scorecardresearch
Latest News

Monthly Horoscope February 2023: 2023 ഫെബ്രുവരി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Monthly Horoscope February 2023 star predictions: അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്ക് ഫെബ്രുവരി മാസം എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം

Monthly Horoscope February 2023, Monthly Horoscope Predictions For February 2023, February 2023 star predictions, astrological prediction February 2023, 2023 ഫെബ്രുവരി നക്ഷത്ര ഫലം

Monthly Horoscope Predictions For February 2023: 2023 ഫെബ്രുവരി 12 വരെ മകര മാസവും തുടർന്ന് കുംഭമാസവും ആണ്. സൂര്യൻ ഈ രണ്ട് രാശികളിലായി സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. ശുക്രൻ കുംഭം- മീനം രാശികളിലും. ബുധൻ ധനു- മകരം-കുംഭം രാശികളിലായും സഞ്ചരിക്കുന്നു. ചൊവ്വ ഇടവത്തിൽ തുടരുകയാണ്. ഫെബ്രുവരി ഒന്നിന് ചന്ദ്രൻ മകയിരത്തിൽ, മാസാവസാന ദിവസം രോഹിണിയിൽ വന്നെത്തി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കുന്നു. ഈ ഗ്രഹനില മുൻനിർത്തി മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്.

അശ്വതി: നല്ല ഫലങ്ങൾ വർദ്ധിക്കും. ഇഷ്ടവസ്തുക്കൾ അനുഭവത്തിൽ വരും. സുഖഭോഗങ്ങൾ ഏറും. ഊഹക്കച്ചവടത്തിൽ വിജയിക്കും. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അവസരങ്ങൾ കൂടും. സ്ഥലം മാറ്റം ആവശ്യപ്പെട്ട ദിക്കിലേക്കാവും. പഠിതാക്കൾക്ക് പഠനം, കല എന്നിവയിൽ മുന്നേറാനാവും. ജീവിതം വികാസധന്യവും പുരോഗമനാത്മകവും ആവും.

ഭരണി: കലാപരമായ കഴിവുകൾ ആദരിക്കപ്പെടും. ആത്മാഭിമാനം വർദ്ധിക്കും. പ്രണയികൾ മനസ്സുകൊണ്ട് ദൃഢബദ്ധരാവും. സൗഹൃദങ്ങൾ കൂടുതൽ ഊഷ്മളമായിത്തീരും. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ അകലും. ധനപരമായി മെച്ചപ്പെട്ട സമയമാണ്. എന്നാൽ .ആഢംബര വസ്തുക്കൾ വാങ്ങാൻ വ്യയം ഉണ്ടാകും. യാത്രകൾ വിജയത്തിലെത്തും. രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനലബ്ധിയുണ്ടാകും.

 കാർത്തിക: മത്സരങ്ങളിൽ വിജയിക്കും. അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും. കച്ചവടം വിപുലീകരിക്കാൻ വായ്പകൾ പ്രയോജനപ്പെടുത്തും. മക്കളുടെ ഭാവിശ്രേയസ്സിനായി ചില ഉചിത നടപടികൾ കൈക്കൊള്ളും. സാങ്കേതിക വിഷയങ്ങളിൽ വിജ്ഞാനം സമ്പാദിക്കും. മുൻകോപം നിയന്ത്രിക്കേണ്ടതുണ്ട്. കലഹ സന്ദർഭങ്ങളെ ഒഴിവാക്കണം. ആരോഗ്യപരമായി ആശ്വാസം ലഭിക്കുന്ന കാലമാണ്. പുതിയ ചികിത്സകൾ അവലംബിക്കുന്നത് പ്രയോജനകരമാവും.

രോഹിണി: സമയോചിതമായ ഇടപെടലുകൾ മൂലം കഷ്ടനഷ്ടങ്ങളിൽ നിന്നും രക്ഷനേടും. ക്രയവിക്രയങ്ങളിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് വലിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. സാമൂഹികപ്രതിബദ്ധതയോടെയുള്ള പ്രവർത്തനം സമാദരിക്കപ്പെടും. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതായിരിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും.  സകുടുംബം വിനോദയാത്ര നടത്തും. മാസത്തിന്റെ രണ്ടാംപകുതിക്ക് മെച്ചമേറും.

മകയിരം: എത്ര ശ്രമിച്ചാലും ചില കുടുംബ വഴക്കുകൾ തീരില്ല. എന്നാലും ഒഴുക്കിനെതിരെ നീന്താനുള്ള കഴിവ് സ്വയം പരീക്ഷിച്ച് ബോധ്യത്തിൽ വരുത്തും. ജാമ്യം നിൽക്കാൻ കാലം ഉചിതമല്ല. ധനപരമായി അതിശ്രദ്ധ പുലർത്തണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയാം. ബിസിനസ്സിൽ പുരോഗതിയുണ്ടോ എന്ന് സംശയമാകും. സർക്കാരുമായുള്ള ഇടപാടുകളിൽ വിദഗ്ദ്ധോപദേശം തേടുന്നത് പ്രയോജനകരമാവും. ആരോഗ്യ പരിരക്ഷയിൽ അലംഭാവം അരുതെന്ന് സ്വയം തീരുമാനിച്ചുറപ്പിക്കുകയും വേണം.

തിരുവാതിര: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ക്ലേശിക്കും. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ നിന്നും ഒരുവിധം കരകയറും. കടബാധ്യതകൾ പരിഹരിക്കാൻ ഉതകുന്ന ചില നടപടികളിലേക്ക് കടക്കും. ബന്ധുക്കളുടെ ഉപകാരസ്മരണയില്ലായ്മ വേദനിപ്പിക്കും. സ്വന്തം തൊഴിൽ വിപുലീകരിക്കാനുള്ള യത്നം വിജയം കാണും. ഉപരിപഠനത്തിന് വിദേശത്ത് പോകാനുള്ള ശ്രമം തുടർന്നേക്കും. പ്രണയബന്ധത്തിൽ വിശ്വാസമേറും. ആർഭാടം ഒഴിവാക്കിക്കൊണ്ടുള്ള ജീവിതചര്യയിൽ ആകർഷിക്കപ്പെടും.

പുണർതം: പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം കിട്ടുന്ന മാസമാണിത്. മുൻപ് ചെയ്ത കർമ്മങ്ങൾ ഇപ്പോൾ പ്രകീർത്തിക്കപ്പെടും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഊഹക്കച്ചവടത്തിൽ സാമാന്യമായി നേട്ടങ്ങൾ വരും. സഹപ്രവർത്തകരുടെ പിന്തുണയോടെ ഏറ്റെടുത്ത ദൗത്യത്തിൽ വിജയം വരിക്കും. സർക്കാർ കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ ക്ലേശിക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാവാനിടയുണ്ട്.

പൂയം: ലക്ഷ്യം നേടാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. തടസ്സങ്ങൾ മനസ്സിനെ പിറകോട്ട് വലിക്കാം. ജ്ഞാനവും ഇച്ഛയും ക്രിയയും ഏകോപിപ്പിക്കേണ്ട സന്ദർഭമാണ്. കച്ചവടത്തിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്ക് ഗുണമേറും. വാദമുഖങ്ങൾ നിരത്തി എതിർപ്പുകളെ നിശബ്ദമാക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ആരോഗ്യപരിരക്ഷയിൽ ജാഗ്രതവേണം. വിദേശജോലികൾക്ക് കളമൊരുങ്ങും. പ്രണയബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

ആയില്യം: ആത്മപരിശോധന നടത്താൻ സന്നദ്ധതയുണ്ടാവും. കുടുംബ ജീവിതത്തിൽ സന്തോഷം കൂടും. തൊഴിൽ രംഗത്തെ മ്ലാനത മാറും.  സാങ്കേതികവിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കും. സർക്കാരിൽ നിന്നുമുള്ള സാമ്പത്തിക സഹായം അല്പം വൈകിയേക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം വിഷമിപ്പിക്കും. പൊതുപ്രവർത്തകർക്ക് പലരുടേയും വിരോധം സമ്പാദിക്കേണ്ടി വന്നേക്കാം. ആരോഗ്യ പരിരക്ഷയിൽ  അലംഭാവമരുത്. ധനപരമായി മെച്ചപ്പെട്ട കാലമാണ്.

മകം: മാസാദ്യം മികവുകളേറും. കച്ചവടത്തിൽ നിന്നും വരുമാനം ഉയരും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി ലഭിക്കും. വിദ്യാർത്ഥികൾ അധ്യാപകരുടെ അഭിനന്ദനം നേടും. രണ്ടാം പകുതിയിൽ കുടുംബ പ്രശ്നങ്ങൾ കൂടാം. യാത്രകൾ വർദ്ധിക്കും. അലച്ചിൽ അധികരിക്കാം. വിദേശത്തു നിന്നും പ്രതീക്ഷിക്കുന്ന ശുഭവാർത്തകൾ വന്നെത്തുവാൻ വിളംബമുണ്ടാകും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ തേടും.

പൂരം: കടമകൾ ഭംഗിയായി നിറവേറ്റും. തൊഴിലിടത്തിൽ അംഗീകാരം കൈവരും. ന്യൂതന സംരംഭങ്ങൾ തുടങ്ങാനുള്ള പര്യാലോചനകൾ പുരോഗമിക്കും. ദാമ്പത്യ പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി പരിഹരിക്കും. കുടുംബസമേതം വിനോദയാത്രകൾ നടത്താൻ സാഹചര്യം ഒരുങ്ങും. ഭൂമിയുടെ ക്രയവിക്രയത്തിൽ ചില തടസ്സങ്ങൾ വന്നെത്താം. വ്യവഹാരത്തിന് പകരം സാമോപായം സ്വീകരിക്കുന്നതാവും ഉചിതം. വിദ്യാർത്ഥികൾക്ക് പഠനത്തിന് വായ്പാ സൗകര്യം ലഭിക്കാം.

ഉത്രം: ചിങ്ങക്കൂറുകാർക്ക് മാസത്തിന്റെ ആദ്യ പകുതിയും കന്നിക്കൂറുകാർക്ക് രണ്ടാം പകുതിയും കൂടുതൽ ഗുണകരമാവും. സ്വന്തം തൊഴിലിൽ വളർച്ചയുണ്ടാകും. പ്രൊഫഷണലുകൾ മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം അവസാപ്പിക്കാൻ മുന്നിട്ടിറങ്ങും. വിദ്യാർത്ഥികൾ കുറച്ചൊന്ന് അലസരായേക്കും. ഗൃഹനിർമ്മാണം മന്ദഗതിയിലാവും. ധനപരമായി സമ്മർദ്ദങ്ങൾ ഉയർന്നേക്കാം. ആരോഗ്യകാര്യത്തിൽ ജാഗ്രത കുറയ്ക്കരുത്.

അത്തം: വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ട സന്ദർഭമാണ്. വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാവും അഭികാമ്യം. ആദരണീയ വ്യക്തികളുടെ പിന്തുണ നേടും. പ്രവർത്തനമേഖല ലാഭകരമാവും.  സാങ്കേതികവിജ്ഞാനം സമാർജ്ജിക്കാനുള്ള പരിശ്രമങ്ങൾ വിജയിക്കും. സന്താനങ്ങളുടെ ശ്രേയസ്സിൽ സന്തോഷം ഉണ്ടാകും. കടബാധ്യതകൾ കുറച്ചൊക്കെ ലഘൂകരിക്കാനാവും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും.

ചിത്തിര: ബുദ്ധിപരമായി നേടേണ്ട കാര്യങ്ങളെ വൈകാരികമായി സമീപിക്കും. സംഘടനാപ്രവർത്തനം സംഘർഷം വളർത്താം. കുടുംബ ജീവിതത്തിന് മേന്മകളേറും. വസ്തുവിൽക്കാനുള്ള ശ്രമത്തിൽ ഭാഗികമായി വിജയം കാണും. സർക്കാരിൽ നിന്നും സംരംഭങ്ങൾക്ക് അനുമതി കിട്ടാൻ ക്ലേശങ്ങളേറും. സാമ്പത്തിക സ്ഥിതി മോശമാവില്ല. ആഢംബരച്ചെലവുകളെ നിയന്ത്രിക്കണം.

ചോതി: ഗാർഹികമായ അലട്ടലുകൾ കുറയും. മനസ്ഥൈര്യം വർദ്ധിക്കും. പൊതുരംഗത്ത് സൽപ്പേരുണ്ടാക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി ഭേദപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. ധനപരമായി മെച്ചമുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ഉയരും. വിദേശത്ത്‌പോകാൻ സന്ദർഭം വന്നുചേരാം. വിവാഹാലോചനകൾ സഫലമാകും. വൃദ്ധജനങ്ങൾക്ക് കഫ- വാത രോഗങ്ങൾ ഉണ്ടാകാം.

വിശാഖം: കർമ്മരംഗത്തെ ഉദാസീനത നീങ്ങും. കൂടുതൽ വിശാലമായ മേച്ചിൽപ്പുറങ്ങളിലെത്തും. വായ്പകളോ സഹായധനമോ കൈവശം വന്നുചേരും. പഠിതാക്കൾക്ക് ലക്ഷ്യബോധം കൂടും. കായികരംഗത്തുള്ളവർക്ക് പ്രോത്സാഹനം ലഭിക്കും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വരവുചെലവുകൾ സമീകൃതമാവും. തുലാക്കൂറുകാർ വിനോദയാത്രകൾ നടത്തും. വൃശ്ചികക്കൂറുകാർ തീർത്ഥാടനത്തിനൊരുങ്ങും.

അനിഴം: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
 പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടിവരും. തൊഴിലിൽ വിദഗ്ദ്ധ പരിശീലനം നേടും. ചെറുയാത്രകൾ ധാരാളമായിട്ടുണ്ടാകും. കലാപരിപാടികളിൽ സജീവമായി പങ്കെടുക്കും. ധനസ്ഥിതി ഉയരും. ദൈവിക കാര്യങ്ങൾക്ക് പണം ചെലവഴിക്കും. സന്താനജന്മം കൊണ്ട് കുടുംബജീവിതം ശ്രേയസ്കരമായിത്തീരും.

തൃക്കേട്ട: കൃത്യമായ ആസൂത്രണത്തിലൂടെ കർമ്മപദ്ധതി തയ്യാറാക്കും.
മേൽ ഉദ്യോഗസ്ഥരുടെ പ്രശംസ നേടും. പഴയവീടിന്റെ ജീർണോദ്ധാരണം പൂർണമാകും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാകും. ഉപജാപങ്ങളെ കരുതേണ്ട കാലമാണ്. ബന്ധുക്കളുടെ പിന്തുണ വേണ്ടത്ര ലഭിച്ചെന്നു വരില്ല. ദാമ്പത്യജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉയർന്നേക്കാം. മനോനിയന്ത്രണവും ക്ഷമയും കൈവിടാതിരിക്കാൻ ജാഗ്രത വേണം.

മൂലം: സഹായിക്കാനും പിന്തുണയ്ക്കാനും പലരും ഉണ്ടാവും. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളും. കുടുംബകാര്യങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനാവും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. കുട്ടികളുടെ ഭാവി ശ്രേയസ്സിനുതകുന്ന കരുതൽ നടപടികൾ സ്വീകരിക്കും. കച്ചവടം, കരാർ പണികൾ എന്നിവയിൽ നിന്നും ആദായം വർദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരാം. ആത്മീയ / ക്ഷേത്ര കാര്യങ്ങൾക്ക് സമയം കണ്ടെത്തും.

പൂരാടം: പുണ്യകർമ്മങ്ങളിൽ ഭാഗമാകും. യാത്രകൾ സുഖകരമാകും. പുതിയ വാഹനം വാങ്ങും. മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പാസൗകര്യം പ്രയോജനപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് സ്വന്തം വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കാം. കുടുംബ സ്വത്തിന്മേലുള്ള തർക്കം ഒരുവിധം പറഞ്ഞുതീരും. ജീവിത ശൈലീ രോഗങ്ങൾ കുറയുന്നത് ആശ്വാസമേകും. മാതാപിതാക്കളുടെ ആരോഗ്യപരിശോധനകളിൽ ഉപേക്ഷയരുത്.

ഉത്രാടം: കർമ്മമേഖലയിൽ ഉണർവ് പ്രത്യക്ഷമാകും. വീടോ തൊഴിൽ സ്ഥാപനമോ നവീകരിക്കും. ഉപരിവിദ്യാഭ്യാസം ചെയ്യുന്നവർക്ക് തൊഴിൽ വാഗ്ദാനങ്ങൾ കരഗതമാകും. കരാർ ജോലികൾ പുതുക്കി കിട്ടാം. വിദേശത്തുള്ളവർക്ക് പുതിയ തൊഴിൽ സാഹചര്യങ്ങൾ ഗുണം ചെയ്യും. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്. ബന്ധുക്കളെ സന്ദർശിക്കാനും കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും അവസരമുണ്ടാകും. സംഘടനാ പ്രവർത്തനങ്ങളിൽ എതിർപ്പുകളെ നേരിടേണ്ടി വരാം.

തിരുവോണം: വാക്കുകൾ സൂക്ഷിച്ചാവണം പറയേണ്ടത്. കടം വാങ്ങാൻ പ്രവണതയേറും. തൊഴിലിടത്തിൽ പ്രതിസന്ധികൾ വരാം. സജ്ജനങ്ങളുടെ പിന്തുണ രക്ഷയേകും. ആലസ്യം വർദ്ധിക്കും. സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. എന്നാലും എല്ലാം
ഒരുവിധം പൂർത്തിയാക്കും. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വങ്ങൾ ഏറും.

അവിട്ടം: ആശയ വിനിമയത്തിൽ സുതാര്യത കുറയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ക്ലേശങ്ങൾ അനുഭവപ്പെടാം. പ്രൊഫഷണലുകൾക്ക് വെല്ലവിളി കൂടും. ദേഹക്ഷീണവും മടിയും ചിലപ്പോൾ അവധിയെടുക്കാൻ പരോക്ഷ പ്രേരണയേകും. പ്രതീക്ഷിച്ച വരുമാനം കിട്ടണമെന്നില്ല. സർക്കാർ കാര്യങ്ങൾ പ്രാവർത്തികമാവാൻ അലച്ചിലേറും. കുടുംബത്തിൽ നയോപായ ചാതുരിയോടെ പ്രവർത്തിക്കേണ്ട സന്ദർഭമാണ്. ആരോഗ്യരക്ഷയിൽ ജാഗ്രത തുടരണം.

ചതയം: ജന്മശനിയാണ് എന്ന് ഓർമ്മിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാം. തർക്കം- കലഹം- വ്യവഹാരം എന്നിവയിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതാവും അഭികാമ്യം. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ വലിയ മുതൽ മുടക്കുകൾ വേണ്ട സംരംഭങ്ങളിൽ ഏർപ്പെടരുത്. കൊടുക്കൽ- വാങ്ങലുകളിൽ ശ്രദ്ധ വേണം. വിദേശ / അന്യദേശ ജോലികൾക്കുള്ള ശ്രമം വിജയിക്കും. പ്രവാസികൾക്ക് നിലവിലെ ജോലി നഷ്ടമായാലും പുതിയ ജോലി ലഭിച്ചേക്കും. ഗൃഹനിർമ്മാണത്തിന് വായ്പകൾ പ്രയോജനപ്പെടുത്തും. പഠനകാര്യത്തിൽ ഏകാഗ്രത കുറയാം.

പൂരുട്ടാതി: കുംഭക്കൂറുകാർക്ക് കൂടുതൽ അധ്വാനം വേണ്ടി വരും. സുലഭവസ്തുക്കൾ നേടാൻ പോലും വിയർപ്പൊഴുക്കുന്ന സ്ഥിതിയുണ്ടാകാം. ആദായം വർദ്ധിക്കും. എന്നാൽ വരവും ചെലവും തമ്മിലുള്ള അനുപാതത്തിൽ വ്യത്യാസം പ്രത്യക്ഷപ്പെടും. ക്ഷമയോടെയും ലക്ഷ്യബോധത്തോടെയും പ്രവൃത്തികളിൽ മുഴുകേണ്ട സന്ദർഭമാണ്. സൗഹൃദങ്ങൾ എല്ലാം തന്നെ ഗുണം ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് കാമ്പസ് അഭിമുഖങ്ങളിൽ ശോഭിക്കാനാവും.

ഉത്രട്ടാതി: വിവരസാങ്കേതിക വിദ്യയിൽ നേട്ടങ്ങൾ കൈവരും. തീരുമാനങ്ങൾ ആലോചിച്ച് കൈക്കൊള്ളണം. ദീർഘയാത്രകൾ വേണ്ടി വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് ന്യായമായ ജോലിയോ വരുമാന മാർഗമോ സിദ്ധിക്കും. നിക്ഷേപങ്ങളിൽ നിന്നും ആദായം കൂടും. സുഹൃൽസംഗമങ്ങളുടെ സംഘാടനം ഭംഗിയായി നിറവേറ്റും. അധികാരികളുടെ കർക്കശ നിലപാട് ക്ലേശങ്ങൾ സൃഷ്ടിക്കാം. മക്കളുടെ വിവാഹാലോചനകൾ ദ്രുതഗതിയിൽ മുന്നേറും.

രേവതി: സമഭാവനയോടെയുള്ള പെരുമാറ്റം ആദരിക്കപ്പെടും. നവീനപദ്ധതികൾ ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ കുറയാം. തൊഴിൽപരമായ വിദേശയാത്രക്ക് ഉചിത സന്ദർഭമാണ്. മക്കളുടെ പഠനച്ചിലവിന് തുക കണ്ടെത്തും. സഹോദരരുമായുള്ള വസ്തു തർക്കങ്ങൾ പരിഹൃതമാവാതെ തുടരും. ആർഭാടചിലവുകൾ ഒഴിവാക്കുന്നതാണ് കരണീയം. അവിവാഹിതർക്ക് വിവാഹജീവിതത്തിൽ പ്രവേശിക്കാൻ അല്പം കൂടി ക്ഷമിക്കേണ്ടി വരും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Monthly horoscope february 2023 star predictions