2023 ഫെബ്രുവരി 7 ന് (1198 മകരം 24 ന്) ബുധൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്നു. ഫെബ്രുവരി 27 ന് ( കുംഭം 15 ന് ) കുംഭം രാശിയിലേക്കും പകരുന്നു. മാർച്ച് 16 (മീനമാസം 2 ) വരെ ബുധൻ അവിടെ തുടരുന്നു. ഗ്രഹങ്ങളുടെ ഇടയിൽ മിത്രം, ശത്രു, സമൻ എന്നിങ്ങനെ മൂന്നുതരം ബന്ധമുണ്ട്. ബുധന്റെ സമനാണ് ശനി. എന്നാൽ ശനിയുടെ മിത്രമാണ് ബുധൻ. ബുധന്റെ മകരം-കുംഭം രാശികളിലെ ഫലം വിലയിരുത്തുമ്പോൾ ഇക്കാര്യം പരിഗണനയർഹിക്കുന്നു.
ബുധൻ കന്നിരാശിയിലെ ഉച്ചസ്ഥിതി കഴിഞ്ഞ് തുലാം മുതൽ കുംഭം വരെയുള്ള രാശികളിൽ സഞ്ചരിക്കുമ്പോൾ ‘അവരോഹി’ എന്ന അവസ്ഥയിലാണ്. മീനം രാശി ബുധന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഉച്ചത്തിൽ നിന്നും നീചത്തിലേക്കുള്ള ഗ്രഹങ്ങളുടെ രാശിചക്രഭ്രമണത്തെ അവരോഹി അഥവാ അവരോഹണാവസ്ഥയിൽ ഉള്ള സ്ഥിതി എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബുധൻ തരുന്ന ഫലത്തെ ഇക്കാര്യവും സ്വാധീനിക്കാറുണ്ട് എന്നതും രേഖപ്പെടുത്തേണ്ടതാണ്.
മേടം, ഇടവം, മിഥുനം,കർക്കടകം എന്നീ കൂറുകളിൽ വരുന്ന അശ്വതി മുതൽ പുണർതം 1,2,3 പാദം വരെയുള്ളവരുടെ കാര്യത്തിൽ മാർച്ച് 16 വരെ ബുധൻ ഏതേതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു, ഇക്കാലയളവിനെ കുറിച്ച് ജ്യോതിഷപരമായ പൊതു വിലയിരുത്തൽ വായിക്കാം.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ബുധൻ 10,11 രാശികളിലൂടെ കടന്നുപോകുകയാൽ തൊഴിൽ രംഗം ഊർജ്ജിതമാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സർക്കാർ ആനുകൂല്യങ്ങൾ കൈവശം വന്നുചേരും. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധമേറും. കഠിനവിഷയങ്ങൾ ഹൃദിസ്ഥമാക്കാനുള്ള ശ്രമം വിജയിക്കും. വരുമാനം ഉയരുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സഭകളിലും സമാജങ്ങളിലും പ്രഭാഷണം നടത്താനും സദസ്സിന്റെ കൈയ്യടി നേടാനും സാധിക്കുന്നതായിരിക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആശാവഹമായ വിധത്തിലുള്ള പിന്തുണ വന്നുചേരുന്നതായിരിക്കും. വാതപിത്തകഫാദി ത്രിദോഷങ്ങൾ മാർച്ച് മാസത്തിൽ ക്ലേശിപ്പിച്ചേക്കാം. കരുതൽ കൈക്കൊള്ളുന്നത് അഭികാമ്യം.
ഇടവക്കൂർ (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി മുഴുവൻ, മകയിരം 1,2 പാദങ്ങൾ): ബുധൻ 9, 10 ഭാവങ്ങളിലായി സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനും അവ പ്രാവർത്തികമാക്കാനും സാധിക്കും. അവസരോചിതമായി പെരുമാറും. സ്വാശ്രയത്വത്തിൽ തൃപ്തിയടയും. പ്രൊഫഷണലുകൾക്ക് കർമമേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വിദ്യാർത്ഥികളുടെ ലക്ഷ്യബോധം ഉയരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. സാമ്പത്തികലാഭം പ്രതീക്ഷിക്കാമെങ്കിലും ക്രയവിക്രയങ്ങളിൽ നല്ല കരുതൽ വേണ്ടതുണ്ട്. ബന്ധുക്കൾക്ക് നൽകുന്ന ഹിതോപദേശം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളപ്പെടണമെന്നില്ല.
മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര , പുണർതം 1,2,3 പാദങ്ങൾ): ബുധൻ 8, 9 ഭാവങ്ങളിലായി സഞ്ചരിക്കുകയാൽ ഗുണദോഷസമ്മിശ്രമായ കാലമാണ്. അപ്രതീക്ഷിത ധനയോഗം, സൽകാര്യങ്ങളിൽ നേതൃത്വം, രാഷ്ട്രീയ വിജയം, കലാപരമായ സിദ്ധി എന്നിവയുണ്ടാവും. പരീക്ഷകളിൽ മികവ് പുലർത്തും. ബുദ്ധിപരമായ ഉണർവോടെ പ്രവർത്തിക്കും. എന്നാൽ പ്രധാന കാര്യങ്ങളിൽ അശ്രദ്ധ വരാൻ സാധ്യതയുണ്ട്. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പുവെക്കുമ്പോൾ നിയമവശങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവണം. സൗഹൃദത്തിൽ കരുതലുണ്ടാവണം. വ്യവഹാരങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതാവും ഉചിതം. ആരോഗ്യപരിരക്ഷയും അനിവാര്യം
കർക്കടകക്കൂർ (പുണർതം നാലാംപാദം, പൂയം, ആയില്യം): ബുധൻ 7,8 ഭാവങ്ങളിലായി സഞ്ചരിക്കുകയാണ്. ഗുണങ്ങളിൽ പ്രധാനം കുടുംബസൗഖ്യം, ബന്ധുസമാഗമം, നേതൃസിദ്ധി, മത്സരവിജയം തുടങ്ങിയവയത്രെ ! വിദ്യാർത്ഥികൾക്ക് ദിശാബോധമുണ്ടാവും. സാമ്പത്തികമായി മെച്ചമുണ്ടാവും. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ശുഷ്കാന്തി പുലർത്തുവാൻ ശ്രമിക്കണം. ശത്രുക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അമിതമായ ഉൽക്കണ്ഠയുണ്ടാവും. അകലാചര്യയും സാഹസങ്ങളും ഒഴിവാക്കുന്നതാവും നല്ലത്. ആഡംബരത്തിനുള്ള ചെലവേറാം. ജീവിതശൈലീ രോഗങ്ങളിൽ പരിശോധന വേണ്ടിവരും.