scorecardresearch

Vrischikam Monthly Horoscope: വൃശ്ചിക മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Monthly Horoscope for Vrischikam: വൃശ്ചിക മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Vrischikam: വൃശ്ചിക മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
vrischikam makam

Monthly Horoscope: വൃശ്ചിക മാസം നിങ്ങൾക്കെങ്ങനെ?

Astrology: 2025 നവംബർ 17 മുതൽ ഡിസംബർ 15 വരെയാണ് വൃശ്ചികമാസം വരുന്നത്. ആദിത്യൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. വിശാഖം, അനിഴം, തൃക്കേട്ട എന്നിവ ഞാറ്റുവേലകൾ. വൃശ്ചികം 3,4 തീയതികളിൽ കറുത്തവാവും 18ന് വെളുത്തവാവും വരുന്നു. 

Advertisment

വ്യാഴം വൃശ്ചികം 19 ന് വക്രഗതിയായി മിഥുനം രാശിയിലേക്ക് മടങ്ങും. വ്യാഴം പുണർതം നക്ഷത്രത്തിൽ തന്നെയാണ്. ശനിയും വക്രത്തിലാണ്. വൃശ്ചികം 16 മുതൽ ശനി വീണ്ടും നേർഗതിയിലാവും. ശനി പൂരൂരുട്ടാതിയിൽ തുടരുന്നു. 

രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലാണ്. വൃശ്ചികം 15 ന് ചതയത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ തുടരുന്ന കേതു പൂരം മൂന്നാം പാദത്തിൽ സഞ്ചരിച്ചു തുടങ്ങുന്നതാണ്. 

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചൊവ്വയ്ക്ക് മൗഢ്യാവസ്ഥയുണ്ട്. വൃശ്ചികം രാശിയിൽ അനിഴം തൃക്കേട്ട നക്ഷത്രങ്ങളിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. വൃശ്ചികം 21 ന് ചൊവ്വ ധനുരാശിയിൽ പ്രവേശിക്കും. ബുധൻ വൃശ്ചികത്തിൽ നിന്നും വക്രഗതിയായി തുലാത്തിലേക്കും അവിടെ നിന്നും തിരിച്ച് വൃശ്ചികത്തിലേക്കും സഞ്ചരിക്കും.

Advertisment

ബുധന് 10-ാം തീയതി വരെ മൗഢ്യമുണ്ട്. മാസാരംഭത്തിൽ തുലാം രാശിയിലാണ് ശുക്രൻ. രണ്ടാം ആഴ്ചയിൽ വൃശ്ചികം രാശിയിലേക്ക് സംക്രമിക്കും. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുളള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ മാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

മകം

പുതിയ കാര്യങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. ചിന്തിച്ചുറപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. ആശയപരമായി വിയോജിക്കുന്നവരുടെ സേവനവും പ്രയോജനപ്പെടുത്തും.  സാമ്പത്തിക സ്രോതസ്സുകളിലെ തടസ്സങ്ങൾ നീങ്ങിയേക്കും. ഔദ്യോഗിക യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകാം. ബിസിനസ്സുകാർക്ക് ദിശാബോധമുണ്ടാവും. പുതിയ വാഹനം വാങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യമില്ല. ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറയാനിടയുണ്ട്. സർക്കാർ ഇടപെടൽ മൂലം തടസ്സം വരാം. നിക്ഷേപങ്ങൾ ഉയർത്താൻ സാധിച്ചേക്കും. അരാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിച്ചേക്കാം. എത്ര മുൻകൈയ്യെടുത്താലും ഗാർഹികാന്തരീക്ഷം മെച്ചപ്പെട്ടേക്കില്ല. തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമം വ്യർത്ഥമാകും.

പൂരം

പ്രവർത്തനങ്ങളിൽ ഏകാഗ്രതയുണ്ടാവും. ക്ലേശിച്ച് നേടേണ്ട കാര്യങ്ങൾ അയത്നമായി നേടാനായേക്കും. പുതിയ കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ആർജവം പ്രകടമാക്കുന്നതാണ്. പഠിച്ചറിയാനുള്ള ഔൽസുക്യമേറും. സ്ത്രീകളിൽ നിന്നും സഹായവും പിന്തുണയും പ്രതീക്ഷിക്കാം. കച്ചവട സ്ഥാപനത്തിന് പുതിയ ശാഖ തുറക്കുന്ന കാര്യം ആലോചനയിലുണ്ടാവും. കുടുംബ സ്വത്തിൻ്റെ ഭാഗം കിട്ടിയേക്കാം. എന്നാൽ അതിൽ അതൃപ്തിക്ക് സാധ്യത കാണുന്നു. പ്രണയിക്കുന്നവർക്കിടയിൽ അസ്വാരസ്യം ഉയരും. ഗവേഷണ കാര്യത്തിന് സമയം കണ്ടെത്തും. വിദേശത്തുള്ളവരുടെ വിസ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ട്.

ഉത്രം

ചിലപ്പോൾ വിജയിക്കാൻ കഴിഞ്ഞേക്കില്ല; എന്നാൽ വിജയപ്രതീക്ഷ നിലനിർത്താനാവും. ഇച്ഛാശക്തി പ്രവർത്തനങ്ങളിൽ സ്ഫുരിക്കും. ആദർശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിൽ കൃത്യത പുലർത്തുന്നതാണ്. മുതിർന്നവരെ ആദരിക്കുന്ന പരിപാടിയുടെ സാരഥ്യം വഹിക്കും. ആരോപണങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നതാണ്. സഹോദരരുടെ ആവശ്യമറിഞ്ഞ് ഉദാരമായി സഹായിക്കും. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് മുന്നേറാൻ കഴിയും. ജീവിതപങ്കാളിയുടെ വീക്ഷണങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളും. കടബാധ്യത ഭാഗികമായി പരിഹരിക്കാൻ സാധിച്ചേക്കും. അനുരാഗം എന്ന വികാരം മനസ്സിൽ അലയൊലികൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അത്തം

തൊഴിൽരംഗത്ത് ഊഷ്മളത്വം ഉണ്ടാവും. പ്രവൃത്തികൾ കൊണ്ട് നേട്ടം വരുന്നതാണ്. ബിസിനസ്സ് മേഖല വികസിക്കുന്നതിന് കാര്യമായ പ്രയത്നം നടത്തും. പുതിയ ആശയങ്ങൾ ആകർഷിക്കുന്നതാണ്. അവയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് തയ്യാറാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കിട്ടും. സ്ഥലം മാറ്റത്താൽ അനുഭവിച്ചിരുന്ന ക്ലേശങ്ങൾക്ക് അവധിയാവും. വസ്തു നല്ലവിലയ്ക്ക് വിൽക്കാൻ കഴിയുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാവുന്ന മാസമാണ്. കലാപ്രവർത്തനത്തിൽ കീർത്തിയുണ്ടാവും.  പ്രണയത്തിൽ ശുഷ്കതയും പുഷ്ടിയും മാറിമറിയും. സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും.  വിദേശയാത്രകൾക്ക് തടസ്സം വന്നേക്കാം. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്.

ചിത്തിര

ചെറിയ ചെറിയ കാര്യങ്ങൾ എളുപ്പം നടന്നുകിട്ടും.  മെഗാപ്രോജക്ടുകൾ പൂർത്തിയാക്കാൻ കടമ്പകളുണ്ടാവും. ധനസമാഹരണം വലിയ ചോദ്യചിഹ്നമാവും. സർക്കാരിൽ നിന്നുള്ള അനുമതി കിട്ടിയേക്കില്ല. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. ഭൂമി വ്യാപാരത്തിൽ ലാഭം പ്രതീക്ഷിച്ചതിലും അധികമാവും. എന്നാൽ കബളിക്കപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. കുടുംബയോഗത്തിൻ്റെ സംഘാടനത്തിന് നേരം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് പഠന നിലവാരം സൂക്ഷിക്കാനാവും. കലാപരിശീലനത്തിനും ഉത്സുകത കാട്ടും. വ്യവഹാരങ്ങൾക്ക് മുതിരരുത്. അധ്യാത്മിക കാര്യങ്ങളിൽ താല്പര്യം ഉണ്ടാവുന്നതാണ്. ബന്ധുക്കൾക്ക് വേണ്ടി അധികാരികളോട് ശുപാർശ നടത്തിയേക്കും.

ചോതി

ജന്മരാശിയിൽ നിന്നും ആദിത്യൻ മാറിയതിനാൽ അലച്ചിൽ കുറയും. ദേഹക്ലേശം മാറും. നവോന്മേഷത്തോടെ ജോലിയിൽ മുഴുകുന്നതാണ്. സുഹൃത്തുക്കളുടെ വാക്കുകൾ പ്രചോദനമാവും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായ വരുമാനമാർഗം കൈവരുന്നതാണ്. അത്മവിശ്വാസം ധൈര്യം പകരും. സാമൂഹികമായ അനീതികൾക്കെതിരെ പ്രവർത്തിക്കും. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്ന്. ഭോഗസുഖം, ആഢംബര യാത്രകൾ, പാരിതോഷികം ഇവ പ്രതീക്ഷിക്കാം. അപ്രസക്ത വിഷയങ്ങളോട് പരാങ്മുഖത്വം പുലർത്തുക ഉചിതം. മകൻ്റെ ദാമ്പത്യപ്രശ്നങ്ങൾ വിഷമിപ്പിക്കും. ആരോഗ്യപരമായി ജാഗ്രത വേണ്ട കാലഘട്ടമാണ്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

വിശാഖം

പല കാര്യങ്ങളും നടന്നുകിട്ടുന്നത് അവസാന നിമിഷത്തിലാവും. സഹായം വാഗ്ദാനം ചെയ്ത  വ്യക്തികൾ സഹകരിക്കണമെന്നില്ല. ബാങ്ക് ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടും. പല കാര്യങ്ങൾക്കായി ഊർജ്ജം വ്യയം ചെയ്യേണ്ടി വരുന്നതാണ്. കൃത്യനിഷ്ഠയുണ്ടാവാത്തതിനാൽ മേലധികാരികളുടെ അപ്രീതി നേടാം. പ്രബന്ധരചനയ്ക്ക് വിഷയം തേടി യാത്ര ചെയ്യേണ്ടിവരും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. കുടുംബത്തിൽ സമാധാനം കുറയാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റം കിട്ടാം. തീരെ ആകസ്മികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചേക്കും. വയോജനങ്ങളുടെ ദേഹാരോഗ്യത്തിലെന്നപോലെ മാനസികാരോഗ്യത്തിലും കരുതലുണ്ടാവണം.

അനിഴം

ആദിത്യനും ചൊവ്വയും ജന്മരാശിയിൽ സഞ്ചരിക്കുകയാൽ അലച്ചിലേറും. മാനസികമായി ഉന്മേഷം കുറയുവാനുമിടയുണ്ട്. കടമകൾ നിറവേറ്റുന്ന കാര്യത്തിൽ ഉദാസീനരാവും. പുതിയ ജോലിക്കായുള്ള ശ്രമം തുടരുന്നതാണ്. വ്യവഹാരങ്ങളിൽ നീതി കിട്ടിയില്ലെന്ന തോന്നലുണ്ടാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനാണ് സാധ്യത. സ്വാതന്ത്ര്യം കുറയുന്നതാണ്. ബന്ധുക്കളുടെ തർക്കത്തിൽ ന്യായം പറയുന്നത് ആരോപണത്തിന് ഇടവരുത്താം. സാമൂഹിക മാധ്യമങ്ങളിൽ സജീവത പുലർത്തുന്നതാണ്. അവിവാഹിതർക്ക് വിവാഹസാധ്യത കാണുന്നു. ജോലി തേടുന്നവർക്ക് അന്യദേശത്ത് അവസരം കൈവരുന്നതാണ്. പാരമ്പര്യസ്വത്തുക്കൾ വില്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായേക്കും. ധനവ്യയത്തിൽ ഉൽക്കണ്ഠ വരും.

തൃക്കേട്ട

വ്യാഴം ഭാഗ്യഭാവത്തിൽ തുടരുന്നതിൻ്റെ മേന്മകളുണ്ടാവും. കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്നതായിരിക്കും. ജോലി തേടുന്നവർക്ക് നിയമനോത്തരവ് പ്രതീക്ഷിക്കാം. സമൂഹത്തിൻ്റെയും സ്ഥാപനത്തിൻ്റെയും അംഗീകാരം ലഭിക്കുന്നതാണ്. ഇടപാടുകൾ ഗുണപ്രദമാവും. രാഷ്ട്രീയ മത്സരങ്ങൾക്ക് സന്നദ്ധത പ്രദർശിപ്പിച്ചേക്കും. ജന്മത്തിൽ ചൊവ്വയും ബുധനും ആദിത്യനുമുള്ളതിനാൽ മനക്ലേശമുണ്ടാവും. പ്രയത്നം കൂടുന്നതാണ്. വാടകവീട്ടിന് പുതിയ താമസക്കാരെ കിട്ടിയേക്കില്ല. പല കാര്യങ്ങളിലും സുഗമത കുറയുകയും ചെയ്യും. വാഗ്ദാനലംഘനം വിഷമിപ്പിക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. പുതിയ കോഴ്സുകൾ വീട്ടിലിരുന്നു തന്നെ പഠിക്കാനാരംഭിക്കും. ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: