/indian-express-malayalam/media/media_files/2025/11/11/vrischikam-moolam-2025-11-11-15-05-40.jpg)
Monthly Horoscope: വൃശ്ചിക മാസം നിങ്ങൾക്കെങ്ങനെ?
Astrology: 2025 നവംബർ 17 മുതൽ ഡിസംബർ 15 വരെയാണ് വൃശ്ചികമാസം വരുന്നത്. ആദിത്യൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. വിശാഖം, അനിഴം, തൃക്കേട്ട എന്നിവ ഞാറ്റുവേലകൾ. വൃശ്ചികം 3,4 തീയതികളിൽ കറുത്തവാവും 18ന് വെളുത്തവാവും വരുന്നു.
വ്യാഴം വൃശ്ചികം 19 ന് വക്രഗതിയായി മിഥുനം രാശിയിലേക്ക് മടങ്ങും. വ്യാഴം പുണർതം നക്ഷത്രത്തിൽ തന്നെയാണ്. ശനിയും വക്രത്തിലാണ്. വൃശ്ചികം 16 മുതൽ ശനി വീണ്ടും നേർഗതിയിലാവും. ശനി പൂരൂരുട്ടാതിയിൽ തുടരുന്നു.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലാണ്. വൃശ്ചികം 15 ന് ചതയത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ തുടരുന്ന കേതു പൂരം മൂന്നാം പാദത്തിൽ സഞ്ചരിച്ചു തുടങ്ങുന്നതാണ്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ചൊവ്വയ്ക്ക് മൗഢ്യാവസ്ഥയുണ്ട്. വൃശ്ചികം രാശിയിൽ അനിഴം തൃക്കേട്ട നക്ഷത്രങ്ങളിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. വൃശ്ചികം 21 ന് ചൊവ്വ ധനുരാശിയിൽ പ്രവേശിക്കും. ബുധൻ വൃശ്ചികത്തിൽ നിന്നും വക്രഗതിയായി തുലാത്തിലേക്കും അവിടെ നിന്നും തിരിച്ച് വൃശ്ചികത്തിലേക്കും സഞ്ചരിക്കും.
ബുധന് 10 -ാം തീയതി വരെ മൗഢ്യമുണ്ട്. മാസാരംഭത്തിൽ തുലാം രാശിയിലാണ് ശുക്രൻ. രണ്ടാം ആഴ്ചയിൽ വൃശ്ചികം രാശിയിലേക്ക് സംക്രമിക്കും. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതിവരെയുളള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ മാസഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
മൂലം
ആദിത്യനും ചൊവ്വയും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ അപ്രതീക്ഷിത യാത്രകളുണ്ടാവും. വ്യാഴം അഷ്ടമത്തിലാവുകയാൽ പുതിയ കാര്യങ്ങൾ തുടങ്ങുവാൻ തടസ്സങ്ങൾ വരാം. മേലധികാരികളുടെ നിലപാടുകളെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. തന്മൂലം കർമ്മരംഗത്ത് സ്വൈരക്കേട് അനുഭവപ്പെടുന്നതാണ്. ലഘുവായ കൃത്യങ്ങളിൽ നിന്നും ആദായമുണ്ടാവും. കമ്മീഷൻ വ്യാപാരം ലാഭകരമാവും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടത്തും. കൈവായ്പകൾ മടക്കിക്കിട്ടുന്നത് ആശ്വാസമേകും. മാതാപിതാക്കളെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാൻ മകൾ ആഗ്രഹിക്കും. അതിനാൽ കുറച്ചുകാലം നാടുവിട്ട് താമസിക്കും.
രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്തേണ്ട സ്ഥിഭവിക്കും.
പൂരാടം
ഗ്രഹാനുകൂല്യം കുറവായതിനാൽ ലഘുപ്രയത്നത്താൽ നേടേണ്ടവ ഊർജ്ജം ചെലവാക്കി നേടും. കർമ്മമേഖലയിൽ തടസ്സങ്ങൾ കാണും. ഒത്താശയ്ക്ക് ആരുമില്ലല്ലോ എന്ന ചിന്ത പിടികൂടാം. പുതുകാര്യങ്ങൾ തുടങ്ങുന്നതിന് സാങ്കേതികമായി ചില വിഘ്നങ്ങൾ വരുന്നതായിരിക്കും. ബിസിനസ്സ് വിപുലീകരണത്തിനായി പണം ചെലവഴിക്കുന്നത് ആശാസ്യമല്ല. കൂട്ടുകച്ചവടം കൊണ്ട് ഗുണമുണ്ടാവും. കലാപ്രവർത്തനം ഭാസുരമാവുന്നതാണ്. ഉപരിപഠനത്തിന് അവസരം ഒരുങ്ങും. കൃഷിയിൽ ഏർപ്പെട്ടവർക്ക് ധനസഹായം കിട്ടാം. വിദേശത്തുള്ളവർക്ക് വിസ സംബന്ധിച്ച നിയമങ്ങളിൽ അയവ് വരുന്നത് ആശ്വാസം നൽകും. തീർത്ഥാടനയോഗം കാണുന്നു. നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം സൽപ്രവർത്തനങ്ങൾക്ക് ചെലവഴിക്കും.
ഉത്രാടം
ധനുക്കൂറുകാർക്ക് സാഹചര്യം അനുകൂലമല്ല. ദേഹസുഖം കുറയും. ചെറുനേട്ടങ്ങൾക്കായി കൂടുതൽ യാത്രകൾ വേണ്ടി വന്നേക്കാം. ദാമ്പത്യകാര്യങ്ങളിൽ വിവേകപൂർണ്ണമായ പെരുമാറ്റം ആവശ്യമാണ്. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാവും കരണീയം. മകരക്കൂറുകാർക്ക് പ്രവർത്തന മേഖലയിൽ മുന്നേറുന്നതിന് അവസരം ഉണ്ടാവും. ഉദ്ദേശിച്ചിറങ്ങുന്ന കാര്യത്തിൽ ലക്ഷ്യപ്രാപ്തിയുണ്ടാവുന്നതാണ്. തൊഴിലന്വേഷണം സഫലമാവും. എതിരാളികളുടെ ആരോപണങ്ങളെ നിഷ്പ്രഭമാക്കും. ഭൂമി വിൽക്കുവാൻ ഏർപ്പാടുണ്ടാവും. ഗൃഹനിർമ്മാണത്തിന് വ്യക്തത കൈവരുന്നതാണ്. വിവാഹാദി മംഗളകർമ്മങ്ങൾക്ക് സാരഥ്യം വഹിക്കും. പൊതുപ്രവർത്തനത്തിന് പിന്തുണ പ്രതീക്ഷിക്കാം.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
തിരുവോണം
തടസ്സങ്ങളെ മറികടന്ന് പുരോഗതിയിലേക്ക് നീങ്ങാൻ സാഹചര്യം അനുകൂലമാണ്. പുതുകാര്യങ്ങൾ വേഗം പ്രവർത്തിപഥത്തിൽ കൊണ്ടുവരും. പിണങ്ങിക്കഴിയുന്ന ഭാര്യാഭർത്താക്കന്മാർ വീണ്ടും ഇണങ്ങാം. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ചികിൽസാ മാറ്റത്തിലൂടെ സുഖമുണ്ടാവും. ഒപ്പമുള്ള അവസരവാദികളെ തിരിച്ചറിഞ്ഞ് കർക്കശമായ നിലപാടെടുക്കും. വിൽക്കാതെ കിടന്ന പുരയിടത്തിന് അഡ്വാൻസ് ലഭിക്കുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയത്തിന് വീട്ടുകാരുടെ അംഗീകാരം പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ പുതിയ പദവി ലഭിക്കാം. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിച്ചേക്കും. വാഹനം വാങ്ങാനിടയുണ്ട്. കലാപരിശീലനം അനുസ്യൂതമാവും. ഉറ്റവരെ സന്ദർശിക്കാനും ആഘോഷങ്ങളുടെ ഭാഗമാകാനും സാധിക്കുന്നതാണ്.
അവിട്ടം
ആദിത്യൻ്റെ വൃശ്ചികം രാശി സഞ്ചാരം അവിട്ടം നാളുകാർക്ക് തൊഴിൽപരമായ നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. കർമ്മരംഗത്തെ മുരടിപ്പും ആലസ്യവും മാറിക്കിട്ടും. ഉദ്യോഗപർവ്വത്തിൽ ഉയരാനാവും. സ്വതന്ത്രമായി കാര്യനിർവ്വഹണം സാധ്യമാകുന്നതാണ്. കൃത്യതയുള്ള നിരീക്ഷണങ്ങളിലൂടെ അപാകതകൾ പരിഹരിക്കുന്നതാണ്. ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ സാമ്പത്തിക ഗുണം വരിക്കും. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത കൈവരും. ആവശ്യത്തിന് വിശ്രമം, നല്ല ഭക്ഷണം ഇവയുണ്ടാവും. പ്രണയബന്ധം ദൃഢമാകുന്നതാണ്. രണ്ടാം നക്ഷത്രത്തിൽ രാഹു പ്രവേശിക്കുകയാൽ കള്ളം പറയാൻ പ്രേരണയുണ്ടാവും. രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മനസ്സുകൊണ്ട് ഇണങ്ങും.
ചതയം
ഗുണാനുഭവങ്ങൾ കുറയില്ല. ആത്മബലം തിരിച്ചറിയുന്നതാണ്. തൊഴിലിൽ വളർച്ച പ്രതീക്ഷിക്കാം. കരാർ പണികളിൽ നിന്നും കിട്ടേണ്ട കുടിശ്ശിക തുക ലഭിക്കാനിടയുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ആശ്വാസകരമാവും. പുതിയ തലമുറയുടെ പ്രവർത്തനങ്ങളോട് അകൽച്ച തോന്നാനിടയുണ്ട്. സംഘടനകളിൽ കർക്കശ നിലപാട് സ്വീകരിക്കുകയാൽ ശത്രുക്കളുണ്ടാവും. സപ്പകുതിയിൽ രാഹു ജന്മനക്ഷത്രത്തിലേക്ക് വരികയാൽ ഉന്മേഷശീലം കുറയും. കാര്യങ്ങൾ പിന്നീടത്തേക്ക് നീക്കിവെക്കും. രണ്ടാം നക്ഷത്രത്തിലെ ശനി സഞ്ചാരത്താൽ മനപ്പൂർവ്വമായിട്ടല്ലാതെ തന്നെ കള്ളം പറയാനിടവരുത്തും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ഗുണദോഷസമ്മിശ്രമായ സാഹചര്യമാണ് നിലവിലുള്ളത്. പുരോഗതിയുണ്ടാവുമ്പോൾ തന്നെ തിരിച്ചടികളേയും അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾക്ക് പോലും വേഗത കുറയാനിടയുണ്ട്. എതിർപ്പുകളിൽ വിഷമിക്കുന്നതാണ്. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യാം. സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. ബിസിനസ്സിൽ വലിയ തോതിൽ മുതൽമുടക്കരുത്. പുതുജോലി കിട്ടാതെ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. മേലധികാരികളുടെ പ്രോൽസാഹനം കിട്ടണമെന്നില്ല. പ്രണയികൾക്ക് വിവാഹ തീരുമാനം ഉണ്ടാവും. വീട്ടുകാരുടെ അനിഷ്ടം പരിഗണിക്കില്ല. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം.
ഉത്രട്ടാതി
ഉയർന്ന ആശയങ്ങൾ പ്രചരിപ്പിക്കാനവസരം കിട്ടുന്നതാണ്. പാരമ്പര്യമായി കൈവന്ന തൊഴിൽ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കും. സഹോദരൻ്റെ ജോലിക്കാര്യത്തിൽ ശുപാർശയ്ക്ക് മുതിരേണ്ട സാഹചര്യം സംജാതമാകാം. വായ്പ കിട്ടാൻ വീണ്ടും ബാങ്കിനെ സമീപിച്ചേക്കും. ഭാവിയെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നതാണ്. കുട്ടികളുടെ പഠനകാര്യത്തിൽ തൃപ്തി കുറയാൻ സാധ്യത കാണുന്നു. ഭാഗ്യാനുഭവങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകാനിടയുള്ളതിനാൽ ചില കരുതലുകൾ ആവശ്യമാണ്. കലാപഠനത്തിൽ താത്പര്യം ഉണ്ടാവും. സ്വാർജ്ജിതധനം സുരക്ഷിത നിക്ഷേപങ്ങളിലാക്കാൻ അമാന്തിക്കരുത്. വിട്ടുവീഴ്ചകൾ ദാമ്പത്യത്തെ മധുരതരമാക്കും.
രേവതി
നക്ഷത്രാധിപനായ ബുധന് വക്രവും മൗഢ്യസ്ഥിതിയും വരുന്നതിനാൽ ചില അസംതൃപ്തികൾ രൂപപ്പെടും. ഏഴരശനിക്കാലം അലച്ചിലായും ആശങ്കകളായും ഉപദ്രവം തുടർന്നേക്കാം. ആത്മാർത്ഥതയ്ക്ക് ഫലം കിട്ടുന്നില്ലല്ലോ എന്ന് ഖേദം തോന്നാം. സ്വന്തം തൊഴിലിൽ നിന്നും വരവ് കുറയില്ല. എന്നാൽ ചെലവിനങ്ങൾ പലവഴികൾ വന്നെത്താം. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾക്ക് മറുപടി പറയേണ്ടി വരുന്നതാണ്. മകൻ്റെ ജോലിക്കാര്യം നീളുന്നതിൽ വിഷമിക്കും. പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്. ആത്മീയ യാത്രകൾക്ക് അവസരം ഉണ്ടാവും. കടബാധ്യതകൾ പരിഹരിക്കാൻ ആപ്തബന്ധുവിൻ്റെ സഹായം ലഭിച്ചേക്കും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us