/indian-express-malayalam/media/media_files/2025/11/08/vrischikam-ashwathy-2025-11-08-15-19-00.jpg)
Monthly Horoscope: വൃശ്ചിക മാസം നിങ്ങൾക്കെങ്ങനെ?
Astrology: 2025 നവംബർ 17 മുതൽ ഡിസംബർ 15 വരെയാണ് വൃശ്ചികമാസം വരുന്നത്. ആദിത്യൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. വിശാഖം, അനിഴം, തൃക്കേട്ട എന്നിവ ഞാറ്റുവേലകൾ. വൃശ്ചികം 3,4 തീയതികളിൽ കറുത്തവാവും 18ന് വെളുത്തവാവും വരുന്നു.
വ്യാഴം വൃശ്ചികം 19 ന് വക്രഗതിയായി മിഥുനം രാശിയിലേക്ക് മടങ്ങും. വ്യാഴം പുണർതം നക്ഷത്രത്തിൽ തന്നെയാണ്. ശനിയും വക്രത്തിലാണ്. വൃശ്ചികം 16 മുതൽ ശനി വീണ്ടും നേർഗതിയിലാവും. ശനി പൂരൂരുട്ടാതിയിൽ തുടരുന്നു.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലാണ്. വൃശ്ചികം 15 ന് ചതയത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ തുടരുന്ന കേതു പൂരം മൂന്നാം പാദത്തിൽ സഞ്ചരിച്ചു തുടങ്ങുന്നതാണ്.
ചൊവ്വയ്ക്ക് മൗഢ്യാവസ്ഥയുണ്ട്. വൃശ്ചികം രാശിയിൽ അനിഴം തൃക്കേട്ട നക്ഷത്രങ്ങളിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. വൃശ്ചികം 21 ന് ചൊവ്വ ധനുരാശിയിൽ പ്രവേശിക്കും. ബുധൻ വൃശ്ചികത്തിൽ നിന്നും വക്രഗതിയായി തുലാത്തിലേക്കും അവിടെ നിന്നും തിരിച്ച് വൃശ്ചികത്തിലേക്കും സഞ്ചരിക്കും.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ബുധന് 10 -ാം തീയതി വരെ മൗഢ്യമുണ്ട്. മാസാരംഭത്തിൽ തുലാം രാശിയിലാണ് ശുക്രൻ. രണ്ടാം ആഴ്ചയിൽ വൃശ്ചികം രാശിയിലേക്ക് സംക്രമിക്കും.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുളള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ മാസഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
ആദിത്യനും, ചൊവ്വയും അഷ്ടമത്തിലാകയാൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. അധികാരികളുടെ നിലപാടുകളോട് വിയോജിക്കും. ദുർഘടമുള്ള ദൗത്യങ്ങൾ കുറഞ്ഞ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കേണ്ടി വരും. സ്വന്തം ആദർശം ഉപേക്ഷിച്ച് കൂടുതൽ പ്രായോഗികത പുലർത്തും. തൊഴിലന്വേഷിക്കുന്നവർ കാത്തിരിപ്പ് തുടരാൻ ബാധ്യസ്ഥരാവും. ദാമ്പത്യത്തിൽ സമ്മിശ്രഫലം അനുഭവിക്കും. പ്രണയാനുഭവത്തിന് വിഘ്നമുണ്ടാവില്ല. മറ്റുള്ളവരുടെ വാക്കുകൾ സ്വയം വിലയിരുത്തി വേണം ഉൾക്കൊള്ളാൻ. സഹായിക്കാൻ ചിലരൊക്കെ മുന്നോട്ടുവരുമെന്നത് ആശ്വാസകരമാണ്. ചികിൽസാമാറ്റം കിടപ്പുരോഗികൾക്ക് ഫലപ്രദമാവും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
ഭരണി
സ്വന്തം തീരുമാനങ്ങൾ ഒപ്പമുള്ളവർ തിരസ്കരിച്ചേക്കും. സംഘടനകളിൽ സ്ഥാനമാനങ്ങൾ സോപാധികമായിട്ട് ലഭിക്കാം. കുടുംബകാര്യങ്ങളിൽ കുറച്ചൊക്കെ സമാധാനമുണ്ടാവും. പഴയ കടബാധ്യത പരിഹരിക്കാൻ കഴിയുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തവരോട് കലഹിച്ചേക്കും. ഗൃഹനവീകരണത്തിന്ന് മകൻ ധനസഹായം ചെയ്യുന്നതാണ്. രാഷ്ട്രീയത്തിലും പൊതുമദ്ധ്യത്തിലും ആദ്യമായി പ്രവർത്തിക്കുകയാണെങ്കിലും എളുപ്പം ഇണങ്ങിച്ചേരും. കലാപ്രവർത്തനത്തിന് അവസരം കുറയുന്നതാണ്. ഗവേഷണത്തിൽ ഏർപ്പെട്ടവർക്ക് പ്രബന്ധാവതരണം സാധ്യമാവും. മാതാപിതാക്കളുടെ സംരക്ഷണച്ചുമതലകൾ ഏറ്റെടുക്കും.
കാർത്തിക
നക്ഷത്രാധിപനായ ആദിത്യൻ അനുകൂല ഭാവത്തിലല്ലാത്തതിനാൽ അനാവശ്യമായ യാത്രകളും വ്യർത്ഥമായ പ്രയത്നങ്ങളും ഉണ്ടായേക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് സർക്കാരിൽ നിന്നും അനുമതി കിട്ടിയേക്കില്ല. കൂട്ടുബിസിനസ്സുകൾ ലാഭകരമാവാൻ ഇനിയും സമയമെടുക്കും. എതിർപ്പുകളിൽ അസ്വസ്ഥതയുണ്ടാവുന്നതാണ്. പൊതുവേ തൊഴിൽ മേഖലയിൽ വെല്ലുവിളികളെ നേരിടേണ്ടി വരാം. രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും ജനങ്ങളെ ബോധിപ്പിക്കുക എളുപ്പമായേക്കില്ല. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങൾ കഠിനമായി അനുഭവപ്പെടും. വിദേശ ജോലിക്കുള്ള മകൻ്റെ ശ്രമം ഫലവത്തായേക്കും. പ്രണയികൾക്ക് കുടുംബത്തെ ഒപ്പം നിർത്താനാവും. ഗൃഹനിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
രോഹിണി
ആദിത്യനും ചൊവ്വയും സപ്തമഭാവത്തിലാകയാൽ ക്ലേശാനുഭവങ്ങൾ ആവർത്തിക്കും. ബാഹ്യലോകവുമായി തെറ്റിപ്പിരിയാം. ഏകാന്തതയെ സ്നേഹിക്കാനിടയുണ്ട്. സുഹൃത്തുക്കളുടെ വാക്കുകൾ തെറ്റായി മനസ്സിലാക്കിയേക്കും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. ആത്മവിശ്വാസം കുറയുകയും കൂടുകയും ചെയ്യും. പാർട്ണർഷിപ്പ് ബിസിനസ്സിന് ഒട്ടും ഇണക്കമില്ലാത്ത സമയമാണ്. വ്യാഴം രണ്ടാം ഭാവത്തിലേക്ക് വക്രഗതിയായി മടങ്ങിവരികയാൽ സാമ്പത്തിക ദുരിതം കുറയും. പലിശയടക്കാൻ പണമുണ്ടാവും. കൃഷികാര്യങ്ങളിൽ ഉത്സാഹമേറുന്നതാണ്. ഏജൻസികൾ നടത്തുന്നവർക്ക് പുരോഗതി വരും. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുപ്പ് തുടങ്ങും. കുറച്ചുകാലം മകളുടെ വീട്ടിൽ പോയി നിൽക്കാനാഗ്രഹിക്കും. തീർത്ഥാടന യോഗമുണ്ട്.
മകയിരം
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് സ്വക്ഷേത്രസ്ഥിതിയുണ്ട്. തന്മൂലം അവഗണനകൾ നീങ്ങി, പരിഗണനകൾ കിട്ടിത്തുടങ്ങും. എന്നാൽ ചൊവ്വയ്ക്ക് മൗഢ്യസ്ഥിതിയും കൂടിയുള്ളതിനാൽ കഷ്ടനഷ്ടങ്ങളും അനുഭവപ്പെടാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങളുണ്ടാവും. കച്ചവടത്തിൽ നിന്നുമുള്ള പണവരവ് മോശമാവില്ല. എന്നാൽ അധികച്ചെലവുകൾക്കും സാധ്യത കാണുന്നു. ഉദ്യോഗസ്ഥർക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം ലഭിച്ചേക്കും. സ്ഥാനോന്നതിക്കോ വേതന വർദ്ധനവിനോ സാധ്യത കാണുന്നില്ല. കുടുംബാംഗങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ പുലർത്തും. വിനോദയാത്രകൾക്ക് അവസരം ഒരുങ്ങാം. രാഷ്ട്രീയ പ്രവർത്തനം ലക്ഷ്യപ്രാപ്തി കൈവരിക്കണമെന്നില്ല. വിവാദങ്ങളെ അവഗണിക്കുക ഉത്തമം.
തിരുവാതിര
ഈ മാസം പകുതിയിൽ തിരുവാതിരയുടെ അധിപനായ രാഹു സ്വന്തം നക്ഷത്രമായ ചതയത്തിൽ പ്രവേശിക്കുന്നു. പലകാര്യങ്ങൾ ഏകാഗ്രതയോടെ നിർവ്വഹിക്കാനാവും. വീടുപണി പൂർത്തിയാക്കാനിടയുണ്ട്. ലോൺ, ചിട്ടി, നറുക്കെടുപ്പ് ഇത്യാദികളിലൂടെ ആദായം വരും. വിപണനതന്ത്രങ്ങൾക്ക് രൂപം കൊടുക്കും. സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ നേരം കണ്ടെത്തുന്നതാണ്. ജീവിതപങ്കാളിയുടെ രോഗസ്ഥിതിയിൽ ആശ്വാസമുണ്ടാവും. മകളുടെ
വിവാഹകാര്യത്തിൽ ശുഭതീരുമാനം കൈവരുന്നതാണ്. മംഗളകർമ്മങ്ങളുടെ നേതൃത്വം വഹിക്കും. സഹപ്രവർത്തകർക്ക് പിൻതുണയേകും. മത്സരങ്ങളിൽ വിജയിക്കാനാവും. പ്രണയികൾക്ക് വിഘ്നങ്ങളും വിരോധവും ഭവിച്ചേക്കാം. സ്വതസിദ്ധമായ കഴിവുകൾ പ്രകടപ്പിക്കാൻ വേദി ലഭിക്കുന്നതാണ്.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
പുണർതം
മിഥുനക്കൂറുകാർക്ക് ആദിത്യൻ, ചൊവ്വ, ബുധൻ എന്നിവർ ആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുകൂല സന്ദർഭമാണ്. ദീർഘകാലമായിട്ടുള്ള സ്വപ്നങ്ങളും പ്രിയകാര്യങ്ങളും നേടിയെടുക്കാനാവും. ആസൂത്രണ മികവ് അഭിനന്ദിക്കപ്പെടും. ഉദ്യോഗത്തിൽ ഉയർച്ചയുടെ സന്ദർഭമാണ്. പ്രോജക്ട് ലീഡർ, അഡ്മിൻ പോലുള്ള പദവികളിൽ ശോഭിക്കുന്നതായിരിക്കും. തൊഴിൽ തേടുന്നവർക്ക് എക്സ്പീരിയൻസിന് ഇണങ്ങുന്ന ജോലി കിട്ടാം. അധികാരികളുടെ സമ്മതം നേടുന്നതായിരിക്കും. കുടുംബചുമതലകളിൽ നിന്നും ഒളിച്ചോടില്ല. പഠനകാര്യത്തിൽ ഉണർവ്വുണ്ടാവും. കർക്കടകക്കൂറുകാർക്ക് സമ്മർദ്ദം വർദ്ധിക്കും. സംഘടനകളിൽ അർഹമായ പരിഗണന ലഭിക്കണമെന്നില്ല. നല്ലകാര്യങ്ങൾക്ക് ചെലവേർപ്പെടും.
പൂയം
ഒമ്പതിലെ ശനി, എട്ടിലെ രാഹു, ജന്മവ്യാഴം എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങൾ വികസനത്തെ ചെറുക്കാം. അത്യധ്വാനം കൊണ്ടുമാത്രമേ അല്പനേട്ടങ്ങൾ പോലും കൈവരിക്കാനാവൂ! എതിരാളികളുടെ വെല്ലുവിളികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. സാമ്പത്തിക അച്ചടക്കം അനിവാര്യമായ ഘട്ടമാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. കടം വീട്ടാനായി കടം വാങ്ങുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ട്. നാലിൽ ശുക്രൻ ഉള്ളതിനാൽ പ്രശ്നങ്ങൾക്കിടയിലും മനസ്സുഖലും ഭോഗാനുഭവങ്ങളും വന്നെത്തും. സ്ത്രീകളുടെ നിർലോഭമായ പിന്തുണ കൈവരും. ഉത്സവാദികളുടെ നടത്തിപ്പിന് കൂടുതൽ സമയം ചെലവഴിക്കും. കരാർ പണികളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം.
ആയില്യം
വാഹനം വാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്വപ്നം സാക്ഷാൽക്കരിക്കാനാവും. ഗൃഹനിർമ്മാണവും പൂർത്തീകരിക്കപ്പെടും. മുൻപ് തിരസ്കരിച്ചവർ തേടിവന്ന് പുരസ്കരിച്ചേക്കാം. മക്കളുടെ നിർബന്ധശീലം വിഷമിപ്പിക്കും. സംയമനം പാലിക്കാൻ കഴിഞ്ഞേക്കില്ല.ഈ പകരക്കാരെ തൊഴിൽ നടത്തിപ്പ് ഏൽപ്പിക്കുന്നത് കരുതലോടെ വേണം. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. വിദേശ യാത്രയിലെ തടസ്സങ്ങൾ നിങ്ങുന്നതാണ്. പുതിയ കാര്യങ്ങൾക്ക് സർക്കാർ അനുമതി വൈകാം. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിയിൽ അനിശ്ചിതത്വം ഉയരാം.അകന്ന് കഴിയുന്നവർക്ക് ഇണങ്ങാൻ സന്ദർഭമുണ്ടാവും. പ്രണയ പരവശർക്ക് ഒന്നിക്കാൻ അവസരങ്ങൾ വരും. പൂർവ്വകാല സഹപാഠികളെ തമ്മിലിണക്കാൻ ശ്രമം തുടരുന്നതാണ്.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us