/indian-express-malayalam/media/media_files/uploads/2023/09/October-8-to-October-14-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam-.jpg)
വാരഫലം, അശ്വതി മുതൽ ആയില്യം വരെ
October 08-October 14, 2023: Weekly Horoscope Astrological Predictions Aswathi to Ayilliam: ആദിത്യൻ കന്നിരാശിയിൽ അത്തം, ചിത്തിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ നവമിയിൽ തുടങ്ങി കറുത്തവാവ് വരെയുള്ള തിഥികളിലും പൂയം മുതൽ അത്തം വരെയുള്ള നക്ഷത്രങ്ങളിലുമാണ്. പൊതുവേ ചന്ദ്രൻ പക്ഷബലരഹിതനാണ് ഈയാഴ്ച. ചൊവ്വ, ബുധൻ എന്നീ രണ്ടു ഗ്രഹങ്ങളും മൗഢ്യത്തിലാണ്.
ചൊവ്വ തുലാം രാശിയിൽ ചിത്തിര, ചോതി നക്ഷത്രങ്ങളിലാണ്. ബുധൻ കന്നിരാശിയിൽ ഉച്ചസ്ഥനാണ്. എന്നാൽ ക്രമമൗഢ്യാവസ്ഥയിലത്രെ! ഈയാഴ്ച അത്തം നക്ഷത്രത്തിലൂടെയാണ് ബുധന്റെ സഞ്ചാരം എന്നതും പ്രസ്താവ്യം. ശുക്രൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലൂടെയാണ് ഈയാഴ്‌ച സഞ്ചരിക്കുന്നത്.
വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ ഭരണി രണ്ട്, ഒന്ന് പാദങ്ങളിൽ സഞ്ചരിക്കുന്നു. രാഹു മേടം രാശിയിൽ അശ്വതി ഒന്നാം പാദത്തിലാണ്. കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിലുമുണ്ട്. ശനി വക്രഗതിയിൽ കുംഭം രാശിയിൽ ചതയം ഒന്നാം പാദത്തിൽ സഞ്ചരിക്കുന്നു.
ഈയാഴ്ച ഏതൊക്കെ കൂറുകാർക്കാണ് അനിഷ്ടപ്രദമായ അഷ്ടമരാശിക്കൂറ് അഥവാ ചന്ദ്രന്റെ അഷ്ടമരാശിയിലൂടെയുള്ള സഞ്ചാരം എന്ന് നോക്കാം. ഞായറും തിങ്കളും ധനുക്കൂറിനും ചൊവ്വയും ബുധനും വ്യാഴം വൈകിട്ട് വരെയും മകരക്കൂറിനും തുടർന്ന് വാരാന്ത്യം വരെ ഉള്ള ദിവസങ്ങൾ കുംഭക്കൂറിനും അഷ്ടമരാശിയാണ്. പ്രസ്തുത ദിവസങ്ങളിൽ വാക്കിലും പ്രവൃത്തിയിലും കരുതൽ അനിവാര്യമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഏതുവിധത്തിലൊക്കെയാവും എന്ന് പരിശോധിക്കാം.
അശ്വതി
വാരാദ്യം യാത്ര, മനസ്സുഖം, ശുഭവാർത്താശ്രവണം എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കൾ / സുഹൃത്തുക്കൾ എന്നിവരുമായി കൂടിച്ചേരാൻ അവസരമുണ്ടാകും. പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പണമെടപാടുകൾ കണിശപ്പെടുത്താൻ കഴിയുന്നതാണ്.
ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറഞ്ഞേക്കും. മക്കളെ സംബന്ധിച്ച ചില കാര്യങ്ങളിൽ പുനശ്ചിന്ത വേണ്ടിവരാം. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ വേണ്ടതുണ്ട്.
ഭരണി
മനസ്സമാധാനം തെല്ല് കുറയാം. നാലാം ഭാവാധിപനായ ചന്ദ്രന് പക്ഷബലം കുറയുകയാൽ ദേഹത്തിനും സുഖഹാനി വരാം. വലിയ തീരുമാനങ്ങൾ ഈയാഴ്ച കൈക്കൊള്ളാതിരിക്കുകയാവും ഉചിതം. സുഹൃൽബന്ധങ്ങൾ ഗുണദോഷസമ്മിശ്രമാവാം. വാഗ്ദാനങ്ങൾ നിറവേറുന്നതിൽ കുറച്ചധികം ക്ലേശമുണ്ടായേക്കും. ചൊവ്വ ഏഴിൽ സഞ്ചരിക്കുകയാൽ കുടുംബജീവിതത്തിൽ സ്വൈരക്കേടുകൾ വരാം. തൊഴിൽ രംഗം മോശമാവില്ല. ധനവരവ് അഭംഗുരമായി തുടരും.
കാർത്തിക
വാരാരംഭത്തിൽ ചിലരുടെ പിന്തുണ കിട്ടും. കുടുംബത്തിലെ സ്ത്രീകൾക്ക് ക്ഷേമാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഗൃഹഭരണത്തിലെ നൈപുണ്യം പ്രശംസിക്കപ്പെടും. ജോലിസ്ഥലത്ത് കഠിനമായ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നതാണ്. കലാപ്രവർത്തനം പുരോഗമിക്കും. പുതിയ അവസരങ്ങൾ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ നേടും. മനസ്സിനും ദേഹത്തിനും അല്പം സ്വസ്ഥതക്കുറവ് അനുഭപ്പെട്ടേക്കാം.
രോഹിണി
നക്ഷത്രനാഥനായ ചന്ദ്രൻ പക്ഷബലരഹിതനാവുകയാൽ മനശ്ശക്തി ദുർബലമാവാം. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാൻ കൂടുതൽ അധ്വാനിക്കേണ്ടി വരുന്നതാണ്. അമ്മ, ഭാര്യാ, സഹോദരി തുടങ്ങിയവരുടെ പിന്തുണ നേടും. വസ്തുതകളുടെ വെളിച്ചത്തിൽ കാര്യങ്ങളെ സമീപിക്കുന്നതിന് പകരം അവയെ വൈകാരികമായി സമീപിച്ചേക്കും. തൊഴിൽ സംബന്ധിച്ച ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. അലർജി, പനി, കഫരോഗങ്ങൾ ഇവ ഉപദ്രവിച്ചേക്കാം.
മകയിരം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യമുള്ളതിനാൽ ആത്മവിശ്വാസം കുറയാം. ദുശ്ചിന്തകൾ മനസ്സിൽ കടന്നുകൂടാനിടയുണ്ടു. പ്രവൃത്തിയിൽ ശ്രദ്ധ പാളാം. വീട്ടുകാര്യത്തെക്കാൾ നാട്ടുകാര്യത്തിലാവും താല്പര്യം എന്ന മട്ടിൽ ചില ആരോപണം കുടുംബത്തിനുള്ളിൽ നിന്നുയരാം. ഉദ്യോഗസ്ഥർ പുതിയ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറാൻ നോക്കിയേക്കും. പണവരവ് മോശമാകില്ല. ഗൃഹ / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയേക്കും. മിതവ്യയം ശീലിക്കുന്നത് നന്നായിരിക്കും.
തിരുവാതിര
തിരുത്തൽ ശക്തിയാവാൻ ശ്രമിക്കും. എന്നാൽ ആദ്യം സ്വയം തിരുത്തുക എന്ന മറുപടി കേൾക്കേണ്ടി വരുന്നതാണ്. നക്ഷത്രനാഥനായ രാഹു രാശിസന്ധിയിലേക്ക് നീങ്ങുകയാൽ പൊതുവേ ആശയക്കുഴപ്പങ്ങൾ പിന്തുടരാം. കർമ്മരംഗത്ത് വേണ്ടവിധത്തിൽ ഉയരാൻ കഴിയുന്നില്ലെന്ന ഖേദവും പിടികൂടിയേക്കാം. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയേക്കില്ല. ഊഹക്കച്ചവടത്തിൽ ലാഭം കുറയും. വാരാന്ത്യത്തിൽ ലഘുയാത്രകൾ ഉണ്ടാവാം.
പുണർതം
ഉപരിപഠനാവസരം ലഭിക്കുന്നതാണ്. വിദേശയാത്ര പ്രതീക്ഷിക്കുന്നവർക്ക് അവസരവും അനുമതിയും സിദ്ധിച്ചേക്കും. ബന്ധുഗൃഹസന്ദർശനം മനസ്സന്തോഷമേകാം. ധനപരമായി മെച്ചമുണ്ടാകുന്നതാണ്. ആഴ്ചയുടെ മദ്ധ്യത്തിൽ നല്ല അനുഭവങ്ങൾ വർദ്ധിച്ചേക്കും. കാര്യങ്ങൾ വരുതിയിലാവും. കരാറുകൾ പുതുക്കപ്പെടും. സഹപ്രവർത്തകരോട് തുറന്ന ആശയവിനിമയം നടത്താൻ സാധിച്ചേക്കും. നവസംരംഭങ്ങൾ തുടങ്ങാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്.
പൂയം
ജന്മരാശിയിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ വാരാദ്യം മനസ്സന്തോഷം, ദേഹസുഖം എന്നിവയുണ്ടാവും. സജ്ജനങ്ങളുടെ സംഭാഷണം കേൾക്കാനിടവരും. ഇഷ്ടഭക്ഷണ യോഗം ഭവിക്കും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കർമ്മാധിക്യം ഉണ്ടാവുന്നതാണ്. ദിനചര്യകൾക്ക് നേരനീക്കാം വന്നേക്കാം. പ്രതീക്ഷിച്ച സാമ്പത്തിക ഭദ്രത ഉണ്ടായില്ലെന്ന വിഷമം പിടികൂടാം. വായ്പാ തിരിച്ചടവുകൾക്കായി ക്ലേശിച്ചേക്കും.വെള്ളി, ശനി ദിവസങ്ങളിൽ പ്രായേണ നല്ല അനുഭവങ്ങൾക്കാവും മുൻതൂക്കം ഉണ്ടാവുക.
ആയില്യം
ബുധൻ ഉച്ചരാശിയിൽ സഞ്ചരിക്കുകയാൽ വ്യക്തിപരമായ കാര്യങ്ങൾ തടസ്സം കൂടാതെ നടന്നു കിട്ടും. ആരോഗ്യക്ലേശങ്ങളുള്ളവർക്ക് സമാശ്വാസം വരുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കും. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. ഗവേഷകർക്ക് പ്രബന്ധരചനയിൽ പുരോഗതി പ്രതീക്ഷിക്കാം. പുതിയ ഉദ്യമങ്ങൾക്കായി സാങ്കേതിക വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തും. ബൗദ്ധികമായ വ്യായാമങ്ങളിൽ താല്പര്യമേറുന്നതാണ്. ആഴ്ച മധ്യത്തിൽ ചില മനക്ലേശങ്ങൾ വരാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.