/indian-express-malayalam/media/media_files/2025/07/06/work-life-astrology-ga-03-2025-07-06-11-00-03.jpg)
കാർത്തിക
ഉന്നമനേച്ഛയുണ്ടാവും. പരിശ്രമിക്കാനുള്ള മനസ്സും ആസൂത്രണ വൈഭവവും പുലർത്തും. ഇടവക്കൂറുകാർക്ക് കർമ്മരംഗത്ത് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ഉചിതമായ വരുമാന സ്രോതസ്സ് കൈവരും. പാരമ്പര്യ വസ്തുക്കളെ സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂല വിധി വരാം. പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം കിട്ടും. എന്നാൽ ദൂരദിക്കിൽ പഠനം തുടരേണ്ടി വന്നേക്കും. പ്രണയികൾക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. ദമ്പതികൾക്കിടയിൽ ഹൃദയബന്ധം ദൃഢമാകുന്നതാണ്. കെട്ടിട നിർമ്മാണത്തിൽ ഇഴച്ചിലനുഭവപ്പെടാം. കൈവയ്പകൾ പ്രയോജനപ്പെടുത്താം. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ വരാനായേക്കും. കുടുംബത്തിലെ വയോജനങ്ങളുടെ സംരക്ഷണത്തിന് നേരം കണ്ടെത്തണം.
/indian-express-malayalam/media/media_files/2025/07/06/work-life-astrology-ga-01-2025-07-06-11-00-03.jpg)
തിരുവാതിര
ജന്മരാശിയിൽ ആദിത്യൻ, വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പിരിമുറുക്കം ഉണ്ടാവും. ഏകാഗ്രത നഷ്ടമാകാം. തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. ആലസ്യം പിടിപെടാനും സാധ്യതയുണ്ട്. സമയബന്ധിതമായി പ്രവർത്തിക്കാൻ ആഗ്രഹിക്കും. സഹായിക്കാൻ ചിലപ്പോൾ സുഹൃത്തുക്കളല്ലാത്തവരോ അപരിചിതരോ മുന്നോട്ടു വരുന്നതാണ്. ദുസ്സാഹസങ്ങൾക്ക് പ്രേരണയുണ്ടാവും. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം പ്രതീക്ഷിച്ചാൽ മതിയാകും. ബിസിനസ്സിൽ പണം മുടക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. കടബാധ്യതകൾ പെരുകാതിരിക്കാൻ സാമ്പത്തിക അച്ചടക്കം പുലർത്തണം. ഭൂമിയിടപാടുകൾ വിജയിച്ചേക്കും. ഗൃഹനിർമ്മാണവുമായി മുന്നോട്ടു പോകും. കമ്മീഷൻ / ഏജൻസി ഏർപ്പാടുകളിലൂടെ നേട്ടങ്ങളുണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/07/06/work-life-astrology-ga-05-2025-07-06-11-00-03.jpg)
പൂരം
ജന്മത്തിൽ പാപഗ്രഹങ്ങളായ ചൊവ്വ, കേതു, അഷ്ടമത്തിൽ ശനി, ഏഴാമെടത്തിൽ രാഹു എന്നിവ സഞ്ചരിക്കുന്നത് ജീവിതത്തിൻ്റെ സുഗമതയേയും ആരോഗ്യ സൗഖ്യത്തെയും ബാധിക്കാം. രോഗങ്ങൾ പിടിപെടാം. അനുരാഗികൾക്കിടയിൽ പിണക്കം ഏർപ്പെടാനിടയുണ്ട്. ദാമ്പത്യത്തിലും സ്വാച്ഛന്ദ്യം കുറഞ്ഞേക്കും. ദമ്പതിമാർ ജോലിപരമായോ മറ്റുള്ള കാരണങ്ങളാലോ ദൂരദിക്കുകളിൽ വേറെ വെറെ പാർക്കാനിടയുണ്ട്. എന്നാൽ ഏറ്റവും അനുകൂല ഭാവമായ പതിനൊന്നാമെടത്തിൽ വ്യാഴം, ബുധൻ, ആദിത്യൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ജീവിതത്തെ സന്തുലിതമാക്കാൻ പര്യാപ്തമാണുതാനും. തൊഴിൽ മേഖലയിൽ അഭിവൃദ്ധിയുണ്ടാവും. ധനാഗമം അഭംഗുരമായി തുടരുന്നതാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറും. പഠിപ്പിൽ തുടർച്ച ലഭിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/07/06/work-life-astrology-ga-04-2025-07-06-11-00-03.jpg)
ചിത്തിര
ഗ്രഹങ്ങളുടെ സമ്മിശ്രമായിട്ടുള്ള സ്ഥിതിയാൽ ഗുണവും ദോഷവും ആവർത്തിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് വലിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. തന്മൂലം മാനസിക സമ്മർദ്ദം അനുഭവിക്കും. ബിസിനസ്സ് അല്പം മെല്ലെയാവുന്നതാണ്. സ്റ്റോക്കിനനുസരിച്ച് വ്യാപാരത്തിൽ ഉയർച്ച ഉണ്ടാവില്ല. വായ്പകൾ തിരിച്ചടക്കാൻ ക്ലേശിക്കും. പുതിയ ജോലി തേടുന്നവർക്ക് വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. തുലാക്കൂറുകാർക്ക് ഭൂമിവ്യാപാരം ആദായകരമാവും. വിദേശത്ത് പഠനമോ തൊഴിലോ തേടുന്നവർ നിരാശപ്പെടില്ല. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതി. പിതൃ-പുത്ര ബന്ധത്തിൽ സ്വൈരം കുറയാം. രോഗക്ലേശിതർക്ക് ചികിൽസാ മാറ്റം കൊണ്ട് വലിയ തോതിലുള്ള ആശ്വാസമുണ്ടാവണമെന്നില്ല.
/indian-express-malayalam/media/media_files/2025/07/06/work-life-astrology-ga-06-2025-07-06-11-00-03.jpg)
ചോതി
ആദിത്യൻ അഷ്ടമത്തിൽ നിന്നും മാറുന്നത് ആശ്വാസകരമാണ്. എന്നാൽ ഭാഗ്യഭാവത്തിൽ സഞ്ചരിക്കുന്ന വ്യാഴത്തിന് മൗഢ്യം വരുന്നത് നന്നല്ല. പ്രതീക്ഷിച്ച സുഗമത പല കാര്യങ്ങളിലും കിട്ടാനിടയില്ല. തൊഴിൽ രംഗത്ത് സ്വസ്ഥത കുറയാം. കൂട്ടുകച്ചവടത്തിലും പുനശ്ചിന്ത്യ ആവശ്യമായി വരുന്നതാണ്. ആറാം ഭാവത്തിലെ ശനി സ്വനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ആത്മശക്തിയും പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവും സ്വായത്തമാകും. അവിവാഹിതരുടെ ദാമ്പത്യപ്രവേശം നീളുന്നതാണ്. കിട്ടാക്കടങ്ങൾ ഭാഗികമായി കിട്ടാനിടയുണ്ട്. വസ്തുവ്യവഹാരങ്ങൾ അനുകൂലവിധി നേടിയേക്കും. മകൻ്റെ / മകളുടെ പഠനം, പ്രവർത്തനം എന്നിവയിലെല്ലാം ശ്രദ്ധയും കരുതലും ആവശ്യമാണ്.
/indian-express-malayalam/media/media_files/2025/07/06/work-life-astrology-ga-02-2025-07-06-11-00-03.jpg)
രേവതി
നക്ഷത്രനാഥനായ ബുധന് ആദിത്യ - ഗുരു യോഗം വരികയാലും സാമൂഹ്യ ജീവിതത്തിലും തൊഴിൽ മേഖലയിലും സൽപ്പേരുണ്ടാവും. കർമ്മകുശലത മേലധികാരികളുടെ അഭിനന്ദനം നേടും. നവം നവങ്ങളായ ആശയങ്ങൾ അവതരിപ്പിച്ച് ബഹുമതി നേടും. ശനിയും രാഹുവും മറ്റും അനിഷ്ട സ്ഥാനങ്ങളിൽ സഞ്ചരിക്കുകയാൽ ഇടക്കിടെ ആലസ്യമോ കർമ്മ പരാങ്മുഖത്വമോ പിടികൂടാം. 'ഇത്രയൊക്കെ മതി' എന്ന തോന്നൽ ശക്തമാകുന്നതാണ്. ബിസിനസ്സുകാർക്ക് നഷ്ടം ഉണ്ടാവില്ല. വിപണിയുടെ തുടിപ്പ് തിരിച്ചറിയും. ഭൂമിവ്യാപാരത്തിൽ നിന്നും വലിയ തുക സമ്പാദിക്കുന്നതാണ്. എന്നാൽ നിയമവശങ്ങൾ വ്യക്തമായി പാലിക്കാൻ ശ്രദ്ധ കാട്ടണം. ബിരുദാനന്തര പഠനത്തിന് അവസരം ലഭിക്കും. അന്യദേശസഞ്ചാരം ഗുണകരമായേക്കും. ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.