scorecardresearch

Monthly Horoscope November 2022: നവംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Monthly Horoscope November 2022 star predictions: അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നാളുകാരുടെയും 2022 നവംബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം

astrology, horoscope, ie malayalam

Monthly Horoscope November 2022 star predictions: 2022 നവംബർ 16 വരെ തുലാമാസവും തുടർന്ന് വൃശ്ചിക മാസവും ആകയാൽ സൂര്യൻ തുലാം- വൃശ്ചികം രാശികളിലായി സഞ്ചരിക്കുന്നു. നവംബർ ഒന്നിന് ചന്ദ്രൻ തിരുവോണത്തിൽ; മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അവിട്ടത്തിലെത്തുന്നു. ചൊവ്വ മിഥുനത്തിലും മാസം പകുതി മുതൽ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ തുലാം- വൃശ്ചികങ്ങളിൽ. ശുക്രനും ഏതാണ്ട് അതുപോലെ. ശനി മകരത്തിലും, വ്യാഴം മീനത്തിലും രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിലും സഞ്ചരിക്കുന്നു. വക്രഗതിയിലായിരുന്ന വ്യാഴം നവംബർ അവസാനം മീനം രാശിയിൽ നേർഗതിയിലാവുന്നു.

ഈ ഗ്രഹസ്ഥിതി മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നാളുകാരുടെയും 2022 നവംബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം.

അശ്വതി: പിതൃബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തിന് ചിലപ്പോൾ ഉലച്ചിൽ തട്ടിയേക്കാം. നീതിയുടെ ഭാഗത്ത് നിലയുറപ്പിക്കുന്നതിനാൽ ശത്രുക്കളുടെ എണ്ണം കൂടും. ഭൗതികകാര്യങ്ങളിൽ ചെറിയ നേട്ടങ്ങൾ വരും. പ്രണയത്തിൽ മുന്നേറാൻ സാധ്യത പകുതി മാത്രം. ദാമ്പത്യവും ക്ലേശകരമാവാം. യാത്രകളിൽ അഭിരമിക്കും. ധനപരമായി മോശമില്ലാത്ത സമയമാണ്. ആവശ്യങ്ങൾ നിറവേറാൻ പണം വന്നെത്തും.

ഭരണി: മാസാദ്യം ഭരണി നാളിൽ ഗ്രഹണം വരുന്നതിനാൽ ചില പ്രതിസന്ധികളെ നേരിടേണ്ടിവരും. നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാനോ ഉദ്യോഗത്തിൽ പദവികൾ ഉയരാനോ സാധ്യത കുറവാണ്. പ്രവാസികൾക്ക് വ്യാഴത്തിന്റെ നേർഗതി ആശ്വാസകരമാവും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷാനുഭവങ്ങൾ വന്നുചേരും. പൊതു കാര്യത്തിൽ ഇടപെടുന്നത് കൊണ്ട് അപവാദങ്ങളെ നേരിടേണ്ട സാഹചര്യം ഉദിച്ചേക്കും. ബന്ധുക്കളുടെ ദുർഭാഷണം കലഹത്തിലേക്ക് നയിക്കാം. ക്ഷമ പരീക്ഷിക്കപ്പെടുന്ന സമയമാണ്. ധനപരമായി ശ്രദ്ധ വേണം. കിടപ്പ് രോഗികൾക്ക് ചികിത്സാമാറ്റം ഗുണം ചെയ്യാം.

കാർത്തിക: ശത്രുക്കളെ തിരിച്ചറിയും. സഹപ്രവർത്തകരുടെ നിസ്സഹകരണം വേദനിപ്പിക്കാം. കുടുംബത്തിൽ ഐക്യം പുനഃസ്ഥാപിക്കാൻ കിണഞ്ഞ് പരിശ്രമിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാകാം. പുതുസംരംഭങ്ങൾ സാക്ഷാൽക്കരിക്കും. വിദ്യാർത്ഥികൾക്ക് നല്ല അധ്യാപകരെ ലഭിക്കും. ശ്വാസകോശ രോഗങ്ങൾക്ക് ഉപരി ചികത്സകൾ വേണ്ടിവരാം. പ്രൊഫഷണലുകൾ വെന്നിക്കൊടി പാറിക്കും. വാഹനം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

രോഹിണി: മാതൃബന്ധുക്കൾ മൂലം ചില മനപ്രയാസങ്ങൾ വന്നേക്കും. ഭൂമിവാങ്ങാനുള്ള ശ്രമം ഭാഗികമായി വിജയിക്കും. കൂട്ടുകച്ചവടം തുടങ്ങാൻ കാലം അനുകൂലമല്ല. പ്രണയം പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമാകും. സമൂഹത്തിൽ അംഗീകാരമേറും. പരീക്ഷകൾ നല്ല നിലയിൽ വിജയിക്കും. പുതുസൗഹൃദങ്ങൾ പോഷിപ്പിക്കുന്നതിൽ ജാഗ്രത വേണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ധനസ്ഥിതി സമ്മിശ്രം.

മകയിരം: ചൊവ്വയുടെ നേർ- വക്രഗതികൾ ഈ നാളുകാർക്ക് ചില സമ്മർദ്ദങ്ങൾ സമ്മാനിക്കും. നേരിയ ഗുണം മിഥുനക്കൂറുകാരായ മകയിരം നാളുകാർക്കാവും. ധനപരമായി അവർക്ക് മെച്ചം വരും. പുതിയ പദ്ധതികൾ അവതരിപ്പിക്കും. ഉദ്യോഗസ്ഥർക്ക് അംഗീകാരം കിട്ടും. ഗൃഹനിർമ്മാണം പൂർത്തിയാകും. ഇടവക്കൂറുകാർ തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാം. പണച്ചെലവ് വർദ്ധിക്കും. യാത്രകളിൽ വിലപിടിച്ച വസ്തുക്കൾ മോഷണം പോകാതെ ശ്രദ്ധിക്കണം. അമിതമായ ആത്മവിശ്വാസം മൂലം തോൽവികളെ അഭിമുഖീകരിച്ചേക്കും.

തിരുവാതിര: ധനവരവ് കൂടും. എന്നാൽ പ്രതീക്ഷിക്കാത്ത ചെലവുകൾ ഉണ്ടാകും. ജീവിതശൈലീരോഗങ്ങൾ വർദ്ധിച്ചേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾക്ക് സാധ്യതയുണ്ട്. ദൂരയാത്രകൾക്ക് കാലം അനുകൂലമല്ല. സർക്കാരിൽ നിന്നും അനുമതി കിട്ടാൻ വൈകും. കായികരംഗത്തുള്ളവർ വിജയിക്കും. കലാപ്രകടനങ്ങൾ പ്രകീർത്തിതമാകും. പുതുവാഹനം വാങ്ങാൻ വായ്പ ലഭിക്കുന്നതായിരിക്കും.

പുണർതം: ചിന്തയും ആദർശവും മാറ്റിവെച്ച് ചില പ്രായോഗിക സമീപനങ്ങൾ കൈക്കൊള്ളും. വസ്തുതർക്കത്തിൽ അനുകൂലവിധിയുണ്ടാകും. ബിസിനസ്സിൽ പുതിയ പങ്കാളികളെ ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നല്ലവാർത്ത കിട്ടും. കുടുംബ പ്രശ്നങ്ങൾ സമചിത്തതയോടെ പരിഹരിക്കും. ഒപ്പുമുള്ളവരുടെ അലസതയെ ശാസിക്കും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തും. ആഢംബര കാര്യങ്ങൾക്ക് ധനം ചെലവഴിച്ചേക്കും. തീർത്ഥാടന യോഗം കാണുന്നു.

പൂയം: പ്രധാനപ്പെട്ട കാര്യങ്ങൾ മാസാന്ത്യത്തിലാവും സംഭവിക്കുക. ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടങ്ങൾ വരാം. സ്വന്തം കാര്യം മാറ്റിവെച്ച് കുടുംബത്തിന് പ്രയോജനമുള്ള കാര്യങ്ങളിൽ ഏർപ്പെടും. വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ കൂടുതൽ ലക്ഷ്യബോധം പ്രകടിപ്പിക്കും. കേതു, സൂര്യൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർ അപ്രതീക്ഷതമായ ചില പ്രതിസന്ധികളെ നേരിടേണ്ടി വരാം. വലിയ പണച്ചെലവുള്ള കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റുന്നതാവും ഉചിതം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വൈദ്യപരിശോധനയിൽ അലംഭാവമരുത്.

ആയില്യം: തൊഴിൽ തേടുന്നവർക്ക് പുതിയ തൊഴിലിൽ പ്രവേശിക്കാനാവും. കരാറുകൾ പുതുക്കപ്പെടുന്നതായിരിക്കും. വരവു-ചെലവുകളിൽ ശ്രദ്ധ വേണം. നാലാമെടത്തിലെ ഗ്രഹാധിക്യം മൂലം ഗൃഹത്തിൽ കലഹമോ അനൈക്യമോ ഉടലെടുക്കാം. ഭൂമി സംബന്ധിച്ച ചില തർക്കങ്ങൾക്കും സാധ്യതയുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരാം. രാഷ്ട്രീയപ്രവർത്തകർ വിവാദപ്രസ്താവനകൾ നടത്തും. സന്താനങ്ങളുടെ വിവാഹാലോചനകൾ സഫലമാകും. വാഹനം, ആയുധം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.

മകം: കഠിനകാലത്തിലും ചില ആശ്വാസങ്ങൾ വന്നുചേരും. കിട്ടാക്കടം പിരിഞ്ഞു കിട്ടും, കുറെയൊക്കെ. രോഗദുരിതത്തിന് താൽകാലികമായി, ശമനം വരും. സർക്കാരിൽ നിന്നും സഹായം– അനുമതി, പെൻഷൻ, വായ്പ- ഇവ തടസ്സമില്ലാതെ കൈകളിലെത്തും. പലരുമുണ്ടാവും, പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും എന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. തൊഴിൽതേടി അലഞ്ഞവർക്ക് ശുഭവാർത്തയെത്തും. ധനപരമായും, കുറച്ചൊക്കെ നേട്ടങ്ങൾ അനുഭവപ്പെടും. ഭാവികാര്യങ്ങൾ ആലോചിച്ചുറപ്പിക്കും.

പൂരം: സംഘാടനമികവ് അഭിനന്ദനം നേടിത്തരും. കലാപരമായി വളർച്ചയുണ്ടാവും. ജന്മനാട്ടിലും തൊഴിൽരംഗത്തും സ്വീകാര്യത ഏറും. ഗൃഹത്തിലെ വയോജനങ്ങളുടെ ആരോഗ്യസ്ഥിതി ചിലപ്പോൾ ഉൽക്കണ്ഠയ്ക്ക് കാരണമായേക്കാം. ചില ഭാഗ്യഭംഗങ്ങളും വിഷമിപ്പിച്ചേക്കും. ശത്രുപാളയത്തിൽ നിന്നും ഐക്യത്തിന്റെ സന്ദേശം കിട്ടും. സന്താനങ്ങൾക്ക് വിദേശപഠനത്തിന് സൗകര്യം വന്നുചേരും. ക്രയവിക്രയങ്ങളിൽ നിന്നും ന്യായമായ ആദായം പ്രതീക്ഷിക്കാം.

ഉത്രം: ചിങ്ങക്കൂറുകാർക്കാവും കന്നിക്കൂറുകാരെക്കാൾ ഈ മാസം നേട്ടങ്ങൾ കൂടുതൽ. മത്സരങ്ങളിൽ വിജയിക്കും. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തെ കരഗതമാവും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാവും. സഹോദരരുടെ സ്നേഹവും പിന്തുണയും ലഭിക്കും. പ്രവർത്തനമേഖല വിപുലീകരിക്കാനുള്ള ശ്രമം വിജയിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. പ്രധാനപ്പെട്ട യോഗങ്ങളിൽ / സമ്മേളനങ്ങളിൽ നേതൃത്വം വഹിക്കും. യാത്രകൾ നേട്ടങ്ങൾക്ക് വഴി തുറക്കും.

അത്തം: തടസ്സങ്ങൾ മാസാദ്യം മനപ്രയാസത്തിന് കാരണമാകാം. രണ്ടാം പകുതിയിൽ പലതരം ഗുണങ്ങൾ, സാമ്പത്തികമെച്ചം ഇവ ഭവിക്കും. തടസ്സം വന്ന കച്ചവടം പൂർവ്വാധികം ഭംഗിയായി നിറവേറ്റാനാകും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകും. സമ്മർദ്ദങ്ങളുയർന്നാലും അവയെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. സംഭാഷണം ആകർഷകമാകും. അധ്യാപകരും നിയമജ്ഞരും കർമ്മരംഗത്ത് കീർത്തി നേടും. കരാർ പണികൾ ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കാം. വിദേശത്തുനിന്ന് സദ് വാർത്തകൾ വന്നുചേരും.

ചിത്തിര: പുതിയ ജോലിക്കുള്ള ശ്രമം വിജയിക്കും. നല്ല സൗഹൃദങ്ങൾ ഉണ്ടാകും. ആദർശവും പ്രയോഗികതയും തമ്മിൽ പൊരുത്തക്കേട് വന്നേക്കും. ചില പഴയ കടങ്ങൾ ചിത്തശല്യത്തിന് കാരണമാകും. എന്നാലും ധനപരമായി കുറച്ച് ഭേദപ്പെട്ട സമയമാണ്. ആഢംബര വസ്തുക്കൾ വാങ്ങും. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ വേണ്ട കാലമാണ്.

ചോതി: തടസ്സങ്ങളെ അതിജീവിക്കാൻ കിണഞ്ഞ് പരിശ്രമിക്കും. കർക്കശനിലപാടുകൾ മയപ്പെടുത്തേണ്ടി വരാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ദീർഘദൂരയാത്രകൾ കൊണ്ട് പ്രതീക്ഷിച്ച ഫലം കിട്ടിക്കൊള്ളണം എന്നില്ല.
ഭൂമി സംബന്ധിച്ച് ചില നേട്ടങ്ങൾക്ക് വകയുണ്ട്. അർഹതയുള്ള അംഗീകാരങ്ങൾ ലഭിക്കുവാൻ കാലതാമസമുണ്ടാകും. മക്കൾക്ക് നല്ല വിവാഹാലോചനകൾ വന്നുചേരും. ഗാർഹിക ജീവിതത്തിലെ സ്വൈരക്കേടുകൾക്ക് വിരാമമാകും.

വിശാഖം: അനിയന്ത്രിതമാകും, ചിലവുകൾ. വായ്പകൾ നേടാനായി പരിശ്രമം നടത്തും. കാത്തിരുന്ന വിദേശയാത്രകൾക്ക് അനുമതി ലഭിക്കും. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് സാഹചര്യമൊരുങ്ങും. കലാവാസനകൾ പരിപോഷിപ്പിക്കപ്പെടും. ഭൂമി തർക്കം വ്യവഹാരമായി മാറാനിടയുണ്ട്. മത്സരങ്ങളിൽ ഭാഗികമായി വിജയിക്കും. സഹപ്രവർത്തകർ വേണ്ടത്ര പിന്തുണക്കാത്തത് വിഷമിപ്പിച്ചേക്കും. ജീവിതശൈലീ രോഗങ്ങൾ തലപൊക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വൈമുഖ്യം പ്രകടിപ്പിക്കും.

അനിഴം: മുതിർന്നവരുടെയും സജ്ജനങ്ങളുടെയും പിന്തുണ ലഭിക്കും. സീനിയോറിറ്റി തർക്കത്തിൽ വിജയം നേടും. ബൗദ്ധിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. കലാവാസന, അംഗീകാരം നേടിത്തരും. ഗാർഹിക രംഗം മക്കളുടെ പഠന മികവ്, തൊഴിൽ നേട്ടം, വിവാഹം ഇത്യാദികളാൽ സന്തോഷം നിറഞ്ഞതാവും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രതക്കുറവ് വരരുത്. നിക്ഷേപങ്ങളിൽ നിന്നും വരവധികമാവും.

തൃക്കേട്ട: ചില മുൻവിധികൾ തെറ്റാനിടയുണ്ട്. കരുതിയിടത്തോളം മൂല്യം പലതിനുമില്ലെന്ന് അനുഭവം കൊണ്ടറിയും. ദേശാന്തരയാത്രകൾ ഫലപ്രദമായേക്കാം. സാമ്പത്തികസ്ഥിതി ഉയരും. തൊഴിലിൽ പുതു ചുവടുവെയ്പുകൾ നടത്തും. എന്നാൽ വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കുവാൻ കാലം അനുകൂലമല്ല. ഏഴ്, എട്ട് ഭാവങ്ങളിലായി മാറി മാറി സഞ്ചരിക്കുന്ന ചൊവ്വ പ്രണയത്തിൽ ചില ഇച്ഛാഭംഗങ്ങൾക്കും ദാമ്പത്യത്തിൽ ചില അപശ്രുതികൾക്കും വഴിയൊരുക്കാം. മക്കളുടെ നേട്ടങ്ങൾ സന്തോഷം നൽകും. ആരോഗ്യസ്ഥിതി സമ്മിശ്രം.

മൂലം: നവംബർ ആദ്യ പകുതി കൂടുതൽ ശോഭനമായിരിക്കും. പല വഴികളിലൂടെ ആദായം ഉയരും. അല്പമായ അധ്വാനത്തിന് പോലും അധികശമ്പളം ലഭിച്ചേക്കാം. ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. അവിവാഹിതരുടെ വിവാഹസ്വപ്നങ്ങൾ സഫലമാകാം. മുൻപ് ഒരുപാട് പ്രയത്നിച്ചിട്ടും കൈവരാത്ത കാര്യങ്ങൾ ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെടാം. നവംബർ ഒടുവിൽ ചില മനക്ലേശങ്ങൾ വന്നുചേരും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ചില ആശങ്കകൾ ഉയർന്നേക്കും. അപവാദങ്ങൾക്ക് ശരവ്യരാവാനും സാധ്യത കാണുന്നു.

പൂരാടം: ശത്രുക്കളുടെ മേൽ വിജയം നേടും. നേതൃപദത്തിലേക്ക് ഉയർത്തപ്പെടും. കലാപരമായ പ്രവർത്തനങ്ങൾ ആദരിക്കപ്പെട്ടേക്കാം. ഗൃഹത്തിൽ അനൈക്യം നീങ്ങി ശാന്തി പുലരും. സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹത സിദ്ധിക്കും. പൂർവ്വികസ്വത്തുക്കളിൽ തർക്കം നീങ്ങി സ്വാനുഭവാവകാശം ഉണ്ടാകും. പുതിയ ഗൃഹനിർമ്മാണത്തിന് ഒരുങ്ങും. നവംബർ രണ്ടാം പകുതിയിൽ കാര്യങ്ങൾ എളുപ്പമാവില്ല. തടസ്സങ്ങൾ ഉണ്ടാകും.

ഉത്രാടം: പുതിയ തൊഴിലിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം അനുകൂലമായിരിക്കും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയും. ദിശാബോധത്തോടെ നവസംരംഭങ്ങളിൽ ഏർപ്പെടും. മാതാവിന് മെച്ചപ്പെട്ട കാലമാവണമെന്നില്ല. സഹോദരരുമായുള്ള വ്യവഹാരം അനുരഞ്ജനത്തിലാവും. ഊഹക്കച്ചവടത്തിൽ നിന്നും ചെറുനേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ തിളങ്ങും. കലാമത്സരങ്ങളിൽ നിന്നും പാരിതോഷികം ലഭിക്കാം.

തിരുവോണം: കർമ്മരംഗത്ത് കുതിച്ചുചാട്ടം നടത്തും. വ്യാപാരാഭിവൃദ്ധി ഉണ്ടാവും. സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് പുതുപദവികൾ വരും. കുടുംബബന്ധങ്ങൾ ഊഷ്മളമാകും. വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്നും സഹായധനം ലഭിക്കാം. കുടുംബസമേതം വിദേശയാത്ര നടത്താനുള്ള ആലോചനക്ക് വേഗത കൈവരും. പൊതുപ്രവർത്തകർ ദുരാരോപണങ്ങളെ അതിജീവിക്കും. നിക്ഷേപങ്ങളിൽ നിന്നും വരുമാനം വർദ്ധിക്കും.

അവിട്ടം: ക്രിയാത്മകമായ ഒരു കാലഘട്ടമായിരിക്കും. ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്ത് തൊഴിലിൽ പ്രശസ്തി നേടും. ഉദ്യോഗസ്ഥർക്ക് ഉന്നതരുടെ പിന്തുണയും അനുമോദനവും ലഭിക്കും. കുടുംബജീവിതത്തിലെ തകരാറുകൾ പരിഹരിക്കുന്നതിൽ വിജയം നേടും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ ആത്മാർത്ഥമായ ശ്രമം തുടരും. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് മുൻതൂക്കം നൽകേണ്ടതുണ്ട്. ജീവിത ശൈലീരോഗങ്ങൾക്ക് ചികിത്സ തേടും. വരവും ചിലവും ഒത്തുപോകും.

ചതയം: സ്വന്തം അനുഭവജ്ഞാനം സമർത്ഥമായി പ്രയോജനപ്പെടുത്തി ചില ആപൽസന്ധികളിൽ നിന്നും കരകയറും. പൈതൃകസ്വത്തുക്കൾ അനുഭവിക്കാനാവും. ഗുരുക്കന്മാരെ സന്ദർശിച്ച് അനുഗ്രഹം നേടും. അവിവാഹിതർക്ക് വിവാഹകാലമാണ്. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാൻ ശ്രമം തുടങ്ങും. സന്താനങ്ങളുടെ പഠനപുരോഗതി നേരിട്ട് വിലയിരുത്തും. നാല്/ അഞ്ച് രാശികളിലെ ചൊവ്വ ചില മനപ്രയാസങ്ങൾക്കും ഉൽക്കണ്ഠകൾക്കും വഴി തുറക്കും. ധനപരമായി ശരാശരിക്കാലമാണ്.

പൂരുട്ടാതി: മുടങ്ങിക്കിടന്ന സംരംഭങ്ങൾ വീണ്ടും പൊടിതുടച്ചെടുക്കും. മത്സരങ്ങളിൽ നിർഭയം പങ്കുചേരും. പ്രതികൂലതകളെ അശ്രാന്തപരിശ്രമം കൊണ്ട് മറികടക്കും. പൊതുക്കാര്യങ്ങളിൽ നൽകുന്ന ശ്രദ്ധ സ്വന്തം കാര്യത്തിനും വീട്ടുകാര്യത്തിനും നൽകുന്നില്ലെന്ന ആരോപണം വിഷമിപ്പിക്കും. അയൽബന്ധങ്ങൾ രമ്യമാവും. ഉപരിപഠനമോ ഉദ്യോഗമോ എന്നത് ധർമ്മ സങ്കടത്തിലേക്ക് നയിക്കും. രോഗനിവൃത്തിക്ക് പാരമ്പര്യ ചികിത്സകൾ പ്രയോജനപ്പെടുത്തും. കുംഭക്കൂറുകാർക്ക് തീർത്ഥാടനയോഗവും മീനക്കൂറുകാർക്ക് വിനോദയാത്രയ്ക്കുള്ള സന്ദർഭവും ലഭിക്കും.

ഉത്രട്ടാതി: നയതന്ത്രങ്ങളിൽ ബുദ്ധിമോശം കാട്ടും. വൈകാരിക പ്രതികരണങ്ങൾ മറ്റുള്ളവർ ചൂഷണം ചെയ്തേക്കും. കടമകൾ പൂർത്തിയാക്കുന്നതിൽ അലംഭാവം കാട്ടും. പ്രൊഫഷണലുകൾ ലക്ഷ്യം തികയ്ക്കാൻ ഏറെ ക്ലേശിക്കും. ധനവിനിയോഗത്തിൽ അശ്രദ്ധയുണ്ടാവാം. അപ്രധാനകാര്യങ്ങൾക്ക് ധാരാളം പണം ചെലവഴിക്കും. പ്രധാനകാര്യങ്ങൾക്ക് കടം വാങ്ങേണ്ട സ്ഥിതി വരാം. സുഹൃത്തുക്കളുമായുള്ള സംയുക്ത സംരംഭങ്ങൾ തുടങ്ങാൻ കാലം മികച്ചതല്ല. ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ടതുണ്ട്.

രേവതി: മുഖ്യതൊഴിലിനൊപ്പം മറ്റെന്തെങ്കിലും ഉപതൊഴിലുകൾ കൂടി ചെയ്യുന്നതിനെപ്പറ്റി ഗാഢമായി ആലോചിക്കും. വിദഗ്ദ്ധരുടെ ഉപദേശം തേടും. കുടുംബസ്വത്ത് സംബന്ധിച്ച വ്യവഹാരം നീളും. വിവാഹാലോചന കൾ വിഫലമായേക്കും. കുറച്ചുകാലം വീടോ നാടോ വിട്ടുനിൽക്കാൻ ആലോചിച്ചുപോകും. ബന്ധുക്കളുടെ പടലപ്പിണക്കം ഖിന്നതയുണ്ടാക്കും. കൃഷിയിൽ നിന്നും ആദായം കുറയും. മക്കളുടെ ശ്രേയസ്സ് ഇരുട്ടിലെ വിളക്കായി ആഹ്ളാദം പകരും. കലാപ്രവർത്തനങ്ങൾപുനരാരംഭിക്കും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടങ്ങളെങ്കിലും വന്നുചേരും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Monthly horoscope november 2022 star predictions