/indian-express-malayalam/media/media_files/uploads/2023/06/midhunam-horoscope-1.jpg)
1198 ഇടവം 32 ന് വൈകിട്ട് മിഥുനരവി സംക്രമം. മിഥുനമാസത്തിൽ, കാർത്തികയിൽ തുടങ്ങുന്ന ചന്ദ്രന്റെ യാത്ര കാർത്തികയും കഴിഞ്ഞ് തിരുവാതിര വരെ നീളുന്നു. മിഥുനം നാലിന് ശനിക്ക് കുംഭം രാശിയിൽ വക്രഗതി തുടങ്ങുകയാണ്. വ്യാഴം മേടത്തിൽ തുടരുന്നു. എന്നാൽ അശ്വതിയിൽ നിന്നും മിഥുനം രണ്ടാം ആഴ്ചയിൽ ഭരണിയിലേക്ക് പ്രവേശിക്കുന്നു.
രാഹു മേടത്തിൽ അശ്വതി നക്ഷത്രത്തിലൂടെ സഞ്ചാരം തുടരുകയാണ്. കേതു തുലാത്തിൽ ചോതിയിലും തുടർന്ന് ചിത്തിരയിലും ആയി സഞ്ചരിക്കുന്നു. ചൊവ്വ മിഥുനമാസം പകുതിയിൽ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും അവസാന ആഴ്ചയിൽ കർക്കടകം രാശിയിലേക്കും നീങ്ങുകയാണ്. മിഥുനം ആറാം തീയതി മുതൽ മാസാന്ത്യം വരെ ബുധന് ക്രമമൗഢ്യവുമുണ്ട്. ശുക്രനും മാസാവസാനം ചിങ്ങത്തിലേക്ക് പകരുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി മകം, ചിത്തിര, ചോതി, മൂലം, പൂരുരുട്ടാതി എന്നീ അഞ്ച് നാളുകളിൽ ജനിച്ചവരുടെ മിഥുന മാസത്തെ (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വായിക്കാം.
മകം: ഉദ്യോഗത്തിൽ മേലധികാരികളുടെ വിശ്വാസമാർജ്ജിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. തൊഴിലിൽ വരുമാനം വർദ്ധിക്കുന്നതാണ്. കിട്ടാക്കടങ്ങളിൽ ചിലതൊക്കെ ലഭിച്ചേക്കും. രാഷ്ട്രീയത്തിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. പഠനകാര്യങ്ങളിൽ ആഗ്രഹ സഫലീകരണം ഭവിക്കാം. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ആഢംബരം, വിനോദയാത്ര എന്നിവക്കായി ചെലവേറുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനം ആവശ്യമായി വന്നേക്കും.
ചിത്തിര: പറഞ്ഞ വാക്ക് പാലിക്കും. മറ്റുള്ളവരുടെ ഉദാസീനതയെ പരിഹസിക്കും. പാരമ്പര്യ തൊഴിലുകളിൽ നേട്ടമുണ്ടാകുന്നതാണ്. ഭൂമിയിടപാടിൽ നഷ്ടം വരാനിടയുണ്ടെന്നതിനാൽ ശ്രദ്ധ വേണം. നവസംരംഭങ്ങളിൽ പുനശ്ചിന്തയുണ്ടായേക്കും. കുടുംബാംഗങ്ങളുടെ അനൈക്യത്തിൽ ഇടപെടും. മാസത്തിന്റെ രണ്ടാം പകുതിയിൽ മികവധികമാകാം. സാമ്പത്തിക ക്ലേശങ്ങൾക്ക് വായ്പകളെ ആശ്രയിക്കേണ്ടിവന്നേക്കും. വീട് മാറാൻ തീരുമാനിക്കുന്നതാണ്. നവീനോപകരണങ്ങൾ സമ്മാനമായി കിട്ടാനിടയുണ്ട്.
ചോതി: അപ്രസക്ത കാര്യങ്ങൾക്ക് സമയവും ഊർജ്ജവും കളയും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പ്രധാനകാര്യങ്ങൾ അവസാനനിമിഷം നടന്നുകിട്ടുന്നതാണ്. ഉപരിപഠനത്തിൽ ചില ആശങ്കകൾ വരാം. ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ഒരു സാധ്യതയാണ്. വ്യാപാരത്തിൽ തിരിച്ചടവ് മുടങ്ങിയേക്കും. മക്കളുടെ ജോലിക്കാര്യത്തിൽ ചില തടസ്സങ്ങൾ വരാം. പ്രണയബന്ധം വീട്ടുകാരുടെ എതിർപ്പിന് ഇടവരുത്തും. ആരോഗ്യപരമായ അലംഭാവം നന്നല്ല.
മൂലം: ബുധാദിത്യന്മാർ ഏഴാമെടത്തിൽ സഞ്ചരിക്കുകയാൽ ഗാർഹികസമാധാനം കുറയും. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ ഒരു സാധ്യതയാണ്. അഷ്ടമത്തിലെ ചൊവ്വ ചില തടസ്സങ്ങൾക്ക് വഴിയൊരുക്കിയേക്കും. അലച്ചിൽ കൂടാനിടയുണ്ട്. സഹോദരരുമായി രമ്യത നഷ്ടമാകാം. സർക്കാർ കാര്യങ്ങളിലെ കാലതാമസം മടുപ്പിക്കും. വ്യാപാരികൾക്ക് ചെറിയ ലാഭമെങ്കിലും വന്നുചേരും. കരാർ പണികളിൽ തുടർച്ചയുണ്ടാവും. അഗ്നി, വാഹനം, വൈദ്യുതി, ജലം ഇവ സംബന്ധിച്ച ഉപയോഗത്തിൽ കരുതൽ അനിവാര്യം.
പൂരുരുട്ടാതി: തീരുമാനങ്ങളിലും നിലപാടുകളിലും പുനശ്ചിന്തയുണ്ടാവാം. ചില കാര്യങ്ങൾ പിന്നെ മതി എന്ന് കരുതും. വ്യാപാരാവശ്യങ്ങൾക്കായി യാത്രകൾ ഉണ്ടാവും. പ്രൊഫഷണലുകൾക്ക് മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നതാണ്. ഉദ്യോഗസ്ഥരുടെ ചുമതലകളിൽ ചിലത് എടുത്ത് മാറ്റപ്പെട്ടേക്കും. ഗവേഷണത്തിൽ തടസ്സങ്ങൾ ഉണ്ടാവാം. പുതിയ വ്യായാമമുറകൾ പരിശീലിച്ചേക്കും. ധനസ്ഥിതി ശരാശരിയാവും. ബന്ധുക്കളോടൊപ്പം വിനോദയാത്രകൾ നടത്താം. മാസത്തിന്റെ പകുതിമുതൽ ചൊവ്വ ചിങ്ങത്തിലേക്ക് പകരുന്നതിനാൽ ദാമ്പത്യകാര്യങ്ങളിൽ സമാധാനക്കുറവുണ്ടാകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.