/indian-express-malayalam/media/media_files/uploads/2023/09/Kanni-Horoscope-1.jpg)
Monthly Horoscope for Kanni in Malayalam
Monthly Horoscope for 1199 Kanni Aswathi to Revathy: ഇംഗ്ലീഷിൽ Virgo എന്നറിയപ്പെടുന്ന രാശിയാണ് കന്നി. രാശിചക്രത്തിലെ (zodiac ലെ) ആറാമത്തെ രാശിയാണ്. സൗരമാസങ്ങളിൽ ആറാം മാസത്തിന്റെ പേരും കന്നി എന്നാകുന്നു. തോണിയിൽ നെൽക്കറ്റയും ചൂട്ടുമേന്തി യാത്ര ചെയ്യുന്ന ഒരു കന്യകയുടെ സ്വരൂപമാണ് കന്നിരാശിയുടേത്. ബുധനാണ് രാശിയുടെ നാഥൻ. ശുക്രന്റെ നീചക്ഷേത്രവുമാണിത്.
ചിങ്ങം 32 തീയതികൾ ഉള്ളതിനാൽ 2023 സെപ്തംബർ 18 ന് ആണ് കന്നിമാസം ഒന്നാം തീയതി വരുന്നത്. ചിങ്ങം 32 ന് ഞായറാഴ്ച പകൽ 1 മണി 33 മിനിട്ടിനാണ് സൂര്യന്റെ കന്നിസംക്രമം വരുന്നത്. ഉത്രം ഞാറ്റുവേല കന്നി 10 വരെയും തുടർന്ന് കന്നി 24 വരെ അത്തം ഞാറ്റുവേലയും തുടർന്ന് ചിത്തിര ഞാറ്റുവേലയുമാകുന്നു.
കന്നി ഒന്നിന് ശുക്ലപക്ഷ തൃതീയയാണ് തിഥി. കന്നി 12 ന് പൗർണമിയും 27 ന് കറുത്തവാവും വരുന്നു. ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം ഭ്രമണം പൂർത്തിയാക്കി ചിത്തിരയും കടന്ന് വിശാഖത്തിലെത്തുന്നു. ഭാദ്രപദമാസം പൂർണമാവുകയും ആശ്വിനം തുടങ്ങകയും ആണ്. ശനി കുംഭത്തിലെ വക്രസഞ്ചാരം തുടരുന്നു. മാസാദ്യം ചതയം രണ്ടാം പാദത്തിലും മാസാന്ത്യത്തിൽ അവിട്ടം നാലാം പാദത്തിലുമത്രെ!
രാഹു മേടം രാശിയിൽ അശ്വതി ഒന്നാം പാദത്തിലും കേതു തുലാത്തിൽ ചിത്തിര മൂന്നാം പാദത്തിലുമാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു.
കന്നിമാസം 14 വരെ ബുധൻ ചിങ്ങത്തിലും പിന്നീട് ഉച്ചരാശിയായ കന്നിയിലുമാണ്. 17-ാം തീയതി മുതൽ ബുധന് വക്രമൗഢ്യാരംഭവുമാണ്. ചൊവ്വ കന്നിമാസം 16-ാം തീയതി വരെ കന്നിരാശിയിൽ തുടരുന്നു. ശുക്രൻ കന്നി 15 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1199 കന്നിമാസത്തെ ഫലങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.
Monthly Horoscope for Kanni Aswathi to Revathy
അശ്വതി
കാര്യങ്ങൾ അനുകൂലമാകുന്ന സന്ദർഭമാണ്. ആറാം ഭാവത്തിൽ ആദിത്യനും കുജനും യോഗം ചെയ്യുന്നതിനാൽ തൊഴിൽപരമായി മെച്ചപ്പെട്ട കാലമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി പ്രതീക്ഷിക്കാം. വലിയ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കാനാവും. കടക്കെണികൊണ്ട് വീർപ്പുമുട്ടുന്നവർക്ക് ആശ്വസിക്കാൻ വഴി തെളിയുന്നതാണ്. രോഗാദികൾക്കും ശമനം കണ്ടുതുടങ്ങും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ഗൃഹമോ തൊഴിലിടമോ നവീകരിക്കുന്നതിനോ ശീതീകരണോപകരണങ്ങൾ വാങ്ങാനോ സാധ്യത കാണുന്നു.
ഭരണി
കൃത്യമായ കണക്കുകൂട്ടലുകളിലൂടെ മുന്നേറാനാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ ഭംഗിയായി നിറവേറും. കർമ്മമേഖല കാര്യക്ഷമമാവുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടാം. ഭൂമി വാങ്ങാനും വ്യവഹാരങ്ങളിൽ വിജയിക്കാനും കഴിയുന്ന സാഹചര്യമാണ്. ചെലവുകളും വർദ്ധിക്കുന്നതായി അനുഭവത്തിൽ നിന്നറിയും. വൃദ്ധജനങ്ങളുടെ ചികിത്സയിൽ മാറ്റം വരാനും ആരോഗ്യസ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്. കുടുംബസൗഖ്യവും പ്രതീക്ഷിക്കാം.
കാർത്തിക
വിദ്യാഭ്യാസത്തിൽ മേന്മയുണ്ടാവും. ശാസ്ത്ര വിഷയങ്ങളിലും സാങ്കേതിക വിഷയങ്ങളിൽ നിന്നും താല്പര്യമേറുന്നതാണ്. നവമാധ്യമ രംഗത്തുള്ളവർക്ക് 'അനുയായികൾ' വർദ്ധിക്കും. പ്രതികൂല പ്രവർത്തനം നടത്തുന്നവരെ തിരിച്ചറിയാനും ശക്തമായി പ്രതിരോധിക്കാനും സാധിക്കും. പുതിയ തൊഴിലിനായുള്ള ശ്രമം വിജയം കാണും. വിവാഹാർത്ഥികൾ ആഗ്രഹസാഫല്യത്തിന് കൂടുതൽ കാത്തിരിക്കേണ്ടിവന്നേക്കും. ബന്ധുബലം വർദ്ധിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ വേണ്ടതുണ്ട്.
രോഹിണി
സഹോദരിമാരുടെ സമയോചിതമായ പിന്തുണ ലഭിക്കും. ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധ കുറയാം. ഉദ്യോഗത്തിൽ ഉയരാൻ കഠിനാദ്ധ്വാനം ആവശ്യമായി വരും. കച്ചവടത്തിൽ വരവും ചെലവും തുല്യമായിരിക്കും. സഭകളിൽ പ്രസംഗിച്ച് കൈയ്യടി നേടും. മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം. സമയം ശരിയാംവണ്ണം ഉപയോഗിക്കുന്നതിൽ ഉണർവ് ഉണ്ടാവേണ്ടതുണ്ട്. ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പ് നീണ്ടുപോയേക്കാം. യാത്രകൾ കൊണ്ട് പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ ഭവിക്കണമെന്നില്ല.
മകയിരം
അഭിമുഖങ്ങളും പരീക്ഷകളും അനുകൂലമായിത്തീരും. തീർത്ഥയാത്രക്കായി മുൻകൂട്ടി തന്നെ തയ്യാറെടുക്കും. ന്യായമായ വഴികളിലൂടെ പണം വന്നുചേരുന്നതാണ്. വസ്തുസംബന്ധിച്ച തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കിട്ടാൻ വൈകിയേക്കും. ബന്ധുക്കളുമായി പിണങ്ങാനിടയുണ്ട്. ദേഹാദ്ധ്വാനം കൂടാം. വാഹനം, അഗ്നി ഇവ ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. രാഷ്ട്രീയ നിലപാടുകളും പരസ്യപ്രസ്താവനകളും തർക്കത്തിലേക്ക് നീങ്ങാം. പ്രണയത്തിൽ വിജയിക്കുക എളുപ്പമായേക്കില്ല.
തിരുവാതിര
നാലാം ഭാവത്തിൽ പാപഗ്രഹങ്ങളായ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നതിനാൽ മനക്ലേശം, ദേഹസൗഖ്യക്കുറവ് എന്നിവയുണ്ടാവാം. പഠനത്തിൽ ഏകാഗ്രത കുറയും. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തികസ്ഥിതി മോശമാവില്ല. ഗൃഹനിർമ്മാണത്തിന് കാലം അനുകൂലമല്ല. ചിലർക്ക് വീട് / നാട് വിട്ടുനിൽക്കേണ്ടതായ സാഹചര്യം ഉണ്ടാവും. വലിയ മുതൽ മുടക്കുകൾ ലാഭകരമാവണമെന്നില്ല.
പുണർതം
വലിയ തീരുമാനങ്ങൾ കൈക്കൊള്ളും മുൻപ് പുനരാലോചനകൾ വേണ്ടതുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ താൽകാലികമായിട്ടെങ്കിലും മങ്ങുന്നതാണ്. മനസ്സാക്ഷിയെ മറച്ചു പിടിച്ചുകൊണ്ട് സംസാരിക്കേണ്ടതായ സാഹചര്യം വന്നേക്കും. പഴയ വീട് പൊളിച്ച് പുതിയ വീട് വെക്കാനുള്ള തീരുമാനം കൈക്കൊള്ളും മുൻപ് ഭൂമി സംബന്ധിച്ച രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഉദ്യോഗസ്ഥർക്ക് അധികജോലിഭാരം ഉണ്ടാവും. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാകും. നിലവിലെ ജോലി ഉപേക്ഷിച്ചിട്ട് പുതുജോലി തേടുന്നത് ഫലവത്താകില്ല.
പൂയം
അനുഭവിച്ചുപോരുന്ന കഷ്ടനഷ്ടങ്ങളിൽ നിന്നും മോചനമുണ്ടാവും. പ്രമുഖരുടെ പിന്തുണ ലഭിക്കുന്നതാണ്. കുടുംബത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും. സർക്കാർ അനുമതി, സഹായധനം ഇവ പ്രതീക്ഷിക്കാം. എതിർപ്പുകളെ അതിജീവിച്ചേക്കും. വിദ്യാർത്ഥികളുടെ മത്സരവിജയം മികച്ച രീതിയിലാവും. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള സാഹചര്യം വന്നെത്തും. പ്രണയവിഘ്നങ്ങൾ ഒഴിയാം. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കപ്പെടുന്നതാണ്.
ആയില്യം
നക്ഷത്രനാഥനായ ബുധന് മൗഢ്യം തീരുന്നതും ഉച്ചരാശിയിലേക്ക് പ്രവേശിക്കുവാനാവുന്നതും അനുകൂല ഘടകങ്ങളാണ്. തടസ്സങ്ങൾ നീങ്ങി കാര്യവിജയം പ്രതീക്ഷിക്കാം. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങും. കച്ചവടത്തിലെ മാന്ദ്യം നീങ്ങുന്നതാണ്. പുതിയ കരാറുകൾ ലഭിച്ചേക്കാം. സാങ്കേതിക വിദ്യ സ്വായത്തമാക്കാൻ അവസരമുണ്ടാകും. അഷ്ടമശനിയുടെ ദോഷകാഠിന്യത്തെ ചെറുക്കാൻ സാധിക്കുന്നതാണ്. യാത്രകൾ കൂടാം. ഗാർഹിക സൗഖ്യം ലഭിക്കാം.
മകം
ജന്മരാശിയിൽ നിന്നും പാപഗ്രഹങ്ങളൊഴിയുന്നത് ആശ്വാസകരം. ബുധൻ രാശിയിൽ തുടരുകയാൽ വിദ്യാഭ്യാസപരമായി താൽപര്യവും ശ്രദ്ധയും അധികരിക്കും. ബന്ധുജനങ്ങളുടെ പിന്തുണ സിദ്ധിക്കും. പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമം തുടരും. മാസം പകുതി മുതൽ ശുക്രൻ ജന്മരാശിയിലേക്ക് സംക്രമിക്കുന്നതിനാൽ ഭോഗസിദ്ധി, ആഢംബരം, സുഗന്ധലേപനങ്ങളും പാരിതോഷികങ്ങളും ലഭിക്കുക എന്നിവ ഫലം. കുടുംബ ജീവിതത്തിൽ സംഭാഷണം മൂലം ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം.
പൂരം
പലകാര്യങ്ങളിലും ഏർപ്പെട്ടിരുന്ന തടസ്സം നീങ്ങാം. ജീവിതം കൂടുതൽ സുഖകരവും സന്തോഷപ്രദവുമാവാം. ജീവിതത്തിൽ വിജയിക്കുക എന്നത് അസാധ്യകാര്യം അല്ല എന്ന ആത്മവിശ്വാസം ഉണ്ടാകുന്നതാണ്. വാക്കുകളിൽ പാരുഷ്യവും പകയും കലരാതെ നോക്കേണ്ടതുണ്ട്. കുടുംബ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സന്ദർഭമാണ്. മക്കൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ മറന്നുപോകരുത്. ഉപാസനകളും ദൈവകാര്യങ്ങളും തടസ്സപ്പെടാനിടയുണ്ട്. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്.
ഉത്രം
ചിങ്ങക്കൂറുകാർക്ക് സമ്മർദ്ദം കുറയും. ഉദ്യോഗത്തിൽ കൂടുതൽ ശോഭിക്കാനാവും. ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. കന്നിക്കൂറുകാർക്ക് അലച്ചിലും കാര്യവിഘ്നവും സംഭവിക്കും. കരുതൽ ധനം എടുത്തുപയോഗിക്കേണ്ടതായി വരാം. വിവാദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാവും ഉചിതം. നിത്യച്ചെലവുകൾ ഒരുവിധം നടന്നുപോകും. ആരോഗ്യ പരിശോധനകളിൽ അമാന്തം അരുത്.
അത്തം
കന്നിരാശിയിൽ പാപഗ്രഹങ്ങളായ ചൊവ്വയും ആദിത്യനും സഞ്ചരിക്കുന്നതിനാൽ അത്യന്തം കരുതൽ വേണം. ആപത്തുകളെ അഭിമുഖീകരിക്കേണ്ടി വന്നാൽ അദ്ഭുതമില്ല. കരുതൽ വേണം എല്ലാക്കാര്യങ്ങളിലും. സാഹസങ്ങൾ ഒഴിവാക്കണം. സുലഭവസ്തുക്കൾ ദുർലഭമായേക്കാം. നേട്ടങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ട സ്ഥിതിയുണ്ടാവാം. നവസംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കടക്കെണി അലോസരമുണ്ടാക്കാം. വ്യാപാരത്തിൽ നിന്നും ലാഭം കുറയും.
ചിത്തിര
ലക്ഷ്യത്തിലെത്താൻ കൂടുതൽ പ്രയത്നിക്കേണ്ടി വരുന്നതാണ്. സാഹചര്യം അനുകൂലമല്ലെന്നത് ഓർമ്മയിലുണ്ടാവണം. അപവാദപ്രചരണങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ വിഷമിച്ചേക്കും. സഹോദരരുടെ പിന്തുണയ്ക്ക് ലോപം വരാം. അധികാരികൾ വിചിത്രമായ വാദങ്ങൾ ഉയർത്തി വേതനം തടയാനോ പദവിയിൽ തരം താഴ്ത്താനോ ശ്രമിക്കുന്നതാണ്. വ്യവഹാരത്തിൽ സമയനഷ്ടം, പണനഷ്ടം എന്നിവ സാധ്യതകൾ. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യം.
ചോതി
പന്ത്രണ്ടാം രാശിയിൽ പാപഗ്രഹങ്ങൾ അധികരിക്കുകയാൽ അനാവശ്യമായ യാത്രകൾ ഉണ്ടാവാം. യാത്രകളിൽ രേഖകൾ നഷ്ടപ്പെടുക, പണം കളവ് പോവുക എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ കരുതൽ വേണം. ഉദരരോഗം, പാദരോഗം ഇവ വിഷമിപ്പിക്കാം. മക്കളുടെ ഭാവസംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിഞ്ഞേക്കില്ല. ചെറുകിട വ്യാപാരം, ദിവസവേതനം, ഏജൻസി പ്രവർത്തനം എന്നിവ ചെയ്യുന്നവർക്ക് തൃപ്തികരമായ വരുമാനം ലഭിക്കാം. ബുധന്റെ അനുകൂല സ്ഥിതിയാൽ പഠനപുരോഗതിയും ബന്ധുഗുണവും പ്രതീക്ഷിക്കാം.
വിശാഖം
വൃശ്ചികക്കൂറുകാർക്ക് ഗുണാനുഭവങ്ങളേറും. കർമ്മഗുണം, കാര്യവിജയം ഇവ പ്രതീക്ഷിക്കാം. തുലാക്കൂറുകാർക്ക് ഗുണങ്ങൾ ഭാഗികമായിട്ടാവും സിദ്ധിക്കുക.
പുതിയ സംരംഭങ്ങൾ നീട്ടിവെക്കുന്നതാവും ഉചിതം. വ്യാപാരം സംബന്ധിച്ച ചർച്ചകൾ വിജയിക്കണമെന്നില്ല. സ്വത്ത് ഭാഗംവെക്കുന്നതിനും ഇപ്പോൾ കാലാനുകൂല്യമല്ല. ഭൂമിസംബന്ധിച്ച ഇടപാടുകളിൽ തർക്കം വരാനിടയുണ്ട്. പ്രണയികൾക്കിടയിലെ ദാർഢ്യം കുറയാം. ഭാര്യാഭർത്താക്കന്മാർ പരസ്പരം പഴിചാരിയേക്കാം. ഗവേഷണ പ്രബന്ധം പൂർത്തിയാക്കാനാവും. പ്രതീക്ഷിച്ചത്രയല്ലെങ്കിലും കുറച്ചൊക്കെ ധനം വന്നുചേരുന്നതാണ്.
അനിഴം
ക്ലേശങ്ങൾക്കിടയിലും സന്തോഷിക്കാൻ ധാരാളം സന്ദർഭങ്ങൾ വന്നെത്തുന്നതാണ്. ആസൂത്രണ മികവ് മേലുദ്യോഗസ്ഥരുടെ പ്രശംസനേടും. പ്രോജെക്ടുകൾക്ക് അംഗീകാരം ലഭിച്ചേക്കും. ഫ്രീലാൻസായി പ്രവർത്തിക്കുന്നവർക്ക് തുടർച്ചയായ അവസരങ്ങളും പ്രതിഫലവും വന്നെത്തുന്നതാണ്. പഴയവീട് പുതുക്കുന്നതിന് സർക്കാർ അനുമതിയും വായ്പാ സഹായവും ലഭ്യമായേക്കും. സഹോദരാദി ബന്ധുജനങ്ങളുടെ പിന്തുണ ഉണ്ടാകും. കച്ചവടത്തിൽ വിചാരിച്ചത്ര ആദായം ഉണ്ടാവണമെന്നില്ല. ബിസിനസ്സ് വിപുലീകരണത്തിന്റെ പ്രാരംഭനടപടികൾക്ക് സമയം ഉചിതമാണ്.
തൃക്കേട്ട
പ്രൊഫഷണൽ രംഗത്തുള്ളവർക്ക് സ്വന്തം മേഖലകളിൽ ശോഭിക്കാൻ കഴിയുന്ന സന്ദർഭമാണ്. വിഭവസമാഹരണം മികച്ചതാവും. സഹപ്രവർത്തകരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പഠനമികവുണ്ടാവും. യോഗ്യതാ പരീക്ഷകളിൽ പ്രശസ്ത വിജയം കൈവരിക്കുന്നതാണ്. വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് എല്ലാ വശങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പിതാവിന്റെ സല്പേര്, ആനുകൂല്യം എന്നിവ വലിയ പിന്തുണയാവും. അന്യദേശത്ത് തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. കുടുംബ ജീവിതം സാമാന്യം തൃപ്തികരമായേക്കും.
മൂലം
കാര്യസിദ്ധിയുണ്ടാവും. പ്രയത്നത്തിനനുസരിച്ച് ഫലം ലഭിക്കും. അതിനൊപ്പം ചില മനോവ്യസനങ്ങളും കൂടി വരാം. സഹപ്രവർത്തകരുടെ ഉപജാപങ്ങളെ നേരിടേണ്ട സ്ഥിതിയുണ്ടാകും. കുടുംബത്തിലെ സ്ത്രീകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാം. പഠനോപകരണങ്ങൾ, പാഠ്യഗ്രന്ഥങ്ങൾ എന്നിവ വാങ്ങിച്ചേക്കും. അഞ്ചിൽ രാഹുബന്ധമുള്ള വ്യാഴം നിൽക്കുകയാൽ മക്കളുടെ ശ്രേയസ്സ് തടസ്സപ്പെടുന്നതാണ്. ധനസ്ഥിതി മോശമാകില്ല. കന്നിമാസം രണ്ടാം പകുതിക്ക് മേന്മയേറും.
പൂരാടം
സൂര്യൻ അനുകൂല ഭാവത്തിലാകയാൽ തൊഴിൽ രംഗത്ത് ഗുണമുണ്ടാവും. വിവിധ ഘടകങ്ങളെ ഭംഗിയായി കൂട്ടിയോജിപ്പിക്കും. മത്സരങ്ങളിൽ വിജയിക്കും. സംഘടനാ വൈഭവം പ്രശംസിക്കപ്പെടും. കുടുംബാംഗങ്ങളുടെ പിന്തുണലഭിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ ഔത്സുക്യം കൂടാം. കലാപ്രവർത്തനം തടസ്സപ്പെട്ടേക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. വീടുമാറ്റത്തിന് ഇപ്പോൾ അനുകൂല സമയമല്ല.
ഉത്രാടം
സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് സ്വീകാര്യതയുണ്ടാവും. മാറ്റത്തിന്റെ ദിശാസൂചന കണ്ടുതുടങ്ങുന്നതാണ്. ചെറുസംരംഭങ്ങൾ വിജയം കൊയ്യും. ധനപരമായ ഞെരുക്കം കുറയുന്നതാണ്. വായ്പാ തിരിച്ചടവുകൾക്ക് പണമുണ്ടാവും. ദാമ്പത്യത്തിൽ ഇണക്കവും പിണക്കവും ആവർത്തിക്കും.
ഭൂമി വ്യാപാരത്തിൽ നഷ്ടം വരാം.
തിരുവോണം
ഭാഗ്യസ്ഥാനത്ത് പാപഗ്രഹങ്ങൾ നിൽക്കുകയാൽ ചില നേട്ടങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ വഴുതുന്നതാണ്. പിതാവിന്റ സ്വത്തുക്കൾ സംബന്ധിച്ച തർക്കം ഉണ്ടായേക്കാം. തൊഴിലിൽ ഇപ്പോൾ അനുകൂലസാഹചര്യമാണെന്ന് പറയുക വയ്യ. ഏഴിലെ ശുക്രസ്ഥിതി പ്രണയം, ദാമ്പത്യം എന്നിവയിൽ അലോസരങ്ങളുയർത്താം. നേട്ടങ്ങൾ നാമമാത്രമാവും. ഗൃഹനിർമ്മാണം പ്രതീക്ഷിച്ച ചിലവുകൾക്കും അപ്പുറമായേക്കും. വയോജനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ ജാഗ്രത പുലർത്തണം.
അവിട്ടം
ഉദ്യോഗത്തിൽ ആലസ്യമനുഭവപ്പെടും. ദൗത്യങ്ങൾ പൂർത്തീകരിക്കാൻ പതിവിലും കൂടുതൽ സമയം വേണ്ടിവരുന്നതാണ്. സംഘടനാ പ്രവർത്തനത്തിലെ അനിഷേധ്യത ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. ബിസിനസ്സിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവും. പുതുവായ്പകൾക്കുള്ള ശ്രമം വിജയിക്കണമെന്നില്ല. എതിരാളികൾ കരുത്ത് തെളിയിക്കും. വിദേശത്ത് ജോലി തേടുന്നവർക്ക് അതിനവസരം ഉണ്ടായേക്കാം. കുടുംബപരമായി സമ്മിശ്രമായ ഫലമായിരിക്കും. കുംഭക്കൂറുകാർ ആരോഗ്യപരമായി കൂടുതൽ ജാഗ്രത പാലിക്കേണ്ട സന്ദർഭമാണ്.
ചതയം
അഷ്ടമത്തിൽ പാപഗ്രഹങ്ങൾ തുടരുന്നതിനാൽ വളരെ കരുതൽ വേണം, എല്ലാക്കാര്യങ്ങളിലും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാം. അവിചാരിതമായ യാത്രകൾ ഉണ്ടാവാനിടയുണ്ട്. ചെറുകിട സംരംഭങ്ങളിൽ നിന്നും തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാം. മനസ്സാന്നിദ്ധ്യവും പ്രത്യുല്പന്നമതിത്വവും നിലനിർത്തുക അല്പം ക്ലേശകരമായേക്കും. വരവും ചെലവും തുലമായിരിക്കുന്നതാണ്. നവമാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ കുറയാം. മാനസിക പിരിമുറുക്കം കൂടാനിടയുണ്ട്.
പൂരൂരുട്ടാതി
സജ്ജനങ്ങളുമായി കലഹിച്ചേക്കും. ബന്ധുക്കളുടെ പിന്തുണ കുറയാം. സമയബന്ധിതമായി പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞേക്കില്ല. കുടുംബജീവിതത്തിന്റെ സന്തുലിതത്വം നിലനിർത്തുന്നതിൽ വിജയിച്ചേക്കും. ന്യായമായ ആവശ്യങ്ങൾക്കുള്ള പണം വന്നെത്തുന്നതാണ്. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കാലം അനുകൂലമല്ലെന്നത് ഓർമ്മയുണ്ടാവണം. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതാണ്. ഗ്രഹപ്പിഴയുള്ള കാലമാകയാൽ സാഹസങ്ങൾക്ക് മുതിരരുത്.
ഉത്രട്ടാതി
ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. ഭൂമിയിൽ നിന്നും ആദായം കുറയാം. ബിസിനസ്സ് ചർച്ചകൾ വിജയിക്കാൻ സാധ്യത കുറവാണ്. ദാമ്പത്യബന്ധത്തിന്റെ ഊഷ്മളത നിലനിർത്തുന്നതിൽ വളരെ ക്ലേശിക്കും. സുഹൃത്തുക്കളുമായി ആശയപരമായി അകലം ഭവിച്ചേക്കാം. കലാപ്രവർത്തനങ്ങൾ അഭംഗുരം മുന്നോട്ടുപോകുന്നതാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെട്ടേക്കും. പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും മുൻപ് മുഴുവൻ കാര്യങ്ങളിലും അവഗാഹം നേടുന്നത് നന്നായിരിക്കും.
രേവതി
പ്രണയികൾക്ക് വിഘ്നങ്ങളേയും വെല്ലുവിളികളേയും നേരിടേണ്ടി വരാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അനൈക്യം പ്രത്യക്ഷപ്പെട്ടേക്കും. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്താനിടയുണ്ട്. തന്മൂലം ശിക്ഷണ നടപടികൾ ഉണ്ടായേക്കാം. കൃത്യനിഷ്ഠ പാലിക്കാൻ ക്ലേശിക്കുന്നതാണ്. മുതൽ മുടക്കുകളിൽ ലാഭം പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. കലാപരമായ പ്രവർത്തനങ്ങൾ, പഠനം എന്നിവയിൽ ചില മികവുകൾ വരാം. യാത്രകളിൽ കരുതൽ അനിവാര്യം.ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.