scorecardresearch

Monthly Horoscope October 2022: ഒക്ടോബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Monthly Horoscope October 2022 star predictions: അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നാളുകാരുടെയും 2022 ഒക്ടോബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം

Monthly Horoscope October 2022: ഒക്ടോബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Monthly Horoscope October 2022 star predictions: ഒക്ടോബർ 17 വരെ കന്നിമാസവും തുടർന്ന് തുലാമാസവുമാകയാൽ സൂര്യൻ കന്നി- തുലാം രാശികളിലായി സഞ്ചരിക്കുന്നു. ഒക്ടോബർ ഒന്നിന് ചന്ദ്രൻ തൃക്കേട്ടയിൽ, മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഉത്രാടത്തിലെത്തുന്നു. ചൊവ്വ മിഥുനത്തിലും ഒടുവിൽ വക്രഗതിയായി ഇടവത്തിലുമെത്തുന്നു. ബുധൻ മാസത്തിന്റെ മുക്കാൽ പങ്കും കന്നിയിൽ, അവസാന ആഴ്ച തുലാത്തിലേക്ക് സംക്രമിക്കുന്നു. ശുക്രനും കന്നി – തുലാം രാശികളിലായി സഞ്ചരിക്കുകയാണ്. വ്യാഴം വക്രത്തിലാണ്, എന്നാൽ മീനം രാശിയിൽ നിന്നും മാറുന്നില്ല. ശനി ഒക്ടോബർ അവസാന ആഴ്ചയിൽ വക്രഗതി അവസാനിപ്പിച്ച്, മകരം രാശിയിൽ തന്നെ നേർഗതിയിൽ സഞ്ചരിച്ച് തുടങ്ങുന്നു. രാഹുകേതുക്കൾ യഥാക്രമം മേടം, തുലാം രാശികളിലായി പ്രയാണം തുടരുകയാണ്.

ഈ ഗ്രഹസ്ഥിതി മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നാളുകാരുടെയും 2022 ഒക്ടോബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം.

അശ്വതി: ഒക്ടോബർ ആദ്യ പകുതിക്കാവും മെച്ചം കൂടുതൽ. തുലാം മാസം തുടങ്ങിയാൽ അഞ്ചാം ഭാവാധിപനായ സൂര്യന് നീചം വരുന്നതിനാൽ ആത്മശക്തിക്ക് ചോർച്ച സംഭവിക്കും. ദാമ്പത്യ പ്രശ്നങ്ങൾ അതിരു വിടാം. മക്കളെച്ചൊല്ലി ഉൽക്കണ്ഠ വർദ്ധിക്കാം. ധനസ്ഥിതി മെച്ചമാകുമെങ്കിലും ചെലവേറുക തന്നെയാണ് ഫലം. പന്ത്രണ്ടാം വ്യാഴത്തിന്റെ കാലമാണല്ലോ. കർമ്മരംഗത്ത് ചില ശീതയുദ്ധങ്ങൾ അരങ്ങേറാനിടയുണ്ട്. ഭൗതികകാര്യങ്ങൾ പലതും നടന്നുകൂടും. ആത്മീയ സാധനകൾ ഭംഗപ്പെടാം. വിഷഭക്ഷണ യോഗം, വിഷാദചിന്തകൾ, കഠിനാദ്ധ്വാനം എന്നിവയും സംഭവിക്കാം.

ഭരണി: ഉന്മേഷപ്രകൃതത്തിന് മങ്ങലേൽക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നീളും. സഹപ്രവർത്തകർ പിന്തുണക്കാത്തത് പ്രതിസന്ധിക്ക് കാരണമാകാം. ഗൃഹത്തിൽ സമാധാനക്കേട് വരാം. യാത്രകൾ ഉദ്ദേശിച്ച നേട്ടങ്ങൾ നൽകണമെന്നില്ല. നക്ഷത്രനാഥനായ ശുക്രന്റെ മൗഢ്യം ആത്മവിശ്വാസത്തെ ഹനിക്കാം. ഭാഗ്യം, കപ്പിനും ചുണ്ടിനുമിടയിൽ വട്ടംചുറ്റും. കണ്ടകശനിയുടെ ഫലമായി കച്ചവടത്തിൽ പലതരം വൈഷമ്യങ്ങൾ ഭവിക്കാം. നേട്ടങ്ങൾ പേരിന് മാത്രമായിരിക്കും.

കാർത്തിക: ക്ഷോഭം നിയന്ത്രിക്കാൻ കഴിയാതെ വിഷമിക്കും. വിദ്യാർത്ഥികൾക്ക് സാങ്കേതിക കാര്യങ്ങളിൽ ഉപരിപഠനാനുമതി ലഭിക്കും. അനുരാഗികൾക്ക് തിരിച്ചടികൾ ഉണ്ടാവാം. ധനസ്ഥിതി മോശമാവില്ല. സന്താനങ്ങൾക്ക് പരീക്ഷാവിജയം, ഉദ്യോഗ പ്രവേശം, വിവാഹം മുതലായവ ചില സാധ്യതകളാണ്. കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാവും. കിടപ്പുരോഗികൾക്ക് ആശ്വാസം സിദ്ധിക്കും. ഊഹക്കച്ചവടം വിജയിക്കും. വിദേശയാത്രക്ക് അല്പം കൂടി കാത്തിരിക്കേണ്ടിവന്നേക്കും.

രോഹിണി: ചൊവ്വ ജന്മരാശിയിൽ നിന്ന് മാറുന്നതിനാൽ സമ്മർദ്ദങ്ങൾ നീങ്ങും. വ്യക്തിത്വത്തിൽ പ്രസാദഭാവങ്ങൾ നിറയും. കലാകാരന്മാർ പുരസ്കൃതരാവും. സൗഹൃദങ്ങൾ കൂടുതൽ ഊഷ്മളമാകാം. സർക്കാരിൽ നിന്നും വായ്പ, വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ്, സഹായ ധനം എന്നിവ ലഭിച്ചേക്കും. തൊഴിലിൽ പുതിയ ചുമതലകൾ വന്നുചേരും. ശത്രുക്കളുടെ സമ്മർദ്ദങ്ങളെ തൃണവൽഗണിച്ച് മുന്നേറും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പന്ത്രണ്ടിലെ രാഹു പ്രേരിപ്പിച്ചെന്ന് വരാം. മുഖസ്തുതിക്കാരെ കരുതിയിരിക്കേണ്ട കാലമാണ്.

മകയിരം: ഇടവക്കൂറുകാർക്കാവും മെച്ചം കൂടുതൽ. മിഥുനക്കൂറുകാർക്ക് നാലിലെയും അഞ്ചിലെയും സൂര്യസ്ഥിതി അനുകൂലമല്ല. കുടുംബയോഗങ്ങളിലും സുഹൃദ് സമാഗമങ്ങളിലും പങ്കെടുക്കും. ആർഭാടം കാട്ടി മറ്റുള്ളവരുടെ അസൂയാപാത്രമാവും. വിദേശയാത്രക്ക് അവസരം ലഭിക്കും. ധനപരമായി മെച്ചം കുറവാണ്. ഗൃഹനിർമ്മാണം സാമ്പത്തിക പാരതന്ത്ര്യത്തിലേക്ക് നയിക്കാം. സന്താനങ്ങളുടെ പഠിപ്പ്, തൊഴിൽ ഇവ ആശങ്കക്ക് കാരണമായേക്കും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം തീർക്കാൻ പ്രയത്നിക്കും.

തിരുവാതിര: ജന്മരാശിയിൽ കുജൻ പകരുകയാൽ ദേഹാസ്വാസ്ഥ്യം ഉണ്ടാകാം. സഹിഷ്ണുത കുറയും. ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിമറയാം. സാഹസകർമ്മങ്ങളോട് താല്പര്യം വർദ്ധിക്കും. നക്ഷത്രാധിപനായ രാഹു പതിനൊന്നിലാകയാൽ ആദായം കൂടും. കടബാധ്യത കുറയും. പ്രവൃത്തികളിൽ ചിലപ്പോൾ പരാജയം രുചിക്കും. ദിനചര്യകളുടെ ക്രമം തെറ്റാനുമിടയുണ്ട്.

പുണർതം: കാര്യസാധ്യതക്ക് അധികം അധ്വാനം വേണ്ടി വരും. കുടുംബജീവിതത്തിലെ സ്വരച്ചേർച്ചയില്ലായ്മ പരിഹരിക്കും. നൂതന മാർഗങ്ങളിലൂടെ വ്യവസായം വിപുലീകരിക്കും. പഠനത്തിനായി പുതിയ വിഷയങ്ങൾ തെരഞ്ഞെടുക്കും. വീടും നാടും വിട്ടുനിൽക്കേണ്ട സാഹചര്യങ്ങളുണ്ടായെന്നു വരാം. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. ചില കൂട്ടുകെട്ടുകൾ ദോഷം ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്.

പൂയം: നക്ഷത്രനാഥനായ ശനി വക്രഗതി അവസാനിപ്പിക്കുന്നതിനാൽ പുരോഗതി ദൃശ്യമാകും. മുൻപ് തീരുമാനിച്ചിരുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തും. അനുരാഗം പ്രതിബന്ധത്തിലാവാനിടയുണ്ട്. മക്കളുടെ കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായേക്കും. പ്രൊഫഷണലുകൾക്ക് വിജയിക്കാൻ കഴിയും. സാമ്പത്തികമായി മെച്ചമുള്ള കാലമാണെന്ന് പറയാൻ കഴിയില്ല. സഹായം കൈപ്പറ്റിയവർ ശത്രുക്കളായേക്കും. കേതു, സൂര്യൻ,ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ ദശാപഹാര ഛിദ്രാദികളിലൂടെ കടന്നുപോകുന്നവർ വാക്കിലും കർമ്മത്തിലും ജാഗ്രത പുലർത്തണം.

ആയില്യം: ആസൂത്രണം ചെയ്ത കാര്യങ്ങൾ പാളിപ്പോകാം. സഹപ്രവർത്തകരും സഹജാതരും നിസ്സഹകരണം തുടരും. സ്ഥാനക്കയറ്റം വൈകും. കൃഷിയിലെ പരീക്ഷണങ്ങൾ വിജയിക്കാം. വ്യായാമം, ആരോഗ്യപരിപാലനം എന്നിവയിൽ അലംഭാവമരുത്. മത്സരങ്ങളിൽ കഷ്ടിച്ച് കടന്നുകൂടും. കരാറുകളിൽ ഒപ്പിടാൻ കാലം നന്നല്ല. പന്ത്രണ്ടിലെ ചൊവ്വ ദുഷ്കീർത്തി, പാഴ്ച്ചെലവുകൾ, ദേശാന്തരഗമനം എന്നിവയ്ക്ക് കാരണമാകാം. പിതാവിന് രോഗശാന്തി, ഉപാസനാദി കാര്യങ്ങൾ, ക്ഷേത്രാടനം എന്നിവയും ചില സാധ്യതകളാണ്.

മകം: രാശ്യധിപനായ സൂര്യൻ കന്നിയിൽ നിന്നും തുലാത്തിലേക്ക് കടക്കുമ്പോൾ നീച രാശിയിലാവുകയാണ്. അവിടെ കേതുവുമുണ്ട്. ഇത് ഒരു ഗ്രഹണയോഗമാണ്. അതിനാൽ കഴിവുകൾ പലതും മങ്ങിപ്പോകും. അവമാനം, ആരോപണങ്ങൾക്ക് വിധേയമാകൽ എന്നിവ സംഭവിക്കാം. പദവികളിൽ നിന്നും ഇറങ്ങിപ്പോകേണ്ട സാഹചര്യം സംജാതമായേക്കാം. സാമ്പത്തികമായി മെച്ചം വരുമെങ്കിലും മാനസിക ക്ലേശങ്ങൾ പിന്തുടരുന്നതായിരിക്കും. കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും ഉചിതം. ക്ഷമയാവും ഏറ്റവും നല്ല ആയുധം.

പൂരം: ഭൗതികമായി ചില മെച്ചങ്ങളുണ്ടാവും. പ്രതീക്ഷിച്ച ശുഭകാര്യങ്ങൾ സംഭവിക്കാം. യാത്രകൾ ധനലാഭത്തിന് ഉതകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കലാപ്രവർത്തനത്തിന് പ്രതീക്ഷിച്ച പിന്തുണ കിട്ടണം എന്നില്ല. കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെക്കാൻ അനുകൂലകാലമല്ല. പ്രണയത്തിൽ ഇച്ഛാഭംഗം ഉണ്ടായേക്കും. കച്ചവടക്കാർ കൂടുതൽ മുതൽ മുടക്കുന്നത് അല്പം കൂടി കഴിഞ്ഞ് മതിയാകും.

ഉത്രം: കർമ്മരംഗം വെല്ലുവിളികൾ നേരിടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കാൻ വൈകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. ഉഷ്ണരോഗങ്ങൾ ഉപദ്രവകാരികളായേക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ചെറിയ പുരോഗതിയെങ്കിലും വന്നുചേരും. നിയമം, അദ്ധ്യാപനം, മാധ്യമം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തിളങ്ങാനവസരമുണ്ടാകും. മൂന്നിലെ കേതു- സൂര്യയോഗം സഹോദര കലഹത്തിനിടവരുത്താം. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം ഒത്തുവരും. കിടപ്പുരോഗികൾ , വയോജനങ്ങൾ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം.

അത്തം: ആത്മവിശ്വാസം ശിഥിലമാകും. കടബാധ്യത അപരിഹാര്യമായി തുടരും. സഹപ്രവർത്തകരുടെ പിന്തുണ പ്രതീക്ഷിച്ച അത്ര ഉണ്ടാവില്ല. നൂതനസംരംഭങ്ങൾ തുടങ്ങാൻ ശുഭകാലമല്ല. സദസ്സുകളിൽ പ്രസംഗിച്ച് കൈയ്യടി നേടും. മത്സരങ്ങളെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറും. അനുരാഗികൾക്ക് പ്രതിബന്ധങ്ങളെ തകർക്കേണ്ടിവരും. ശനി, വ്യാഴ ദശകളിലൂടെ കടന്നു പോകുന്നവർക്ക് തീരുമാനങ്ങൾ തിരുത്തേണ്ടിവരും. രാഷ്ട്രീയ പ്രവർത്തകർ അണികളുടെ എതിർപ്പ് നേരിടും.

ചിത്തിര: ധാരാളം ചിന്തിച്ചുകൂട്ടും. പല പദ്ധതികളും ആസൂത്രണം ചെയ്യും. പക്ഷേ പ്രായോഗികമായി വിജയിക്കാൻ കഴിയാതെ വരും. കുടുംബത്തിലെ അനൈക്യം അതിരുവിടുന്നതായി തോന്നും. എന്നാൽ മാധ്യസ്ഥ പ്രവർത്തനത്തിൽ പരാജയപ്പെടും. ചെറിയ കരാർ പണികൾ ചെയ്യുന്നവർ, ദിവസവേതനക്കാർ എന്നിവർക്ക് കാര്യങ്ങൾ ഒരുവിധം നടന്നു കിട്ടും. ഉപാസന, തീർത്ഥാടനം എന്നിവയ്ക്ക് അനുയോജ്യമായ കാലമാണ്. ധനപരമായ ആവശ്യങ്ങൾ പരിഹരിക്കാൻ സ്വർണമോ ഭൂമിയോ പണയപ്പെടുത്താനിടയുണ്ട്. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.

ചോതി: പാപഗ്രഹങ്ങളുടെ കേന്ദ്രരാശിസ്ഥിതി മൂലം പലതരം സമ്മർദ്ദങ്ങളെ നേരിടേണ്ടിവരും. ജന്മരാശിയിലെ കേതു- സൂര്യയോഗം ദേഹപീഡയ്ക്കും കാര്യവിഘ്നത്തിനും ഇടവരുത്താം. നാലിലെ ശനി, ഏഴിലെ രാഹു, എട്ട്- ഒമ്പത് രാശികളിലെ ചൊവ്വ എന്നിവ കർമ്മഭ്രംശം, മത്സര പരാജയം ഇവയ്ക്ക് വഴിതുറക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി അറിയാൻ കഴിയാതെ വരുന്ന സ്ഥിതിയുണ്ടാകും. ഗൃഹനിർമ്മാണത്തിൽ സർക്കാർ ഇടപെടലുകൾ വരാം. ദാമ്പത്യത്തിൽ പരസ്പര വിശ്വാസം ചോർന്നുപോകുന്നതായി തോന്നാം. ഉചിതമായ വൈദ്യപരിശോധനകൾക്ക് അമാന്തം വരുത്തരുത്.

വിശാഖം: വൃശ്ചികക്കൂറുകാർ പുതിയ ജോലിയിൽ പ്രവേശിക്കും. വിവാഹാലോചനകൾ സഫലതയിലെത്താം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. തുലാക്കൂറുകാർ ഉടമ്പടികളിൽ ഒപ്പുവെക്കും മുൻപ് കൃത്യമായ നിയമോപദേശം തേടാൻ മറക്കരുത്. അസന്തുഷ്ട സ്ഥലങ്ങൾ സന്ദർശിക്കേണ്ട സാഹചര്യം ഉടലെടുക്കാം. ക്രയവിക്രയങ്ങളിൽ ചെറിയ നേട്ടം വന്നുചേരും. കലാപ്രവർത്തനത്തിന് ഉദാരമതികളുടെ സഹായം ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കും.

അനിഴം: മാസാദ്യം സൽഫലങ്ങളാണ് കൂടുതൽ. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തിന് അധികാരികളുടെ അനുമതി ലഭിക്കും. പണയവസ്തുക്കൾ മടക്കിയെടുക്കും. വ്യവഹാരങ്ങളിൽ അനുകൂലവിധിയുണ്ടാകും. കുടുംബാംഗങ്ങൾക്കിടയിലെ തർക്കം രമ്യമായി പരിഹരിക്കും. മക്കൾക്ക് ഉപരിപഠനത്തിന് ദൂരദിക്കിൽ പ്രവേശനം ലഭിക്കും. കുടുംബ ക്ഷേത്രത്തിന്റെ നവീകരണാദികളിൽ മുഖ്യത്വം വഹിക്കും.

തൃക്കേട്ട: ഭാവനാപൂർണമായ രചനകൾ നിർവഹിക്കും. പ്രസംഗം, ജ്യോതിഷം എന്നിവയിൽ ശോഭിക്കും. വിനോദയാത്രകളിലെന്നപോലെ വിജ്ഞാന സമ്പാദനത്തിലും ശ്രദ്ധയുണ്ടാവും. പൊതുപ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും പിൻവാങ്ങും. ആത്മീയകാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കും. ഊഹക്കച്ചവടം ലാഭകരമായിത്തീരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. രോഗശമനത്തിന് നാട്ടുചികിത്സയിൽ അഭയം തേടും.

മൂലം: പത്തിലും പതിനൊന്നിലുമായി സഞ്ചരിക്കുന്ന ആദിത്യൻ കർമ്മപുരോഗതിക്ക് കാരണമാകും. വ്യാപാരികളും വ്യവസായികളും നവീന ആശയങ്ങൾ നടപ്പിൽ വരുത്തും. ഊഹക്കച്ചവടത്തിൽ വിജയം വരിക്കും. പിതൃസ്വത്തിന്മേൽ അധികാര / അവകാശങ്ങൾ സിദ്ധിക്കും. രാഷ്ട്രീയ പ്രവർത്തനം കൂടുതൽ ദിശാബോധമുള്ളതായിത്തീരും. കുടുംബജീവിതത്തിലെ അശാന്തികൾ പരിഹരിക്കും. അഞ്ചിലെ രാഹുസ്ഥിതി മൂലം മക്കളുടെ കാര്യത്തിൽ വല്ല വിഷമങ്ങളും ഉണ്ടായെന്നു വരാം. കിടപ്പു രോഗികൾക്ക് ആശ്വാസകാലമാണ്.

പൂരാടം: പുണ്യകർമ്മങ്ങൾ ചെയ്യുവാൻ സന്ദർഭം വന്നെത്തും. സജ്ജനങ്ങളുടെ പിന്തുണ നേടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ കഴിയും. നിഗൂഢ കർമ്മങ്ങളിലൂടെ ധനാർജ്ജനം ഉണ്ടാകും. സന്താന വിഷയകമായി യാത്ര, പണച്ചെലവ് എന്നിവ വരാം. ചില കഠിന ജീവിത യാഥാർത്ഥ്യങ്ങൾ മനപ്രയാസം സൃഷ്ടിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യും. ഏഴിലെ ചൊവ്വമൂലം ദാമ്പത്യത്തിൽ സ്വരച്ചേർച്ചയില്ലായ്മ വന്നു കൂടും. ബുദ്ധി കൗശലം കൊണ്ട് എതിർപ്പുകളുടെ മുനയൊടിക്കും.

ഉത്രാടം: രണ്ടിലെ ശനി വക്രഗതി തീർന്ന് നേർഗതിയിലാകയാൽ മാസാന്ത്യത്തോടെ ധനപരമായ അനിശ്ചിതത്വം നീങ്ങും. കിട്ടാക്കടങ്ങൾ പ്രയത്നിച്ചാൽ മടക്കിക്കിട്ടാം. കർമ്മരംഗത്തെ പിഴവുകൾ തിരുത്തി മുന്നേറാൻ നല്ല സന്ദർഭമാണിത്. വസ്തുവിൽക്കാൻ സാധിക്കും. മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത ലഭിക്കും. വിദ്യാർത്ഥികൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ വിജയിക്കും. വീടുപണി ഇഴഞ്ഞുനീങ്ങും. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം.

തിരുവോണം: സമൂഹത്തിലെ തെറ്റുകുറ്റങ്ങളും നീതിനിഷേധങ്ങളും ചൂണ്ടിക്കാട്ടുന്നതു കൊണ്ട് ഒറ്റപ്പെടാൻ സാധ്യതയുണ്ട്. രാഹുവിന്റെ നാലിലെ സ്ഥിതി മൂലം ദേഹസുഖം കുറയും. ആരോഗ്യ പരിശോധനകൾ അനിവാര്യമായ സമയമാണ്. കടമകൾ ഭംഗിയായി നിറവേറ്റിയാലും അംഗീകാരം ലഭിക്കണമെന്നില്ല. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ കൈവരാം. സാമ്പത്തിക ആവശ്യങ്ങൾ വർദ്ധിക്കും. മംഗളകർമ്മങ്ങളുടെ ചുക്കാൻ പിടിക്കും. കുടുംബത്തിലെ അപസ്വരങ്ങളെ നിയന്ത്രിക്കാനാവാതെ വിഷമിക്കും.

അവിട്ടം: സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടും. രാഷ്ട്രീയത്തിൽ പദവികൾ ലഭിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടിവരും. ചൊവ്വയുടെ ഇടവം- മിഥുനം രാശികളിലെ സഞ്ചാരം മൂലം ദേഹാസ്വാസ്ഥ്യം, മാതൃ ക്ലേശം, ബന്ധു കലഹം, സന്താനങ്ങളുമായി അനൈക്യം ഇവ വരാം. സഹപ്രവർത്തകർ വേണ്ടത്ര പിന്തുണക്കില്ല. പലകാര്യങ്ങളും സ്വന്തം ഉത്തരവാദിത്വത്തിൽ നിറവേറ്റേണ്ട സാഹചര്യം ഉണ്ടാകും. ആരോഗ്യപരമായി പല വിഷമങ്ങൾ ഉദിക്കും. വാഗ്ദാനങ്ങൾ ക്ലേശിച്ചായാലും നിറവേറ്റും.

ചതയം: പേശീരോഗങ്ങൾ, പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങൾ എന്നിവ ശല്യകാരികളാവാം. അകാരണ ഭയം, അനാവശ്യ ഉൽക്കണ്ഠകൾ ഇവയുണ്ടാവാം. പൈതൃകസ്വത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സംരംഭങ്ങളിൽ അത്യുത്സാഹം കാട്ടും. ശനി പന്ത്രണ്ടിൽ തുടരുകയാൽ വീട്ടിൽ നിന്നും അകന്നിരിക്കേണ്ട സാഹചര്യം ഉദിക്കാം. വൃദ്ധജനങ്ങളുടെ ശുശ്രൂഷ, രോഗശാന്തി ഇവയ്ക്ക് പണം ചെലവാകും. ഗാർഹികാന്തരീക്ഷം എപ്പോഴും ശാന്തമാവില്ല. അപകട സാധ്യതയുള്ളതിനാൽ വാഹനം, യന്ത്രം, അഗ്നി എന്നിവയിൽ ജാഗ്രത വേണം.

പൂരുട്ടാതി: മൂന്നിലെ രാഹു, സഹോദര ക്ലേശമുണ്ടാക്കാം. സഹായികൾ കലഹമൂർത്തികളാവാം. രോഗം വരുമോ എന്ന് വെറുതെ ആശങ്കപ്പെടും. ആധി തന്നെ വ്യാധിയാകും എന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും. നല്ലവഴികളിലൂടെ പണം വന്നുചേരും. കളഞ്ഞുപോയവ തിരികെ കിട്ടും. പഴയ സൗഹൃദങ്ങൾ പുതുക്കപ്പെടാം. സർക്കാർ ധനം സമയത്ത് വന്നുചേരും. ദൂരയാത്രകൾ ആസൂത്രണം ചെയ്യും.

ഉത്രട്ടാതി: പല കാര്യങ്ങളിലും പ്രതീക്ഷിച്ചത്ര ഉന്നമനം ഉണ്ടാകുന്നില്ലെന്നത് വേദനിപ്പിച്ചേക്കും. പ്രകൃതി ചികിത്സ, യോഗ മുതലായവയിൽ താല്പര്യം ജനിക്കും. തൊഴിലിൽ മത്സരബുദ്ധി കാട്ടും. ഭോഗസിദ്ധി , അഭിലാഷ പൂർത്തികരണം എന്നിവയുണ്ടാവും. വ്യക്തിജീവിതത്തിൽ കൂടുതൽ കാർക്കശ്യം പുലർത്തും. ജീവിതപങ്കാളി, സന്താനങ്ങൾ എന്നിവർക്ക് പല രൂപത്തിൽ വളർച്ചയുണ്ടാവും.
ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കാനിടയുണ്ട്. വിവാഹാലോചനകൾ സഫലമാകും.

രേവതി: പുതിയ വിഷയങ്ങൾ, സാങ്കേതിക കാര്യങ്ങൾ എന്നിവ പഠിക്കാൻ മുതിരും. സ്വന്തം പ്രതാപം, അധികാരം എന്നിവ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കും. അത്ഭുതകരമായ ആസൂത്രണ മികവ് മേലധികാരികളുടെ പോലും പ്രശംസ നേടാം. വിഭിന്ന വിഷയങ്ങളിൽ ഏകകാലത്ത് അഭിരമിക്കും. ഭൗതികവാദമാണ് ശരിയെന്ന് നടിക്കും. ചിലപ്പോൾ ആസ്തികതയ്ക്കും ഒരുപാട് മികവുകളുണ്ടെന്ന് വാദിക്കും. അരാഷ്ട്രീയവാദം ശരിയെന്ന് ഉദ്ഘോഷിക്കും. ചിലപ്പോൾ രാഷ്ട്രീയം കാലഹരണപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കും. പ്രണയ ജീവിതത്തിന് വിഘ്നം വരാം. പണമിടപാടുകളിൽ കൂടുതൽ കരുതൽ പുലർത്തേണ്ട കാലമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Monthly horoscope october 2022 star predictions