scorecardresearch
Latest News

ബുധൻ ഉച്ചരാശിയിൽ; മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം

ബുധൻ ഉച്ചരാശിയിൽ; മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

2022 ഓഗസ്റ്റ് 21 മുതൽ ഒക്ടോബർ 26 (1198 ചിങ്ങം 4 മുതൽ തുലാം 9) വരെ ഏതാണ്ട് എഴുപത് ദിവസം ബുധൻ തന്റെ ഉച്ചരാശിയായ കന്നിയിലാണ്. ബുധനെ സംബന്ധിച്ചിടത്തോളം അല്പം നീണ്ട കാലയളവാണ് ഇത്. സാധാരണ ഒരു മാസമോ അതിൽ കുറവോ മാത്രമാണ് ബുധൻ ഓരോ രാശിയിലും സഞ്ചരിക്കുക.

മെർക്കുറി എന്ന് പാശ്ചാത്യർ വിളിക്കുന്ന ബുധൻ ഒരു പണ്ഡിതഗ്രഹമാണ്. ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് കല്പിച്ചിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് പുരാണങ്ങളിലുണ്ട്. അതുകൊണ്ട് ചാന്ദ്രി, ഇന്ദുപുത്രൻ, താരേയൻ, സോമ്യൻ തുടങ്ങിയ പേരുകളുണ്ട്, ബുധന്. ഗ്രഹനിലയിൽ ‘ബു’ എന്ന അക്ഷരമാണ് ബുധനെ കുറിക്കുന്നത്.

പാണ്ഡിത്യം, വിദ്യ, വിജ്ഞാനം, ഹാസ്യം, ഗണിതം, സാഹിത്യം, വ്യാകരണം, ജ്യോതിഷം, അക്കൗണ്ടൻസി, ശില്പം, ചിത്രകല, പത്രപ്രവർത്തനം, കായികമേഖല, കൈയ്യക്ഷരം , ബന്ധുബലം, കച്ചവടം എന്നിവ ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

പന്ത്രണ്ട്‌ രാശികളിൽ മിഥുനം, കന്നി എന്നീ രാശികൾ രണ്ടും ബുധനുമായി ശക്തമായ ബന്ധമുള്ളവയാണ്. മിഥുനത്തിന് ബുധന്റെ സ്വക്ഷേത്രം എന്ന അവകാശമേയുള്ളു. എന്നാൽ കന്നിരാശി, ബുധന്റെ സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നിങ്ങനെ മൂന്നുതരത്തിൽ സവിശേഷതയർഹിക്കുന്ന രാശിയാണ്.

ബുധദശ, ബുധന്റെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവർക്ക് ബുധന്റെ ഉച്ചക്ഷേത്രസ്ഥിതി സമുജ്ജ്വലകാലമായിരിക്കും. ബുധൻ ഗ്രഹനിലയിൽ മിഥുനം, കന്നി എന്നീ രാശികളിൽ നിൽക്കുന്നവർക്കും ഇക്കാലത്ത് പലതരം നേട്ടങ്ങളുണ്ടാകും. അതുപോലെ മിഥുനക്കൂറിലും (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ) കന്നിക്കൂറിലും (ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) ജനിച്ചവർക്കും ശോഭനഫലങ്ങൾ വന്നുചേരും.

ബുധന്റെ നക്ഷത്രങ്ങളാണ് ആയില്യം, തൃക്കേട്ട, രേവതി എന്നിവ. അവർക്കും ഗുണപ്രധാനമായ രണ്ടുമാസമാണ് തുടങ്ങിയിരിക്കുന്നത്. അഭീഷ്ടസിദ്ധി, ധനനേട്ടങ്ങൾ, വ്യക്തിത്വ വികാസം, പഠനപുരോഗതി, ബുദ്ധിപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഉന്നതി, ബന്ധുബലം എന്നിവയെല്ലാം ചില തെറ്റാനിടയില്ലാത്ത സാധ്യതകളാണ്.

മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം.

ചിങ്ങക്കൂറിന് (മകം, പൂരം , ഉത്രം ഒന്നാം പാദം): നന്നായി സംസാരിച്ച് സദസ്സിന്റെ കൈയ്യടി നേടും. എഴുത്തുകാർക്ക് സഹൃദയപ്രശംസ ലഭിക്കും. പുതുസംരംഭങ്ങൾ ഭംഗിയായി ആസൂത്രണം ചെയ്യും. കുടുംബജീവിതം സ്വച്ഛന്ദഗതിയിലാവും. ഊഹക്കച്ചവടത്തിൽ വിജയിക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പ് ലഭിക്കും. മനസ്സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ വന്നുചേരും. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിച്ചേക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകും.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ബന്ധുക്കളുമായി പിണങ്ങേണ്ട സാഹചര്യം ഉണ്ടായേക്കും. പ്രവാസ ജീവിതത്തിനുള്ള സാധ്യത ഏറെയാണ്. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പിഴവുകൾ വരാതെ നോക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലുള്ളവർക്ക് ചില തിരിച്ചടികൾ വന്നേക്കാം. കച്ചവടത്തിൽ ലാഭം കുറയാം. പണച്ചെലവേറാനിടയുണ്ട്. മക്കളുടെ വിവാഹക്കാര്യം നീളാം. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്. വയോജനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

തുലാക്കൂറിന് (ചിത്തിര 3,4 , ചോതി, വിശാഖം 1,2,3 ): ഭാഗ്യാധിപനും വ്യയാധിപനുമാണ് ബുധൻ. ആകയാൽ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. വൈഷ്ണവ ക്ഷേത്രദർശനത്തിന് അവസരം ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പിതൃ- ഗുരുസ്ഥാനീയരുടെ ആശീർവാദം നേടും. കൈവിട്ടുപോയി എന്നു കരുതിയവ സ്വന്തം അധീനത്തിൽ തുടരും. സൽക്കർമ്മങ്ങൾക്കായി ചെലവേറിയെന്നുവരാം. പഠനാവശ്യത്തിനായി വായ്പ വാങ്ങിയേക്കും. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നത് നന്നല്ല.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): പുതുതൊഴിൽ ലഭിക്കുകയോ, നിലവിലുള്ള തൊഴിലിൽ ഉത്കർഷം വരുകയോ ചെയ്യും. അനാരോഗ്യം മാറി ആരോഗ്യം വീണ്ടെടുക്കും. മാധ്യമം, എഞ്ചിനിയറിംഗ്, അധ്യാപനം, നീതിന്യായം എന്നീ രംഗങ്ങളിലുള്ളവർക്ക് പുരസ്കാരങ്ങൾ ലഭിക്കാം. കമിതാക്കൾ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചേക്കും. മക്കളിൽ നിന്നും നല്ല വാർത്തയുണ്ടാവും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. ബന്ധുക്കളുടെ ശക്തമായ പിന്തുണയുണ്ടാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mercury in ucha rashi 2022 effects on stars makam to thrikketta