/indian-express-malayalam/media/media_files/uploads/2023/10/Thulam-Malayalam-Month-2023-Horoscope-Astrological-Predictions-for-stars-Makam-to-Thriketta.jpg)
മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാരുടെ 1199 തുലാം മാസത്തെ ഫലം
Monthly Horoscope for 1199 Thulam Makam to Thrikketta: 1199 തുലാം ഒന്ന് വരുന്നത് 2023 ഒക്ടോബർ 18 നാണ്. തുലാം ആകെ 30 ദിവസങ്ങളുള്ള മാസമാണ്. നവംബർ 16 ന് തുലാം അവസാനിക്കുന്നു. തുലാം മാസത്തിന്റെ / രാശിയുടെ സ്വരൂപം തുലാസ്സ് അഥവാ ത്രാസ്സ് ആകുന്നു. Libra എന്ന പേരിൽ പാശ്ചാത്യർ തുലാം രാശിയെ വ്യവഹരിക്കുന്നു. സൂര്യൻ തുലാം രാശിയിലൂടെ സഞ്ചരിക്കുന്ന മാസത്തെയാണ് ഭാരതീയർ തുലാം എന്ന് പറയുന്നത്.
സൂര്യന്റെ നീച രാശിയാണ് തുലാം. മേടപ്പത്ത് സൂര്യന്റെ അത്യുച്ചം ആണ്. അതുപോലെ തുലാപ്പത്ത് സൂര്യന്റെ അതിനീചസ്ഥാനമത്രെ! തുലാം മാസത്തിൽ ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളിലൂടെ സൂര്യൻ കടന്നുപോകുന്നു. തുലാം ഒന്നിന് ശുക്ല ചതുർത്ഥി തിഥിയിലാണ് ചന്ദ്രൻ. മുപ്പതാം തീയതി മുപ്പതാം തിഥിയായ ശുക്ല തൃതീയയിലെത്തുന്നു. തുലാം ഒന്നിന് അനിഴം നക്ഷത്രമാണ്. തുലാം മുപ്പതിന് ചന്ദ്രൻ ഒരുവട്ടം ഭ്രമണം പൂർത്തിയാക്കി മൂലം നാളിൽ സഞ്ചരിക്കുന്നു.
ബുധൻ തുലാം ഒന്നിന് തുലാം രാശിയിൽ പ്രവേശിക്കുന്നു. തുലാം 20ന് വൃശ്ചികത്തിലേക്കും കടക്കുന്നു. തുലാം 26 വരെ ബുധൻ മൗഢ്യത്തിലുമാണ്. ചൊവ്വ തുലാം 30 ന് വൃശ്ചികത്തിലേക്ക് സംക്രമിക്കുന്നു. അതുവരെ തുലാം രാശിയിലാണ്. ചൊവ്വയുടെ മൗഢ്യം തുടരുകയുമാണ്. ശനി തുലാം 20 ന് കുംഭത്തിലെ വക്രഗതി അവസാനിപ്പിച്ച് നേർഗതിയിലാവുന്നു. വ്യാഴം തുലാമാസം മുഴുവൻ മേടം രാശിയിൽ വക്രഗതിയിലാണ്. ശുക്രൻ തുലാം 16 ന് നീചക്ഷേത്രമായ കന്നിരാശിയിൽ പ്രവേശിക്കുന്നു.
തുലാം 13ന്, ഒക്ടോബർ 30ന് രാഹു കേതുക്കൾ രാശി മാറുന്നു. രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കുമാണ് അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്നത്. അടുത്ത ഒന്നരവർഷം രാഹുകേതുക്കൾ യഥാക്രമം മീനം - കന്നി രാശികളിൽ തുടരും.
തുലാം 11 ന് രാത്രിയിൽ അശ്വതി നക്ഷത്രത്തിൽ ചന്ദ്രഗ്രഹണം (Lunar Eclipse) സംഭവിക്കുന്നുണ്ട്. രേവതി, അശ്വതി, ഭരണി, മകം, മൂലം എന്നീ അഞ്ചു നാളുകാരെ ഗ്രഹണം പ്രതികൂലമായി സ്വാധീനിച്ചേക്കുമെന്ന് ജ്യോതിഷ നിയമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ഗ്രഹപരമായ സവിശേഷതകളുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുളള ഒന്‍പത് നക്ഷത്രക്കാരുടേയും 1199 തുലാം മാസത്തെ സമ്പൂർണ്ണമാസഫലം ഇവിടെ വിശകലനം ചെയ്യുന്നു.
Monthly Horoscope for Thulam Makam to Thrikketta
മകം
വളരെ അനുകൂലവും ന്യായമായ കാര്യങ്ങൾ മിക്കതും നടന്നുകിട്ടുന്നതുമായ ഒരു മാസമാണ്. പ്രതീക്ഷിച്ചതും പ്രതീക്ഷിക്കാത്തതുമായ സഹായം ലഭിക്കാം. സഹോദരരുമായുണ്ടായിരുന്ന പിണക്കങ്ങൾ തീരുന്നതാണ്. കുടുംബവസ്തു വിൽക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് പുതിയ വരുമാനമാർഗം തുറന്നുകിട്ടും. വിദ്യാർത്ഥികൾക്ക് മാസത്തിന്റെ ആദ്യപകുതിയെക്കാൾ മെച്ചം രണ്ടാം പകുതിയാണ്. മാസമധ്യത്തിലെ രാഹു-കേതു മാറ്റം മകം നാളുകാർക്ക് അനുകൂലമല്ല എന്ന യാഥാർത്ഥ്യവും ഓർക്കേണ്ടതുണ്ട്.
പൂരം
മാസത്തിന്റെ പകുതി വരെ ശുക്രൻ ജന്മരാശിയിൽ തുടരുകയാൽ സുഖാനുഭവങ്ങളും ഭോഗവും ഭവിക്കും. ദാമ്പത്യം സംതൃപ്തികരമാവും. പ്രണയത്തിൽ മുന്നേറാൻ കഴിയും. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടുന്നതാണ്. പിതാവിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് ഇഷ്ടസ്ഥലത്തിലേക്ക് സ്ഥലം മാറ്റം, പദവിക്കയറ്റം ഇവ ഉണ്ടാകാം. കച്ചവടത്തിൽ കുറേശ്ശേ ലാഭം വന്നുതുടങ്ങുന്നതാണ്. വിദ്യാഭ്യാസത്തിൽ ഏകാഗ്രത കുറയാനിടയുണ്ട്. മാസമധ്യത്തിൽ നക്ഷത്രാധിപനായ ശുക്രന് നീചവരികയാൽ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം.
ഉത്രം
ചിങ്ങക്കൂറുകാർക്കാണ് തുലാം മാസത്തിൽ ഗുണാധിക്യം. കർമ്മരംഗം ഉന്മേഷഭരിതമാവും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ലഭിക്കാം. വരുമാനം ഉയരുന്നതാണ്. ഇടനിലക്കാരായി നിന്ന് ക്രയവിക്രയത്തിൽ നിന്നും ആദായം നേടും. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് പല പ്രതിസന്ധികളെ നേരിടേണ്ടിവരും. കുടുംബക്കാരുമായും കൂട്ടുകാരുമായും കലഹിക്കേണ്ടി വരാം. ജോലിയിൽ മുടക്കമോ തടസ്സമോ ഒരു സാധ്യതയാണ്. പണവരവ് ശോഷിക്കാം. എന്നാൽ വീണത് വിദ്യയാക്കുന്ന തന്ത്രത്താൽ വിജയിയാണെന്ന തോന്നൽ പരത്തുവാൻ കഴിയുന്നതാണ്.
അത്തം
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അത്തം നാളുകാർക്ക് ഏറെക്കുറെ സമാനമായ അനുഭവം തന്നെയാവും.
നിന്ദയും അവഹേളനവും ഏറ്റുവാങ്ങേണ്ടിവരും. ധനവാഗ്ദാനങ്ങൾ നിറവേറപ്പെടില്ല. ഉദ്യോഗത്തിലിരിക്കുന്നവർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കാനും വിഷമം. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. കച്ചവടക്കാർ വരുമാനം വർദ്ധിക്കാനുള്ള തന്ത്രങ്ങൾ ഉപയോഗിക്കുകയുമില്ല. കുടുംബത്തിലും ഒട്ടൊക്കെ ഒറ്റപ്പെട്ട സ്ഥിതിയാവും. ബുധന്റെ ആനുകൂല്യമുള്ളതിനാൽ വാക്കും നാക്കും ഗുണകരമാവും. വിദ്യാർത്ഥികൾ പരീക്ഷകളിൽ നല്ലവിജയം കൈവരിക്കും.
ചിത്തിര
പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോവും. ചിലത് പരിഹരിക്കാൻ സാധിച്ചേക്കും. അവയിൽ കുടുംബകാര്യങ്ങളുണ്ടാവും. നല്ലത് ചെയ്താലും, നന്മയുടെ പക്ഷത്ത് നിന്നാലും തെറ്റിദ്ധരിക്കപ്പെടാം. ചിലരുടെ ഉപജാപങ്ങൾ ഫലിച്ചേക്കാം. ബുധന്റെ ആനുകൂല്യം ചിന്തിച്ചാൽ തമ്മിൽ ഭേദം അനുഭവം കന്നിക്കൂറിലെ ചിത്തിര നാളുകാർക്കാവും. സൂര്യൻ, കേതു, ചൊവ്വ എന്നീ മൂന്ന് പാപഗ്രഹങ്ങൾ ജന്മരാശിയിൽ തുടരുകയാൽ രോഗം, സ്ഥാനചലനം , ഭയപ്പാടുകൾ എന്നിവ തുലാക്കൂറിലെ ചിത്തിര നാളുകാരെ ബാധിക്കാം. വല്ലപ്പോഴുമാവും നേട്ടങ്ങൾ ഉണ്ടാവുക. അവയുടെ അളവ് ചെറുതായിരിക്കും.
ചോതി
ഗ്രഹങ്ങളുടെ അനുകൂലത വളരെ കുറവുള്ള കാലഘട്ടമാണ്. ഏഴിൽ വ്യാഴനുണ്ടെങ്കിലും വക്രഗതിയിലാണ്. പതിനൊന്നിലെ ശുക്രൻ നീചാഭിലാഷി ഗ്രഹവുമാണ്. സാമ്പത്തികമായ അടിത്തറയ്ക്ക് ഇളക്കം തട്ടാം. പുതിയ ആദായ മാർഗങ്ങളെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടതുണ്ട്. കിടപ്പ് രോഗികൾക്ക് രോഗം കൂടാം. ആശുപത്രിവാസം വേണ്ടി വരാം. പ്രണയനദിയുടെ ഒഴുക്ക് കുറയാം. ദാമ്പത്യത്തിലെ താളപ്പിഴകൾ മറനീക്കി പുറത്തുവന്നേക്കും. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ഉണ്ടാവണമെന്നില്ല. മാസപ്പകുതിക്കുശേഷം സ്ഥിതി കുറേശ്ശേ മെച്ചപ്പെടാം.
വിശാഖം
കാലം പ്രതികൂലമെന്ന ബോധ്യം എപ്പോഴുമുണ്ടാവണം. ചെറിയ കാര്യങ്ങൾ നേടാൻ വലിയ സജ്ജീകരണം വേണ്ട സാഹചര്യമാണ്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടാം. അർഹതയുള്ളത് നേടാൻ വിയർപ്പൊഴുക്കേണ്ടി വരാം. പണമിടപാടുകളിൽ നഷ്ടം വരാതെ നോക്കേണ്ടതാണ്. സ്വന്തം ബിസിനസ്സ് നടത്തുന്നവർക്ക് ലാഭം തുച്ഛമായിരിക്കും. വായ്പാ തിരിച്ചടവ് മുടങ്ങാനിടയുണ്ട്. മാസത്തിന്റെ മദ്ധ്യഭാഗത്തിനുശേഷം കാര്യങ്ങൾ ഭേദപ്പെടാം. പഠിപ്പിൽ ഉത്സാഹമുണ്ടായേക്കും. മനക്ലേശം മാറാം. പുറംനാടുകളിൽ ജോലിക്കുള്ള ശ്രമം ഫലം കാണും. കുടുംബത്തിന്റെ ന്യായമായ ആവശ്യങ്ങൾ നിറവേറാൻ സാധിക്കും.
അനിഴം
പാപഗ്രഹങ്ങൾ പന്ത്രണ്ടാം ഭാവത്തിലാകയാൽ ചെലവിന് മുൻതൂക്കം ഉണ്ടാവും. വരവിലധികമാവും ചെലവുകൾ. ദൂരദേശങ്ങളിലേക്കുള്ള യാത്രയും ഒരു സാധ്യതയാണ്. ഉദ്യോഗസ്ഥന്മാർക്ക് അകലങ്ങളിലേക്ക് സ്ഥലം മാറ്റം വന്നേക്കാം. പൊതുപ്രവർത്തകർ തിരിച്ചടികളെ അഭിമുഖീകരിക്കും. ചിലർക്ക് വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടാവാം. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായേക്കാം. നിത്യവേതനക്കാർക്ക് അധികം വിഷമിക്കേണ്ടി വരില്ല. ശത്രുക്കൾ ചിലപ്പോൾ മിത്രങ്ങളാവാനിടയുണ്ട്.
തൃക്കേട്ട
നാലിൽ കണ്ടകശനിയും ആറിൽ വ്യാഴവും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കാൾ പന്ത്രണ്ടാമെടത്തിലെ കേതു-ചൊവ്വ- ആദിത്യൻ എന്നീ പാപത്രയങ്ങൾ കുഴപ്പങ്ങൾ വരുത്താം. കുടുംബബന്ധത്തിൽ മസൃണത കുറയാനിടയുണ്ട്. ചെലവിൽ നിയന്ത്രണം നഷ്ടമാകുമെന്നതും പ്രസ്താവ്യമാണ്. തുലാമാസം പകുതിക്കുശേഷം നേട്ടങ്ങൾ അനുഭവത്തിലെത്തും. ഏജൻസി/ഫ്രാഞ്ചൈസി പ്രവർത്തകർക്ക് കൂടുതൽ അവസരം ലഭിക്കുന്നതാണ്. എന്നാൽ വലിയ തോതിൽ മുതൽ മുടക്കിയുള്ള സംരംഭങ്ങൾക്ക് തുനിയാതിരിക്കുന്നതാണ് ഉത്തമം. സർക്കാർ ധനസഹായത്തിനുള്ള അനുമതിക്ക് താമസമുണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.