scorecardresearch

1199 കന്നിമാസഫലം: മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for 1199 Kanni Makam to Thrikketta

സൗരമാസങ്ങളിൽ ആറാം മാസത്തിന്റെ പേരും കന്നി എന്നാകുന്നു: Monthly Horoscope for Malayalam Month 1199 Kanni Makam to Thrikketta

സൗരമാസങ്ങളിൽ ആറാം മാസത്തിന്റെ പേരും കന്നി എന്നാകുന്നു: Monthly Horoscope for Malayalam Month 1199 Kanni Makam to Thrikketta

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kanni Month Horoscope, Monthly Horoscope, Malayalam Month, Horoscope, Astrology

Monthly Horoscope for Malayalam Month 1199 Kanni Makam to Thrikketta

Monthly Horoscope for 1199 Malayalam Month Kanni: Makam to Thrikketta: ഇംഗ്ലീഷിൽ വിര്‍ഗോ (Virgo) എന്നറിയപ്പെടുന്ന രാശിയാണ് കന്നി. രാശിചക്രത്തിലെ (Zodiacലെ) ആറാമത്തെ രാശിയാണ്. സൗരമാസങ്ങളിൽ ആറാം മാസത്തിന്റെ പേരും കന്നി എന്നാകുന്നു. തോണിയിൽ നെൽക്കറ്റയും ചൂട്ടുമേന്തി യാത്ര ചെയ്യുന്ന ഒരു കന്യകയുടെ സ്വരൂപമാണ് കന്നിരാശിയുടേത്. ബുധനാണ് രാശിയുടെ നാഥൻ. ശുക്രന്റെ നീചക്ഷേത്രവുമാണിത്.

Advertisment

ചിങ്ങം 32 തീയതികൾ ഉള്ളതിനാൽ 2023 സെപ്തംബർ 18 ന് ആണ് കന്നിമാസം ഒന്നാം തീയതി വരുന്നത്. ചിങ്ങം 32 ന് ഞായറാഴ്ച പകൽ 1 മണി 33 മിനിട്ടിനാണ് സൂര്യന്റെ കന്നിസംക്രമം വരുന്നത്. ഉത്രം ഞാറ്റുവേല കന്നി 10 വരെയും തുടർന്ന് കന്നി 24 വരെ അത്തം ഞാറ്റുവേലയും തുടർന്ന് ചിത്തിര ഞാറ്റുവേലയുമാകുന്നു.

കന്നി ഒന്നിന് ശുക്ലപക്ഷ തൃതീയയാണ് തിഥി. കന്നി 12 ന് പൗർണമിയും 27 ന് കറുത്തവാവും വരുന്നു. ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം ഭ്രമണം പൂർത്തിയാക്കി ചിത്തിരയും കടന്ന് വിശാഖത്തിലെത്തുന്നു. ഭാദ്രപദമാസം പൂർണമാവുകയും ആശ്വിനം തുടങ്ങകയും ആണ്. ശനി കുംഭത്തിലെ വക്രസഞ്ചാരം തുടരുന്നു. മാസാദ്യം ചതയം രണ്ടാം പാദത്തിലും മാസാന്ത്യത്തിൽ അവിട്ടം നാലാം പാദത്തിലുമത്രെ!

രാഹു മേടം രാശിയിൽ അശ്വതി ഒന്നാം പാദത്തിലും കേതു തുലാത്തിൽ ചിത്തിര മൂന്നാം പാദത്തിലുമാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു.

Advertisment

കന്നിമാസം 14 വരെ ബുധൻ ചിങ്ങത്തിലും പിന്നീട് ഉച്ചരാശിയായ കന്നിയിലുമാണ്. 17-ാം തീയതി മുതൽ ബുധന് വക്രമൗഢ്യാരംഭവുമാണ്. ചൊവ്വ കന്നിമാസം 16-ാം തീയതി വരെ കന്നിരാശിയിൽ തുടരുന്നു. ശുക്രൻ കന്നി 15 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1199 കന്നിമാസത്തെ ഫലങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.

Monthly Horoscope for 1199 Kanni Makam to Thrikketta

മകം

ജന്മരാശിയിൽ നിന്നും പാപഗ്രഹങ്ങളൊഴിയുന്നത് ആശ്വാസകരം. ബുധൻ രാശിയിൽ തുടരുകയാൽ വിദ്യാഭ്യാസപരമായി താൽപര്യവും ശ്രദ്ധയും അധികരിക്കും. ബന്ധുജനങ്ങളുടെ പിന്തുണ സിദ്ധിക്കും. പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമം തുടരും. മാസം പകുതി മുതൽ ശുക്രൻ ജന്മരാശിയിലേക്ക് സംക്രമിക്കുന്നതിനാൽ ഭോഗസിദ്ധി, ആഢംബരം, സുഗന്ധലേപനങ്ങളും പാരിതോഷികങ്ങളും ലഭിക്കുക എന്നിവ ഫലം. കുടുംബ ജീവിതത്തിൽ സംഭാഷണം മൂലം ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം.

പൂരം

പലകാര്യങ്ങളിലും ഏർപ്പെട്ടിരുന്ന തടസ്സം നീങ്ങാം. ജീവിതം കൂടുതൽ സുഖകരവും സന്തോഷപ്രദവുമാവാം. ജീവിതത്തിൽ വിജയിക്കുക എന്നത് അസാധ്യകാര്യം അല്ല എന്ന ആത്മവിശ്വാസം ഉണ്ടാകുന്നതാണ്. വാക്കുകളിൽ പാരുഷ്യവും പകയും കലരാതെ നോക്കേണ്ടതുണ്ട്. കുടുംബ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സന്ദർഭമാണ്. മക്കൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ മറന്നുപോകരുത്. ഉപാസനകളും ദൈവകാര്യങ്ങളും തടസ്സപ്പെടാനിടയുണ്ട്. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്.

ഉത്രം

ചിങ്ങക്കൂറുകാർക്ക് സമ്മർദ്ദം കുറയും. ഉദ്യോഗത്തിൽ കൂടുതൽ ശോഭിക്കാനാവും. ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. കന്നിക്കൂറുകാർക്ക് അലച്ചിലും കാര്യവിഘ്നവും സംഭവിക്കും. കരുതൽ ധനം എടുത്തുപയോഗിക്കേണ്ടതായി വരാം. വിവാദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാവും ഉചിതം. നിത്യച്ചെലവുകൾ ഒരുവിധം നടന്നുപോകും. ആരോഗ്യ പരിശോധനകളിൽ അമാന്തം അരുത്.

അത്തം

കന്നിരാശിയിൽ പാപഗ്രഹങ്ങളായ ചൊവ്വയും ആദിത്യനും സഞ്ചരിക്കുന്നതിനാൽ അത്യന്തം കരുതൽ വേണം. ആപത്തുകളെ അഭിമുഖീകരിക്കേണ്ടി വന്നാൽ അദ്ഭുതമില്ല. കരുതൽ വേണം എല്ലാക്കാര്യങ്ങളിലും. സാഹസങ്ങൾ ഒഴിവാക്കണം. സുലഭവസ്തുക്കൾ ദുർലഭമായേക്കാം. നേട്ടങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ട സ്ഥിതിയുണ്ടാവാം. നവസംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കടക്കെണി അലോസരമുണ്ടാക്കാം.
വ്യാപാരത്തിൽ നിന്നും ലാഭം കുറയും.

ചിത്തിര

ലക്ഷ്യത്തിലെത്താൻ കൂടുതൽ പ്രയത്നിക്കേണ്ടി വരുന്നതാണ്. സാഹചര്യം അനുകൂലമല്ലെന്നത് ഓർമ്മയിലുണ്ടാവണം. അപവാദപ്രചരണങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ വിഷമിച്ചേക്കും. സഹോദരരുടെ പിന്തുണയ്ക്ക് ലോപം വരാം. അധികാരികൾ വിചിത്രമായ വാദങ്ങൾ ഉയർത്തി വേതനം തടയാനോ പദവിയിൽ തരം താഴ്ത്താനോ ശ്രമിക്കുന്നതാണ്. വ്യവഹാരത്തിൽ സമയനഷ്ടം, പണനഷ്ടം എന്നിവ സാധ്യതകൾ. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യം.

ചോതി

പന്ത്രണ്ടാം രാശിയിൽ പാപഗ്രഹങ്ങൾ അധികരിക്കുകയാൽ അനാവശ്യമായ യാത്രകൾ ഉണ്ടാവാം. യാത്രകളിൽ രേഖകൾ നഷ്ടപ്പെടുക, പണം കളവ് പോവുക എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ കരുതൽ വേണം. ഉദരരോഗം, പാദരോഗം ഇവ വിഷമിപ്പിക്കാം. മക്കളുടെ ഭാവസംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിഞ്ഞേക്കില്ല. ചെറുകിട വ്യാപാരം, ദിവസവേതനം, ഏജൻസി പ്രവർത്തനം എന്നിവ ചെയ്യുന്നവർക്ക് തൃപ്തികരമായ വരുമാനം ലഭിക്കാം. ബുധന്റെ അനുകൂല സ്ഥിതിയാൽ പഠനപുരോഗതിയും ബന്ധുഗുണവും പ്രതീക്ഷിക്കാം.

വിശാഖം

വൃശ്ചികക്കൂറുകാർക്ക് ഗുണാനുഭവങ്ങളേറും. കർമ്മഗുണം, കാര്യവിജയം ഇവ പ്രതീക്ഷിക്കാം. തുലാക്കൂറുകാർക്ക് ഗുണങ്ങൾ ഭാഗികമായിട്ടാവും സിദ്ധിക്കുക.
പുതിയ സംരംഭങ്ങൾ നീട്ടിവെക്കുന്നതാവും ഉചിതം. വ്യാപാരം സംബന്ധിച്ച ചർച്ചകൾ വിജയിക്കണമെന്നില്ല. സ്വത്ത് ഭാഗംവെക്കുന്നതിനും ഇപ്പോൾ കാലാനുകൂല്യമല്ല. ഭൂമിസംബന്ധിച്ച ഇടപാടുകളിൽ തർക്കം വരാനിടയുണ്ട്. പ്രണയികൾക്കിടയിലെ ദാർഢ്യം കുറയാം. ഭാര്യാഭർത്താക്കന്മാർ പരസ്പരം പഴിചാരിയേക്കാം. ഗവേഷണ പ്രബന്ധം പൂർത്തിയാക്കാനാവും. പ്രതീക്ഷിച്ചത്രയല്ലെങ്കിലും കുറച്ചൊക്കെ ധനം വന്നുചേരുന്നതാണ്.

അനിഴം

ക്ലേശങ്ങൾക്കിടയിലും സന്തോഷിക്കാൻ ധാരാളം സന്ദർഭങ്ങൾ വന്നെത്തുന്നതാണ്. ആസൂത്രണ മികവ് മേലുദ്യോഗസ്ഥരുടെ പ്രശംസനേടും. പ്രോജെക്ടുകൾക്ക് അംഗീകാരം ലഭിച്ചേക്കും. ഫ്രീലാൻസായി പ്രവർത്തിക്കുന്നവർക്ക് തുടർച്ചയായ അവസരങ്ങളും പ്രതിഫലവും വന്നെത്തുന്നതാണ്. പഴയവീട് പുതുക്കുന്നതിന് സർക്കാർ അനുമതിയും വായ്പാ സഹായവും ലഭ്യമായേക്കും. സഹോദരാദി ബന്ധുജനങ്ങളുടെ പിന്തുണ ഉണ്ടാകും. കച്ചവടത്തിൽ വിചാരിച്ചത്ര ആദായം ഉണ്ടാവണമെന്നില്ല. ബിസിനസ്സ് വിപുലീകരണത്തിന്റെ പ്രാരംഭനടപടികൾക്ക് സമയം ഉചിതമാണ്.

തൃക്കേട്ട

പ്രൊഫഷണൽ രംഗത്തുള്ളവർക്ക് സ്വന്തം മേഖലകളിൽ ശോഭിക്കാൻ കഴിയുന്ന സന്ദർഭമാണ്. വിഭവസമാഹരണം മികച്ചതാവും. സഹപ്രവർത്തകരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പഠനമികവുണ്ടാവും. യോഗ്യതാ പരീക്ഷകളിൽ പ്രശസ്ത വിജയം കൈവരിക്കുന്നതാണ്. വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് എല്ലാ വശങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പിതാവിന്റെ സല്പേര്, ആനുകൂല്യം എന്നിവ വലിയ പിന്തുണയാവും. അന്യദേശത്ത് തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. കുടുംബ ജീവിതം സാമാന്യം തൃപ്തികരമായേക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: