്ര, മനസ്സുഖം, ശുഭവാർത്താശ്രവണം എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കൾ / സുഹൃത്തുക്കൾ എന്നിവരുമായി കൂടിച്ചേരാൻ അവസരമുണ്ടാകും. പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പണമെടപാടുകൾ കണിശപ്പെടുത്താൻ കഴിയുന്നതാണ്.
ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറഞ്ഞേക്കും. മക്കളെ സംബന്ധിച്ച ചില കാര്യങ്ങളിൽ പുനശ്ചിന്ത വേണ്ടിവരാം. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ വേണ്ടതുണ്ട്.

ഭരണി

മനസ്സമാധാനം തെല്ല് കുറയാം. നാലാം ഭാവാധിപനായ ചന്ദ്രന് പക്ഷബലം കുറയുകയാൽ ദേഹത്തിനും സുഖഹാനി വരാം. വലിയ തീരുമാനങ്ങൾ ഈയാഴ്ച കൈക്കൊള്ളാതിരിക്കുകയാവും ഉചിതം. സുഹൃൽബന്ധങ്ങൾ ഗുണദോഷസമ്മിശ്രമാവാം. വാഗ്ദാനങ്ങൾ നിറവേറുന്നതിൽ കുറച്ചധികം ക്ലേശമുണ്ടായേക്കും. ചൊവ്വ ഏഴിൽ സഞ്ചരിക്കുകയാൽ കുടുംബജീവിതത്തിൽ സ്വൈരക്കേടുകൾ വരാം. തൊഴിൽ രംഗം മോശമാവില്ല. ധനവരവ് അഭംഗുരമായി തുടരും.

കാർത്തിക

വാരാരംഭത്തിൽ ചിലരുടെ പിന്തുണ കിട്ടും. കുടുംബത്തിലെ സ്ത്രീകൾക്ക് ക്ഷേമാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഗൃഹഭരണത്തിലെ നൈപുണ്യം പ്രശംസിക്കപ്പെടും. ജോലിസ്ഥലത്ത് കഠിനമായ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നതാണ്. കലാപ്രവർത്തനം പുരോഗമിക്കും. പുതിയ അവസരങ്ങൾ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ നേടും. മനസ്സിനും ദേഹത്തിനും അല്പം സ്വസ്ഥതക്കുറവ് അനുഭപ്പെട്ടേക്കാം.

രോഹിണി

നക്ഷത്രനാഥനായ ചന്ദ്രൻ പക്ഷബലരഹിതനാവുകയാൽ മനശ്ശക്തി ദുർബലമാവാം. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാൻ കൂടുതൽ അധ്വാനിക്കേണ്ടി വരുന്നതാണ്. അമ്മ, ഭാര്യാ, സഹോദരി തുടങ്ങിയവരുടെ പിന്തുണ നേടും. വസ്തുതകളുടെ വെളിച്ചത്തിൽ കാര്യങ്ങളെ സമീപിക്കുന്നതിന് പകരം അവയെ വൈകാരികമായി സമീപിച്ചേക്കും. തൊഴിൽ സംബന്ധിച്ച ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. അലർജി, പനി, കഫരോഗങ്ങൾ ഇവ ഉപദ്രവിച്ചേക്കാം.

മകയിരം

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യമുള്ളതിനാൽ ആത്മവിശ്വാസം കുറയാം. ദുശ്ചിന്തകൾ മനസ്സിൽ കടന്നുകൂടാനിടയുണ്ടു. പ്രവൃത്തിയിൽ ശ്രദ്ധ പാളാം. വീട്ടുകാര്യത്തെക്കാൾ നാട്ടുകാര്യത്തിലാവും താല്പര്യം എന്ന മട്ടിൽ ചില ആരോപണം കുടുംബത്തിനുള്ളിൽ നിന്നുയരാം. ഉദ്യോഗസ്ഥർ പുതിയ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറാൻ നോക്കിയേക്കും. പണവരവ് മോശമാകില്ല. ഗൃഹ / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയേക്കും. മിതവ്യയം ശീലിക്കുന്നത് നന്നായിരിക്കും.

തിരുവാതിര

തിരുത്തൽ ശക്തിയാവാൻ ശ്രമിക്കും. എന്നാൽ ആദ്യം സ്വയം തിരുത്തുക എന്ന മറുപടി കേൾക്കേണ്ടി വരുന്നതാണ്. നക്ഷത്രനാഥനായ രാഹു രാശിസന്ധിയിലേക്ക് നീങ്ങുകയാൽ പൊതുവേ ആശയക്കുഴപ്പങ്ങൾ പിന്തുടരാം. കർമ്മരംഗത്ത് വേണ്ടവിധത്തിൽ ഉയരാൻ കഴിയുന്നില്ലെന്ന ഖേദവും പിടികൂടിയേക്കാം. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയേക്കില്ല. ഊഹക്കച്ചവടത്തിൽ ലാഭം കുറയും. വാരാന്ത്യത്തിൽ ലഘുയാത്രകൾ ഉണ്ടാവാം.

പുണർതം

ഉപരിപഠനാവസരം ലഭിക്കുന്നതാണ്. വിദേശയാത്ര പ്രതീക്ഷിക്കുന്നവർക്ക് അവസരവും അനുമതിയും സിദ്ധിച്ചേക്കും. ബന്ധുഗൃഹസന്ദർശനം മനസ്സന്തോഷമേകാം. ധനപരമായി മെച്ചമുണ്ടാകുന്നതാണ്. ആഴ്ചയുടെ മദ്ധ്യത്തിൽ നല്ല അനുഭവങ്ങൾ വർദ്ധിച്ചേക്കും. കാര്യങ്ങൾ വരുതിയിലാവും. കരാറുകൾ പുതുക്കപ്പെടും. സഹപ്രവർത്തകരോട് തുറന്ന ആശയവിനിമയം നടത്താൻ സാധിച്ചേക്കും. നവസംരംഭങ്ങൾ തുടങ്ങാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്.

പൂയം

ജന്മരാശിയിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ വാരാദ്യം മനസ്സന്തോഷം, ദേഹസുഖം എന്നിവയുണ്ടാവും. സജ്ജനങ്ങളുടെ സംഭാഷണം കേൾക്കാനിടവരും. ഇഷ്ടഭക്ഷണ യോഗം ഭവിക്കും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കർമ്മാധിക്യം ഉണ്ടാവുന്നതാണ്. ദിനചര്യകൾക്ക് നേരനീക്കാം വന്നേക്കാം. പ്രതീക്ഷിച്ച സാമ്പത്തിക ഭദ്രത ഉണ്ടായില്ലെന്ന വിഷമം പിടികൂടാം. വായ്പാ തിരിച്ചടവുകൾക്കായി ക്ലേശിച്ചേക്കും.വെള്ളി, ശനി ദിവസങ്ങളിൽ പ്രായേണ നല്ല അനുഭവങ്ങൾക്കാവും മുൻതൂക്കം ഉണ്ടാവുക.

ആയില്യം

ബുധൻ ഉച്ചരാശിയിൽ സഞ്ചരിക്കുകയാൽ വ്യക്തിപരമായ കാര്യങ്ങൾ തടസ്സം കൂടാതെ നടന്നു കിട്ടും. ആരോഗ്യക്ലേശങ്ങളുള്ളവർക്ക് സമാശ്വാസം വരുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കും. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. ഗവേഷകർക്ക് പ്രബന്ധരചനയിൽ പുരോഗതി പ്രതീക്ഷിക്കാം. പുതിയ ഉദ്യമങ്ങൾക്കായി സാങ്കേതിക വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തും. ബൗദ്ധികമായ വ്യായാമങ്ങളിൽ താല്പര്യമേറുന്നതാണ്. ആഴ്ച മധ്യത്തിൽ ചില മനക്ലേശങ്ങൾ വരാം.

മകം

ഞായർ, തിങ്കൾ ദിവസങ്ങളിൽ ചെലവധികമാവും. ദേഹസുഖവും മനസ്സുഖവും കുറയും. കാര്യങ്ങൾ വരുതിയിലല്ലെന്ന തോന്നൽ ഉണ്ടാകാം. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ന്യായമായ ആഗ്രഹങ്ങൾ നടന്നു കിട്ടും. സാമ്പത്തികമായ ഗുണം ഉണ്ടാകും. ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം. സകുടുംബം വിരുന്നുകളിൽ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

പൂരം

ഉദ്യോഗസ്ഥർക്ക് നയചാതുര്യം ആവശ്യമായി വരും. കാര്യസാധ്യം ദുർഘടമാകാം. അധ്വാനഭാരം കൂടുന്നതാണ്. ദേഹക്ലേശവും മനക്ലേശവും വലയ്ക്കാം. എന്നാൽ സന്തോഷിക്കാനും സ്വസ്ഥത പുലർത്താനും സന്ദർഭങ്ങൾ ഇടയ്ക്കിടെ വന്നുചേരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയോടെ പഠനത്തിൽ മുഴുകാൻ സാധിച്ചേക്കില്ല തൊഴിൽ തേടുന്നവർക്ക് ചെറിയ അവസരങ്ങൾ ലഭിച്ചേക്കാം. അത്യാവശ്യങ്ങളുടെ നിർവഹണത്തിന് പണം കൈവശമെത്തും.

ഉത്രം

വ്യക്തിപരമോ തൊഴിൽപരമോ ആയ യാത്രകൾ വേണ്ടി വന്നേക്കും. ഉദ്ദേശിച്ച നേട്ടങ്ങൾ മുഴുവനായും ലഭിക്കണമെന്നില്ല. ബിസിനസ്സ് വിപുലീകരണത്തിന് ഉചിതമായ കാലമാണിതെന്ന് പറയുക വയ്യ. ചെറിയ കാലാവധിയുള്ള പഠന കോഴ്സുകളിൽ ചേരാൻ സാധിച്ചേക്കും. സഭകളിലും സംഘടനകളിലും പ്രസംഗിക്കുകയോ സിമ്പോസിയങ്ങളിൽ പങ്കെടുക്കുകയോ ചെയ്തേക്കും. വരവുചെലവുകളിൽ കണിശപ്പെടുത്തലുകൾ നടപ്പിലാക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കും.

അത്തം

ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കാൻ സാധിക്കും. നക്ഷത്രനാഥനായ ചന്ദ്രന് ബലക്ഷയം വരുന്നതിനാൽ അല്പം മനക്ലേശം വരാം. തീരുമാനിച്ച കാര്യങ്ങളിൽ നിന്നും പിൻവാങ്ങാനുള്ള പ്രവണതയുണ്ടാവും. ചെലവ് അധികരിക്കുമെങ്കിലും സാമ്പത്തികമായി മെച്ചമുണ്ടാകുന്നതാണ്. ബുധൻ ഉച്ചരാശിയിൽ തുടരുകയാൽ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടും. സ്വന്തം കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്.

ചിത്തിര

തുലാക്കൂറുകാർക്ക് കൂടുതൽ നേട്ടങ്ങൾ വന്നുചേരും. സാമൂഹികമായ അംഗീകാരം ഭവിക്കുന്നതാണ്. സുഖഭോഗങ്ങൾ പ്രതീക്ഷിക്കാം. അദ്ധ്വാനത്തിലുപരി ആദായം സിദ്ധിക്കുന്നതാണ്. വാഗ്ദാനങ്ങൾ നിറവേറപ്പെടും. സുഹൃത്തുക്കളുമായുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ കഴിയുന്നതാണ്.
വിദ്യാർത്ഥികൾക്ക് പ്രോജെക്ടുകൾ ഭംഗിയായി പൂർത്തിയാക്കാനാവും. വാരാന്ത്യത്തിലെ ഒന്നുരണ്ട് ദിവസങ്ങൾക്ക് മേന്മ കുറയാനിടയുണ്ട്.

ചോതി

സാമ്പത്തിക ശോച്യതയ്ക്ക് അയവ് വരും. തടസ്സപ്പെട്ട കാര്യങ്ങളിൽ മുന്നോട്ട് പോക്ക് സാധ്യമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കാം. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അന്യനാട്ടിൽ പഠനം തുടരാൻ അവസരമുണ്ടാകും. മക്കളുടെ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഭാഗികമായി വിജയിക്കുന്നതാണ്. വസ്തുസംബന്ധിച്ച കലഹം വ്യവഹാരമായി വളരാതിരിക്കാൻ ശ്രദ്ധിക്കണം. വാരാന്ത്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ, അലച്ചിൽ എന്നിവ സാധ്യതകളാണ്.

വിശാഖം

പ്രശ്നപരിഹാരത്തിന് തുറന്ന സമീപനം കൈക്കൊള്ളും. വിഷയാധിഷ്ഠിത സമീപനം മേലധികാരികളുടെ പ്രീതി നേടിത്തരും. ബഹുമുഖമായ കഴിവുകൾ വികസിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമം നടത്തും. ക്ഷോഭം, അതിവൈകാരികത ഇവ നിയന്ത്രിക്കേണ്ടതുണ്ട്. കായിക മേഖലകളിലുള്ളവർക്ക് വിദഗ്ദ്ധ പരിശീലനത്തിന് അവസരം കൈവരും. കുടുംബപരമായി ഗുണാനുഭവങ്ങൾക്ക് തന്നെയാണ് മുൻതൂക്കം. വെള്ളി, ശനി ദിവസങ്ങളിൽ സാഹസകർമ്മങ്ങൾക്ക് മുതിരരുത്.

അനിഴം

നക്ഷത്രനാഥനായ ശനിയുടെ വക്രഗതിയും രാശിനാഥനായ ചൊവ്വയുടെ മൗഢ്യവും ലക്ഷ്യപ്രാപ്തിക്ക് തടസ്സം സൃഷ്ടിക്കാം. എങ്കിലും ഗുണാനുഭവങ്ങൾക്കും ധനപരമായ നേട്ടങ്ങൾക്കും പ്രാബല്യം സിദ്ധിക്കുന്ന വാരമാണിത്. ആത്മവിശ്വാസം കുറയില്ല. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ വന്നെത്തും. കച്ചവടത്തിൽ നിന്നും ആദായം ഉയരും. ഉദ്യോഗസ്ഥർക്ക് ചില സമ്മർദ്ദങ്ങൾ ഉണ്ടാവാം. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിൽ പരാങ്മുഖത്വം വന്നേക്കും.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധന് ഉച്ചസ്ഥിതി ഉള്ളതിനാൽ തല ഉയർത്തിപ്പിടിച്ച് നടക്കാൻ സാധിക്കും. സ്വന്തം നിലപാടുകൾ ശരിയാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നതാണ്. ബൗദ്ധികമായ കഴിവുകൾ ഉയർന്ന വിതാനത്തിലെത്തും. ചർച്ചകളിലും സംവാദങ്ങളിലും സജീവ സാന്നിദ്ധ്യമാകും.
മുൻപ് ചെയ്ത സേവനങ്ങളുടെ പ്രതിഫലം വന്നുചേരും. വ്യാപാരത്തിൽ നിന്നും വരുമാനം ഉയർന്നേക്കാം. ചെലവുകളിൽ നിയന്ത്രണം വേണ്ട കാലം കൂടിയാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുവാനാവും.

മൂലം
ആഴ്ചയുടെ തുടക്കത്തിൽ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. മനസ്സമാധാനം കുറയാനിടയുണ്ട്. ക്രമേണ സ്ഥിതിഗതികൾക്ക് വ്യത്യാസം ഉണ്ടാകുന്നതാണ്. പ്രതീക്ഷിച്ച ശുഭവാർത്തകൾ കേൾക്കാൻ കഴിയും. കർമ്മരംഗത്തെ വിഘ്നങ്ങളും വിളംബങ്ങളും മാറും.
വ്യാപാരത്തിൽ നിന്നും ആദായം ഉയരുന്നതാണ്. അന്യദിക്കുകളിൽ കഴിയുന്ന ബന്ധുക്കളെ കാണാനാവും. സംഘടനാ പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജവും സമയവും ചെലവഴിക്കും.

പൂരാടം
അഷ്ടമരാശിക്കൂറ് ആകയാൽ ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മികവ് കുറയും. സാഹസങ്ങൾക്ക് മുതിരരുത്. മനോവാക്കർമ്മങ്ങളിൽ ശ്രദ്ധയുണ്ടാവണം. മറ്റു ദിവസങ്ങളിൽ അദ്ധ്വാനം വിലമതിക്കപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഔത്യങ്ങൾ പൂർത്തീകരിക്കാൻ സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. കച്ചവടക്കാർക്ക് ഒരു വിധം തൃപ്തികരമായ ആദായം വന്നുചേരും.
കുടുംബാംഗങ്ങളോടൊപ്പം മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.

ഉത്രാടം
സമ്മിശ്രമായ അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമാണിത്. ധനുക്കൂറുകാർക്ക് വാരത്തിന്റെ തുടക്കത്തിൽ ചില തിരിച്ചടികൾ ഉണ്ടായേക്കും. കാര്യതടസ്സം നേരിടും. മകരക്കൂറുകാർക്ക് ഇതേ അനുഭവങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംഭവിക്കാം. മറ്റു ദിവസങ്ങളിൽ ദാമ്പത്യസൗഖ്യം, ഗാർഹിക സംതൃപ്തി എന്നിവയുണ്ടാകുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നുചേരും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിന് വായ്പ അനുവദിച്ചു കിട്ടിയേക്കും.

തിരുവോണം
വാരാരംഭത്തിൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഭാവികാര്യങ്ങൾ മുൻനിർത്തിയുള്ള ചർച്ചകളിൽ സംതൃപ്തിയടയും. സാമ്പത്തികമായ ഇടപാടുകളിൽ തൃപ്തിയുണ്ടാവും. ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ചെലവധികരിക്കാം. തൊഴിലിടത്തിൽ മനസ്സമാധാനം കുറഞ്ഞേക്കും. മക്കളുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നുവരാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ ദിവസങ്ങൾ ഒഴിവാക്കുന്നത് ഉത്തമം. തുടർന്നുള്ള ദിവസങ്ങളിൽ പ്രായേണ ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്.

അവിട്ടം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ശക്തിക്ഷയം ഉള്ളതിനാൽ ആത്മശക്തി കുറയാം. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ പ്രയാസമുണ്ടാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത കുറയുവാനിടയുണ്ട്. സർക്കാർ സംബന്ധിച്ച കാര്യങ്ങൾക്കായി അലച്ചിൽ ഉണ്ടാവും.
നേർവഴികൾ ഉപേക്ഷിച്ച് കുറുക്കുവഴികൾ തേടും. ന്യായമായ ആവശ്യങ്ങൾ ഒരുവിധം നിറവേറ്റാനാവും. പണവരവ് മോശമാവില്ല. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയേക്കില്ല.

ചതയം
ഉറച്ച ആത്മശക്തി ഏറ്റവും വലിയ കൈമുതലാണെന്ന് തിരിച്ചറിയും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടും. നിർദ്ദേശങ്ങളും ആശയങ്ങളും മേലുദ്യോഗസ്ഥർ സ്വാഗതം ചെയ്യും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ ലഭിച്ചേക്കാം. കുടുംബ ജീവിതത്തിൽ സമാധാനം പുലരുന്നതാണ്. ധനവരവ് പ്രതീക്ഷിച്ചതു പോലെ തന്നെയാവും. വെള്ളി, ശനി ദിവസങ്ങൾക്ക് മിഴിവുണ്ടാവില്ല. എല്ലാക്കാര്യത്തിലും ജാഗ്രത പുലർത്തണം.

പൂരൂരുട്ടാതി
ന്യായമായ കാര്യങ്ങൾ തടസ്സം കൂടാതെ അനുഭവത്തിലെത്തും. നേട്ടങ്ങൾക്ക് തന്നെയാണ് ഈയാഴ്ച പ്രാമുഖ്യം. കിട്ടാനുള്ള ധനം കൈവശം വന്നുചേരുന്നതാണ്. പുതിയ പ്രോജെക്ടുകൾ മുൻനിശ്ചയിച്ച വിധം തുടങ്ങാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നതാണ്. മക്കളുടെ ഉപരിപഠന കാര്യങ്ങൾക്കായി അന്യദേശയാത്ര വേണ്ടിവരാം. കുംഭക്കൂറുകാർക്ക് വാരാന്ത്യദിവസങ്ങൾ ഗുണകരമാവണമെന്നില്ല.

ഉത്രട്ടാതി
ഗവേഷണ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകും. ഉന്നതാധികാരികൾ ഉപദേശം തേടുന്നതായിരിക്കും. വ്യക്തിപരമായ തീരുമാനങ്ങളിൽ ചിലതെങ്കിലും നീട്ടിവെക്കുന്നത് പരിഗണനയിൽ വരും. ഭോഗവിഘാതം, ഉറക്കക്കുറവ്, ദിനചര്യകളിൽ വ്യത്യാസം ഇവയും അനുഭവങ്ങൾ. ദാമ്പത്യജീവിതത്തിൽ സ്വൈരക്കുറവ് ഭവിക്കാം. സാമ്പത്തികമായി
മെച്ചപ്പെടുന്നതാണ്.

രേവതി
നക്ഷത്രനാഥനായ ബുധന് ഉച്ചാവസ്ഥയുള്ളതിനാൽ കുറച്ചു നാളായി തുടരുന്ന പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കിട്ടിയേക്കാം. പഠനത്തിൽ ഏകാഗ്രതയുണ്ടാകും. മത്സരങ്ങളിൽ നേട്ടം കൊയ്യാൻ കഴിഞ്ഞേക്കും. ചർച്ചകളിലും സംവാദങ്ങളിലും ശോഭിക്കുന്നതാണ്. പിണങ്ങിയിരിക്കുന്ന ബന്ധുക്കളെ പരസ്പരം ഇണക്കുന്ന കാര്യത്തിൽ വിജയിക്കുവാനാവും. ജോലിയിൽ നിന്നും വിട്ടുനിന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അവസരമൊരുങ്ങും. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. വരുമാനം കൂടുന്നതാണ്.

Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: