/indian-express-malayalam/media/media_files/uploads/2023/10/Thulam-Malayalam-Month-2023-Horoscope-Astrological-Predictions-for-stars-Moolam-to-Revathi.jpg)
മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാരുടെ 1199 തുലാം മാസത്തെ ഫലം
Monthly Horoscope for 1199 Thulam Moolam to Revathi: 1199 തുലാം ഒന്ന് വരുന്നത് 2023 ഒക്ടോബർ 18 നാണ്. തുലാം ആകെ 30 ദിവസങ്ങളുള്ള മാസമാണ്. നവംബർ 16 ന് തുലാം അവസാനിക്കുന്നു. തുലാം മാസത്തിന്റെ / രാശിയുടെ സ്വരൂപം തുലാസ്സ് അഥവാ ത്രാസ്സ് ആകുന്നു. Libra എന്ന പേരിൽ പാശ്ചാത്യർ തുലാം രാശിയെ വ്യവഹരിക്കുന്നു. സൂര്യൻ തുലാം രാശിയിലൂടെ സഞ്ചരിക്കുന്ന മാസത്തെയാണ് ഭാരതീയർ തുലാം എന്ന് പറയുന്നത്.
സൂര്യന്റെ നീച രാശിയാണ് തുലാം. മേടപ്പത്ത് സൂര്യന്റെ അത്യുച്ചം ആണ്. അതുപോലെ തുലാപ്പത്ത് സൂര്യന്റെ അതിനീചസ്ഥാനമത്രെ! തുലാം മാസത്തിൽ ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളിലൂടെ സൂര്യൻ കടന്നുപോകുന്നു. തുലാം ഒന്നിന് ശുക്ല ചതുർത്ഥി തിഥിയിലാണ് ചന്ദ്രൻ. മുപ്പതാം തീയതി മുപ്പതാം തിഥിയായ ശുക്ല തൃതീയയിലെത്തുന്നു. തുലാം ഒന്നിന് അനിഴം നക്ഷത്രമാണ്. തുലാം മുപ്പതിന് ചന്ദ്രൻ ഒരുവട്ടം ഭ്രമണം പൂർത്തിയാക്കി മൂലം നാളിൽ സഞ്ചരിക്കുന്നു.
ബുധൻ തുലാം ഒന്നിന് തുലാം രാശിയിൽ പ്രവേശിക്കുന്നു. തുലാം 20ന് വൃശ്ചികത്തിലേക്കും കടക്കുന്നു. തുലാം 26 വരെ ബുധൻ മൗഢ്യത്തിലുമാണ്. ചൊവ്വ തുലാം 30 ന് വൃശ്ചികത്തിലേക്ക് സംക്രമിക്കുന്നു. അതുവരെ തുലാം രാശിയിലാണ്. ചൊവ്വയുടെ മൗഢ്യം തുടരുകയുമാണ്. ശനി തുലാം 20 ന് കുംഭത്തിലെ വക്രഗതി അവസാനിപ്പിച്ച് നേർഗതിയിലാവുന്നു. വ്യാഴം തുലാമാസം മുഴുവൻ മേടം രാശിയിൽ വക്രഗതിയിലാണ്. ശുക്രൻ തുലാം 16 ന് നീചക്ഷേത്രമായ കന്നിരാശിയിൽ പ്രവേശിക്കുന്നു.
തുലാം 13ന്, ഒക്ടോബർ 30ന് രാഹു കേതുക്കൾ രാശി മാറുന്നു. രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കുമാണ് അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്നത്. അടുത്ത ഒന്നരവർഷം രാഹുകേതുക്കൾ യഥാക്രമം മീനം - കന്നി രാശികളിൽ തുടരും.
തുലാം 11 ന് രാത്രിയിൽ അശ്വതി നക്ഷത്രത്തിൽ ചന്ദ്രഗ്രഹണം (Lunar Eclipse) സംഭവിക്കുന്നുണ്ട്. രേവതി, അശ്വതി, ഭരണി, മകം, മൂലം എന്നീ അഞ്ചു നാളുകാരെ ഗ്രഹണം പ്രതികൂലമായി സ്വാധീനിച്ചേക്കുമെന്ന് ജ്യോതിഷ നിയമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ഗ്രഹപരമായ സവിശേഷതകളുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുളള ഒന്‍പത് നക്ഷത്രക്കാരുടേയും 1199 തുലാം മാസത്തെ സമ്പൂർണ്ണമാസഫലം ഇവിടെ വിശകലനം ചെയ്യുന്നു.
Monthly Horoscope for Thulam, Moolam to Revathi
മൂലം
നാല് ഗ്രഹങ്ങൾ മാസത്തിന്റെ പകുതിയോളം ലാഭഭാവമായ പതിനൊന്നാമെടത്തിൽ തുടരുകയാണ്. ഏറ്റവും അനുകൂലമായ ഒരു സാഹചര്യമാണിത്. കർമ്മരംഗത്തെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പുതിയ പദവികൾ കൈവരാം. പൊതുപ്രവർത്തകർക്ക് കൂടുതൽ അനുയായികൾ ഉണ്ടാവും. കച്ചവടത്തിൽ നല്ലലാഭം പ്രതീക്ഷിക്കാം. പൈതൃകവസ്തുക്കളിലുള്ള അവകാശം ഉറച്ചുകിട്ടും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. രാഹു-കേതുവിന് തുലാം 13 ന് രാശിമാറ്റം വരുന്നത് ചെറിയ കർമ്മതടസ്സത്തിന് കാരണമായേക്കാം.
പൂരാടം
ഗ്രഹാനുകൂല്യം ഒട്ടൊക്കെ അനുഭവത്തിൽ വരുന്നതാണ്. സാമ്പത്തിക ക്ലേശങ്ങൾക്ക് അയവ് വന്നേക്കും. പുതുവായ്പകൾ ലഭിച്ചേക്കാം. ഉദ്യോഗത്തിൽ ഉയരാൻ കഴിയും. സംഘടനാ, കക്ഷി തുടങ്ങിയവയിലെ അധികാര മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കുന്നതാണ്. ഉപരിപഠനത്തിന് ഇഷ്ടമുള്ള വിഷയം, കലാലയം ഇവ നേടിയെടുക്കും. വസ്തുവില്പനയിലെ നിരുന്മേഷത മാറും. ആ നിലയ്ക്കും ധനോന്നതി ഉണ്ടാവാം. മക്കളുടെ ഭാവിക്കായി ഉചിതമായ തീരുമാനം നടപ്പിലാക്കുന്നതാണ്. നക്ഷത്രാധിപനായ ശുക്രന്റെ നീചസ്ഥിതി, രാഹു-കേതുമാറ്റം എന്നിവ മൂലം മാസത്തിന്റെ രണ്ടാം പകുതിക്ക് മേന്മ കുറയാം.
ഉത്രാടം
തടസ്സങ്ങളെ അതിജീവിച്ച് മുന്നേറാൻ അനുകൂലമായ സാഹചര്യം സഞ്ജാതമായിരിക്കുകയാണ്. ധനുക്കൂറുകാർക്ക് കൂടുതൽ ഗുണഫലം ഉണ്ടാവും. സ്വന്തമായി ചെയ്യുന്ന തൊഴിലിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമേറും. പുതുതൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ ഉണ്ടാകുന്നതാണ്. ദൗത്യങ്ങളിൽ വിജയിക്കാനാവും. ബന്ധുക്കളാൽ നേട്ടങ്ങൾ ഉണ്ടായിക്കൂടെന്നില്ല. മകരക്കൂറുകാർക്ക് കർമ്മഗുണം പ്രതീക്ഷിക്കാം. മാസത്തിന്റെ പകുതിയിൽ സംഭവിക്കുന്ന
രാഹു -കേതു രാശി മാറ്റം മകരക്കൂറുകാർക്ക് കൂടുതൽ അനുകൂലമാണ്.
തിരുവോണം
സമ്മർദ്ദങ്ങളും ആശയക്കുഴപ്പങ്ങളും തുടരുമ്പോഴും കർമ്മരംഗത്ത് ഉന്മേഷവും നേട്ടങ്ങളും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് കാട്ടും.
ബന്ധുക്കളാൽ ഗുണാനുഭവങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കളുടെ പിന്തുണയും ഒരു യാഥാർത്ഥ്യമാണ്. ദാമ്പത്യത്തിൽ പിണക്കം കുറയുകയും ഇണക്കം കൂടുകയും ചെയ്യും. രാഹുകേതുക്കളുടെ രാശിമാറ്റം ഒട്ടൊക്കെ അനുകൂലമാണ്. ഗാർഹികാന്തരീക്ഷം സമാധാനപൂർണമായേക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങും. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ മെച്ചം പ്രതീക്ഷിക്കാനാവും.
അവിട്ടം
നിലവിലെ സമ്മർദ്ദങ്ങൾ ഒട്ടൊക്കെ തുടരപ്പെടാം. കുറച്ചെങ്കിലും ആശ്വാസം ലഭിക്കുക മകരക്കൂറുകാരായ അവിട്ടം നാളുകാർക്കാവും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഭാഗികമായി പരിഹരിച്ചേക്കാം. ലക്ഷ്യത്തിലെത്താനും വിജയിക്കാനും കൂടുതൽ വിയർപ്പൊഴുക്കേണ്ടതായി വരാം. ഉദ്യോഗസ്ഥർക്ക് ചില ഗുണാനുഭവങ്ങൾ, പുതുചുമതലകൾ ഇവ ഉണ്ടായേക്കാം. പണവരവുകൊണ്ട് അത്യാവശ്യങ്ങൾ നടന്നുകൂടാം. മാസത്തിന്റെ പകുതിയിലെ രാഹു-കേതു മാറ്റം മകരക്കൂറുകാർക്ക് യഥാക്രമം 3,9 ഭാവങ്ങളിലേക്കും, കുംഭക്കൂറുകാർക്ക് 2,8 ഭാവങ്ങളിലേക്കുമാകയാൽ ആ മാറ്റം മകരക്കൂറിലെ അവിട്ടം നാളുകാർക്കാവും ഗുണകരമാവുക.
ചതയം
ആത്മസംയമം, സാമ്പത്തികമായ അച്ചടക്കം, ആരോഗ്യപരിപാലനം എന്നിവ നൈപുണ്യത്തോടെ സമന്വയിപ്പിച്ച് നിലനിർത്തേണ്ട കാലമാണ്. ഗ്രഹങ്ങളുടെ പ്രതികൂലാവസ്ഥ ഏതാണ്ട് മുൻ മാസങ്ങളെപ്പോലെ തന്നെയാണ്. കടക്കെണിയിൽപ്പെടാതെ നോക്കണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ദുർബലമായിരിക്കും. തൊഴിലിലെ വെല്ലുവിളികൾ മാനസികോർജ്ജത്തെ ബാധിക്കാം. രാഹു, രണ്ടിലേക്കും കേതു, എട്ടിലേക്കും മാറുന്ന മാസം കൂടിയാണ്. പ്രസ്തുതമാറ്റം ചതയം നാളുകാർക്ക് അനുകൂലവുമല്ല.
പൂരൂരുട്ടാതി
ഗുണാനുഭവങ്ങൾ ഉണ്ടാവാം. പക്ഷേ അവയ്ക്ക് വേണ്ടത്ര തെളിച്ചമുണ്ടാവില്ല. പലതും കഷ്ടിച്ചുള്ള കടന്നു കൂടൽ മാത്രമാവും. കുംഭക്കൂറുകാർക്ക് ഇപ്പോൾ ഒരു ഗ്രഹവും അനുകൂലമല്ലാത്ത സ്ഥിതിയാണ്. അതിനാൽ സാമ്പത്തികമായും മറ്റും ഏറ്റവും കരുതൽ വേണ്ട സന്ദർഭമാണ്. ഉള്ളത് നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. അല്പലാഭങ്ങളും ചെറുചില കളിചിരിനേരങ്ങളും ഉണ്ടായേക്കും. സാന്ത്വനമായി ഉറ്റോരുടെ തലോടലുകൾ ലഭിച്ചേക്കാം. മാസത്തിന്റെ രണ്ടാം പകുതിയിൽ പല ഗ്രഹങ്ങൾക്കും പരിവർത്തനം വരികയാൽ വലിയ മാറ്റങ്ങൾ വന്നേക്കാം.
ഉത്രട്ടാതി
അഷ്ടമരാശിയായ തുലാത്തിൽ മൂന്ന് പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാലും ഏഴരശനിയുടെ കാലമാകയാലും മാസത്തിന്റെ പകുതി മുതൽ ജന്മരാഹു ആരംഭിക്കുകയാലും ഏറ്റവും കരുതൽ വേണ്ട കാലമാണ്. വാക്കും കർമ്മവും പൊരുത്തപ്പെടാൻ വിഷമിക്കും. ബന്ധുവും ശത്രുവും പരസ്പരം മാറിപ്പോകാം. കൈയ്യിലെത്തുന്ന ധനം നോക്കിയും കണ്ടും വേണം ചെലവഴിക്കാൻ. വാഹനം, വൈദ്യുതി, യന്ത്രം ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധ കുറയരുത്. പുതുസംരംഭങ്ങൾക്കും, വലിയതോതിലുള്ള മുതൽ മുടക്കിനും തുലാം അനുകൂല മാസമല്ല.
രേവതി
ഗ്രഹാനുകൂല്യം കുറവുള്ള കാലമാണ്. ഗൃഹനിർമ്മാണം തടസ്സപ്പെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള അനുമതി വൈകാം. വസ്തുക്കൾ സംബന്ധിച്ച വ്യവഹാരത്തിൽ വിജയം എളുപ്പമാവില്ല. കച്ചവടത്തിൽ ലാഭം കുറയുന്നതാണ്. വായ്പാ തിരിച്ചടവിന് സമ്മർദ്ദമേറാം. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ചെറുസഹായം താൽകാലികാശ്വാസമായി വന്നുചേരാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ ഭാഗികമായി പ്രതിരോധിച്ചേക്കും. നിലവിലെ തൊഴിൽ ഉപേക്ഷിച്ചാൽ പുതിയത് ഉടനെ ലഭിക്കണമെന്നില്ല. ഇൻഷ്വറൻസ്, ലൈസൻസ് ഇവ പുതുക്കാൻ മറക്കരുത്. ആരോഗ്യപരിരക്ഷയും ഉത്തമം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.