/indian-express-malayalam/media/media_files/uploads/2023/10/November-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
നവംബർ മാസഫലം: മൂലം മുതൽ രേവതി വരെ
November Month 2023 Astrological Predictions for stars Moolam to Revathi: സൂര്യൻ തുലാം - വൃശ്ചികം രാശികളിലൂടെ സഞ്ചരിക്കുന്നു. നവംബർ 16 വരെ മലയാള മാസമായ തുലാം തുടരും. തുലാം രാശി സൂര്യന്റെ നീചരാശിയാണെന്നത് ഓർമ്മിക്കാം. നവംബർ 17 ന് വൃശ്ചിക മാസം തുടങ്ങുന്നു. ഈ രണ്ട് മലയാള മാസങ്ങളിൽ ചോതി, വിശാഖം, അനിഴം എന്നീ ഞാറ്റുവേലകളിലൂടെയാണ് ആദിത്യന്റെ യാത്ര.
നവംബർ 1 ന് കൃഷ്ണ ചതുർത്ഥിയാണ്. നവംബർ 13നാണ് തുലാവാവ് (അമാവാസി). തുടർന്ന് വെളുത്തപക്ഷം തുടങ്ങുന്നു. നവംബർ 27 നാണ് വൃശ്ചികത്തിലെ വെളുത്തവാവ്. നവംബർ 1 ന് മകയിരം നക്ഷത്രമാണ്. നവംബർ 30 ന് ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി തിരുവാതിര നക്ഷത്രത്തിലെത്തുന്നു. ശനി കുംഭം രാശിയിൽ അവിട്ടം നക്ഷത്രത്തിൽ വക്രഗതിയിലാണ്. നവംബർ 7 മുതൽ ശനി നേർഗതിയിൽ സഞ്ചാരം തുടങ്ങും. വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ തന്നെയാണ്.
നവംബർ 24 മുതൽ ഭരണിയിൽ നിന്നും അശ്വതിയിലാവും സഞ്ചാരം. രാഹു, മീനം രാശിയിൽ രേവതിയിലും, കേതു കന്നി രാശി ചിത്തിര നക്ഷത്രത്തിലും അപസവ്യഗതിയിൽ ഭ്രമണം തുടരുന്നു. ബുധൻ നവംബർ ആദ്യ ആഴ്ചയിൽ തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്കും മാസാന്ത്യത്തിൽ ധനുവിലേക്കും സംക്രമിക്കുകയാണ്. നവംബർ 12 ന് ബുധമൗഢ്യം തീരുന്നു.
ചൊവ്വ, നവംബർ 16 വരെ തുലാത്തിലും തദനന്തരം വൃശ്ചികത്തിലും സഞ്ചരിക്കുന്നു. ചൊവ്വ മൗഢ്യാവസ്ഥയിൽ തന്നെയാണ്. ശുക്രൻ നവംബർ 2 ന് കന്നിരാശിയിൽ പ്രവേശിച്ച് നവംബർ 29 വരെ അവിടെ തുടരുന്നു. കന്നി, ശുക്രന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടേയും 2023 നവംബർ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.
മൂലം
നവംബർ ആദ്യപകുതിക്ക് മെച്ചമേറും. തടസ്സങ്ങളെ മറികടന്ന് കർമ്മമേഖല ഉന്മേഷകരമാവും. തൊഴിലിൽ ആത്മ സംതൃപ്തിയോടെ മുഴുകനാവും. സാമ്പത്തിക ക്ലേശങ്ങൾ കുറച്ചൊക്കെ പരിഹൃതമാവും. പാരമ്പര്യവഴിയിൽ ധനം വന്നുചേരും. ഭൂമിയിൽ നിന്നും മെച്ചമുണ്ടാകും. ബന്ധുക്കളുടെയും അധികാരികളുടെയും പിന്തുണ ലഭിക്കുന്നതാണ്. ശനിയുടെ വക്രസഞ്ചാരം തീരുകയാൽ മടിച്ചു നിന്ന ദൗത്യങ്ങൾ ഏറ്റെടുക്കാനും അവയിൽ വിജയിക്കാനും കഴിയുന്നതാണ്. മക്കളുടെ ശ്രേയസ്സിൽ സന്തോഷിക്കാനാവും. യുവാക്കളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഭവിക്കുന്നതാണ്. ദാമ്പത്യസൗഖ്യം ഉണ്ടാകും. നവംബർ രണ്ടാം പകുതിയിൽ വ്യക്തിപരമായും ധനപരമായും അച്ചടക്കം പുലർത്തണം.
പൂരാടം
മാസാദ്യം മുതൽ നക്ഷത്രനാഥനായ ശുക്രന് നീചം വരുകയും കേതുവുമായി യോഗം ഭവിക്കുകയും ചെയ്യുന്നു. അതിനാൽ മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യം വേണ്ടത്ര അനുഭവത്തിൽ വരണമെന്നില്ല. വിശ്വസിച്ചവർ ആ വിശ്വാസത്തെ കാറ്റിൽ പറത്താം. ആശിച്ച പദവികൾ ലഭിക്കുവാൻ ക്ലേശിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് തരംതാഴ്ത്തൽ, കാരണം കാണിക്കൽ നോട്ടീസ് ഇവ ഉണ്ടായേക്കും. എന്നാലും സാമ്പത്തികമായ ഉയർച്ചയും കുടുംബൈശ്വര്യവും പ്രതീക്ഷിക്കാം. മക്കളെ സംബന്ധിച്ച് ശുഭവാർത്തകൾ കേൾക്കാനിടവരും. നേട്ടങ്ങളധികവും നവംബർ പകുതിവരെയാവും. മാസാന്ത്യം ചില സമ്മർദ്ദങ്ങൾ ഉണ്ടാവാം.
ഉത്രാടം
മുൻപ് ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ശ്രമിക്കുന്നപക്ഷം വിജയിക്കുന്നതായിരിക്കും. തൊഴിൽ രംഗത്തെ താങ്കളുടെ മികവ് മറ്റുപലർക്കും പ്രയോജനപ്രദമാവും. കുടുംബസമേതം യാത്രകൾ ഉണ്ടാവും. സാമ്പത്തികമായ ക്ലേശങ്ങൾ കുറച്ചൊക്കെ കുറയുന്നതാണ്. തൊഴിൽ തേടുന്നവർക്ക് എന്തെങ്കിലും അവസരങ്ങൾ തുറന്നു കിട്ടാതിരിക്കില്ല. നാലിൽ രാഹു സ്ഥിതി ചെയ്യുന്നതിനാൽ ഉത്രാടം ഒന്നാം പാദക്കാർക്ക് ഗാർഹികമായ സ്വൈരം അല്പം കുറയാനിടയുണ്ട്. ഇക്കാര്യത്തിൽ മെച്ചപ്പെട്ട സ്ഥിതിയാവും മകരക്കൂറുകാർക്ക്. ധനുക്കൂറുകാർക്ക് മാസത്തിന്റെ ആദ്യപകുതിയും മകരക്കൂറുകാർക്ക് രണ്ടാം പകുതിയും കൂടുതൽ ഗുണകരമാവാം.
തിരുവോണം
പലകാലത്തെ അദ്ധ്വാനത്തിന് ഭാഗികമായോ മുഴുവനായോ ഫലം ലഭിച്ചുതുടങ്ങും. ആശിച്ച വസ്തുക്കൾ കൈവശം .വന്നെത്തുന്നതാണ്. വിദ്യാർത്ഥികൾ പഠനത്തിനൊപ്പം കലാകായികമത്സരങ്ങളിലും മികവ് കാട്ടും. കലാകാരന്മാർക്ക് ധാരാളം അവസരം ലഭിക്കുന്നതാണ്. നിക്ഷേപങ്ങളിൽ വർദ്ധനവ് ഭവിക്കും. സുഹൃത്തുക്കളിൽ നിന്നും മനസ്സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. വീട് മോടി പിടിപ്പിച്ചേക്കാം. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ മെച്ചം ഉണ്ടായേക്കും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതാണ്. പുതിയ പദവികൾ ലഭിക്കാനിടയുണ്ട്.
അവിട്ടം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യം തുടരുകയാൽ ചില സങ്കോചങ്ങളും ആശയക്കുഴപ്പങ്ങളും ഒക്കെയുണ്ടാവും. സർവകാര്യങ്ങളും ആലോചിച്ചും പുനരാലോചിച്ചും പ്രവർത്തിക്കുകയാവും ഉചിതം. മകരക്കൂറുകാരായ അവിട്ടം നാളുകാർക്ക് പ്രായേണ നേട്ടങ്ങൾ അധികരിക്കാം. മനസ്സിനെ മഥിച്ചിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ലഭിച്ചേക്കും. ജീവിതനിലവാരം ഉയരാം. കുംഭക്കൂറുകാരായ അവിട്ടം നാളുകാർക്ക് അഷ്ടമ കേതു, ജന്മശനി എന്നിവ ആധിവ്യാധികൾക്ക് ഹേതുവായക്കാം. ആരോഗ്യകാര്യങ്ങളിൽ ഉദാസീനതയരുത്. കർമ്മരംഗത്ത് നാമമാത്രമായ നേട്ടങ്ങൾ വന്നണയും. കുടുംബത്തിന്റെ പിന്തുണ പ്രതിസന്ധികളിൽ കരുത്തേകും.
ചതയം
രാഹുകേതുക്കൾ, ശനി ഇവയുടെ അനിഷ്ടസ്ഥിതി മൂലം പ്രവർത്തനത്തിൽ ആലസ്യം വരാം. ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാനും ഇടയുണ്ട്. ശാരീരിക ഊർജ്ജവും സമയവും പാഴാകാം. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി അല്പം വൈകാം. പിതാവ്, സഹോദരൻ എന്നിവർ പ്രതികൂല നിലപാടെടുത്തേക്കും. നവംബർ രണ്ടാം പകുതി മുതൽ കാര്യവിജയം പ്രതീക്ഷിക്കാം. ബിസിനസ്സ് യാത്രകൾ ഭാഗികമായി ഗുണകരമാവും. ചെറിയ കരാറുകൾ നേട്ടങ്ങൾ സൃഷ്ടിക്കും. ഏജൻസി ഏർപ്പാടുകളിൽ ലാഭം വന്നെത്തും. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.
പൂരൂരുട്ടാതി
നക്ഷത്രനാഥനായ വ്യാഴം വക്രഗതി തുടരുകയാൽ മനസ്സിന്റെ ചാഞ്ചല്യം തുടരാം. പുതിയ കാര്യങ്ങൾ നടപ്പിലാക്കാൻ കാലവിളംബം വരുന്നതാണ്. അത്യാവശ്യങ്ങൾക്ക് പണം വന്നുചേരും. മിതവ്യയം ശീലമാക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിക്കും. എന്നാൽ സ്വന്തം പ്രശ്നങ്ങൾ പോംവഴി കാണാതെ തുടരപ്പെടും. മീനക്കൂറുകാർക്ക് പ്രണയത്തിൽ ഇച്ഛാഭംഗം ഉണ്ടാകാം. അന്യനാട്ടിൽ പഠനത്തിനോ ജോലിക്കോ ശ്രമിക്കുന്നവർക്ക് ശുഭസൂചനകൾ സിദ്ധിക്കുന്നതാണ്. സ്ഥിരോത്സാഹം അനിവാര്യമാണ്. ക്ലേശങ്ങൾ നീങ്ങി പുതുകാലം പിറക്കാൻ കർമ്മപരാങ്മുഖത്വമല്ല, കർമ്മോത്സുകതയാണ് അവലംബിക്കേണ്ടത്.
ഉത്രട്ടാതി
ഏഴിലെ കേതു-ശുക്ര യോഗം ദാമ്പത്യക്ലേശത്തിന് കാരണമായേക്കാം. അതുപോലെ അഷ്ടമത്തിലെ സൂര്യ- കുജയോഗം വിഷമങ്ങൾക്കും തടസ്സങ്ങൾക്കും വഴിവെക്കുന്നതാണ്. ജന്മരാഹു, പന്ത്രണ്ടിലെ ശനി എന്നിവയും വിപരീതഫലങ്ങൾ സൃഷ്ടിക്കാം. രണ്ടിലെ വ്യാഴം കുറച്ചൊക്കെ ദൈവാധീനവും സാമ്പത്തികമായ മെച്ചവും നൽകിയേക്കും. അന്യദേശത്ത് പോയി പഠിക്കാനോ തൊഴിലെടുക്കാനോ ചിലർക്ക് അവസരം ലഭിക്കുന്നതാണ്. വിസാ പ്രശ്നങ്ങൾ, അർഹമായ ജോലി ലഭിക്കാതിരിക്കുക എന്നതും പ്രശ്നമാകാറുണ്ട്. ദുഷ്പ്രേരണകൾക്ക് വിധേയരാകാതെ സ്വയം സംരക്ഷിക്കേണ്ട സന്ദർഭമാണ്. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
രേവതി
രാഹു, ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ മുൻ തീരുമാനങ്ങളിൽ നിന്നും ഒരു തിരിച്ചുപോക്കുണ്ടായേക്കാം. സമയബന്ധിതമായി നിർവഹിക്കേണ്ട കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റി വെക്കാൻ പ്രേരണയുണ്ടാവുന്നതാണ്. പ്രണയികൾക്കിടയിൽ അനൈക്യം പൊട്ടിമുളച്ചേക്കാം. തെറ്റായ തീരുമാനങ്ങൾ എടുക്കുക എന്നതും ഒരു സാധ്യതയാണ്. വിദ്യാർത്ഥികൾ അലസരാവാനിടയുണ്ട്. രണ്ടിൽ വ്യാഴം സ്ഥിതി ചെയ്യുകയാൽ ധനപരമായി ചില നേട്ടങ്ങൾ ഭവിക്കുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും നേട്ടം വന്നെത്തും. കുടുംബബന്ധം ദൃഢമാകും. പുതുസംരംഭങ്ങൾ തുടങ്ങാൻ വ്യക്തമായ ആസൂത്രണം കൂടിയേ കഴിയൂ. മാസം മുഴുവൻ സൂര്യകുജന്മാർ അനിഷ്ടന്മാരാകയാൽ സർവ്വകാര്യങ്ങളിലും ജാഗ്രതയുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.