/indian-express-malayalam/media/media_files/5Hi3rK3aB9ktmGRIxKH9.jpg)
Monthly Horoscope: മകരമാസം നിങ്ങൾക്കെങ്ങനെ?
2024 ജനുവരി 15-ാം തീയതി തിങ്കളാഴ്ചയാണ് മകരം ഒന്നാം തീയതി വരുന്നത്. ഫെബ്രുവരി 13 ന് മകരം മുപ്പതാം തീയതിയുമാണ്. (മാസാവസാനം). മലയാള മാസങ്ങളിൽ ആറാമത്തേതാണ് മകരമാസം. മകരമത്സ്യമാണ്, രാശി ചിഹ്നം. എന്നാൽ മാനിനെ വിഴുങ്ങുന്ന മുതലയാണ് മകരം രാശിയുടെ സ്വരൂപമെന്നും പറയാറുണ്ട്. അതിനാൽ മകരം, നക്രം, മൃഗം, ഏണം തുടങ്ങിയ പര്യായങ്ങളുണ്ട്, മകരത്തിന്. ഉത്തരായനം തുടങ്ങുന്നത് മകരമാസം ഒന്നിനാണ്. മിഥുനം 31 വരെ, ആറുമാസക്കാലം ഉത്തരായനകാലം തുടരുന്നു.
മകരമാസത്തിൽ സൂര്യൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ഉത്രാടം ഞാറ്റുവേല മകരം 10 വരെ തുടരുന്നുണ്ട്. തുടർന്ന് തിരുവോണം ഞാറ്റുവേലയാണ്. മകരം 24 മുതൽ അവിട്ടം ഞാറ്റുവേല ആരംഭിക്കും. മകരം ഒന്നിന് ചതയം- പൂരൂരുട്ടാതി നക്ഷത്രങ്ങളാണ്. മകരം 30ന് ചന്ദ്രൻ ഒരുവട്ടം രാശി ചക്രഭ്രമണം പൂർത്തിയാക്കി ഉത്രട്ടാതി നക്ഷത്രത്തിലെത്തുന്നു. ശുക്ലപക്ഷ പഞ്ചമിയിൽ തുടങ്ങി ശുക്ലചതുർത്ഥി വരെയാണ് മകരത്തിലെ തിഥികൾ.
മകരം 11ന് (ജനുവരി 25 ന്) വെളുത്തവാവും മകരം 26ന് (ഫെബ്രുവരി 9 ന്) കറുത്തവാവും വരുന്നു. ചൊവ്വ, മകരം 22ന് ധനുവിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കും. മകരരാശി ചൊവ്വയുടെ ഉച്ചരാശിയാണ്.
മകരം 4ന്, കഴിഞ്ഞ നാലഞ്ചു മാസക്കാലമായി തുടരുന്ന ചൊവ്വയുടെ മൗഢ്യം തീരുന്നു. അതോടെ ചൊവ്വ കൂടുതൽ ബലവാനാകുന്നതാണ്. ബുധൻ മകരം 18ന് ധനുവിൽ നിന്നും മകരത്തിലെത്തും. ശുക്രൻ മകരം 4 മുതൽ 28 വരെ ധനുരാശിയിലും തുടർന്ന് മകരത്തിലും സഞ്ചരിക്കും.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം മേടം രാശിയിലാണ്. മകരം 20 ന് അശ്വതിയിൽ നിന്നും ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കും. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിയിൽ ചിത്തിരയിലും സഞ്ചാരം തുടരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ മകരമാസഫലം ഇവിടെ വിശദമായി പരിശോധിക്കുന്നു.
അശ്വതി
മാസാദ്യം തന്നെ രാശിനാഥനായ ചൊവ്വയുടെ മൗഢ്യം തീരുന്നു എന്നത് സന്തോഷകരമാണ്. നാലാമാഴ്ചയിൽ ചൊവ്വ ഉച്ചത്തിലുമെത്തുന്നു. ആത്മാഭിമാനം ഉയരുന്നതാണ്. സ്വശക്തി വർദ്ധിക്കും. പ്രിയപ്പെട്ടവരുടെ വിഷമങ്ങൾ തീരാൻ മുൻകൈയ്യെടുക്കാനാവും. സാമ്പത്തികമായ അരക്ഷിതാവസ്ഥ മാറുന്നതാണ്.
ഏറ്റവും പ്രധാനം തൊഴിൽ രംഗത്തെ ഗ്ലാനി നീങ്ങുമെന്നതാണ്. സാമൂഹികമായ അംഗീകാരം വന്നെത്തും. പിണങ്ങിയ കുടുംബാംഗങ്ങൾ ഒന്നിക്കാൻ സാഹചര്യം അനുകൂലമാവും. നവസംരംഭങ്ങൾ ആരംഭിക്കാൻ പര്യാലോചിക്കും. പൊതുപ്രവർത്തകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ അന്തരീക്ഷം അനുകൂലമാവുന്നതാണ്.
ഭരണി
നക്ഷത്രനാഥനായ ശുക്രൻ ആരോഹിയാവുന്നത് -- ഉച്ചരാശി നോക്കി വരുന്നത് -- ഗുണകരമാണ്. രാശിനാഥനായ ചൊവ്വയുടെ ബലവും മേന്മയ്ക്ക് കാരണമാകും. പ്രതിസന്ധികളെ സധൈര്യം നേരിടും. പ്രശ്നങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുവാൻ തയ്യാറാവും. മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കുന്നതാണ്. ഗാർഹിക ജീവിതം സ്നേഹസുരഭിലമാകും. വാഹനം വാങ്ങാൻ സാധിച്ചേക്കും. മകന്റെ ഉപരിപഠനം ആശാവഹമാം വിധം പുരോഗമിക്കുന്നതാണ്. കലാപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് തടസ്സങ്ങളകന്ന് മുന്നോട്ടുനീങ്ങാനാവും. ഗൃഹത്തിൽ സുഭിക്ഷതയുണ്ടാവും.
കാർത്തിക
മേടക്കൂറുകാർക്ക് ഗുണാനുഭവങ്ങൾ വർദ്ധിക്കുന്ന കാലമാണ്. ഉദ്യോഗസ്ഥരുടെ പദവി ഉയരാം. അധികാരമുളള ചുമതലകൾ ലഭിച്ചേക്കാം. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി കൈവരുന്നതാണ്. മത്സരവിജയം ഭവിക്കും. ഇടവക്കൂറുകാരായ കാർത്തിക നാളുകാർക്ക് പിതാവുമായി കലഹിക്കേണ്ട സ്ഥിതി വരുന്നതാണ്. ഗുരുജനങ്ങളുടെ അപ്രീതിക്ക് പാത്രമാകും. വരവും ചെലവും സമമാകുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നോ സ്വർണം പണയപ്പെടുത്തിയിട്ടോ വായ്പ സ്വീകരിച്ച് ബിസിനസ്സ് വിപുലപ്പെടുത്തിയേക്കും. വേണ്ടത്ര വിശ്രമിക്കാനോ വിനോദങ്ങളിൽ മുഴുകാനോ സാധിച്ചേക്കില്ല.
രോഹിണി
നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ മാസത്തിന്റെ ആദ്യപകുതിയാവും രോഹിണി നാളുകാർക്ക് കൂടുതൽ അനുകൂലമായ ഫലങ്ങൾ ഭവിക്കുക. മനസ്സ് സ്വസ്ഥമാവും. നന്നായി ആലോചിച്ചുള്ള തീരുമാനങ്ങൾ എടുക്കാനാവും. പ്രവർത്തനത്തിൽ ഊർജ്ജസ്വലതയുണ്ടാവും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. സ്വയം അടുക്കും ചിട്ടയും വരുത്തും. രണ്ടാം പകുതിയിൽ രക്തസമ്മർദ്ദം ഉയരാം. തൽസംബന്ധമായ ചികിൽസ വേണ്ടിവരും. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ നഷ്ടസാധ്യതയുണ്ട്. സഹോദരരുമായി കലഹിച്ചേക്കും. ഉറപ്പിച്ചിരുന്ന പദവിയോ സ്ഥാനമോ 'ചുണ്ടിനും കപ്പിനുമിടയിൽ' കൈമോശം വരാം. ആരോഗ്യപരമായും തൊഴിൽപരമായും ജാഗ്രത പുലർത്തേണ്ടതുണ്ട്.
മകയിരം
ഔദ്യോഗികമായി പ്രതീക്ഷിച്ച വിധം തിളങ്ങാനായേക്കില്ല. വ്യാപാരത്തിൽ കൂടുതൽ മുതൽ മുടക്കുന്നത് ഇപ്പോൾ ഉചിതമാവില്ല. ജോലിക്കായുള്ള കാത്തിരിപ്പ് നീളുന്നതിൽ അസ്വാരസ്യം ഉണ്ടാവും. ഭൂമി സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാം. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടുന്നതിൽ കാലതാമസം ഒരു സാധ്യതയാണ്. പ്രാർത്ഥനകൾ, ഉപവാസം, ക്ഷേത്രാടനം എന്നിവയ്ക്ക് സമയം കണ്ടെത്തും. ദിവസവേതനക്കാർക്ക് ജോലി മുടങ്ങാതെ ലഭിക്കുന്നതായിരിക്കും. സഹജാവബോധത്താൽ പ്രതികൂലതകളെ മറികടക്കാനാവും. സാമുഹ്യജീവിതത്തിൽ വിപ്രതിപത്തി വന്നേക്കും. ഏകാന്തതയെ ഇഷ്ടപ്പെടാം. അത്യാവശ്യകാര്യങ്ങൾക്ക് ധനം കൈവശം വന്നുചേരുന്നതാണ്.
തിരുവാതിര
ആദിത്യൻ എട്ടിൽ സഞ്ചരിക്കുകയാൽ സർക്കാർ കാര്യങ്ങളിൽ വിഘാതമോ നഷ്ടമോ ഉണ്ടാവാം. അധികാരികളുടെ അപ്രീതിക്ക് പാത്രമാവുന്നതാണ്. പാരമ്പര്യസ്വത്തുക്കൾ സംബന്ധിച്ച് സഹോദരരുമായി കലഹം ഭവിക്കാം. ഇഷ്ടവസ്തുക്കൾ ദുർലഭമാകുന്നതാണ്. പതിനൊന്നിൽ വ്യാഴം തുടരുകയാൽ കുടുംബത്തിൽ സമാധാനം പുലരും. ധനപരമായി സംതൃപ്തിയുണ്ടാകും. കടബാധ്യതകൾ കുറച്ചൊക്കെ പരിഹൃതമാവുന്നതാണ്. വൃദ്ധജനങ്ങളുടെ രോഗാവസ്ഥക്ക് തെല്ല് ശമനമുണ്ടായേക്കാം. വിദേശത്ത് പഠനം / ജോലി എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇച്ഛാസാഫല്യം ഉണ്ടാകും. ബൗദ്ധികമായ ഉണർവ്വ് പ്രതിസന്ധികൾ മറികടക്കാനുതകും.
പുണർതം
ബഹുകാര്യങ്ങളിൽ വ്യപൃതരാകേണ്ടിവരും. ഔദ്യോഗികമായ തിരക്കുകളും അലച്ചിലുമേറുന്നതാണ്. ദേശത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ചുമതലകളുണ്ടാവും. കച്ചവടരംഗത്തിൽ ആലസ്യം അകന്ന് ഉന്മേഷം പ്രകടമാവും. പുതിയ ഏജൻസികൾ ഏറ്റെടുക്കാനായേക്കും. പ്രണയികൾക്ക് അത്ര സന്തോഷകരമായ അനുഭവകാലമാവില്ല. മകന്റെ ജോലിക്കാര്യം യാഥാർത്ഥ്യമാകും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമേറുന്നതാണ്. ചെറുയാത്രകൾ പതിവിലും കൂടിയേക്കും. എന്നാൽ ബിസിനസ്സിന് അവ ഗുണകരമായേക്കില്ല. കുറ്റം പറയുന്നവരെ കണ്ടില്ലെന്ന് നടിക്കും. ദാമ്പത്യരംഗം സമ്മിശ്രമായ അനുഭവങ്ങൾ സൃഷ്ടിച്ചേക്കും.
പൂയം
കൂട്ടുകച്ചവടത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാവില്ല. ലാഭം കുറയുന്നതാണ്. ചിലപ്പോൾ ബിസിനസ്സ് പങ്കാളികൾക്കിടയിൽ അനൈക്യം വരാം. അനാവശ്യവിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കണം. പ്രണയികൾ പരസ്പരം പഴിചാരുവാൻ സമയം കണ്ടെത്തും. തൊഴിലിൽ അദ്ധ്വാനം കൂടുന്നതാണ്.
ചെറിയ നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അവയ്ക്ക് ധാരാളം വിയർപ്പൊഴുക്കേണ്ടതായി വരുന്നതാണ്. പൊതുപ്രവർത്തകർക്ക് ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കളുണ്ടാവും. സാമ്പത്തികസ്ഥിതി സാമാന്യമായ രീതിയിലായിരിക്കും. വായ്പാ തിരിച്ചടവിന് ക്ലേശിച്ചേക്കും. ദമ്പതികൾക്കിടയിൽ അനുരഞ്ജനം കുറയുന്നതാണ്. സാധാരണ കാര്യങ്ങൾ മുടക്കം കൂടാതെ നടക്കും.
ആയില്യം
സാഹചര്യങ്ങൾ ഭാഗികമായി അനുകൂലമാണ്. ലക്ഷ്യം നേടാൻ വ്യക്തമായ ദിശാബോധവും കഠിനാദ്ധ്വാനവും ആവശ്യമുണ്ട്. സ്ഥാനോന്നതി പ്രതീക്ഷിക്കുന്ന ഉദ്യോഗസ്ഥർ കുറച്ചുകൂടി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവും. നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യവസായം / വ്യാപാരം തുടങ്ങാൻ ഒരുങ്ങുന്നവർക്ക് ചില അവിചാരിത തടസ്സങ്ങൾ ഭവിക്കാം. ദാമ്പത്യത്തിലും സുഖക്കുറവ് ഉണ്ടാവും. ഭോഗവിഘാതം, പഴിചാരുന്ന പ്രവണത ഇവ പ്രതീക്ഷിക്കാം. മിതവ്യയശീലം അനിവാര്യമാണ്. മംഗളകർമ്മങ്ങൾ നടത്താൻ വായ്പ വാങ്ങേണ്ടിവരും. ചെറിയ നേട്ടങ്ങൾ ഉണ്ടാവും. കച്ചവടത്തിൽ നിന്നും ലഘുവായ ലാഭം വന്നെത്തും. അപ്രതീക്ഷിതമായി ചില സഹായം ലഭിച്ചുകൂടായ്കയില്ല.
മകം
പൊതുവേ നേട്ടങ്ങൾ കൂടുന്ന മാസമാണ്. കർമ്മരംഗത്ത് സോന്മേഷം പ്രവർത്തിക്കാൻ സന്ദർഭങ്ങൾ വന്നെത്തും. മത്സരങ്ങളിൽ വിജയിക്കാൻ കഴിയുന്നതാണ്. ഇഴഞ്ഞുനീങ്ങിയ വീടുനിർമ്മാണം പൂർത്തീകരണത്തോടടുക്കുന്നതാണ്. അയൽബന്ധങ്ങൾ രമ്യമായി തുടരും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് നിരാശപ്പെടേണ്ടി വരില്ല. സാമ്പത്തിക ക്ലേശങ്ങളാൽ മുൻപ് മാറ്റിവെച്ചിരുന്ന ചില പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചേക്കുന്നതാണ്. സഹോദരരുമായും മറ്റു കുടുംബാംഗങ്ങളുമായും നല്ലബന്ധം പുലർത്തുവാനാവും. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ, ആരോഗ്യ സൗഖ്യം എന്നിവയും പ്രതീക്ഷിക്കാം.
പൂരം
വ്യക്തിജീവിതത്തിൽ ആലസ്യം അകലും. ദിശാബോധത്തോടെ പ്രവൃത്തികളിൽ നിരതനാവുന്നതാണ്. ഔദ്യോഗികമായ കൃത്യനിർവഹണം അഭംഗുരം നടക്കും. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം സിദ്ധിച്ചേക്കും. കുടുംബസ്വത്ത് സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലവിധിയുണ്ടാവുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനാവുന്ന സന്ദർഭങ്ങൾ കൂടുതലായി വന്നെത്തും. സാമ്പത്തികമായ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം പ്രതീക്ഷിക്കാം. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിന് വായ്പ പ്രയോജനപ്പെടുത്തും. കച്ചവടത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന പലതും ഏർപ്പെടുത്തും. വയോജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടേക്കും.
ഉത്രം
സ്വകാര്യ ജീവിതത്തിലുമതേ, ഔദ്യോഗിക രംഗത്തിലുമതേ പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കില്ല. അദ്ധ്വാനം അധികരിച്ചെന്നാലും പൂർണവിജയം അനുഭവത്തിലെത്താൻ സാധ്യത കുറവാണ്. പണവരവ് മന്ദഗതിയിലായേക്കും. ചെലവ് പലവഴികളിൽ വർദ്ധിക്കുന്നതാണ്. ചിന്തിക്കുന്ന ശീലം കൂടും. അതിനനുസരിച്ച് പ്രവർത്തിയിൽ മുഴുകാനും നേട്ടങ്ങളുണ്ടാക്കാനും കഴിഞ്ഞേക്കില്ല. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാം.
മകൾക്ക് വരുന്ന കല്യാണാലോചനകൾ ഉറച്ചുകിട്ടണമെന്നില്ല. സാധാരണ ചെയ്യുന്ന കർമ്മങ്ങൾക്ക് മുടക്കം വരുന്നതല്ല. ഉപാസനാദികളിൽ ചിലത് ഒഴിവാക്കിയേക്കും.
അത്തം
നാലിലും അഞ്ചിലുമായി ചൊവ്വ, ജന്മത്തിൽ കേതു, അഞ്ചിൽ ആദിത്യൻ എന്നിങ്ങനെ പ്രതികൂല ഗ്രഹസ്ഥിതി തുടരുകയാൽ മനക്ലേശം തുടർക്കഥയാവും.
ഒരു പ്രശ്നങ്ങൾക്കും പോംവഴി കിട്ടാതെ വിഷമിക്കും. എന്നാൽ ചെറിയ പിന്തുണകളും നാമമാത്രമായ സഹായവും കിട്ടാതിരിക്കില്ല. ധനപരമായി വലിയ മുതൽ മുടക്കുകൾക്ക് മുതിരരുത്. കൈവായ്‌പകൾ വാങ്ങേണ്ടിവരും. അതിർതർക്കങ്ങൾ വരാം. ബൗദ്ധികമായ ചില പ്രവർത്തനങ്ങളിലൂടെ എതിർപ്പുകളെ മറികടക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി അലച്ചിലിനുശേഷം കൈവരുന്നതാണ്. ബന്ധുക്കളുടെ കലഹത്തിൽ ഇടപെടേണ്ടി വന്നേക്കാം. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്. മാസത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടാം.
ചിത്തിര
മേലധികാരികളിൽ നിന്നും വൈഷമ്യം വരാം. കർമ്മസ്ഥാനത്ത് ഉറച്ചുനിൽക്കാതെ പുതിയ തൊഴിലിനെപ്പറ്റി ചിന്തിക്കുന്നതാണ്. സാമ്പത്തിക നിലയിൽ ഗുണപരമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. പണയവസ്തു വീണ്ടെടുക്കാൻ വലിയ പ്രയത്നം വേണ്ടിവരും. മക്കളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി കാണാനാവും. സഹോദരരുടെ വാഗ്ദാനങ്ങൾ പാഴായേക്കും. കലാരംഗത്തുള്ളവർക്ക് പ്രതിഭ തെളിയിക്കാൻ സാഹചര്യം സംജാതമാകുന്നതാണ്. നാലാംഭാവത്തിലെ പാപഗ്രഹസ്ഥിതിയാൽ ചിലർക്ക് വീടുവിട്ടുനിൽക്കേണ്ടി വന്നേക്കാം. വീട്ടിലെ കൃഷി പുഷ്ടിപ്പെടുത്താൻ സമയം കണ്ടെത്തുന്നതാണ്. ചെറിയ ചില ആദായങ്ങൾ അത്യാവശ്യത്തിനുതകിയേക്കും.
ചോതി
സമ്മിശ്രഫലങ്ങളാണ് അധികവും. സഹോദരരുടെ പിന്തുണ ശക്തമായി തുടരും. വസ്തുക്കളിൽ നിന്നും ആദായമുണ്ടാകുന്നതാണ്. മത്സരങ്ങളിൽ വിജയിക്കും. ഭോഗസുഖം പ്രതീക്ഷിക്കാം. വ്യാഴം ഏഴിൽ സഞ്ചരിക്കുകയാൽ ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും തുടരുന്നതാണ്. ഇഷ്ടജനങ്ങളുമായി സല്ലപിക്കാനാവും. ബിസിനസ്സ് യാത്രകൾ ലക്ഷ്യം നേടുന്നതാണ്. കൂട്ടുകച്ചവടത്തിൽ നിന്നും നേട്ടങ്ങൾ വരും. ദേഹസുഖം തെല്ല് കുറയാം. കിടപ്പ് രോഗികൾക്ക് ചികിത്സ മാറ്റേണ്ട സാഹചര്യം ഉണ്ടാവാം. ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. സർക്കാർ അനുമതി കിട്ടേണ്ടവയിൽ കാലവിളംബം വന്നേക്കും. ന്യായമായ ആവശ്യങ്ങൾക്ക് പണം തടസ്സമാകുന്നതല്ല.
വിശാഖം
ഗുണാനുഭവങ്ങളിൽ പ്രധാനം സാമ്പത്തിക സ്ഥിതി മോശമാവില്ല എന്നതുതന്നെയാണ്. സ്വയം തൊഴിലിൽ പുരോഗതിയുണ്ടാവും. ആലസ്യം അകന്ന് കർമ്മനിരതരാവാൻ കഴിയും. ചെറുകിട സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ കാലം അനുകൂലമാണ്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ചുമതലകൾ വഹിക്കാനാവും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പാരസ്പര്യവും ഐക്യവും വളരുന്നതാണ്. ഇഷ്ടവസ്തുക്കൾ സമ്മാനിക്കും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടായേക്കും. ജന്മനാട്ടിൽ പോവാനും കുടുംബക്ഷേത്രത്തിൽ ആരാധന നടത്താനും അവസരം വരും. മാസത്തിന്റെ
രണ്ടാം പകുതിക്ക് മേന്മ കുറയുന്നതാണ്.
അനിഴം
കഴിഞ്ഞ രണ്ടുമാസങ്ങളെക്കാൾ പലനിലയ്ക്കും മേന്മയേറിയ ഫലങ്ങൾ ഈ മകരമാസത്തിൽ പ്രതീക്ഷിക്കാം. വിദ്യാഭ്യാസപരമായ പിൻനില മാറും. ദിശാബോധത്തോടെ പഠിക്കാൻ കഴിയും. ഉദ്യോഗാർത്ഥികൾക്ക് അർഹതയ്ക്കിണങ്ങിയഅവസരങ്ങൾ ലഭിക്കാനിടയുണ്ട്. വിരോധികളുടെ പ്രവർത്തനം കുറഞ്ഞുതുടങ്ങും. വാക് പാരുഷ്യം കൊണ്ട് മുൻപ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ പിണക്കം മറന്ന് വീണ്ടും സഹകരിക്കുന്നതാണ്.
സർക്കാർ-സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി, ശമ്പളവർദ്ധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. സാമൂഹികമായ അംഗീകാരം ലഭിക്കും.
തൃക്കേട്ട
അകലങ്ങളിൽ കഴിയുന്നവർക്കും വീടുവിട്ടു നിൽക്കുന്നവർക്കും നാട്ടിലേക്ക് / വീട്ടിലേക്ക് മടങ്ങാനാവും. സംരംഭങ്ങൾ തുടങ്ങാൻ കാത്തിരിക്കുന്നവർക്ക് അനുകൂലമായ സാഹചര്യം ഉടലെടുക്കും. ശാസ്ത്രവിഷയങ്ങളിലെ ഗവേഷണം പുരോഗതിയിലെത്തും. പഴയവീട് മോടിപിടിപ്പിക്കാനാവും.
അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം നിരത്തിലിറക്കാൻ കഴിയുന്നതാണ്. പിണങ്ങിനിന്ന ബന്ധുക്കൾ ഇണങ്ങും. ദാമ്പത്യജീവിതത്തിൽ സുഖവും സന്തോഷവും അനുഭവപ്പെടുന്നതാണ്. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാക്കും. സ്ഥിരരോഗികൾക്ക് ആശ്വസിക്കാനാവും. മാസത്തിന്റെ
രണ്ടാം പകുതി കൂടുതൽ ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും.
മൂലം
ധനുമാസത്തെക്കാൾ കുറച്ചെങ്കിലും മെച്ചപ്പെട്ടതാവും മകരമാസം. മാനസികപിരിമുറുക്കം കുറയുന്നതാണ്. വിഷാദഭാവത്തിന് അയവുണ്ടാകും. മറ്റുള്ളവരുടെ ആക്ഷേപങ്ങൾ സ്വയം അവസാനിച്ചേക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരസ്പരമുള്ള തുറന്ന സംഭാഷണത്തിലൂടെ പരിഹരിക്കാനാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പൂർണപിന്തുണ ലഭിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വാഹനം കൈകാര്യം ചെയ്യുമ്പോഴും നല്ല ജാഗ്രത പുലർത്തണം.
ചൊവ്വ ജന്മരാശിയിൽ തുടരുന്നതിനാൽ വൈകാരിക ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കുറച്ചൊക്കെ സന്ദിഗ്ദ്ധാവസ്ഥ ഉണ്ടായേക്കും.
പൂരാടം
ജന്മനക്ഷത്രാധിപനായ ശുക്രൻ ജന്മരാശിയിൽ ഭൂരിഭാഗം ദിവസങ്ങളും സഞ്ചരിക്കുന്നതിനാൽ ഭോഗസുഖം, ഇഷ്ടഭക്ഷണ യോഗം എന്നിവ പ്രതീക്ഷിക്കാം. ചൊവ്വയും ജന്മരാശിയിൽ തന്നെ ഉള്ളതിനാൽ പെട്ടെന്ന് ക്ഷുഭിതരാകുന്ന സാഹചര്യം ഉണ്ടാവാം. ആലസ്യം, കർമ്മപരാങ്മുഖത്വം എന്നിവ അനുഭവപ്പെടാനിടയുണ്ട്. വേഗത്തിൽ പലതും ചെയ്തുതീർക്കും. എന്നാൽ വേണ്ടതുപോലെ ആയില്ലെന്ന് പിന്നീട് ബോധ്യമാകുന്നതാണ്. അനാവശ്യമായ തിടുക്കം ഒഴിവാക്കുകയാവും ഉചിതം. കലാകാരന്മാർക്ക് ഭേദപ്പെട്ട സമയമാണ്. പ്രണയബന്ധം ഉടലെടുക്കാം. വലിയമുതൽ മുടക്കിയുള്ള സംരംഭങ്ങൾക്ക് കാലം അത്ര ഗുണകരമല്ല.
ഉത്രാടം
ആത്മസംഘർഷം കൂടാം. പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ വിഷമിച്ചേക്കും. ചില പിന്തുണകൾ പിടിച്ചുനിൽക്കാൻ തുണയേകുന്നതാണ്. സാമ്പത്തിക സ്ഥിതി ഉയരുമെങ്കിലും ചെലവും വർദ്ധിക്കുന്നതാണ്. അനാവശ്യമായ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാവും ഉചിതം. കരാർപണികൾ പുതുക്കപ്പെടാം. പക്ഷേ അതിലെ സേവനവേതന വ്യവസ്ഥകൾ അസ്വീകാര്യങ്ങളാവും. ഉപരിപഠനത്തിൽ ആലസ്യമുണ്ടായേക്കും. പൊതുപ്രവർത്തനം ഊർജ്ജമേകുന്നതാണ്. ജീവകാരുണ്യത്തിന് സമയം നീക്കിവെക്കാൻ കഴിയും. വസ്തുവില്പന തടസ്സപ്പെടാം. അഥവാ വസ്തുവിൽക്കുകയാണെങ്കിൽ പ്രതീക്ഷിച്ചതിലും ലാഭം കുറയും. ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ടതുണ്ട്.
തിരുവോണം
ഉന്മേഷരാഹിത്യം അനുഭവപ്പെടാം. ചൊവ്വ പന്ത്രണ്ടിലും പിന്നെ സൂര്യനുമൊത്ത് ജന്മരാശിയിലും സഞ്ചരിക്കുകയാൽ അലച്ചിലും, പ്രയോജനമില്ലാത്ത യാത്രകളും ദേഹാലസ്യവും ഉണ്ടാവും. ഊർജ്ജനഷ്ടവും സമയവ്യയവും കൂടി ഭവിേച്ചക്കാം. കരുതിവെച്ചിരുന്ന ധനം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. ഭൂമിവ്യാപാരത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക പ്രയാസങ്ങൾ കൂടുന്നതാണ്. വ്യാഴം നാലാമെടത്താകയാൽ ഗൃഹത്തിൽ സമാധാനം ഉണ്ടാകും. മംഗളകാര്യങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുടെ നന്ദികേട് വിഷമിപ്പിക്കും. അവിവാഹിതരുടെ വിവാഹാലോചനകളിൽ ഉണർവുണ്ടാകുന്നതാണ്.
അവിട്ടം
കഴിഞ്ഞമാസത്തെ അനുഭവങ്ങൾ തന്നെയാവും, ഈ മാസവും ഒട്ടൊക്കെ ആവർത്തിക്കുക. ആത്മസംയമനം പാലിക്കേണ്ടതുണ്ട്. വിശ്വസിച്ചവരിൽ നിന്നും തിരിച്ചടി വരാം. സമൂഹത്തിൽ സ്വന്തം കഴിവുകൾക്ക് വേണ്ടത്ര അംഗീകാരം കിട്ടിയേക്കില്ല. അല്പകാലം വീടുവിട്ടു നിൽക്കേണ്ട സ്ഥിതി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകൾ ഏല്പിക്കപ്പെടാം. ധനവിനിയോഗത്തിൽ കണിശത വേണം. വിലപിടിച്ച വസ്തുക്കൾ കളവുപോകാൻ സാധ്യതയുണ്ട്. പിതാവിന്റെ ആരോഗ്യസ്ഥിതി അല്പം ദുർബലമാവാം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. പണവരവും ചെലവും തമ്മിൽ പൊരുത്തപ്പെട്ടു പോകില്ല.
ചതയം
ആനുകൂല്യങ്ങളും പ്രാതികൂല്യങ്ങളും കുറഞ്ഞും കൂടിയും അനുഭവത്തിലെത്തും. തർക്കങ്ങളിൽ, വിശേഷിച്ചും
ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. സഹോദരരിൽ നിന്നും നേട്ടങ്ങളുണ്ടാകും. പ്രൊമോഷൻ തരാൻ അധികാരികൾ നിർബന്ധിതരാവും. സംരംഭങ്ങളിൽ നിന്നും ആദായം ഉയരുന്നതാണ്. വീട്ടുകൃഷി പുഷ്ടിപ്പെടുന്നതാണ്. വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ്ണശ്രദ്ധയർപ്പിക്കും. ഇഷ്ടജനങ്ങളുമായി യാത്രപോകാൻ അവസരമുണ്ടാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചിലവ് ഉയരുന്നതാണ്. സ്ഥിരം രോഗങ്ങളോ പുതിയ ആരോഗ്യപ്രശ്നങ്ങളോ വലയ്ക്കാനിടയുണ്ട്. നേർവഴിവിട്ട് സഞ്ചരിക്കാൻ സമ്മർദ്ദങ്ങളുണ്ടായേക്കും.
പൂരൂരുട്ടാതി
സ്വരം കടുപ്പിച്ചിട്ടോ തിണ്ണമിടുക്ക് കാട്ടിയിട്ടോ ചില കാര്യങ്ങൾ നേടേണ്ടിവരും. ശത്രുക്കളെ മാനസികമായി തളർത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. സഹോദരരുമായുള്ള ഭൂമി വ്യവഹാരം രാജിയാകുന്നതാണ്. സംഘടനാ പ്രവർത്തനങ്ങളിൽ മുൻകൈയ്യെടുക്കും. ഉദ്യോഗാർത്ഥികൾക്ക്പുതിയ ജോലി / പദവി ഏറ്റെടുക്കാനാവും. പൊതുവേ ആദായം പ്രതീക്ഷക്കനുസരിച്ച് സിദ്ധിക്കുന്നതാണ്. മാതൃബന്ധുക്കളാൽ ചില ഗുണാനുഭവങ്ങൾ വന്നെത്തും. വിനോദയാത്രകൾ ഉണ്ടാവും. ഔദ്യോഗിക യാത്രകളും വേണ്ടിവരും. മകരം അവസാന ആഴ്ചകളിൽ ഗുണാനുഭവങ്ങൾ കുറയുന്നതാണ്. ചെലവേറും. വീഴ്ച, അപകടം ഇത്യാദികൾക്ക് സാധ്യതയുണ്ട്.
ഉത്രട്ടാതി
ഗ്രഹാനുകൂലം മാറ്റുമാസങ്ങളെക്കാൾ കാണുന്നതിനാൽ സ്വതേ ഗുണഫലങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പഠനം, ഗവേഷണം, ഗ്രന്ഥരചന, ശാസ്ത്രീയ അന്വേഷണങ്ങൾ തുടങ്ങിയ ബൗദ്ധിക പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാനാവും. സ്വതസ്സിദ്ധമായ കഴിവുകൾ പുറത്തെടുക്കാനാവും. സംഭാഷണത്തിലൂടെ ബഹുമാന്യത നേടും. വരവ് അധികരിക്കുന്നതാണ്. ബിസിനസ്സിന്റെ തുടർ പുരോഗതിക്ക് സാദ്ധ്യമായ വഴികൾ തേടും. കുടുംബാംഗങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദിക്കപ്പെടും. ജീവിതശൈലി രോഗങ്ങൾ ഉപദ്രവിക്കാം. സമയോചിതമായി പ്രവർത്തിക്കാത്തത് കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാവാം.
രേവതി
സൂര്യൻ പതിനൊന്നാമെടത്തിൽ സഞ്ചരിക്കുകയാൽ പകൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിജയമുണ്ടാകും. മറ്റു ഗ്രഹങ്ങളും ഏറിയും കുറഞ്ഞും ഇഷ്ടഭാവങ്ങളിലാകയാൽ ന്യായമായ കാര്യങ്ങൾ അനുഭവത്തിലെത്തും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ ഉയരും. സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് തുടങ്ങിയവയും സാധ്യതകളാണ്. ഗൃഹനിർമ്മാണം പൂർത്തിയാവും. ആഢംബര വസ്തുക്കൾ സ്വന്തമാക്കാനാവും. പൊതുപ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയ സ്വപ്നങ്ങൾ നിർവഹണസന്ധിയിൽ എത്തിയ പ്രതീതിയുണ്ടാവും. ജന്മത്തിൽ രാഹു സഞ്ചരിക്കുകയാൽ മറവിയോ കർമ്മപരാങ്മുഖത്വമോ ഉണ്ടാവാം. ഏഴാമെടത്തിലെ കേതു പ്രണയികളെ സന്തോഷിപ്പിക്കാനിടയില്ല. മൃദുലഭാവങ്ങൾ നഷ്ടമാവുകയും പരുക്കത്തം സ്വഭാവത്തിലേറുകയും ചെയ്യുന്നതായി വേണ്ടപ്പെട്ടവർ പരാതിപ്പെട്ടേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.