/indian-express-malayalam/media/media_files/2025/11/12/vrischikam-2025-11-12-15-35-01.jpg)
Monthly Horoscope: വൃശ്ചിക മാസം നിങ്ങൾക്കെങ്ങനെ?
Astrology: 2025 നവംബർ 17 മുതൽ ഡിസംബർ 15 വരെയാണ് വൃശ്ചികമാസം വരുന്നത്. ആദിത്യൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. വിശാഖം, അനിഴം, തൃക്കേട്ട എന്നിവ ഞാറ്റുവേലകൾ. വൃശ്ചികം 3,4 തീയതികളിൽ കറുത്തവാവും 18ന് വെളുത്തവാവും വരുന്നു. വ്യാഴം വൃശ്ചികം 19 ന് വക്രഗതിയായി മിഥുനം രാശിയിലേക്ക് മടങ്ങും. വ്യാഴം പുണർതം നക്ഷത്രത്തിൽ തന്നെയാണ്. ശനിയും വക്രത്തിലാണ്. വൃശ്ചികം 16 മുതൽ ശനി വീണ്ടും നേർഗതിയിലാവും. ശനി പൂരൂരുട്ടാതിയിൽ തുടരുന്നു.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലാണ്. വൃശ്ചികം 15 ന് ചതയത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ തുടരുന്ന കേതു പൂരം മൂന്നാം പാദത്തിൽ സഞ്ചരിച്ചു തുടങ്ങുന്നതാണ്. ചൊവ്വയ്ക്ക് മൗഢ്യാവസ്ഥയുണ്ട്. വൃശ്ചികം രാശിയിൽ അനിഴം തൃക്കേട്ട നക്ഷത്രങ്ങളിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. വൃശ്ചികം 21 ന് ചൊവ്വ ധനുരാശിയിൽ പ്രവേശിക്കും. ബുധൻ വൃശ്ചികത്തിൽ നിന്നും വക്രഗതിയായി തുലാത്തിലേക്കും അവിടെ നിന്നും തിരിച്ച് വൃശ്ചികത്തിലേക്കും സഞ്ചരിക്കും.
ബുധന് 10 -ാം തീയതി വരെ മൗഢ്യമുണ്ട്. മാസാരംഭത്തിൽ തുലാം രാശിയിലാണ് ശുക്രൻ. രണ്ടാം ആഴ്ചയിൽ വൃശ്ചികം രാശിയിലേക്ക് സംക്രമിക്കും. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ മാസഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
ആദിത്യനും, ചൊവ്വയും അഷ്ടമത്തിലാകയാൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. അധികാരികളുടെ നിലപാടുകളോട് വിയോജിക്കും. ദുർഘടമുള്ള ദൗത്യങ്ങൾ കുറഞ്ഞ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കേണ്ടി വരും. സ്വന്തം ആദർശം ഉപേക്ഷിച്ച് കൂടുതൽ പ്രായോഗികത പുലർത്തും. തൊഴിലന്വേഷിക്കുന്നവർ കാത്തിരിപ്പ് തുടരാൻ ബാധ്യസ്ഥരാവും. ദാമ്പത്യത്തിൽ സമ്മിശ്രഫലം അനുഭവിക്കും. പ്രണയാനുഭവത്തിന് വിഘ്നമുണ്ടാവില്ല. മറ്റുള്ളവരുടെ വാക്കുകൾ സ്വയം വിലയിരുത്തി വേണം ഉൾക്കൊള്ളാൻ. സഹായിക്കാൻ ചിലരൊക്കെ മുന്നോട്ടുവരുമെന്നത് ആശ്വാസകരമാണ്. ചികിൽസാമാറ്റം കിടപ്പുരോഗികൾക്ക് ഫലപ്രദമാവും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
ഭരണി
സ്വന്തം തീരുമാനങ്ങൾ ഒപ്പമുള്ളവർ തിരസ്കരിച്ചേക്കും. സംഘടനകളിൽ സ്ഥാനമാനങ്ങൾ സോപാധികമായിട്ട് ലഭിക്കാം. കുടുംബകാര്യങ്ങളിൽ കുറച്ചൊക്കെ സമാധാനമുണ്ടാവും. പഴയ കടബാധ്യത പരിഹരിക്കാൻ കഴിയുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തവരോട് കലഹിച്ചേക്കും. ഗൃഹനവീകരണത്തിന്ന് മകൻ ധനസഹായം ചെയ്യുന്നതാണ്. രാഷ്ട്രീയത്തിലും പൊതുമദ്ധ്യത്തിലും ആദ്യമായി പ്രവർത്തിക്കുകയാണെങ്കിലും എളുപ്പം ഇണങ്ങിച്ചേരും. കലാപ്രവർത്തനത്തിന് അവസരം കുറയുന്നതാണ്. ഗവേഷണത്തിൽ ഏർപ്പെട്ടവർക്ക് പ്രബന്ധാവതരണം സാധ്യമാവും. മാതാപിതാക്കളുടെ സംരക്ഷണച്ചുമതലകൾ ഏറ്റെടുക്കും.
കാർത്തിക
നക്ഷത്രാധിപനായ ആദിത്യൻ അനുകൂല ഭാവത്തിലല്ലാത്തതിനാൽ അനാവശ്യമായ യാത്രകളും വ്യർത്ഥമായ പ്രയത്നങ്ങളും ഉണ്ടായേക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് സർക്കാരിൽ നിന്നും അനുമതി കിട്ടിയേക്കില്ല. കൂട്ടുബിസിനസ്സുകൾ ലാഭകരമാവാൻ ഇനിയും സമയമെടുക്കും. എതിർപ്പുകളിൽ അസ്വസ്ഥതയുണ്ടാവുന്നതാണ്. പൊതുവേ തൊഴിൽ മേഖലയിൽ വെല്ലുവിളികളെ നേരിടേണ്ടി വരാം. രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും ജനങ്ങളെ ബോധിപ്പിക്കുക എളുപ്പമായേക്കില്ല. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങൾ കഠിനമായി അനുഭവപ്പെടും. വിദേശ ജോലിക്കുള്ള മകൻ്റെ ശ്രമം ഫലവത്തായേക്കും. പ്രണയികൾക്ക് കുടുംബത്തെ ഒപ്പം നിർത്താനാവും. ഗൃഹനിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.
രോഹിണി
ആദിത്യനും ചൊവ്വയും സപ്തമഭാവത്തിലാകയാൽ ക്ലേശാനുഭവങ്ങൾ ആവർത്തിക്കും. ബാഹ്യലോകവുമായി തെറ്റിപ്പിരിയാം. ഏകാന്തതയെ സ്നേഹിക്കാനിടയുണ്ട്. സുഹൃത്തുക്കളുടെ വാക്കുകൾ തെറ്റായി മനസ്സിലാക്കിയേക്കും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. ആത്മവിശ്വാസം കുറയുകയും കൂടുകയും ചെയ്യും. പാർട്ണർഷിപ്പ് ബിസിനസ്സിന് ഒട്ടും ഇണക്കമില്ലാത്ത സമയമാണ്. വ്യാഴം രണ്ടാം ഭാവത്തിലേക്ക് വക്രഗതിയായി മടങ്ങിവരികയാൽ സാമ്പത്തിക ദുരിതം കുറയും. പലിശയടക്കാൻ പണമുണ്ടാവും. കൃഷികാര്യങ്ങളിൽ ഉത്സാഹമേറുന്നതാണ്. ഏജൻസികൾ നടത്തുന്നവർക്ക് പുരോഗതി വരും. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുപ്പ് തുടങ്ങും. കുറച്ചുകാലം മകളുടെ വീട്ടിൽ പോയി നിൽക്കാനാഗ്രഹിക്കും. തീർത്ഥാടന യോഗമുണ്ട്.
മകയിരം
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് സ്വക്ഷേത്രസ്ഥിതിയുണ്ട്. തന്മൂലം അവഗണനകൾ നീങ്ങി, പരിഗണനകൾ കിട്ടിത്തുടങ്ങും. എന്നാൽ ചൊവ്വയ്ക്ക് മൗഢ്യസ്ഥിതിയും കൂടിയുള്ളതിനാൽ കഷ്ടനഷ്ടങ്ങളും അനുഭവപ്പെടാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങളുണ്ടാവും. കച്ചവടത്തിൽ നിന്നുമുള്ള പണവരവ് മോശമാവില്ല. എന്നാൽ അധികച്ചെലവുകൾക്കും സാധ്യത കാണുന്നു. ഉദ്യോഗസ്ഥർക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം ലഭിച്ചേക്കും. സ്ഥാനോന്നതിക്കോ വേതന വർദ്ധനവിനോ സാധ്യത കാണുന്നില്ല. കുടുംബാംഗങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ പുലർത്തും. വിനോദയാത്രകൾക്ക് അവസരം ഒരുങ്ങാം. രാഷ്ട്രീയ പ്രവർത്തനം ലക്ഷ്യപ്രാപ്തി കൈവരിക്കണമെന്നില്ല. വിവാദങ്ങളെ അവഗണിക്കുക ഉത്തമം.
തിരുവാതിര
ഈ മാസം പകുതിയിൽ തിരുവാതിരയുടെ അധിപനായ രാഹു സ്വന്തം നക്ഷത്രമായ ചതയത്തിൽ പ്രവേശിക്കുന്നു. പലകാര്യങ്ങൾ ഏകാഗ്രതയോടെ നിർവ്വഹിക്കാനാവും. വീടുപണി പൂർത്തിയാക്കാനിടയുണ്ട്. ലോൺ, ചിട്ടി, നറുക്കെടുപ്പ് ഇത്യാദികളിലൂടെ ആദായം വരും. വിപണനതന്ത്രങ്ങൾക്ക് രൂപം കൊടുക്കും. സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ നേരം കണ്ടെത്തുന്നതാണ്. ജീവിതപങ്കാളിയുടെ രോഗസ്ഥിതിയിൽ ആശ്വാസമുണ്ടാവും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം കൈവരുന്നതാണ്. മംഗളകർമ്മങ്ങളുടെ നേതൃത്വം വഹിക്കും. സഹപ്രവർത്തകർക്ക് പിൻതുണയേകും. മത്സരങ്ങളിൽ വിജയിക്കാനാവും. പ്രണയികൾക്ക് വിഘ്നങ്ങളും വിരോധവും ഭവിച്ചേക്കാം. സ്വതസിദ്ധമായ കഴിവുകൾ പ്രകടപ്പിക്കാൻ വേദി ലഭിക്കുന്നതാണ്.
പുണർതം
മിഥുനക്കൂറുകാർക്ക് ആദിത്യൻ, ചൊവ്വ, ബുധൻ എന്നിവർ ആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുകൂല സന്ദർഭമാണ്. ദീർഘകാലമായിട്ടുള്ള സ്വപ്നങ്ങളും പ്രിയകാര്യങ്ങളും നേടിയെടുക്കാനാവും. ആസൂത്രണ മികവ് അഭിനന്ദിക്കപ്പെടും. ഉദ്യോഗത്തിൽ ഉയർച്ചയുടെ സന്ദർഭമാണ്. പ്രോജക്ട് ലീഡർ, അഡ്മിൻ പോലുള്ള പദവികളിൽ ശോഭിക്കുന്നതായിരിക്കും. തൊഴിൽ തേടുന്നവർക്ക് എക്സ്പീരിയൻസിന് ഇണങ്ങുന്ന ജോലി കിട്ടാം. അധികാരികളുടെ സമ്മതം നേടുന്നതായിരിക്കും. കുടുംബചുമതലകളിൽ നിന്നും ഒളിച്ചോടില്ല. പഠനകാര്യത്തിൽ ഉണർവ്വുണ്ടാവും. കർക്കടകക്കൂറുകാർക്ക് സമ്മർദ്ദം വർദ്ധിക്കും. സംഘടനകളിൽ അർഹമായ പരിഗണന ലഭിക്കണമെന്നില്ല. നല്ലകാര്യങ്ങൾക്ക് ചെലവേർപ്പെടും.
പൂയം
ഒമ്പതിലെ ശനി, എട്ടിലെ രാഹു, ജന്മവ്യാഴം എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങൾ വികസനത്തെ ചെറുക്കാം. അത്യധ്വാനം കൊണ്ടുമാത്രമേ അല്പനേട്ടങ്ങൾ പോലും കൈവരിക്കാനാവൂ! എതിരാളികളുടെ വെല്ലുവിളികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. സാമ്പത്തിക അച്ചടക്കം അനിവാര്യമായ ഘട്ടമാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. കടം വീട്ടാനായി കടം വാങ്ങുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ട്. നാലിൽ ശുക്രൻ ഉള്ളതിനാൽ പ്രശ്നങ്ങൾക്കിടയിലും മനസ്സുഖലും ഭോഗാനുഭവങ്ങളും വന്നെത്തും. സ്ത്രീകളുടെ നിർലോഭമായ പിന്തുണ കൈവരും. ഉത്സവാദികളുടെ നടത്തിപ്പിന് കൂടുതൽ സമയം ചെലവഴിക്കും. കരാർ പണികളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം.
ആയില്യം
വാഹനം വാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്വപ്നം സാക്ഷാൽക്കരിക്കാനാവും. ഗൃഹനിർമ്മാണവും പൂർത്തീകരിക്കപ്പെടും. മുൻപ് തിരസ്കരിച്ചവർ തേടിവന്ന് പുരസ്കരിച്ചേക്കാം. മക്കളുടെ നിർബന്ധശീലം വിഷമിപ്പിക്കും. സംയമനം പാലിക്കാൻ കഴിഞ്ഞേക്കില്ല.ഈ പകരക്കാരെ തൊഴിൽ നടത്തിപ്പ് ഏൽപ്പിക്കുന്നത് കരുതലോടെ വേണം. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. വിദേശ യാത്രയിലെ തടസ്സങ്ങൾ നിങ്ങുന്നതാണ്. പുതിയ കാര്യങ്ങൾക്ക് സർക്കാർ അനുമതി വൈകാം. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിയിൽ അനിശ്ചിതത്വം ഉയരാം.അകന്ന് കഴിയുന്നവർക്ക് ഇണങ്ങാൻ സന്ദർഭമുണ്ടാവും. പ്രണയ പരവശർക്ക് ഒന്നിക്കാൻ അവസരങ്ങൾ വരും. പൂർവ്വകാല സഹപാഠികളെ തമ്മിലിണക്കാൻ ശ്രമം തുടരുന്നതാണ്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകം
പുതിയ കാര്യങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. ചിന്തിച്ചുറപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. ആശയപരമായി വിയോജിക്കുന്നവരുടെ സേവനവും പ്രയോജനപ്പെടുത്തും. സാമ്പത്തിക സ്രോതസ്സുകളിലെ തടസ്സങ്ങൾ നീങ്ങിയേക്കും. ഔദ്യോഗിക യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകാം. ബിസിനസ്സുകാർക്ക് ദിശാബോധമുണ്ടാവും. പുതിയ വാഹനം വാങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യമില്ല. ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറയാനിടയുണ്ട്. സർക്കാർ ഇടപെടൽ മൂലം തടസ്സം വരാം. നിക്ഷേപങ്ങൾ ഉയർത്താൻ സാധിച്ചേക്കും. അരാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിച്ചേക്കാം. എത്ര മുൻകൈയ്യെടുത്താലും ഗാർഹികാന്തരീക്ഷം മെച്ചപ്പെട്ടേക്കില്ല. തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമം വ്യർത്ഥമാകും.
പൂരം
പ്രവർത്തനങ്ങളിൽ ഏകാഗ്രതയുണ്ടാവും. ക്ലേശിച്ച് നേടേണ്ട കാര്യങ്ങൾ അയത്നമായി നേടാനായേക്കും. പുതിയ കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ആർജവം പ്രകടമാക്കുന്നതാണ്. പഠിച്ചറിയാനുള്ള ഔൽസുക്യമേറും. സ്ത്രീകളിൽ നിന്നും സഹായവും പിന്തുണയും പ്രതീക്ഷിക്കാം. കച്ചവട സ്ഥാപനത്തിന് പുതിയ ശാഖ തുറക്കുന്ന കാര്യം ആലോചനയിലുണ്ടാവും. കുടുംബ സ്വത്തിൻ്റെ ഭാഗം കിട്ടിയേക്കാം. എന്നാൽ അതിൽ അതൃപ്തിക്ക് സാധ്യത കാണുന്നു. പ്രണയിക്കുന്നവർക്കിടയിൽ അസ്വാരസ്യം ഉയരും. ഗവേഷണ കാര്യത്തിന് സമയം കണ്ടെത്തും. വിദേശത്തുള്ളവരുടെ വിസ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ട്.
ഉത്രം
ചിലപ്പോൾ വിജയിക്കാൻ കഴിഞ്ഞേക്കില്ല; എന്നാൽ വിജയപ്രതീക്ഷ നിലനിർത്താനാവും. ഇച്ഛാശക്തി പ്രവർത്തനങ്ങളിൽ സ്ഫുരിക്കും. ആദർശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിൽ കൃത്യത പുലർത്തുന്നതാണ്. മുതിർന്നവരെ ആദരിക്കുന്ന പരിപാടിയുടെ സാരഥ്യം വഹിക്കും. ആരോപണങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നതാണ്. സഹോദരരുടെ ആവശ്യമറിഞ്ഞ് ഉദാരമായി സഹായിക്കും. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് മുന്നേറാൻ കഴിയും. ജീവിതപങ്കാളിയുടെ വീക്ഷണങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളും. കടബാധ്യത ഭാഗികമായി പരിഹരിക്കാൻ സാധിച്ചേക്കും. അനുരാഗം എന്ന വികാരം മനസ്സിൽ അലയൊലികൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.
അത്തം
തൊഴിൽരംഗത്ത് ഊഷ്മളത്വം ഉണ്ടാവും. പ്രവൃത്തികൾ കൊണ്ട് നേട്ടം വരുന്നതാണ്. ബിസിനസ്സ് മേഖല വികസിക്കുന്നതിന് കാര്യമായ പ്രയത്നം നടത്തും. പുതിയ ആശയങ്ങൾ ആകർഷിക്കുന്നതാണ്. അവയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് തയ്യാറാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കിട്ടും. സ്ഥലം മാറ്റത്താൽ അനുഭവിച്ചിരുന്ന ക്ലേശങ്ങൾക്ക് അവധിയാവും. വസ്തു നല്ലവിലയ്ക്ക് വിൽക്കാൻ കഴിയുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാവുന്ന മാസമാണ്. കലാപ്രവർത്തനത്തിൽ കീർത്തിയുണ്ടാവും. പ്രണയത്തിൽ ശുഷ്കതയും പുഷ്ടിയും മാറിമറിയും. സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. വിദേശയാത്രകൾക്ക് തടസ്സം വന്നേക്കാം. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്.
ചിത്തിര
ചെറിയ ചെറിയ കാര്യങ്ങൾ എളുപ്പം നടന്നുകിട്ടും. മെഗാപ്രോജക്ടുകൾ പൂർത്തിയാക്കാൻ കടമ്പകളുണ്ടാവും. ധനസമാഹരണം വലിയ ചോദ്യചിഹ്നമാവും. സർക്കാരിൽ നിന്നുള്ള അനുമതി കിട്ടിയേക്കില്ല. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. ഭൂമി വ്യാപാരത്തിൽ ലാഭം പ്രതീക്ഷിച്ചതിലും അധികമാവും. എന്നാൽ കബളിക്കപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. കുടുംബയോഗത്തിൻ്റെ സംഘാടനത്തിന് നേരം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് പഠന നിലവാരം സൂക്ഷിക്കാനാവും. കലാപരിശീലനത്തിനും ഉത്സുകത കാട്ടും. വ്യവഹാരങ്ങൾക്ക് മുതിരരുത്. അധ്യാത്മിക കാര്യങ്ങളിൽ താല്പര്യം ഉണ്ടാവുന്നതാണ്. ബന്ധുക്കൾക്ക് വേണ്ടി അധികാരികളോട് ശുപാർശ നടത്തിയേക്കും.
ചോതി
ജന്മരാശിയിൽ നിന്നും ആദിത്യൻ മാറിയതിനാൽ അലച്ചിൽ കുറയും. ദേഹക്ലേശം മാറും. നവോന്മേഷത്തോടെ ജോലിയിൽ മുഴുകുന്നതാണ്. സുഹൃത്തുക്കളുടെ വാക്കുകൾ പ്രചോദനമാവും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായ വരുമാനമാർഗം കൈവരുന്നതാണ്. അത്മവിശ്വാസം ധൈര്യം പകരും. സാമൂഹികമായ അനീതികൾക്കെതിരെ പ്രവർത്തിക്കും. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്ന്. ഭോഗസുഖം, ആഢംബര യാത്രകൾ, പാരിതോഷികം ഇവ പ്രതീക്ഷിക്കാം. അപ്രസക്ത വിഷയങ്ങളോട് പരാങ്മുഖത്വം പുലർത്തുക ഉചിതം. മകൻ്റെ ദാമ്പത്യപ്രശ്നങ്ങൾ വിഷമിപ്പിക്കും. ആരോഗ്യപരമായി ജാഗ്രത വേണ്ട കാലഘട്ടമാണ്.
വിശാഖം
പല കാര്യങ്ങളും നടന്നുകിട്ടുന്നത് അവസാന നിമിഷത്തിലാവും. സഹായം വാഗ്ദാനം ചെയ്ത വ്യക്തികൾ സഹകരിക്കണമെന്നില്ല. ബാങ്ക് ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടും. പല കാര്യങ്ങൾക്കായി ഊർജ്ജം വ്യയം ചെയ്യേണ്ടി വരുന്നതാണ്. കൃത്യനിഷ്ഠയുണ്ടാവാത്തതിനാൽ മേലധികാരികളുടെ അപ്രീതി നേടാം. പ്രബന്ധരചനയ്ക്ക് വിഷയം തേടി യാത്ര ചെയ്യേണ്ടിവരും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. കുടുംബത്തിൽ സമാധാനം കുറയാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റം കിട്ടാം. തീരെ ആകസ്മികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചേക്കും. വയോജനങ്ങളുടെ ദേഹാരോഗ്യത്തിലെന്നപോലെ മാനസികാരോഗ്യത്തിലും കരുതലുണ്ടാവണം.
അനിഴം
ആദിത്യനും ചൊവ്വയും ജന്മരാശിയിൽ സഞ്ചരിക്കുകയാൽ അലച്ചിലേറും. മാനസികമായി ഉന്മേഷം കുറയുവാനുമിടയുണ്ട്. കടമകൾ നിറവേറ്റുന്ന കാര്യത്തിൽ ഉദാസീനരാവും. പുതിയ ജോലിക്കായുള്ള ശ്രമം തുടരുന്നതാണ്. വ്യവഹാരങ്ങളിൽ നീതി കിട്ടിയില്ലെന്ന തോന്നലുണ്ടാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനാണ് സാധ്യത. സ്വാതന്ത്ര്യം കുറയുന്നതാണ്. ബന്ധുക്കളുടെ തർക്കത്തിൽ ന്യായം പറയുന്നത് ആരോപണത്തിന് ഇടവരുത്താം. സാമൂഹിക മാധ്യമങ്ങളിൽ സജീവത പുലർത്തുന്നതാണ്. അവിവാഹിതർക്ക് വിവാഹസാധ്യത കാണുന്നു. ജോലി തേടുന്നവർക്ക് അന്യദേശത്ത് അവസരം കൈവരുന്നതാണ്. പാരമ്പര്യസ്വത്തുക്കൾ വില്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായേക്കും. ധനവ്യയത്തിൽ ഉൽക്കണ്ഠ വരും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തൃക്കേട്ട
വ്യാഴം ഭാഗ്യഭാവത്തിൽ തുടരുന്നതിൻ്റെ മേന്മകളുണ്ടാവും. കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്നതായിരിക്കും. ജോലി തേടുന്നവർക്ക് നിയമനോത്തരവ് പ്രതീക്ഷിക്കാം. സമൂഹത്തിൻ്റെയും സ്ഥാപനത്തിൻ്റെയും അംഗീകാരം ലഭിക്കുന്നതാണ്. ഇടപാടുകൾ ഗുണപ്രദമാവും. രാഷ്ട്രീയ മത്സരങ്ങൾക്ക് സന്നദ്ധത പ്രദർശിപ്പിച്ചേക്കും. ജന്മത്തിൽ ചൊവ്വയും ബുധനും ആദിത്യനുമുള്ളതിനാൽ മനക്ലേശമുണ്ടാവും. പ്രയത്നം കൂടുന്നതാണ്. വാടകവീട്ടിന് പുതിയ താമസക്കാരെ കിട്ടിയേക്കില്ല. പല കാര്യങ്ങളിലും സുഗമത കുറയുകയും ചെയ്യും. വാഗ്ദാനലംഘനം വിഷമിപ്പിക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. പുതിയ കോഴ്സുകൾ വീട്ടിലിരുന്നു തന്നെ പഠിക്കാനാരംഭിക്കും. ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്.
മൂലം
ആദിത്യനും ചൊവ്വയും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ അപ്രതീക്ഷിത യാത്രകളുണ്ടാവും. വ്യാഴം അഷ്ടമത്തിലാവുകയാൽ പുതിയ കാര്യങ്ങൾ തുടങ്ങുവാൻ തടസ്സങ്ങൾ വരാം. മേലധികാരികളുടെ നിലപാടുകളെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. തന്മൂലം കർമ്മരംഗത്ത് സ്വൈരക്കേട് അനുഭവപ്പെടുന്നതാണ്. ലഘുവായ കൃത്യങ്ങളിൽ നിന്നും ആദായമുണ്ടാവും. കമ്മീഷൻ വ്യാപാരം ലാഭകരമാവും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടത്തും. കൈവായ്പകൾ മടക്കിക്കിട്ടുന്നത് ആശ്വാസമേകും. മാതാപിതാക്കളെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാൻ മകൾ ആഗ്രഹിക്കും. അതിനാൽ കുറച്ചുകാലം നാടുവിട്ട് താമസിക്കും. രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്തേണ്ട സ്ഥിഭവിക്കും.
പൂരാടം
ഗ്രഹാനുകൂല്യം കുറവായതിനാൽ ലഘുപ്രയത്നത്താൽ നേടേണ്ടവ ഊർജ്ജം ചെലവാക്കി നേടും. കർമ്മമേഖലയിൽ തടസ്സങ്ങൾ കാണും. ഒത്താശയ്ക്ക് ആരുമില്ലല്ലോ എന്ന ചിന്ത പിടികൂടാം. പുതുകാര്യങ്ങൾ തുടങ്ങുന്നതിന് സാങ്കേതികമായി ചില വിഘ്നങ്ങൾ വരുന്നതായിരിക്കും. ബിസിനസ്സ് വിപുലീകരണത്തിനായി പണം ചെലവഴിക്കുന്നത് ആശാസ്യമല്ല. കൂട്ടുകച്ചവടം കൊണ്ട് ഗുണമുണ്ടാവും. കലാപ്രവർത്തനം ഭാസുരമാവുന്നതാണ്. ഉപരിപഠനത്തിന് അവസരം ഒരുങ്ങും. കൃഷിയിൽ ഏർപ്പെട്ടവർക്ക് ധനസഹായം കിട്ടാം. വിദേശത്തുള്ളവർക്ക് വിസ സംബന്ധിച്ച നിയമങ്ങളിൽ അയവ് വരുന്നത് ആശ്വാസം നൽകും. തീർത്ഥാടനയോഗം കാണുന്നു. നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം സൽപ്രവർത്തനങ്ങൾക്ക് ചെലവഴിക്കും.
ഉത്രാടം
ധനുക്കൂറുകാർക്ക് സാഹചര്യം അനുകൂലമല്ല. ദേഹസുഖം കുറയും. ചെറുനേട്ടങ്ങൾക്കായി കൂടുതൽ യാത്രകൾ വേണ്ടി വന്നേക്കാം. ദാമ്പത്യകാര്യങ്ങളിൽ വിവേകപൂർണ്ണമായ പെരുമാറ്റം ആവശ്യമാണ്. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാവും കരണീയം. മകരക്കൂറുകാർക്ക് പ്രവർത്തന മേഖലയിൽ മുന്നേറുന്നതിന് അവസരം ഉണ്ടാവും. ഉദ്ദേശിച്ചിറങ്ങുന്ന കാര്യത്തിൽ ലക്ഷ്യപ്രാപ്തിയുണ്ടാവുന്നതാണ്. തൊഴിലന്വേഷണം സഫലമാവും. എതിരാളികളുടെ ആരോപണങ്ങളെ നിഷ്പ്രഭമാക്കും. ഭൂമി വിൽക്കുവാൻ ഏർപ്പാടുണ്ടാവും. ഗൃഹനിർമ്മാണത്തിന് വ്യക്തത കൈവരുന്നതാണ്. വിവാഹാദി മംഗളകർമ്മങ്ങൾക്ക് സാരഥ്യം വഹിക്കും. പൊതുപ്രവർത്തനത്തിന് പിന്തുണ പ്രതീക്ഷിക്കാം.
തിരുവോണം
തടസ്സങ്ങളെ മറികടന്ന് പുരോഗതിയിലേക്ക് നീങ്ങാൻ സാഹചര്യം അനുകൂലമാണ്. പുതുകാര്യങ്ങൾ വേഗം പ്രവർത്തിപഥത്തിൽ കൊണ്ടുവരും. പിണങ്ങിക്കഴിയുന്ന ഭാര്യാഭർത്താക്കന്മാർ വീണ്ടും ഇണങ്ങാം. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ചികിൽസാ മാറ്റത്തിലൂടെ സുഖമുണ്ടാവും. ഒപ്പമുള്ള അവസരവാദികളെ തിരിച്ചറിഞ്ഞ് കർക്കശമായ നിലപാടെടുക്കും. വിൽക്കാതെ കിടന്ന പുരയിടത്തിന് അഡ്വാൻസ് ലഭിക്കുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയത്തിന് വീട്ടുകാരുടെ അംഗീകാരം പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ പുതിയ പദവി ലഭിക്കാം. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിച്ചേക്കും. വാഹനം വാങ്ങാനിടയുണ്ട്. കലാപരിശീലനം അനുസ്യൂതമാവും. ഉറ്റവരെ സന്ദർശിക്കാനും ആഘോഷങ്ങളുടെ ഭാഗമാകാനും സാധിക്കുന്നതാണ്.
അവിട്ടം
ആദിത്യൻ്റെ വൃശ്ചികം രാശി സഞ്ചാരം അവിട്ടം നാളുകാർക്ക് തൊഴിൽപരമായ നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. കർമ്മരംഗത്തെ മുരടിപ്പും ആലസ്യവും മാറിക്കിട്ടും. ഉദ്യോഗപർവ്വത്തിൽ ഉയരാനാവും. സ്വതന്ത്രമായി കാര്യനിർവ്വഹണം സാധ്യമാകുന്നതാണ്. കൃത്യതയുള്ള നിരീക്ഷണങ്ങളിലൂടെ അപാകതകൾ പരിഹരിക്കുന്നതാണ്. ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ സാമ്പത്തിക ഗുണം വരിക്കും. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത കൈവരും. ആവശ്യത്തിന് വിശ്രമം, നല്ല ഭക്ഷണം ഇവയുണ്ടാവും. പ്രണയബന്ധം ദൃഢമാകുന്നതാണ്. രണ്ടാം നക്ഷത്രത്തിൽ രാഹു പ്രവേശിക്കുകയാൽ കള്ളം പറയാൻ പ്രേരണയുണ്ടാവും. രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മനസ്സുകൊണ്ട് ഇണങ്ങും.
ചതയം
ഗുണാനുഭവങ്ങൾ കുറയില്ല. ആത്മബലം തിരിച്ചറിയുന്നതാണ്. തൊഴിലിൽ വളർച്ച പ്രതീക്ഷിക്കാം. കരാർ പണികളിൽ നിന്നും കിട്ടേണ്ട കുടിശ്ശിക തുക ലഭിക്കാനിടയുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ആശ്വാസകരമാവും. പുതിയ തലമുറയുടെ പ്രവർത്തനങ്ങളോട് അകൽച്ച തോന്നാനിടയുണ്ട്. സംഘടനകളിൽ കർക്കശ നിലപാട് സ്വീകരിക്കുകയാൽ ശത്രുക്കളുണ്ടാവും. സപ്പകുതിയിൽ രാഹു ജന്മനക്ഷത്രത്തിലേക്ക് വരികയാൽ ഉന്മേഷശീലം കുറയും. കാര്യങ്ങൾ പിന്നീടത്തേക്ക് നീക്കിവെക്കും. രണ്ടാം നക്ഷത്രത്തിലെ ശനി സഞ്ചാരത്താൽ മനപ്പൂർവ്വമായിട്ടല്ലാതെ തന്നെ കള്ളം പറയാനിടവരുത്തും.
പൂരൂരുട്ടാതി
ഗുണദോഷസമ്മിശ്രമായ സാഹചര്യമാണ് നിലവിലുള്ളത്. പുരോഗതിയുണ്ടാവുമ്പോൾ തന്നെ തിരിച്ചടികളേയും അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾക്ക് പോലും വേഗത കുറയാനിടയുണ്ട്. എതിർപ്പുകളിൽ വിഷമിക്കുന്നതാണ്. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യാം. സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. ബിസിനസ്സിൽ വലിയ തോതിൽ മുതൽമുടക്കരുത്. പുതുജോലി കിട്ടാതെ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. മേലധികാരികളുടെ പ്രോൽസാഹനം കിട്ടണമെന്നില്ല. പ്രണയികൾക്ക് വിവാഹ തീരുമാനം ഉണ്ടാവും. വീട്ടുകാരുടെ അനിഷ്ടം പരിഗണിക്കില്ല. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം.
ഉത്രട്ടാതി
ഉയർന്ന ആശയങ്ങൾ പ്രചരിപ്പിക്കാനവസരം കിട്ടുന്നതാണ്. പാരമ്പര്യമായി കൈവന്ന തൊഴിൽ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കും. സഹോദരൻ്റെ ജോലിക്കാര്യത്തിൽ ശുപാർശയ്ക്ക് മുതിരേണ്ട സാഹചര്യം സംജാതമാകാം. വായ്പ കിട്ടാൻ വീണ്ടും ബാങ്കിനെ സമീപിച്ചേക്കും. ഭാവിയെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നതാണ്. കുട്ടികളുടെ പഠനകാര്യത്തിൽ തൃപ്തി കുറയാൻ സാധ്യത കാണുന്നു. ഭാഗ്യാനുഭവങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകാനിടയുള്ളതിനാൽ ചില കരുതലുകൾ ആവശ്യമാണ്. കലാപഠനത്തിൽ താത്പര്യം ഉണ്ടാവും. സ്വാർജ്ജിതധനം സുരക്ഷിത നിക്ഷേപങ്ങളിലാക്കാൻ അമാന്തിക്കരുത്. വിട്ടുവീഴ്ചകൾ ദാമ്പത്യത്തെ മധുരതരമാക്കും.
രേവതി
നക്ഷത്രാധിപനായ ബുധന് വക്രവും മൗഢ്യസ്ഥിതിയും വരുന്നതിനാൽ ചില അസംതൃപ്തികൾ രൂപപ്പെടും. ഏഴരശനിക്കാലം അലച്ചിലായും ആശങ്കകളായും ഉപദ്രവം തുടർന്നേക്കാം. ആത്മാർത്ഥതയ്ക്ക് ഫലം കിട്ടുന്നില്ലല്ലോ എന്ന് ഖേദം തോന്നാം. സ്വന്തം തൊഴിലിൽ നിന്നും വരവ് കുറയില്ല. എന്നാൽ ചെലവിനങ്ങൾ പലവഴികൾ വന്നെത്താം. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾക്ക് മറുപടി പറയേണ്ടി വരുന്നതാണ്. മകൻ്റെ ജോലിക്കാര്യം നീളുന്നതിൽ വിഷമിക്കും. പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്. ആത്മീയ യാത്രകൾക്ക് അവസരം ഉണ്ടാവും. കടബാധ്യതകൾ പരിഹരിക്കാൻ ആപ്തബന്ധുവിൻ്റെ സഹായം ലഭിച്ചേക്കും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us