scorecardresearch

Monthly Horoscope November 2023: നവംബർ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

November Month 2023 Astrological Predictions for stars Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 നവംബർ മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്

November Month 2023 Astrological Predictions for stars Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 നവംബർ മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrological prediction | November 2023 Horoscope | astrological prediction November month

നവംബർ മാസഫലം: മകം മുതൽ തൃക്കേട്ട വരെ

November Month 2023 Astrological Predictions for stars Makam to Thrikketta: സൂര്യൻ തുലാം - വൃശ്ചികം രാശികളിലൂടെ സഞ്ചരിക്കുന്നു. നവംബർ 16 വരെ മലയാള മാസമായ തുലാം തുടരും. തുലാം രാശി സൂര്യന്റെ നീചരാശിയാണെന്നത് ഓർമ്മിക്കാം. നവംബർ 17 ന് വൃശ്ചിക മാസം തുടങ്ങുന്നു. ഈ രണ്ട് മലയാള മാസങ്ങളിൽ ചോതി, വിശാഖം, അനിഴം എന്നീ ഞാറ്റുവേലകളിലൂടെയാണ് ആദിത്യന്റെ യാത്ര.

Advertisment

നവംബർ 1 ന് കൃഷ്ണ ചതുർത്ഥിയാണ്. നവംബർ 13നാണ് തുലാവാവ് (അമാവാസി). തുടർന്ന് വെളുത്തപക്ഷം തുടങ്ങുന്നു. നവംബർ 27 നാണ് വൃശ്ചികത്തിലെ വെളുത്തവാവ്. നവംബർ 1 ന് മകയിരം നക്ഷത്രമാണ്. നവംബർ 30 ന് ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി തിരുവാതിര നക്ഷത്രത്തിലെത്തുന്നു. ശനി കുംഭം രാശിയിൽ അവിട്ടം നക്ഷത്രത്തിൽ വക്രഗതിയിലാണ്. നവംബർ 7 മുതൽ ശനി നേർഗതിയിൽ സഞ്ചാരം തുടങ്ങും. വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ തന്നെയാണ്.

നവംബർ 24 മുതൽ ഭരണിയിൽ നിന്നും അശ്വതിയിലാവും സഞ്ചാരം. രാഹു, മീനം രാശിയിൽ രേവതിയിലും, കേതു കന്നി രാശി ചിത്തിര നക്ഷത്രത്തിലും അപസവ്യഗതിയിൽ ഭ്രമണം തുടരുന്നു. ബുധൻ നവംബർ ആദ്യ ആഴ്ചയിൽ തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്കും മാസാന്ത്യത്തിൽ ധനുവിലേക്കും സംക്രമിക്കുകയാണ്. നവംബർ 12 ന് ബുധമൗഢ്യം തീരുന്നു.

ചൊവ്വ, നവംബർ 16 വരെ തുലാത്തിലും തദനന്തരം വൃശ്ചികത്തിലും സഞ്ചരിക്കുന്നു. ചൊവ്വ മൗഢ്യാവസ്ഥയിൽ തന്നെയാണ്. ശുക്രൻ നവംബർ 2 ന് കന്നിരാശിയിൽ പ്രവേശിച്ച് നവംബർ 29 വരെ അവിടെ തുടരുന്നു. കന്നി, ശുക്രന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടേയും 2023 നവംബർ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.

മകം

Advertisment

മാസത്തിന്റെ ആദ്യപകുതി കൂടുതൽ അനുകൂലവും ഗുണകരവുമാവും. അദ്ധ്വാനത്തിന് അർഹതയിലധികം പ്രതിഫലം കിട്ടിയേക്കാം. സ്വന്തം അധികാരവും അവകാശവും എതിർപ്പുകളെ അവഗണിച്ച് നടത്തിയെടുക്കും. പുതുപദവികൾ ലഭിക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതിലഭിക്കാം. മാസത്തിന്റെ രണ്ടാം പകുതിയിൽ മനക്ലേശങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങൾ നിസ്സഹകരിക്കും. കർമ്മരംഗത്ത് വെല്ലുവിളികൾ ഉണ്ടായേക്കാം. മക്കളുടെ പഠനത്തിൽ പ്രതീക്ഷിച്ച പുരോഗതി കണ്ടെന്നു വരില്ല. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ നീണ്ടേക്കും. ആരോഗ്യപരമായി നല്ല ശ്രദ്ധ ആവശ്യമാണ്.

പൂരം

നക്ഷത്രനാഥനായ ശുക്രന് നീചവും കേതുയോഗവും വരുകയാണ്. മാസാദ്യം മുതൽ ഒടുക്കം വരെ അത് തുടരും. രണ്ടിൽ ശുക്രൻ സ്ഥിതിചെയ്യുകയാൽ മധുരമായി സംസാരിക്കാനും സാമ്പത്തികമായി തെല്ല് മെച്ചം ഉണ്ടാവാനും സാധിച്ചേക്കും. എന്നാൽ ആത്മവിശ്വാസം ബാധിക്കപ്പെടാം. വ്യക്തിത്വം പരിഹസിക്കപ്പെടാം. ദുർജനസംസർഗം ഉണ്ടായെന്നും വരാം. പൊതുവേ മാസത്തിന്റെ ആദ്യ പകുതിയിൽ പല മെച്ചങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. അധ്വാനം അംഗീകരിക്കപ്പെടുന്നതായിരിക്കും. മത്സരങ്ങളിൽ തിളക്കം കുറഞ്ഞാലും വിജയം ഭവിക്കും. കച്ചവടത്തിൽ പുരോഗതി വന്നെത്തുന്നതാണ്. രണ്ടാം പകുതിയിൽ സ്ത്രീകളിൽ നിന്നും വിരോധവും ഉദ്യമങ്ങളിൽ വിളംബവും മനക്ലേശവും സാധ്യതകൾ.

ഉത്രം

നക്ഷത്രനാഥനായ ആദിത്യന് നീചം തുടരുകയാൽ ലക്ഷ്യം നേടാൻ ഏറെ പരിശ്രമം വേണ്ടിവരും. വിജയത്തിന് തിളക്കം കുറഞ്ഞേക്കാം. ചിങ്ങക്കൂറുകാർക്ക് മാസത്തിന്റെ ആദ്യപകുതിയും കന്നിക്കൂറുകാർക്ക് മാസത്തിന്റെ രണ്ടാം പകുതിയും ഗുണകരമാവുന്നതാണ്. ഏജൻസികൾ / ഫ്രാഞ്ചൈസികൾ ഇവ തുടങ്ങാൻ സാധിച്ചേക്കും. ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. വസ്തുസംബന്ധിച്ച കുടുംബ തർക്കത്തിന് അയവ് വന്നേക്കും. സുഖഭോഗങ്ങൾക്കും ആഢംബരങ്ങൾക്കും വേണ്ടി ചെലവുണ്ടാകാം. രാഹു-കേതുക്കളുടെ പ്രതികൂലത മനക്ലേശം, ദേഹസൗഖ്യക്കുറവ് ഇവ സൃഷ്ടിക്കാനിടയുണ്ട്.

അത്തം

ജന്മത്തിൽ കേതു നിൽക്കയാൽ ചെറിയ വലിയ കാര്യങ്ങളിലെല്ലാം ജാഗ്രത പുലർത്തണം. ജന്മത്തിലേക്ക് നീചശുക്രൻ വരികയാൽ ഭൗതിക തൃഷ്ണകളേറും. ചിലതൊക്കെ അനുഭവിക്കാനുമാവും. പൊതുവേ മാസത്തിന്റെ ആദ്യപകുതി അശാന്തമാവും. അനായാസം ഒന്നും നേടാനായേക്കില്ല. അധികാരികൾ എതിർപക്ഷത്താകയാൽ സമ്മർദ്ദം ഭവിക്കും. അനാരോഗ്യം വിഷമിപ്പിക്കാനിടയുണ്ട്. സാമ്പത്തികമായും ചില സമ്മർദ്ദങ്ങളെ നേരിടേണ്ടതായി വരാം. മാസത്തിന്റെ രണ്ടാം പകുതിയിൽ ക്ഷേമാനുഭവങ്ങൾ വർദ്ധിക്കും. സ്വസ്ഥതയുണ്ടാവും, അകത്തും പുറത്തും. നവസംരംഭങ്ങളിൽ മുന്നേറ്റമുണ്ടാകുന്നതായിരിക്കും.

ചിത്തിര

കേതു ജന്മനക്ഷത്രത്തിൽ തുടരുന്നതിനാൽ സാഹസങ്ങൾ, മുതൽമുടക്കുകൾ എന്നിവയ്ക്ക് മുതിരാതിരിക്കുകയാവും നല്ലത്. എന്നാൽ ജീവിതനിലവാരം ഉയരുന്നതായി അനുഭവപ്പെടും. വരവ് അധികരിച്ചേക്കാം. സമൂഹത്തിൽ നിന്നും മാന്യതയും അംഗീകാരവും ലഭിക്കാം. ഭോഗസുഖങ്ങളും അനുഭവിക്കാനാവും. പക്ഷേ അവയെല്ലാം നിലനിർത്തുകയാണ് യഥാർത്ഥ വെല്ലുവിളി. സുഹൃത്തുക്കളിൽ നിന്നും പ്രതീക്ഷിച്ചത്ര പിന്തുണ കിട്ടിയെന്നു വരില്ല. ബന്ധുക്കൾ ചെറുകാര്യങ്ങളുടെ പേരിൽ പിണങ്ങാം. വിദേശയാത്രയ്ക്ക് കൃത്യ സമയത്ത് അനുമതി കിട്ടാത്തതുമൂലം തൊഴിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്.

ചോതി

ആദിത്യകുജന്മാർ ജന്മരാശിയിലും ജന്മനക്ഷത്രത്തിലും ഒക്കെയായി തുടരുകയാൽ ചില പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരാം. ആരോഗ്യപ്രശ്നങ്ങൾ വന്നേക്കാം. അപവാദങ്ങൾക്ക് ശരവ്യരാവാനിടയുണ്ട്. അദ്ധ്വാനം വിലമതിക്കപ്പെടുന്നില്ല എന്ന ദുരവസ്ഥയും സംജാതമായേക്കാം. എന്നാൽ നവംബർ 16 നു ശേഷം കാര്യങ്ങൾക്ക് മാറ്റം വരാം. സമ്മർദ്ദങ്ങൾ താനേ അയയുന്നതാണ്. കച്ചവടത്തിൽ പുരോഗതി വരും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടാം. തടസ്സപ്പെട്ടിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കാൻ സാഹചര്യങ്ങൾ ഒരുങ്ങും. ഈശ്വരാധീനം ഉണ്ടെന്ന തോന്നൽ ശക്തമാവുകയും ചെയ്യും.

വിശാഖം

പല പ്രശ്നങ്ങളിലും കൃത്യമായ തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത സ്ഥിതി വരാം. മാനസികമായി പൊരുത്തമില്ലാത്തവരെ ആശ്രയിക്കേണ്ട സാഹചര്യം ഭവിക്കാം. വായ്പാതിരിച്ചടവുകൾ വലിയക്ലേശത്തിന് ഇടവരുത്തും. ഏജൻസി, കരാർ പണികൾ ഇവയിൽ ചെറിയ വരുമാനമുള്ള ജോലി ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആലസ്യം ഉണ്ടാവുന്നതാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം ഭാഗികമായി വിജയിക്കും. കുടുംബസമേതമുളള വിനോദയാത്രകൾക്ക് പണം കൈവായ്പ വാങ്ങാം. ഗവേഷണത്തിൽ ഏർപ്പെട്ടവരെ ആലസ്യം പിടികൂടാം. കുടുംബാംഗങ്ങളുടെ അനാരോഗ്യം മനസ്സിനെ വിഷമിപ്പിച്ചേക്കാം.

അനിഴം

പതിനൊന്നിലെ ശുക്രനും കേതുവും ഊഹക്കച്ചവടത്തിൽ വിജയമേകും. സ്ത്രീകളിൽ നിന്നും ധനം ലഭിച്ചേക്കാം. ഭാഗ്യപരീക്ഷണങ്ങളിൽ ചില നേട്ടങ്ങൾ ഉണ്ടാവാനിടയുണ്ട്. പ്രണയികൾക്ക് സന്തോഷിക്കാൻ അവസരം ലഭിക്കുന്നതാണ്. ഭോഗസുഖമുണ്ടാകും. എന്നാൽ ഉദ്യോഗത്തിൽ പ്രതിബന്ധങ്ങൾ വരാം. പാദരോഗം വിഷമിപ്പിക്കും. പൊടുന്നനേ ചില യാത്രകൾ വേണ്ടിവരാം. വരവിനനുസരിച്ച് ചിലവും വർദ്ധിക്കുന്നതാണ്. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ ക്ഷണിച്ചു വരുത്തിയേക്കും. അപക്വമായ തീരുമാനങ്ങളെടുക്കാൻ സാധ്യതയുണ്ട്.

തൃക്കേട്ട

നാലാമെടത്തിൽ കണ്ടകശനി, പന്ത്രണ്ടിലും ജന്മരാശിയിലും സൂര്യകുജന്മാർ, പഞ്ചമരാഹു എന്നിങ്ങനെ പാപഗ്രഹങ്ങളാൽ ദൂഷിതരും വലയിതരുമാണ് വൃശ്ചികക്കൂറുകാർ ഇപ്പോൾ. ആയതിനാൽ കരുതലോടെ വേണം ഓരോ നീക്കവും. സഹിഷ്ണുതയും അനിവാര്യമാണ്. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് അഭിലഷണീയമായിരിക്കില്ല. സാമ്പത്തികമായ അച്ചടക്കം പാലിക്കേണ്ടതുണ്ട്. പലകാര്യങ്ങളിൽ ഏർപ്പെട്ട് എല്ലാം പകുതിയിൽ മതിയാക്കുന്ന പ്രവണത ഉണ്ടായേക്കാം. ഭൂമിയുടെ ക്രയവിക്രയത്തിൽ ഉദ്ദേശിച്ച ലാഭം കിട്ടിയില്ലെന്ന് വരാം. 'പലതുള്ളി പെരുവെള്ളം' എന്ന് പറഞ്ഞതുപോലെ ചെറിയ ചെറിയ കാര്യങ്ങളിൽ മനസ്സർപ്പിച്ച് അവ ഭംഗിയായി നിർവ്വഹണത്തിലെത്തിക്കുക എന്നതാവും ഇപ്പോൾ തൃക്കേട്ട നാളുകാർക്ക് ഏറ്റവും കരണീയമായിട്ടുള്ള കാര്യം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: