scorecardresearch

ബുധൻ കന്നിയിലേക്ക് ഈ കൂറുകാരുടെ ഭാവി ശോഭനമാകും

പാണ്ഡിത്യം, വിദ്യ, വിജ്ഞാനം, ഹാസ്യം, ഗണിതം, സാഹിത്യം, വ്യാകരണം, ജ്യോതിഷം, അക്കൗണ്ടൻസി, ശിൽപ്പ- ചിത്രകല, മാധ്യമ പ്രവർത്തനം, കായികമേഖല, കൈയ്യക്ഷരം , ബന്ധുബലം, കച്ചവടം എന്നിവ ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ബുധൻ ഉച്ചരാശിയിലേക്ക് മാറുമ്പോൾ ഓരോ നാളുകാർക്കും വരുന്ന സമ്പൂർണ ഫലം പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജ്യോതിഷ ഭൂഷണം ശ്രീനിവാസ അയ്യർ എഴുതുന്നു

ബുധൻ കന്നിയിലേക്ക് ഈ കൂറുകാരുടെ ഭാവി ശോഭനമാകും

Horoscope: 2022 ആഗസ്റ്റ് 21 മുതൽ ഒക്ടോബർ 26 (1198 ചിങ്ങം നാല് മുതൽ തുലാം ഒമ്പത്) വരെ ഏതാണ്ട് എഴുപത് ദിവസം ബുധൻ തന്റെ ഉച്ചരാശിയായ കന്നിയിലാണ്. ബുധനെ സംബന്ധിച്ചിടത്തോളം അൽപ്പം നീണ്ട കാലയളവാണ് ഇത്. സാധാരണ ഒരു മാസമോ അതിൽ കുറവോ മാത്രമാണ് ബുധൻ ഓരോ രാശിയിലും സഞ്ചരിക്കുക.

മെർക്കുറി (Mercury) എന്ന് പാശ്ചാത്യർ വിളിക്കുന്ന ബുധൻ ഒരു പണ്ഡിതഗ്രഹമാണ്. ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് കൽപ്പിച്ചിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് പുരാണങ്ങളിലുണ്ട്. അതുകൊണ്ട് ചാന്ദ്രി, ഇന്ദുപുത്രൻ, താരേയൻ, സോമ്യൻ തുടങ്ങിയ പേരുകളുണ്ട്, ബുധന്. ഗ്രഹനിലയിൽ ‘ബു’ എന്ന അക്ഷരമാണ് ബുധനെ കുറിക്കുന്നത്.

പാണ്ഡിത്യം, വിദ്യ, വിജ്ഞാനം, ഹാസ്യം, ഗണിതം, സാഹിത്യം, വ്യാകരണം, ജ്യോതിഷം, അക്കൗണ്ടൻസി, ശില്പം, ചിത്രകല, പത്രപ്രവർത്തനം, കായികമേഖല, കൈയ്യക്ഷരം , ബന്ധുബലം, കച്ചവടം എന്നിവ ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

പന്ത്രണ്ട്‌ രാശികളിൽ മിഥുനം, കന്നി എന്നീ രാശികൾ രണ്ടും ബുധനുമായി ശക്തമായ ബന്ധമുള്ളവയാണ്. മിഥുനത്തിന് ബുധന്റെ സ്വക്ഷേത്രം എന്ന അവകാശമേയുള്ളു. എന്നാൽ കന്നിരാശി, ബുധന്റെ സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നിങ്ങനെ മൂന്നുതരത്തിൽ സവിശേഷതയർഹിക്കുന്ന രാശിയാണ്.

ബുധദശ, ബുധന്റെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവർക്ക് ബുധന്റെ ഉച്ചക്ഷേത്രസ്ഥിതി സമുജ്ജ്വലകാലമായിരിക്കും. ബുധൻ ഗ്രഹനിലയിൽ മിഥുനം, കന്നി എന്നീ രാശികളിൽ നിൽക്കുന്നവർക്കും ഇക്കാലത്ത് പലതരം നേട്ടങ്ങളുണ്ടാകും. അതുപോലെ മിഥുനക്കൂറിലും (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ) കന്നിക്കൂറിലും (ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) ജനിച്ചവർക്കും ശോഭനഫലങ്ങൾ വന്നുചേരും. ബുധന്റെ നക്ഷത്രങ്ങളാണ് ആയില്യം, തൃക്കേട്ട, രേവതി എന്നിവ. അവർക്കും ഗുണപ്രധാനമായ രണ്ടുമാസമാണ് തുടങ്ങിയിരിക്കുന്നത്.അഭീഷ്ടസിദ്ധി, ധനനേട്ടങ്ങൾ, വ്യക്തിത്വ വികാസം, പഠനപുരോഗതി, ബുദ്ധിപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഉന്നതി, ബന്ധുബലം എന്നിവയെല്ലാം തെറ്റാനിടയില്ലാത്ത സാധ്യതകളാണ്.

മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടു കൂറുകളിൽ ജനിച്ചവരുടെയും ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ബുധൻ ആറാം ഭാവത്തിലാണ്. കാര്യവിജയം പ്രതീക്ഷിക്കാം. ബുദ്ധിമാന്മാരായ മനുഷ്യരുടെ സഹായം കിട്ടും. ശത്രുക്കളെ കൗശലത്തിലൂടെ പരാജയപ്പെടുത്തും. സാങ്കേതികവിദ്യ പഠിക്കാനുള്ള ശ്രമം വിജയം കാണും. സ്ഥാനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. കടം കൊടുത്ത പണം മടക്കിക്കിട്ടും. തീരുമാനങ്ങൾ വിവേകപൂർവ്വം കൈക്കൊള്ളും.

ഇടവക്കൂർ (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ ): ഹൃദയത്തെക്കാൾ മസ്തിഷ്കമാണ് പ്രധാനമെന്ന് ചിന്തിക്കും. വ്യക്തികളെയും വിഷയങ്ങളെയും ബുദ്ധികൊണ്ട് അളക്കും. വാക്കുകൾ നന്നായി ഉപയോഗിക്കും. വാഗ്ദാനങ്ങൾ നിറവേറ്റാൻ ശ്രമിക്കും. ഉപരിപഠനത്തിന് അവസരമുണ്ടാവും. മത്സര പരീക്ഷകളിൽ മക്കൾക്ക് വിജയമുണ്ടാകും. അധ്യാപകർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ബാങ്ക് ജോലിക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. നിയമം, മാധ്യമം തുടങ്ങിയ രംഗങ്ങളിലുള്ളവർക്ക് തൊഴിൽ രംഗത്ത് ശോഭിക്കാനാവും.

മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 ): ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി കൂടിച്ചേരാനാവും. ഗൃഹനിർമ്മാണം പൂർത്തിയാവും. ധനസ്ഥിതി മെച്ചപ്പെടും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം നീങ്ങി പൂർവ്വാധികം ഊഷ്മളമായ ബന്ധം പുലരും. ഇഷ്ടപ്പെട്ടവരോടൊപ്പം വിനോദ യാത്ര നടത്തും. കായിക രംഗത്തുള്ളവർക്ക് വിജയം കൈവരിക്കാനാവും. ധനവിനിയോഗം കൃത്യമായിരിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചമാകും.

കർക്കടകക്കൂർ (പുണർതം നാലാം പാദം, പൂയം, ആയില്യം ): അധികാരികളുടെ കണ്ണിലെ കരടായി മാറും. സാമ്പത്തികമായി പരുങ്ങലിലാവും. ചിലരുടെ സഹായം ലഭിക്കുമെങ്കിലും അത് ഗുണത്തിനാണോ ദോഷത്തിനാണോ എന്ന് ശങ്കിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കാലമാണ്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കിട്ടും. രോഗികൾക്ക് ചികിത്സ ഫലിക്കുന്നില്ലെന്ന തോന്നൽ വരാം. ഉടമ്പടികൾ ലഭിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. പൂർവ്വ വിദ്യാർത്ഥികളുമായി സംഗമിക്കും.

ചിങ്ങക്കൂർ (മകം, പൂരം , ഉത്രം ഒന്നാം പാദം): നന്നായി സംസാരിച്ച് സദസ്സിന്റെ കൈയ്യടി നേടും. എഴുത്തുകാർക്ക് സഹൃദയപ്രശംസ ലഭിക്കും. പുതുസംരംഭങ്ങൾ ഭംഗിയായി ആസൂത്രണം ചെയ്യും. കുടുംബജീവിതം സ്വച്ഛന്ദഗതിയിലാവും. ഊഹക്കച്ചവടത്തിൽ വിജയിക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പ് ലഭിക്കും. മനസ്സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ വന്നുചേരും. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിച്ചേക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകും.

കന്നിക്കൂർ (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ബന്ധുക്കളുമായി പിണങ്ങേണ്ട സാഹചര്യം ഉണ്ടായേക്കും. പ്രവാസ ജീവിതത്തിനുള്ള സാധ്യത ഏറെയാണ്. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പിഴവുകൾ വരാതെ നോക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലുള്ളവർക്ക് ചില തിരിച്ചടികൾ വന്നേക്കാം. കച്ചവടത്തിൽ ലാഭം കുറയാം. പണച്ചെലവേറാനി ടയുണ്ട്. മക്കളുടെ വിവാഹക്കാര്യം നീളാം. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്. വയോജനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

തുലാക്കൂർ (ചിത്തിര 3,4 , ചോതി, വിശാഖം 1,2,3 ): ഭാഗ്യാധിപനും വ്യയാധിപനുമാണ് ബുധൻ. ആകയാൽ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. വൈഷ്ണവ ക്ഷേത്രദർശനത്തിന് അവസരം ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പിതൃ- ഗുരുസ്ഥാനീയരുടെ ആശീർവാദം നേടും. കൈവിട്ടുപോയി എന്നു കരുതിയവ സ്വന്തം അധീനത്തിൽ തുടരും. സൽക്കർമ്മങ്ങൾക്കായി ചെലവേറിയെന്നുവരാം. പഠനാവശ്യത്തിനായി വായ്പ വാങ്ങിയേക്കും. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നത് നന്നല്ല.

വൃശ്ചികക്കൂർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): പുതുതൊഴിൽ ലഭിക്കുകയോ, നിലവിലുള്ള തൊഴിലിൽ ഉത്കർഷം വരുകയോ ചെയ്യും. അനാരോഗ്യം മാറി ആരോഗ്യം വീണ്ടെടുക്കും. മാധ്യമം, എഞ്ചിനിയറിംഗ്, അധ്യാപനം, നീതിന്യായം എന്നീ രംഗങ്ങളിലുള്ളവർക്ക് പുരസ്കാരങ്ങൾ ലഭിക്കാം. കമിതാക്കൾ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചേക്കും. മക്കളിൽ നിന്നും നല്ല വാർത്തയുണ്ടാവും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. ബന്ധുക്കളുടെ ശക്തമായ പിന്തുണയുണ്ടാകും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): കർമ്മവിജയം ഉണ്ടാവുന്ന കാലമാണ്. കൈത്തൊഴിലുകളിൽ നിന്നും വരവ് ഏറും. കലാകാരന്മാർ പ്രശംസ ഏറ്റുവാങ്ങും. അവിവാഹിതർക്ക് വിവാഹസിദ്ധിയുണ്ടാകും. രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പുകളിൽ വിജയമുറപ്പിക്കും. ഇഷ്ടജനങ്ങളുമായി വിനോദയാത്ര നടത്തും. സാങ്കേതിക വിജ്ഞാനം നേടും. ഗാർഹികമായി സ്വസ്ഥതയുണ്ടാകും. കുടുംബാംഗങ്ങളുടെ ഇടയിൽ ഐക്യം പുലരും. ആരോഗ്യപുഷ്ടിയും ഫലമാണ്.

മകരക്കൂർ (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ദേവകാര്യങ്ങൾ, ഉപാസന എന്നിവ വർദ്ധിക്കും. ഭാഗ്യാനുഭവങ്ങൾ വന്നുചേരും. പിതൃസ്വത്ത് അവകാശത്തിലെത്തും. പ്രതികൂലതകളെ തടയുന്നതിൽ വിജയിക്കും. വരവുചെലവുകൾ കൃത്യമായി അവതരിപ്പിച്ച് പൊതുമധ്യത്തിൽ ആദരം നേടും. രോഗാവസ്ഥക്ക് കുറവുണ്ടാകുമെങ്കിലും പുതുചികിത്സകൾക്ക് തുനിയും. സഹപ്രവർത്തകരുമായി ഉണ്ടായിരുന്ന വിയോജിപ്പുകൾ പരിഹൃതമാകും. കർമ്മരംഗത്ത് പുതിയ പരിഷ്കാരങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് കരണീയം.

കുംഭക്കൂർ (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ):- കർമ്മഗുണാഭിവൃദ്ധിയുണ്ടാകും. ആസൂത്രണ വൈഭവം പ്രശംസിക്കപ്പെടും. മക്കളുടെ കാര്യങ്ങളിൽ നല്ല തീരുമാനം ഭവിക്കും. പല കാര്യങ്ങളിലും അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങുന്നതായിരിക്കും. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിൽ നീതിപൂർവകമായ ഒത്തുതീർപ്പുണ്ടാവും. ആപത്തുകളെ അതിജീവിച്ച് മുന്നേറും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. പല കാര്യങ്ങളിലും പ്രായോഗികമായ തീരുമാനം കൈക്കൊള്ളും.

മീനക്കൂർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):- ധനപരമായ ആവശ്യങ്ങൾ ഒരു വിധം നടന്നുകൂടും. ഗൃഹം നവീകരിക്കാൻ വായ്പ നേടും. പലപ്പോഴും ആലസ്യത്തെ മറികടക്കാനാവാതെ വിഷമിക്കും. അവിവാഹിതർക്ക് ബന്ധുക്കളുടെ കൂട്ടത്തിൽ നിന്നും വിവാഹാലോചനകൾ വരും. പങ്കുകച്ചവടത്തിൽ ചില അപശ്രുതികൾ ഉയരാം. വിദേശയാത്രക്ക് അവസരം ലഭിച്ചേക്കും. ഒപ്പമുള്ളവരുമായി തർക്കത്തിനോ മത്സരത്തിനോ സാധ്യതയുണ്ട്. ഈശ്വരാധീനത്തിന് കുറവുണ്ടാവുകയില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mercury transit to virgo effect on zodiac signs