/indian-express-malayalam/media/media_files/uploads/2023/09/October-15-to-October-21-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
വാരഫലം, മൂലം മുതൽ രേവതി വരെ
October 01- October 07, 2023: Weekly Horoscope Astrological Predictions Moolam to Revathi: സൂര്യൻ കന്നിരാശിയിൽ അത്തം ഞാറ്റുവേലയിൽ. ചന്ദ്രൻ കൃഷ്ണ പക്ഷ ദ്വിതീയ മുതൽ നവമി വരെയുള്ള തിഥികളിലും അശ്വതി മുതൽ പുണർതം വരെയുള്ള നക്ഷത്രങ്ങളിലുമാണ്. ഒക്ടോബർ 1 ന് ശുകൻ ചിങ്ങം രാശിയിലേക്കും മൂന്നിന് ചൊവ്വ തുലാം രാശിയിലേക്കും ബുധൻ കന്നി രാശിയിലേക്കും സംക്രമിക്കുന്നു. ബുധന്റെ ഉച്ചരാശിയാണ് കന്നി. ബുധന് മൗഢ്യവും ഉണ്ട്.
കുംഭം രാശിയിൽ ശനിയും മേടം രാശിയിൽ വ്യാഴവും വക്രസഞ്ചാരത്തിലാണ്. രാഹുവും കേതുവും യഥാക്രമം മേടം-തുലാം രാശികളിൽ അപസവ്യഗതി തുടരുന്നു.
ഒക്ടോബർ 1, 2 തീയതികളിൽ കന്നിക്കൂറുകാർക്കും 3, 4 തീയതികളിൽ തുലാക്കൂറുകാർക്കും 5, 6 തീയതികളിൽ വൃശ്ചികക്കൂറുകാർക്കും ഏഴാം തീയതിയിൽ തുടങ്ങി അടുത്തവാരാദ്യം വരെ ധനുക്കൂറുകാർക്കും ചന്ദ്രാഷ്ടമം അഥവാ അഷ്ടമരാശിക്കൂറാണ്. അവരവരുടെ ജനിച്ച കൂറിന്റെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസങ്ങളാണ് അഷ്ടമരാശിക്കൂറ്. പ്രായേണ ദോഷഫലങ്ങൾക്കും കർമ്മവിഘ്നത്തിനും ഇടവരാം. ജാഗ്രത പുലർത്തേണ്ട ദിവസങ്ങളാണവ.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രക്കാരുടെ വാരഫലം പരിശോധിക്കാം.
മൂലം
മനസ്സ് ഉദാസീനമാവും. പഴയ കാര്യങ്ങൾ മനസ്സിൽ നിറയും. പരിശ്രമിച്ചാൽ കർമ്മരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. കർമ്മാധിപനായ ബുധൻ ഉച്ചനായി സഞ്ചരിക്കുന്നത് ഗുണപരമാണ്. ചെറുകിട സംരംഭകർ, നവമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കും നേട്ടം പ്രതീക്ഷിക്കാം. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. കുടുംബഭദ്രത സന്തോഷമേകും. ഉപരിപഠനാർത്ഥം മക്കൾ അന്യനാട്ടിലേക്ക് പോവാം.
പൂരാടം
സൂര്യബുധന്മാർ പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ തൊഴിൽപരമായി വളർച്ചയുണ്ടാവും. പതിനൊന്നാം ഭാവത്തിലേക്ക് കുജനും വരികയാൽ അദ്ധ്വാനത്തിന് അർഹമായ അംഗീകാരവും ഉയർന്ന വേതനവും സിദ്ധിക്കും. കർമ്മരംഗത്ത് അപ്രമാദിത്വം ഉണ്ടാവും. ഇഷ്ടജനങ്ങളെ കാണാനും സൽകാരങ്ങളിൽ പങ്കെടുക്കാനുമാവും. കുടുംബ ജീവിതത്തിൽ സന്തോഷം പുലരും. മക്കളുടെ വിവാഹ കാര്യത്തിൽ നല്ല തീരുമാനം വന്നെത്തും.
ഉത്രാടം
ധനുക്കൂറുകാർക്ക് ഈയാഴ്ച നേട്ടങ്ങൾ കൂടും. കർമ്മരംഗത്ത് ഉയരാൻ സാധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി അനുകൂലമാവും. കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ സാധിച്ചേക്കാം. വസ്തുവിന്റെ വില്‌പന സാധ്യതകൾ ആരായും. മകരക്കൂറുകാർക്ക് അദ്ധ്വാനം വർദ്ധിക്കുന്നതാണ്. ഔദ്യോഗിക യാത്രകൾ ഉണ്ടാവും. സഹപ്രവർത്തകരുടെ പിന്തുണ കുറയാം. ആഢംബര വസ്തുക്കൾ വാങ്ങും. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കാനായേക്കില്ല. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം.
തിരുവോണം
വാക്കും പ്രവൃത്തിയും പൊരുത്തപ്പെടണമെന്നില്ല. ആഗ്രഹങ്ങൾ നേടാൻ വലിയ അദ്ധ്വാനം ആവശ്യമായി വരുന്നതാണ്. ചെലവുകൾ കൂടും. ബന്ധുക്കളുടെ നിലപാടുകൾ അറിയാൻ കഴിയില്ല. മക്കളുടെ കാര്യത്തിൽ ചില വിഷമങ്ങൾ ഉണ്ടാകാം. വ്യാഴം മുതൽ അനുഭവങ്ങൾ മെച്ചപ്പെട്ടേക്കും. സാമ്പത്തികമായ തടസ്സങ്ങൾ നീങ്ങുന്നതാണ്. ഗാർഹികാവശ്യങ്ങൾ സുഗമമായി നടക്കും. പ്രോജക്ടുകൾ പൂർത്തീകരിക്കാൻ തീവ്രശ്രമം ആരംഭിക്കും.
അവിട്ടം
പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്നും പിന്തുണ കിട്ടും. ചില തീരുമാനങ്ങൾ ഏകപക്ഷീയമായിപ്പോയെന്ന് പരാതിയുയരാം. കർമ്മരംഗത്ത് ഉണർവ്വും ഉന്മേഷവും വേണ്ടത്ര ഉണ്ടായി എന്ന് വരുന്നതല്ല. പഠനത്തിൽ പൂർണമായ ഏകാഗ്രത കിട്ടാതെ വിഷമിക്കും. കുടുംബ കാര്യങ്ങൾക്കായി യാത്രകൾ വേണ്ടി വന്നേക്കും. വഴിത്തർക്കങ്ങളിൽ മനസ്സ് വ്യാകുലമാവാം. തൊഴിൽ തേടുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ട സാഹചര്യമാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല
ചതയം
വ്യക്തിപരമായും തൊഴിൽപരമായും മാറ്റങ്ങൾ പലതും ആഗ്രഹിക്കുമെങ്കിലും സാഹചര്യങ്ങൾ ഒത്തുവരാത്തതിന്റെ സമ്മർദ്ദം തുടരും. ജോലിയോടൊപ്പം പുതിയ കോഴ്സുകൾക്ക് ചേരാൻ സന്ദർഭം ലഭിക്കുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും. ഏഴാം ഭാവത്തിൽ ശുക്രൻ ഉള്ളതിനാൽ പ്രണയാനുഭവങ്ങൾ ഉണ്ടാവാം. ആഴ്ചയുടെ ആദ്യം സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്.
പൂരൂരുട്ടാതി
പലകാര്യങ്ങളിൽ വ്യാപൃതരാവേണ്ട സ്ഥിതിയുണ്ടാവാം. ഉദ്യോഗസ്ഥർ ദുഷ്കരങ്ങളായ ദൗത്യങ്ങളെ അഭിമുഖീകരിച്ചേക്കും. ഉപാസനകൾക്കും ആത്മീയ കാര്യങ്ങൾക്കും തടസ്സം സംഭവിക്കാനിടയുണ്ട്. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പെട്ടെന്നുള്ള വൈദ്യസഹായം വേണ്ടി വരാം. വായ്പകൾ നേടാനുള്ള ശ്രമം തുടരേണ്ട നിലയുണ്ടാകും. പ്രായോഗിക പരിചയവും പ്രത്യുല്പന്നമതിത്വവും കൊണ്ട് ചില ദുർഘടങ്ങളെ മറികടക്കാനാവും.
ആഴ്ചയുടെ തുടക്കം കൂടുതൽ മെച്ചപ്പെട്ടതാവും.
ഉത്രട്ടാതി
ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി തുടരുകയാൽ ആരോഗ്യം, സാമ്പത്തികം എന്നീ കാര്യങ്ങളിൽ കരുതൽ വേണം. അനാവശ്യമെന്ന് തോന്നുന്ന ചെലവുകൾ ഒഴിവാക്കേണ്ടതാണ്. പുതുസംരംഭങ്ങൾക്ക് മുതിരരുത്. കരാറുകളിലും ഉടമ്പടികളിലും ഏർപ്പെടുമ്പോൾ വലിയ ജാഗ്രത വേണം. വാരമധ്യത്തിലെ രണ്ടുമൂന്നു ദിവസങ്ങൾക്ക് മേന്മയേറും. അന്യദേശത്ത് പഠനം, തൊഴിൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. യാത്രാരേഖകൾ ലഭിച്ചേക്കും.
രേവതി
വചോവിലാസം പ്രശംസിക്കപ്പെടും. സിമ്പോസിയങ്ങളിൽ പുതിയ ആശയങ്ങൾ അടുക്കും ചിട്ടയോടും അവതരിപ്പിക്കാൻ സാധിക്കും. ഇഷ്ടവസ്തുക്കൾ പ്രയത്നത്തിലൂടെ നേടാനായേക്കും. ഗണിതം, വ്യാകരണം, കല, മാധ്യമരംഗം, നിയമം, ജ്യോതിഷം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അവരുടെ കർമ്മരംഗത്ത് തിളങ്ങാനായേക്കും. ബന്ധുക്കളുടെ പിണക്കം പരിഹൃതമാവും. വരവുണ്ടാവുന്നതിന് അനുസരിച്ച് ചിലവും വരാം. ആരോഗ്യപരിശോധനകളിൽ അലംഭാവമരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.