/indian-express-malayalam/media/media_files/uploads/2023/09/Kanni-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
Monthly Horoscope for Kanni in Malayalam
Monthly Horoscope for 1199 Kanni Aswathi to Ayiylam: ഇംഗ്ലീഷിൽ Virgo എന്നറിയപ്പെടുന്ന രാശിയാണ് കന്നി. രാശിചക്രത്തിലെ (zodiac ലെ) ആറാമത്തെ രാശിയാണ്. സൗരമാസങ്ങളിൽ ആറാം മാസത്തിന്റെ പേരും കന്നി എന്നാകുന്നു. തോണിയിൽ നെൽക്കറ്റയും ചൂട്ടുമേന്തി യാത്ര ചെയ്യുന്ന ഒരു കന്യകയുടെ സ്വരൂപമാണ് കന്നിരാശിയുടേത്. ബുധനാണ് രാശിയുടെ നാഥൻ. ശുക്രന്റെ നീചക്ഷേത്രവുമാണിത്.
ചിങ്ങം 32 തീയതികൾ ഉള്ളതിനാൽ 2023 സെപ്തംബർ 18 ന് ആണ് കന്നിമാസം ഒന്നാം തീയതി വരുന്നത്. ചിങ്ങം 32 ന് ഞായറാഴ്ച പകൽ 1 മണി 33 മിനിട്ടിനാണ് സൂര്യന്റെ കന്നിസംക്രമം വരുന്നത്. ഉത്രം ഞാറ്റുവേല കന്നി 10 വരെയും തുടർന്ന് കന്നി 24 വരെ അത്തം ഞാറ്റുവേലയും തുടർന്ന് ചിത്തിര ഞാറ്റുവേലയുമാകുന്നു.
കന്നി ഒന്നിന് ശുക്ലപക്ഷ തൃതീയയാണ് തിഥി. കന്നി 12 ന് പൗർണമിയും 27 ന് കറുത്തവാവും വരുന്നു. ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം ഭ്രമണം പൂർത്തിയാക്കി ചിത്തിരയും കടന്ന് വിശാഖത്തിലെത്തുന്നു. ഭാദ്രപദമാസം പൂർണമാവുകയും ആശ്വിനം തുടങ്ങകയും ആണ്. ശനി കുംഭത്തിലെ വക്രസഞ്ചാരം തുടരുന്നു. മാസാദ്യം ചതയം രണ്ടാം പാദത്തിലും മാസാന്ത്യത്തിൽ അവിട്ടം നാലാം പാദത്തിലുമത്രെ!
രാഹു മേടം രാശിയിൽ അശ്വതി ഒന്നാം പാദത്തിലും കേതു തുലാത്തിൽ ചിത്തിര മൂന്നാം പാദത്തിലുമാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു.
കന്നിമാസം 14 വരെ ബുധൻ ചിങ്ങത്തിലും പിന്നീട് ഉച്ചരാശിയായ കന്നിയിലുമാണ്. 17-ാം തീയതി മുതൽ ബുധന് വക്രമൗഢ്യാരംഭവുമാണ്. ചൊവ്വ കന്നിമാസം 16-ാം തീയതി വരെ കന്നിരാശിയിൽ തുടരുന്നു. ശുക്രൻ കന്നി 15 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1199 കന്നിമാസത്തെ ഫലങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.
Monthly Horoscope for Kanni Aswathi to Ayiylam
അശ്വതി
കാര്യങ്ങൾ അനുകൂലമാകുന്ന സന്ദർഭമാണ്. ആറാം ഭാവത്തിൽ ആദിത്യനും കുജനും യോഗം ചെയ്യുന്നതിനാൽ തൊഴിൽപരമായി മെച്ചപ്പെട്ട കാലമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി പ്രതീക്ഷിക്കാം. വലിയ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കാനാവും. കടക്കെണികൊണ്ട് വീർപ്പുമുട്ടുന്നവർക്ക് ആശ്വസിക്കാൻ വഴി തെളിയുന്നതാണ്. രോഗാദികൾക്കും ശമനം കണ്ടുതുടങ്ങും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ഗൃഹമോ തൊഴിലിടമോ നവീകരിക്കുന്നതിനോ ശീതീകരണോപകരണങ്ങൾ വാങ്ങാനോ സാധ്യത കാണുന്നു.
ഭരണി
കൃത്യമായ കണക്കുകൂട്ടലുകളിലൂടെ മുന്നേറാനാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ ഭംഗിയായി നിറവേറും. കർമ്മമേഖല കാര്യക്ഷമമാവുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടാം. ഭൂമി വാങ്ങാനും വ്യവഹാരങ്ങളിൽ വിജയിക്കാനും കഴിയുന്ന സാഹചര്യമാണ്. ചെലവുകളും വർദ്ധിക്കുന്നതായി അനുഭവത്തിൽ നിന്നറിയും. വൃദ്ധജനങ്ങളുടെ ചികിത്സയിൽ മാറ്റം വരാനും ആരോഗ്യസ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്.
കുടുംബസൗഖ്യവും പ്രതീക്ഷിക്കാം.
കാർത്തിക
വിദ്യാഭ്യാസത്തിൽ മേന്മയുണ്ടാവും. ശാസ്ത്ര വിഷയങ്ങളിലും സാങ്കേതിക വിഷയങ്ങളിൽ നിന്നും താല്പര്യമേറുന്നതാണ്. നവമാധ്യമ രംഗത്തുള്ളവർക്ക് 'അനുയായികൾ' വർദ്ധിക്കും. പ്രതികൂല പ്രവർത്തനം നടത്തുന്നവരെ തിരിച്ചറിയാനും ശക്തമായി പ്രതിരോധിക്കാനും സാധിക്കും. പുതിയ തൊഴിലിനായുള്ള ശ്രമം വിജയം കാണും. വിവാഹാർത്ഥികൾ ആഗ്രഹസാഫല്യത്തിന് കൂടുതൽ കാത്തിരിക്കേണ്ടിവന്നേക്കും. ബന്ധുബലം വർദ്ധിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ വേണ്ടതുണ്ട്.
രോഹിണി
സഹോദരിമാരുടെ സമയോചിതമായ പിന്തുണ ലഭിക്കും. ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധ കുറയാം. ഉദ്യോഗത്തിൽ ഉയരാൻ കഠിനാദ്ധ്വാനം ആവശ്യമായി വരും. കച്ചവടത്തിൽ വരവും ചെലവും തുല്യമായിരിക്കും. സഭകളിൽ പ്രസംഗിച്ച് കൈയ്യടി നേടും. മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം. സമയം ശരിയാംവണ്ണം ഉപയോഗിക്കുന്നതിൽ ഉണർവ് ഉണ്ടാവേണ്ടതുണ്ട്. ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പ് നീണ്ടുപോയേക്കാം. യാത്രകൾ കൊണ്ട് പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ ഭവിക്കണമെന്നില്ല.
മകയിരം
അഭിമുഖങ്ങളും പരീക്ഷകളും അനുകൂലമായിത്തീരും. തീർത്ഥയാത്രക്കായി മുൻകൂട്ടി തന്നെ തയ്യാറെടുക്കും. ന്യായമായ വഴികളിലൂടെ പണം വന്നുചേരുന്നതാണ്. വസ്തുസംബന്ധിച്ച തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കിട്ടാൻ വൈകിയേക്കും. ബന്ധുക്കളുമായി പിണങ്ങാനിടയുണ്ട്. ദേഹാദ്ധ്വാനം കൂടാം. വാഹനം, അഗ്നി ഇവ ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. രാഷ്ട്രീയ നിലപാടുകളും പരസ്യപ്രസ്താവനകളും തർക്കത്തിലേക്ക് നീങ്ങാം. പ്രണയത്തിൽ വിജയിക്കുക എളുപ്പമായേക്കില്ല.
തിരുവാതിര
നാലാം ഭാവത്തിൽ പാപഗ്രഹങ്ങളായ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നതിനാൽ മനക്ലേശം, ദേഹസൗഖ്യക്കുറവ് എന്നിവയുണ്ടാവാം. പഠനത്തിൽ ഏകാഗ്രത കുറയും. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തികസ്ഥിതി മോശമാവില്ല. ഗൃഹനിർമ്മാണത്തിന് കാലം അനുകൂലമല്ല. ചിലർക്ക് വീട് / നാട് വിട്ടുനിൽക്കേണ്ടതായ സാഹചര്യം ഉണ്ടാവും. വലിയ മുതൽ മുടക്കുകൾ ലാഭകരമാവണമെന്നില്ല.
പുണർതം
വലിയ തീരുമാനങ്ങൾ കൈക്കൊള്ളും മുൻപ് പുനരാലോചനകൾ വേണ്ടതുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ താൽകാലികമായിട്ടെങ്കിലും മങ്ങുന്നതാണ്. മനസ്സാക്ഷിയെ മറച്ചു പിടിച്ചുകൊണ്ട് സംസാരിക്കേണ്ടതായ സാഹചര്യം വന്നേക്കും. പഴയ വീട് പൊളിച്ച് പുതിയ വീട് വെക്കാനുള്ള തീരുമാനം കൈക്കൊള്ളും മുൻപ് ഭൂമി സംബന്ധിച്ച രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഉദ്യോഗസ്ഥർക്ക് അധികജോലിഭാരം ഉണ്ടാവും. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാകും. നിലവിലെ ജോലി ഉപേക്ഷിച്ചിട്ട് പുതുജോലി തേടുന്നത് ഫലവത്താകില്ല.
പൂയം
അനുഭവിച്ചുപോരുന്ന കഷ്ടനഷ്ടങ്ങളിൽ നിന്നും മോചനമുണ്ടാവും. പ്രമുഖരുടെ പിന്തുണ ലഭിക്കുന്നതാണ്. കുടുംബത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും. സർക്കാർ അനുമതി, സഹായധനം ഇവ പ്രതീക്ഷിക്കാം. എതിർപ്പുകളെ അതിജീവിച്ചേക്കും. വിദ്യാർത്ഥികളുടെ മത്സരവിജയം മികച്ച രീതിയിലാവും. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള സാഹചര്യം വന്നെത്തും. പ്രണയവിഘ്നങ്ങൾ ഒഴിയാം. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കപ്പെടുന്നതാണ്.
ആയില്യം
നക്ഷത്രനാഥനായ ബുധന് മൗഢ്യം തീരുന്നതും ഉച്ചരാശിയിലേക്ക് പ്രവേശിക്കുവാനാവുന്നതും അനുകൂല ഘടകങ്ങളാണ്. തടസ്സങ്ങൾ നീങ്ങി കാര്യവിജയം പ്രതീക്ഷിക്കാം. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങും. കച്ചവടത്തിലെ മാന്ദ്യം നീങ്ങുന്നതാണ്.
പുതിയ കരാറുകൾ ലഭിച്ചേക്കാം. സാങ്കേതിക വിദ്യ സ്വായത്തമാക്കാൻ അവസരമുണ്ടാകും. അഷ്ടമശനിയുടെ ദോഷകാഠിന്യത്തെ ചെറുക്കാൻ സാധിക്കുന്നതാണ്. യാത്രകൾ കൂടാം. ഗാർഹിക സൗഖ്യം ലഭിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.