scorecardresearch

1199 കന്നിമാസഫലം: മൂലം മുതൽ രേവതി വരെ: Monthly Horoscope for Kanni

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്ക് കന്നിമാസം എങ്ങനെ? Monthly Horoscope for 1199 Kanni Moolam to Revathy

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്ക് കന്നിമാസം എങ്ങനെ? Monthly Horoscope for 1199 Kanni Moolam to Revathy

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kanni Horoscope | Astrological Predictions | Moolam to Revathi

Monthly Horoscope for Kanni in Malayalam

Monthly Horoscope for 1199 Kanni Moolam to Revathy: ഇംഗ്ലീഷിൽ Virgo എന്നറിയപ്പെടുന്ന രാശിയാണ് കന്നി. രാശിചക്രത്തിലെ (zodiac ലെ) ആറാമത്തെ രാശിയാണ്. സൗരമാസങ്ങളിൽ ആറാം മാസത്തിന്റെ പേരും കന്നി എന്നാകുന്നു. തോണിയിൽ നെൽക്കറ്റയും ചൂട്ടുമേന്തി യാത്ര ചെയ്യുന്ന ഒരു കന്യകയുടെ സ്വരൂപമാണ് കന്നിരാശിയുടേത്. ബുധനാണ് രാശിയുടെ നാഥൻ. ശുക്രന്റെ നീചക്ഷേത്രവുമാണിത്.

Advertisment

ചിങ്ങം 32 തീയതികൾ ഉള്ളതിനാൽ 2023 സെപ്തംബർ 18 ന് ആണ് കന്നിമാസം ഒന്നാം തീയതി വരുന്നത്. ചിങ്ങം 32 ന് ഞായറാഴ്ച പകൽ 1 മണി 33 മിനിട്ടിനാണ് സൂര്യന്റെ കന്നിസംക്രമം വരുന്നത്. ഉത്രം ഞാറ്റുവേല കന്നി 10 വരെയും തുടർന്ന് കന്നി 24 വരെ അത്തം ഞാറ്റുവേലയും തുടർന്ന് ചിത്തിര ഞാറ്റുവേലയുമാകുന്നു.

കന്നി ഒന്നിന് ശുക്ലപക്ഷ തൃതീയയാണ് തിഥി. കന്നി 12 ന് പൗർണമിയും 27 ന് കറുത്തവാവും വരുന്നു. ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം ഭ്രമണം പൂർത്തിയാക്കി ചിത്തിരയും കടന്ന് വിശാഖത്തിലെത്തുന്നു. ഭാദ്രപദമാസം പൂർണമാവുകയും ആശ്വിനം തുടങ്ങകയും ആണ്. ശനി കുംഭത്തിലെ വക്രസഞ്ചാരം തുടരുന്നു. മാസാദ്യം ചതയം രണ്ടാം പാദത്തിലും മാസാന്ത്യത്തിൽ അവിട്ടം നാലാം പാദത്തിലുമത്രെ!

രാഹു മേടം രാശിയിൽ അശ്വതി ഒന്നാം പാദത്തിലും കേതു തുലാത്തിൽ ചിത്തിര മൂന്നാം പാദത്തിലുമാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു.

Advertisment

കന്നിമാസം 14 വരെ ബുധൻ ചിങ്ങത്തിലും പിന്നീട് ഉച്ചരാശിയായ കന്നിയിലുമാണ്. 17-ാം തീയതി മുതൽ ബുധന് വക്രമൗഢ്യാരംഭവുമാണ്. ചൊവ്വ കന്നിമാസം 16-ാം തീയതി വരെ കന്നിരാശിയിൽ തുടരുന്നു. ശുക്രൻ കന്നി 15 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1199 കന്നിമാസത്തെ ഫലങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.

Monthly Horoscope for Kanni Moolam to Revathy

മൂലം

കാര്യസിദ്ധിയുണ്ടാവും. പ്രയത്നത്തിനനുസരിച്ച് ഫലം ലഭിക്കും. അതിനൊപ്പം ചില മനോവ്യസനങ്ങളും കൂടി വരാം. സഹപ്രവർത്തകരുടെ ഉപജാപങ്ങളെ നേരിടേണ്ട സ്ഥിതിയുണ്ടാകും. കുടുംബത്തിലെ സ്ത്രീകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാം. പഠനോപകരണങ്ങൾ, പാഠ്യഗ്രന്ഥങ്ങൾ എന്നിവ വാങ്ങിച്ചേക്കും. അഞ്ചിൽ രാഹുബന്ധമുള്ള വ്യാഴം നിൽക്കുകയാൽ മക്കളുടെ ശ്രേയസ്സ് തടസ്സപ്പെടുന്നതാണ്. ധനസ്ഥിതി മോശമാകില്ല. കന്നിമാസം രണ്ടാം പകുതിക്ക് മേന്മയേറും.

പൂരാടം

സൂര്യൻ അനുകൂല ഭാവത്തിലാകയാൽ തൊഴിൽ രംഗത്ത് ഗുണമുണ്ടാവും. വിവിധ ഘടകങ്ങളെ ഭംഗിയായി കൂട്ടിയോജിപ്പിക്കും. മത്സരങ്ങളിൽ വിജയിക്കും. സംഘടനാ വൈഭവം പ്രശംസിക്കപ്പെടും. കുടുംബാംഗങ്ങളുടെ പിന്തുണലഭിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ ഔത്സുക്യം കൂടാം. കലാപ്രവർത്തനം തടസ്സപ്പെട്ടേക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. വീടുമാറ്റത്തിന് ഇപ്പോൾ അനുകൂല സമയമല്ല.

ഉത്രാടം

സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് സ്വീകാര്യതയുണ്ടാവും. മാറ്റത്തിന്റെ ദിശാസൂചന കണ്ടുതുടങ്ങുന്നതാണ്. ചെറുസംരംഭങ്ങൾ വിജയം കൊയ്യും. ധനപരമായ ഞെരുക്കം കുറയുന്നതാണ്. വായ്പാ തിരിച്ചടവുകൾക്ക് പണമുണ്ടാവും. ദാമ്പത്യത്തിൽ ഇണക്കവും പിണക്കവും ആവർത്തിക്കും.
ഭൂമി വ്യാപാരത്തിൽ നഷ്ടം വരാം.

തിരുവോണം

ഭാഗ്യസ്ഥാനത്ത് പാപഗ്രഹങ്ങൾ നിൽക്കുകയാൽ ചില നേട്ടങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ വഴുതുന്നതാണ്. പിതാവിന്റ സ്വത്തുക്കൾ സംബന്ധിച്ച തർക്കം ഉണ്ടായേക്കാം. തൊഴിലിൽ ഇപ്പോൾ അനുകൂലസാഹചര്യമാണെന്ന് പറയുക വയ്യ. ഏഴിലെ ശുക്രസ്ഥിതി പ്രണയം, ദാമ്പത്യം എന്നിവയിൽ അലോസരങ്ങളുയർത്താം. നേട്ടങ്ങൾ നാമമാത്രമാവും. ഗൃഹനിർമ്മാണം പ്രതീക്ഷിച്ച ചിലവുകൾക്കും അപ്പുറമായേക്കും. വയോജനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ ജാഗ്രത പുലർത്തണം.

അവിട്ടം

ഉദ്യോഗത്തിൽ ആലസ്യമനുഭവപ്പെടും. ദൗത്യങ്ങൾ പൂർത്തീകരിക്കാൻ പതിവിലും കൂടുതൽ സമയം വേണ്ടിവരുന്നതാണ്. സംഘടനാ പ്രവർത്തനത്തിലെ അനിഷേധ്യത ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. ബിസിനസ്സിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവും. പുതുവായ്പകൾക്കുള്ള ശ്രമം വിജയിക്കണമെന്നില്ല. എതിരാളികൾ കരുത്ത് തെളിയിക്കും. വിദേശത്ത് ജോലി തേടുന്നവർക്ക് അതിനവസരം ഉണ്ടായേക്കാം. കുടുംബപരമായി സമ്മിശ്രമായ ഫലമായിരിക്കും. കുംഭക്കൂറുകാർ ആരോഗ്യപരമായി കൂടുതൽ ജാഗ്രത പാലിക്കേണ്ട സന്ദർഭമാണ്.

ചതയം

അഷ്ടമത്തിൽ പാപഗ്രഹങ്ങൾ തുടരുന്നതിനാൽ വളരെ കരുതൽ വേണം, എല്ലാക്കാര്യങ്ങളിലും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാം. അവിചാരിതമായ യാത്രകൾ ഉണ്ടാവാനിടയുണ്ട്. ചെറുകിട സംരംഭങ്ങളിൽ നിന്നും തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാം. മനസ്സാന്നിദ്ധ്യവും പ്രത്യുല്പന്നമതിത്വവും നിലനിർത്തുക അല്പം ക്ലേശകരമായേക്കും. വരവും ചെലവും തുലമായിരിക്കുന്നതാണ്. നവമാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ കുറയാം. മാനസിക പിരിമുറുക്കം കൂടാനിടയുണ്ട്.

പൂരൂരുട്ടാതി

സജ്ജനങ്ങളുമായി കലഹിച്ചേക്കും. ബന്ധുക്കളുടെ പിന്തുണ കുറയാം. സമയബന്ധിതമായി പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞേക്കില്ല. കുടുംബജീവിതത്തിന്റെ സന്തുലിതത്വം നിലനിർത്തുന്നതിൽ വിജയിച്ചേക്കും. ന്യായമായ ആവശ്യങ്ങൾക്കുള്ള പണം വന്നെത്തുന്നതാണ്. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കാലം അനുകൂലമല്ലെന്നത് ഓർമ്മയുണ്ടാവണം. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതാണ്. ഗ്രഹപ്പിഴയുള്ള കാലമാകയാൽ സാഹസങ്ങൾക്ക് മുതിരരുത്.

ഉത്രട്ടാതി

ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. ഭൂമിയിൽ നിന്നും ആദായം കുറയാം. ബിസിനസ്സ് ചർച്ചകൾ വിജയിക്കാൻ സാധ്യത കുറവാണ്. ദാമ്പത്യബന്ധത്തിന്റെ ഊഷ്മളത നിലനിർത്തുന്നതിൽ വളരെ ക്ലേശിക്കും. സുഹൃത്തുക്കളുമായി ആശയപരമായി അകലം ഭവിച്ചേക്കാം. കലാപ്രവർത്തനങ്ങൾ അഭംഗുരം മുന്നോട്ടുപോകുന്നതാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെട്ടേക്കും. പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും മുൻപ് മുഴുവൻ കാര്യങ്ങളിലും അവഗാഹം നേടുന്നത് നന്നായിരിക്കും.

രേവതി

പ്രണയികൾക്ക് വിഘ്നങ്ങളേയും വെല്ലുവിളികളേയും നേരിടേണ്ടി വരാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അനൈക്യം പ്രത്യക്ഷപ്പെട്ടേക്കും. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്താനിടയുണ്ട്. തന്മൂലം ശിക്ഷണ നടപടികൾ ഉണ്ടായേക്കാം. കൃത്യനിഷ്ഠ പാലിക്കാൻ ക്ലേശിക്കുന്നതാണ്. മുതൽ മുടക്കുകളിൽ ലാഭം പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. കലാപരമായ പ്രവർത്തനങ്ങൾ, പഠനം എന്നിവയിൽ ചില മികവുകൾ വരാം. യാത്രകളിൽ കരുതൽ അനിവാര്യം.ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: