scorecardresearch
Latest News

ബുധൻ ഉച്ചരാശിയിൽ; മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം

മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം

ബുധൻ ഉച്ചരാശിയിൽ; മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം

2022 ഓഗസ്റ്റ് 21 മുതൽ ഒക്ടോബർ 26 (1198 ചിങ്ങം 4 മുതൽ തുലാം 9) വരെ ഏതാണ്ട് എഴുപത് ദിവസം ബുധൻ തന്റെ ഉച്ചരാശിയായ കന്നിയിലാണ്. ബുധനെ സംബന്ധിച്ചിടത്തോളം അല്പം നീണ്ട കാലയളവാണ് ഇത്. സാധാരണ ഒരു മാസമോ അതിൽ കുറവോ മാത്രമാണ് ബുധൻ ഓരോ രാശിയിലും സഞ്ചരിക്കുക.

മെർക്കുറി എന്ന് പാശ്ചാത്യർ വിളിക്കുന്ന ബുധൻ ഒരു പണ്ഡിതഗ്രഹമാണ്. ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് കല്പിച്ചിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് പുരാണങ്ങളിലുണ്ട്. അതുകൊണ്ട് ചാന്ദ്രി, ഇന്ദുപുത്രൻ, താരേയൻ, സോമ്യൻ തുടങ്ങിയ പേരുകളുണ്ട്, ബുധന്. ഗ്രഹനിലയിൽ ‘ബു’ എന്ന അക്ഷരമാണ് ബുധനെ കുറിക്കുന്നത്.

പാണ്ഡിത്യം, വിദ്യ, വിജ്ഞാനം, ഹാസ്യം, ഗണിതം, സാഹിത്യം, വ്യാകരണം, ജ്യോതിഷം, അക്കൗണ്ടൻസി, ശില്പം, ചിത്രകല, പത്രപ്രവർത്തനം, കായികമേഖല, കൈയ്യക്ഷരം , ബന്ധുബലം, കച്ചവടം എന്നിവ ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

ബുധദശ, ബുധന്റെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവർക്ക് ബുധന്റെ ഉച്ചക്ഷേത്രസ്ഥിതി സമുജ്ജ്വലകാലമായിരിക്കും. ബുധൻ ഗ്രഹനിലയിൽ മിഥുനം, കന്നി എന്നീ രാശികളിൽ നിൽക്കുന്നവർക്കും ഇക്കാലത്ത് പലതരം നേട്ടങ്ങളുണ്ടാകും.

അതുപോലെ മിഥുനക്കൂറിലും (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ) കന്നിക്കൂറിലും (ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) ജനിച്ചവർക്കും ശോഭനഫലങ്ങൾ വന്നുചേരും.

ബുധന്റെ നക്ഷത്രങ്ങളാണ് ആയില്യം, തൃക്കേട്ട, രേവതി എന്നിവ. അവർക്കും ഗുണപ്രധാനമായ രണ്ടുമാസമാണ് തുടങ്ങിയിരിക്കുന്നത്. അഭീഷ്ടസിദ്ധി, ധനനേട്ടങ്ങൾ, വ്യക്തിത്വ വികാസം, പഠനപുരോഗതി, ബുദ്ധിപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഉന്നതി, ബന്ധുബലം എന്നിവയെല്ലാം ചില തെറ്റാനിടയില്ലാത്ത സാധ്യതകളാണ്.

മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം.

മൂലം: ഗൃഹനിർമ്മാണം പതുക്കെയാവും. ധനപരമായി ഞെരുക്കം വരാം. ബന്ധുക്കളുടെ സഹായം ലഭിക്കാൻ വൈകും. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി ഭവിക്കും. കുളി,ഭക്ഷണം, ഉറക്കം ഇവയ്ക്ക് നേരനീക്കം വരാം. കള്ളം പറയേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. ഗണിതം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും.

പൂരാടം: മനസ്സന്തോഷം വരാനുള്ള സാഹചര്യങ്ങൾ വന്നുചേരും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹം നവീകരിക്കും. വ്യവസായത്തിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരും. അനുകൂല സാമൂഹിക ചുറ്റുപാടുകൾ ഉണ്ടാവും. ഊഹക്കച്ചവടത്തിൽ നിന്നും ധനം ലഭിക്കും. പ്രതിബന്ധങ്ങളെ നേരിട്ട് വിജയം കാണും. ആരോഗ്യപരമായ സന്തുലനം നിലനിർത്തും.

ഉത്രാടം: ജന്മശനിക്കാലമെന്നതിനാൽ പ്രവർത്തന മാന്ദ്യം ഭവിക്കാം. പ്രകോപനങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ അത്മാർത്ഥ സഹകരണം ലഭിക്കും. വിചാരിച്ച ന്യായമായ കാര്യങ്ങൾ അവസാനനിമിഷത്തിൽ നിറവേറും. വാഹനം, അഗ്നി, യന്ത്രം എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. മതകർമ്മങ്ങൾ അനുഷ്ഠിക്കും. വിദ്വജ്ജനങ്ങളുടെ അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾ ഉയർന്ന വിജയം കരസ്ഥമാക്കും. ധനപരമായി തരക്കേടില്ലാത്ത സമയമാണ്.

തിരുവോണം: സംഘടനാമികവ് സമാദരിക്കപ്പെടും. ഗണിതവൈഭവം പ്രശംസ നേടും. ആരംഭിച്ച പദ്ധതികളിൽ ചിലത് വേണ്ടെന്നുവെക്കും. തർക്കങ്ങളിൽ വിവേകപൂർവ്വമായ നിലപാടെടുക്കും. വിദേശത്തുള്ളവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ദാമ്പത്യ ജീവിതപ്രശ്നങ്ങൾ രമ്യമായി പരിഹൃതമാവും. നിക്ഷേപങ്ങളിൽ ആദായം ഉയരും. വൈദ്യപരിശോധനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

അവിട്ടം: ജീവിതം പുരോഗതിയിലാണെന്ന് വിലയിരുത്തലിലൂടെ സ്വയം മനസ്സിലാക്കും. പുതിയ വാഹനം വാങ്ങാൻ വായ്പക്ക് അപേക്ഷിക്കും. പ്രൊഫഷണലുകൾ കിടമത്സരങ്ങളെ നേരിടും. പ്രണയത്തിൽ കാറും കോളുമടങ്ങി, അന്തരീക്ഷം സ്വച്ഛമാകും. വ്യവഹാരങ്ങളിൽ ഉചിതമായ നിയമോപദേശം ലഭിക്കും. സന്താനങ്ങളുടെ ശ്രേയസ്സിനായി ജീവിതപങ്കാളിയുമായി ചേർന്ന് പ്രാർത്ഥനകൾ നടത്തും. ജീവിത ശൈലീ രോഗങ്ങൾ ഉപദ്രവിക്കാം. വയോജനങ്ങളെ പരിചരിക്കാൻ സമയം നീക്കിവെക്കും.

ചതയം: കടം വാങ്ങുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. നല്ല വാക്കുകൾ പറഞ്ഞ് സദസ്സിൽ ശോഭിക്കും. ബന്ധുക്കളുടെ വിയോജിപ്പ് മനപ്രയാസത്തിന് കാരണമാകാം. വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പുകൾ ലഭിക്കാൻ സാധ്യത കാണുന്നു. തൊഴിൽ തേടുന്നവർ
പ്രതീക്ഷ പുലർത്തും. സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നതാവും നല്ലത്. ഗൃഹത്തിലെ വൃദ്ധജനങ്ങളുടെ രോഗചികിത്സക്കായി പണച്ചെലവ് വന്നുചേരും. അശനശയനസൗഖ്യക്കുറവും അനുഭവപ്പെടാം.

പൂരുട്ടാതി: ക്ഷമയും സഹിഷ്ണുതയും വിജയത്തിന്റെ പടികളാണെന്ന് അനുഭവം കൊണ്ടറിയും. ഉപേക്ഷിച്ച ചില പരിചയങ്ങൾ പുതുക്കാൻ മുതിരും. വിദ്യാർത്ഥികൾക്ക് ഉത്കർഷമുള്ള സമയമാണ്. യുവജനങ്ങളുടെ വിവാഹാലോചനകൾ സഫലമാവാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതായുണ്ട്. വിദേശത്ത് പോകാനുള്ള അനുമതി നീണ്ടുപോയേക്കാം. കുടുംബപരമായി സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്തും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടങ്ങൾ വരുന്നതായിരിക്കും. കരാറുകൾ പുതുക്കപ്പെടും.

ഉത്രട്ടാതി: പ്രതിസന്ധികളിൽ പ്രത്യുല്പന്നമതിത്വം പുറത്തെടുക്കും. പുതിയ പദ്ധതികളിൽ മുതലിറക്കുന്നത് സൂക്ഷിച്ചുവേണം. ക്രയവിക്രയങ്ങളിൽ ചതി പറ്റാനിടയുണ്ട്. ഒപ്പമുള്ളവരുടെ ഉപജാപങ്ങളെ തിരിച്ചറിയും. ദാമ്പത്യത്തിൽ സ്നേഹബന്ധം ദൃഢമാകും. ഗൃഹം നവീകരിക്കാൻ കടം വാങ്ങും. കലാപ്രവർത്തനത്തിൽ തടസ്സങ്ങളുണ്ടാവാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിനോദ യാത്രകൾക്ക് സമയം കണ്ടെത്തും.

രേവതി: പാരമ്പര്യസ്വത്ത് അധീനത്തിലാവും. പ്രണയം സഫലമാവും. അവിവാഹിതർക്ക് മാലയോഗമുണ്ട്. മൂന്നിലെ ചൊവ്വ മൂലം സഹോദരക്ലേശം ഭവിക്കാം. ഉദ്യോഗസ്ഥർക്ക് അധികാരപരിധി ഉയരും. പഠന കാര്യങ്ങളിൽ വിജയമുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ധനം ആവശ്യത്തിന് കൈവരുമെങ്കിലും നീക്കിയിരുപ്പൊന്നും ഉണ്ടാവില്ല. എട്ടിലെ കേതു ആരോഗ്യസ്ഥിതിയെ ദുർബലമാക്കാം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mercury in ucha rashi 2022 effects on stars moolam to revathy