scorecardresearch

1199 തുലാം മാസഫലം: അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Thulam

Monthly Horoscope for Thulam, Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാരുടെ 1199 തുലാം മാസത്തെ മാസഫലം

Monthly Horoscope for Thulam, Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാരുടെ 1199 തുലാം മാസത്തെ മാസഫലം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thulam Monthly Horoscope | Horoscope | Astrology

അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാരുടെ തുലാം മാസഫലം

Monthly Horoscope for 1199 Thulam Aswathi to Ayiylam: 1199 തുലാം ഒന്ന് വരുന്നത് 2023 ഒക്ടോബർ 18നാണ്. തുലാം ആകെ 30 ദിവസങ്ങളുള്ള മാസമാണ്. നവംബർ 16ന് തുലാം അവസാനിക്കുന്നു. തുലാം മാസത്തിന്റെ / രാശിയുടെ സ്വരൂപം തുലാസ്സ് അഥവാ ത്രാസ്സ് ആകുന്നു. Libra എന്ന പേരിൽ പാശ്ചാത്യർ തുലാം രാശിയെ വ്യവഹരിക്കുന്നു. സൂര്യൻ തുലാം രാശിയിലൂടെ സഞ്ചരിക്കുന്ന മാസത്തെയാണ് ഭാരതീയർ തുലാം എന്ന് പറയുന്നത്.

Advertisment

സൂര്യന്റെ നീച രാശിയാണ് തുലാം. മേടപ്പത്ത് സൂര്യന്റെ അത്യുച്ചം ആണ്. അതുപോലെ തുലാപ്പത്ത് സൂര്യന്റെ അതിനീചസ്ഥാനമത്രെ! തുലാം മാസത്തിൽ ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളിലൂടെ സൂര്യൻ കടന്നുപോകുന്നു. തുലാം ഒന്നിന് ശുക്ല ചതുർത്ഥി തിഥിയിലാണ് ചന്ദ്രൻ. മുപ്പതാം തീയതി മുപ്പതാം തിഥിയായ ശുക്ല തൃതീയയിലെത്തുന്നു. തുലാം ഒന്നിന് അനിഴം നക്ഷത്രമാണ്. തുലാം മുപ്പതിന് ചന്ദ്രൻ ഒരുവട്ടം ഭ്രമണം പൂർത്തിയാക്കി മൂലം നാളിൽ സഞ്ചരിക്കുന്നു.

ബുധൻ തുലാം ഒന്നിന് തുലാം രാശിയിൽ പ്രവേശിക്കുന്നു. തുലാം 20ന് വൃശ്ചികത്തിലേക്കും കടക്കുന്നു. തുലാം 26 വരെ ബുധൻ മൗഢ്യത്തിലുമാണ്. ചൊവ്വ തുലാം 30 ന് വൃശ്ചികത്തിലേക്ക് സംക്രമിക്കുന്നു. അതുവരെ തുലാം രാശിയിലാണ്. ചൊവ്വയുടെ മൗഢ്യം തുടരുകയുമാണ്. ശനി തുലാം 20 ന് കുംഭത്തിലെ വക്രഗതി അവസാനിപ്പിച്ച് നേർഗതിയിലാവുന്നു. വ്യാഴം തുലാമാസം മുഴുവൻ മേടം രാശിയിൽ വക്രഗതിയിലാണ്. ശുക്രൻ തുലാം 16 ന് നീചക്ഷേത്രമായ കന്നിരാശിയിൽ പ്രവേശിക്കുന്നു.

തുലാം 13ന്, ഒക്ടോബർ 30ന് രാഹു കേതുക്കൾ രാശി മാറുന്നു. രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കുമാണ് അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്നത്. അടുത്ത ഒന്നരവർഷം രാഹുകേതുക്കൾ യഥാക്രമം മീനം - കന്നി രാശികളിൽ തുടരും.

Advertisment

തുലാം 11 ന് രാത്രിയിൽ അശ്വതി നക്ഷത്രത്തിൽ ചന്ദ്രഗ്രഹണം (Lunar Eclipse) സംഭവിക്കുന്നുണ്ട്. രേവതി, അശ്വതി, ഭരണി, മകം, മൂലം എന്നീ അഞ്ചു നാളുകാരെ ഗ്രഹണം പ്രതികൂലമായി സ്വാധീനിച്ചേക്കുമെന്ന് ജ്യോതിഷ നിയമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ഗ്രഹപരമായ സവിശേഷതകളുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുളള ഒന്‍പത് നക്ഷത്രക്കാരുടേയും 1199 തുലാം മാസത്തെ സമ്പൂർണ്ണമാസഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Monthly Horoscope for Thulam- Aswathi to Ayiylam

അശ്വതി

ജന്മനക്ഷത്രത്തിൽ നിന്നും രാഹുമാറുന്നത് വലിയ ഒരാശ്വാസമാണ്, അശ്വതിക്കാർക്ക്. ശരാശരി 7-8 മാസക്കാലമാണ് രാഹു ഓരോ നക്ഷത്രത്തിലും സഞ്ചരിക്കുക. തുടർന്നുപോന്ന കുറേക്കാലമായി അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ അകലുന്നതാണ്. ഭയപ്പാടുകളിൽ (Phobia) നിന്നും മുക്തിയുണ്ടാവും. വിഷാദിക്കുന്ന ശീലം കുറയാം. ഏഴിൽ സൂര്യനും ചൊവ്വയും സഞ്ചരിക്കുകയാൽ വസ്തുക്കളുടെ വില്പന തടസ്സപ്പെടാം. ദാമ്പത്യസ്വൈരം കുറയുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനോത്സുകത കുറഞ്ഞേക്കും. പ്രണയികൾക്കും ഇച്ഛാഭംഗം ഉണ്ടാവാം.

ഭരണി

ഗുണപ്രധാനവും ദോഷകരവും ആയ അനുഭവങ്ങൾ ഉണ്ടാവും. മാസമധ്യത്തിൽ രാഹുവും കേതുവും ജന്മരാശിയിൽ നിന്നും മാറുന്നത് ഉത്തമമാണ്. യഥാർത്ഥകഴിവുകൾ സ്വച്ഛന്ദമാവുകയും നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. ജന്മനക്ഷത്രാധിപനായ ശുക്രന് മാസമധ്യത്തിൽ നീചസ്ഥിതി ഉണ്ടാവുന്നതിനാൽ വ്യക്തിത്വം കുറച്ചൊന്ന് മങ്ങുന്നതായി തോന്നാം. ഏഴാം ഭാവത്തിൽ പാപഗ്രഹങ്ങൾ അധികം ഉള്ളതിനാൽ ദാമ്പത്യത്തെ പ്രതികൂലമായി ബാധിക്കാം. സ്നേഹത്തിന്റെ പൂക്കൾക്ക് മണം കുറഞ്ഞതായി തോന്നാം. അനുരഞ്ജനത്തിന്റെ വഴി അടഞ്ഞതായും ബോധ്യപ്പെടുന്നതാണ്.

കാർത്തിക

നക്ഷത്രനാഥനായ ആദിത്യന് പാപഗ്രഹയോഗം ഭവിക്കുന്നു. ആദിത്യൻ നീചരാശിയിലൂടെയാണ് സഞ്ചാരവും. ആകയാൽ സൗഹൃദങ്ങൾ ദോഷത്തിനും കൂടി കാരണമായേക്കാം. മേലധികാരികളുടെ വിരോധം സമ്പാദിക്കാൻ ഇടയുണ്ട്. സൂര്യൻ പിതാവിനെ സൂചിപ്പിക്കുന്ന ഗ്രഹമാവുകയാൽ പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ഇടവക്കൂറുകാർക്ക് കുറച്ചധികം നേട്ടങ്ങൾ പ്രതീക്ഷിക്കാനാവും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ അതിജീവിക്കാൻ സാധിക്കുന്നതാണ്.
ധനവരവ് ഉയരും.

രോഹിണി

പാപഗ്രഹങ്ങൾ ആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ പൊതുവേ നേട്ടങ്ങൾക്കാവും മുൻതൂക്കം. കഴിഞ്ഞ കന്നിമാസത്തെക്കാളും വരുന്ന വൃശ്ചികത്തെക്കാളും സാമ്പത്തികം, തൊഴിൽ, ദാമ്പത്യം തുടങ്ങിയ മുഖ്യത്വമുള്ള വിഷയങ്ങളിലെല്ലാം ഈ മാസത്തിനാവും മികവും ഗുണപ്രധാനതയും. ബുധൻ ആറിൽ തുടരുകയാൽ വിദ്യാഭ്യാസപരമായി ഉയർച്ച പ്രതീക്ഷിക്കാം. കലാ കായിക മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞേക്കും. മാസമദ്ധ്യത്തിലെ രാഹു-കേതു രാശി മാറ്റം രോഹിണിക്കാർക്ക് സമ്മിശ്രമാണ്. രാഹുമാറ്റം അനുകൂലമാണ്; കേതുമാറ്റം മാനസിക സമ്മർദ്ദം ഉയർത്തും.

മകയിരം

ഇടവക്കൂറുകാർക്ക് ഗുണമേറും, വിശേഷിച്ചും മാസത്തിന്റെ ആദ്യപകുതി. മിഥുനക്കൂറുകാർക്ക് രണ്ടാം പകുതിയാവും അല്പമെങ്കിലും അനുകൂലമാവുക. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ചിട്ടി / വായ്പ ഇവയിലൂടെ ധനം വന്നെത്തും. ഭൂമിയുടെ ക്രയവിക്രയം ലാഭകരമാകും. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. മക്കളുടെ പഠനച്ചെലവ് അധികരിച്ചേക്കും. അന്യനാട്ടിൽ ജോലി തേടുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ഇപ്പോഴത്തെ ഗ്രഹനിലയനുസരിച്ച് അഭിലഷണീയമല്ല. ആരോഗ്യജാഗ്രത പുലർത്തണം.

തിരുവാതിര

അഞ്ചാം ഭാവത്തിൽ മൂന്ന് പാപഗ്രഹങ്ങളാണ് മാസപ്പകുതി വരെ. അതിനാൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അനാവശ്യവും അപക്വവും ആയ ആലോചനകൾ മനസ്സിൽ ഇടം പിടിക്കാം. കർമ്മപരാങ്മുഖത്വം ഒരു സാധ്യതയാണ്. ആലസ്യമുണ്ടാവും. ചെയ്യാനുള്ള കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയുമില്ല. സാമ്പത്തിക സ്ഥിതി ആശാവഹമാവില്ല. കിട്ടാനുള്ള ധനം കൈവശം വന്നുചേരാൻ താമസമുണ്ടാവും. യോഗ, ധ്യാനം, മനോനിയന്ത്രണ പരിശീലനം എന്നിവ നേടുന്നത് നല്ലതായിരിക്കും. തൊഴിൽപരമായോ ധനപരമായോ സാഹസം എന്നു തോന്നുന്ന കാര്യങ്ങൾ ഇപ്പോൾ ഒഴിവാക്കുകയാവും കരണീയം. മാസത്തിന്റെ പകുതിക്കുശേഷം അല്പം മെച്ചം പ്രതീക്ഷിക്കാം.

പുണർതം

നക്ഷത്രനാഥനായ വ്യാഴം, ഭാഗ്യാധിപനായ ശനി എന്നിവ വക്രത്തിൽ സഞ്ചരിക്കുകയാൽ നേട്ടങ്ങൾ അനുഭവത്തിലെത്താൻ വൈകിയേക്കും. പ്രവർത്തനോർജ്ജം കുറയാം. നിത്യവേല ചെയ്യുന്നവർ ജോലിക്ക് പോകാൻ മടി കാട്ടും. പ്രയോജനരഹിതമായ ചിന്തകളിൽ ആബദ്ധരാകുന്നതാണ്. വിദ്യാർത്ഥികൾക്ക് പാഠപുസ്തകം എന്നത് ചതുർത്ഥിയാകും. സാമ്പത്തികം പ്രതീക്ഷിച്ച നിലയിലാവില്ല. ചിലപ്പോൾ കൈവായ്പ വാങ്ങേണ്ടതായി വരും. തുലാം 13-ാം തീയതിയിലെ രാഹുകേതുക്കളുടെ പകർച്ചയും അത്ര അനുകൂലമല്ല. മനസ്സിന്റെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ ശ്രമിക്കേണ്ടതാണ്.

പൂയം

ഗൃഹം, അമ്മ, സുഹൃത്തുക്കൾ, മനസ്സ്, ബന്ധുക്കൾ, വാഹനം ഇവയെ സൂചിപ്പിക്കുന്ന നാലാമെടത്ത് നാല് ഗ്രഹങ്ങൾ സംഗമിക്കുകയാണ്. അതിൽ മൂന്നും ദോഷശക്തിയുള്ള പാപഗ്രഹങ്ങളാണ് . അതിനാൽ മനോനില പ്രതികൂലമാവാം. ക്ഷോഭം ഏറുന്നതാണ്. ബന്ധുമിത്രാദികളോട് നിസ്സാരകാര്യങ്ങൾക്ക് കലഹിച്ചേക്കാം. വീടിനോ വാഹനത്തിനോ വല്ല അറ്റകുറ്റപ്പണിയും വേണ്ടിവന്നേക്കാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയുണ്ടാവണം. അയൽക്കാരുമായി പ്രശ്നങ്ങൾ ഉദിച്ചേക്കാം. ജീവിക്കാനും വളരാനും പ്രേരിപ്പിക്കുന്ന അനുഭവങ്ങളും കൂട്ടത്തിൽ ഉണ്ടാവുന്നതാണ്.

ആയില്യം

മനസ്സ് ഒരു കാട്ടുകുതിരയാണെന്ന് തോന്നും. മനോനിയന്ത്രണം ഒരു ബാലികേറാമലയാവും. ചിന്താശൈഥില്യം കർമ്മരംഗത്ത് വേണ്ട ഏകാഗ്രതയെ ഇല്ലാതാക്കും.
പല പല കാര്യങ്ങളിൽ മുഴുകേണ്ട സ്ഥിതി സംജാതമാകാം. ഒന്നിലും പൂർണ്ണമായും മുഴുകാനും സാധിച്ചേക്കില്ല. ഗാർഹികമായും സ്വൈരക്കേടുകൾ ഉണ്ടാവുന്നതാണ്. ബന്ധുമിത്രാദികളുടെ സഹായവാഗ്ദാനം വന്നെത്താൻ താമസിച്ചേക്കും. വീടിന്റെ മെയിന്റനൻസിന് വിചാരിച്ചതിലും പണം ചെലവാകും. വാഹനയാത്രയിൽ ശ്രദ്ധ വേണ്ടതുണ്ട്. സ്വന്തം ആരോഗ്യ കാര്യത്തിലും ശുഷ്കാന്തി വേണം. ഏറ്റവും മുഖ്യം ക്ഷമയും സഹിഷ്ണുതയും പുലർത്തുക എന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: