2023 ഏപ്രിൽ 15 ന് ആണ് 1198 മേടമാസം ഒന്ന്. മുപ്പത് ദിവസങ്ങളാണ് മേടമാസത്തിനുള്ളത്. മേയ് 14 ന് മേടം അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞ് സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് പകരുന്നത്. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.
മേടം ഏഴിനാണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.
ഈ ഗ്രഹസ്ഥിതി അനുസരിച്ച് അശ്വതി കാർത്തിക, ചിത്തിര, പുണർതം, ഉത്രട്ടാതി എന്നീ അഞ്ചു നാളുകളുടെ മേടമാസത്തെ പൊതുഫലങ്ങളെന്താ യിരിക്കും എന്ന് വായിക്കാം.
അശ്വതി: രാഹു അശ്വതിയുടെ നാലാം പാദത്തിൽ സഞ്ചരിക്കുകയാണ്. മേടം പത്ത് മുതൽ മൂന്നാം പാദത്തിൽ പ്രവേശിക്കും. മേടം 7 ന് വ്യാഴം അശ്വതിയിൽ പ്രവേശിക്കുന്നു.14-ാം തീയതി വരെ അശ്വതി ഞാറ്റുവേലയാണ്. (സൂര്യൻ അശ്വതിയിൽ). മാസാന്ത്യം വക്രഗതിയിൽ ബുധനും അശ്വതിയിൽ വരുന്നു. കുറച്ചൊക്കെ ആശയക്കുഴപ്പങ്ങളും ചാഞ്ചല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും കാര്യതടസ്സങ്ങളും ഉണ്ടാവാം. ശുക്രൻ രണ്ടിലും ശനി പതിനൊന്നിലും സ്വക്ഷേത്രസ്ഥന്മാരായി തുടരുകയാൽ ധനപരമായി നല്ലഫലങ്ങൾ പ്രതീക്ഷിക്കാനാവും. സംഭാഷണവശ്യത ശ്രദ്ധിക്കപ്പെടും. പഠനത്തിൽ മികച്ച വിജയമുണ്ടാകുന്നതാണ്. തൊഴിൽരംഗം സന്തുലിതമാകും. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. വിവാഹകാര്യത്തിൽ പുരോഗതി വരുന്നതാണ്. സാഹസികത, തർക്കം എന്നിവയ്ക്ക് മുതിരരുത്.
കാർത്തിക: നക്ഷത്രനാഥൻ ആയ ആദിത്യൻ ഉച്ചത്തിലും അത്യുച്ചത്തിലും ഒക്കെയായി സഞ്ചരിക്കുകയാൽ മനോബലവും കർമ്മബലവും ഭവിക്കും. പ്രതികൂലതകളെ തുച്ഛീകരിക്കും. ഉന്നതമായ ചിന്താശക്തിയുണ്ടാകുന്നതാണ്. മത്സരം, പരീക്ഷ ഇവയിൽ വിജയം വരിക്കും. അധികാരികളുടെ ആദരം ലഭിക്കുന്നതാണ്. ഒപ്പമുള്ളവരുടെ ക്ലേശങ്ങൾക്ക് കഴിയുംവിധം സഹായമേകും. ഇടയ്ക്ക് യാത്രകൾ വേണ്ടിവന്നേക്കും. കച്ചവടത്തിൽ നിന്നും വരവ് വർദ്ധിക്കുന്നതാണ്. മേടം അവസാനം മുതൽ ഇടവം പത്ത് വരെ കാർത്തിക ഞാറ്റുവേലയാകയാൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഹൃദയ /ശിരോരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. ഇടവക്കൂറുകാരായ കാർത്തിക നാളുകാർക്ക് മേടത്തിൽ ചെലവധികരിക്കുന്നതാണ്. സാഹസങ്ങൾ ഒഴിവാക്കുന്നത് അഭിലഷണീയം.
ചിത്തിര: പ്രവർത്തന രംഗം വിപുലീകരിക്കും. കിട്ടാനുള്ള കടങ്ങൾ പിരിഞ്ഞുകിട്ടുന്നതാണ്. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ലാഭമുണ്ടാകും. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് കാലം അനുകൂലമാണ്. ബന്ധുക്കളുടെ പിന്തുണ സമയോചിതമായിരിക്കും. മക്കളുടെ പഠനം വിവാഹം മുതലായവയ്ക്കായി ചില സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ഉപരിപഠനത്തിന് നല്ല അവസരം ഉണ്ടാകും. എതിർപ്പുകളെ വേഗം തിരിച്ചറിയാനാവും. മാസത്തിന്റെ രണ്ടാം ആഴ്ചക്ക് ശേഷം ചൊവ്വ ദുർബലമാകുന്നതിനാൽ സഹോദരക്ലേശം ഏർപ്പെട്ടേക്കാം. കലഹ പ്രേരണകളെ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യജാഗരൂകതയും വേണം.
പുണർതം: ഗുണാനുഭവങ്ങൾ വർദ്ധിക്കും. വിദേശ വ്യാപാരം അഭിവൃദ്ധിപ്പെടുന്നതായിരിക്കും. പ്രൊഫഷണലുകൾക്ക് തൊഴിലുകളിൽ മുന്നേറാൻ കഴിയും. സർക്കാർ ആനുകൂല്യങ്ങൾ കരഗതമാകും. പൊതുപ്രവർത്തകർക്ക് പുതിയ പദവി സിദ്ധിക്കുന്നതാണ്. സാങ്കേതികവിദ്യയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. തർക്കങ്ങളിൽ നയോപായ ചാതുര്യത്തോടെ ഇടപെടുന്നതാണ്. മുൻ മുതൽ മുടക്കുകൾ ലാഭം കണ്ടുതുടങ്ങും. ചില കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ പോലെ അനുഭവത്തിൽ വരും. രോഗാവസ്ഥക്ക് ശമനം കണ്ടുതുടങ്ങുന്നതാണ്. കലാപ്രവർത്തകരുടെ കഴിവുകൾക്ക് പിന്തുന്ന സിദ്ധിക്കും. മേടം പകുതി മുതൽ ചൊവ്വ പുണർതത്തിലൂടെ സഞ്ചരിക്കുകയാൽ മനോവാക്കർമ്മങ്ങളിൽ സൂക്ഷ്മത വേണം.
ഉത്രട്ടാതി: കാലാനുകൂല്യം പ്രകടമാകും, വൈകാതെ. അവഗണനകൾ അവസാനിക്കും. അംഗീകാരം വന്നുചേരുന്നതാണ്. പരീക്ഷാ വിജയം, ഇഷ്ടവിഷയങ്ങളിൽ തുടർ പഠനം ഇവയുണ്ടാകും. അന്യദേശത്ത് തൊഴിൽ കിട്ടും. സ്വന്തമായി വരുമാനം – സ്വാശ്രയത്വം- കൈവരും. ഉദ്യോഗസ്ഥർക്ക് പദവി ഉയരാം. അവിവാഹിതരുടെ വിവാഹതീരുമാനം, സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് ശുഭവാർത്ത എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. വിവാദം, വസ്തുതർക്കം, കുടുംബകലഹം ഇവയും ഒരു സാധ്യതയാകയാൽ വാക് കർമ്മങ്ങളിൽ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. ശുഭകാര്യങ്ങളിൽ ചെലവും ഭവിക്കാം.