Mercury In Medam Rashi 2023 Star Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: ബുധൻ (Mercury) 2023 മാർച്ച് 31 ന് (1198 മീനം 17 ന്) മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇത് രണ്ട് തരത്തിലാണ് ബുധനെ സംബന്ധിച്ചും ഫലങ്ങളെ സംബന്ധിച്ചും പ്രധാനമാകുന്നത്. മാർച്ച് 15 മുതൽ മാർച്ച് 31 വരെ ബുധൻ മീനം രാശിയിൽ സഞ്ചരിക്കുകയായിരുന്നു. മീനം ബുധന്റെ നീചക്ഷേത്രമാണ്. (Debilitated House). കൂടാതെ മാർച്ച് 1 മുതൽ 31 വരെ ബുധൻ മൗഢ്യത്തിൽ (combustion) ആയിരുന്നു.
ഈ രണ്ട് പതനങ്ങളിൽ നിന്നും മേടം രാശിയിലേക്ക് കടക്കുമ്പോൾ, ബുധൻ ഉയിർക്കുകയാണ്. ബുധന്റെ രണ്ട് തരത്തിലുള്ള ക്ഷീണാവസ്ഥകളും (മൗഢ്യവും നീചവും) അവസാനിക്കുകയാണ്. മേടം രാശി ചൊവ്വയുടെ അവകാശ / ആധിപത്യരാശിയാണ്. അവിടേക്കാണ് ബുധൻ വരുന്നത്. ഗ്രഹങ്ങൾക്കിടയിൽ പരസ്പരം മിത്രം അഥവാ ബന്ധു (Friend), ശത്രു (enemy), സമൻ (Neutral) എന്നിങ്ങനെ മൂന്നുതരം ബന്ധങ്ങളുണ്ട്. ചൊവ്വയുടെ ഒരേയൊരു ശത്രുഗ്രഹം (Enemy Planet) ആണ് ബുധൻ. എന്നാൽ ബുധന്റെ മിത്രവുമല്ല, ശത്രുവുമല്ല, സമൻ (Neutral Planet) ആണ് ചൊവ്വ. അതിനാൽ ബുധന് മേടം രാശിയിൽ ഭാഗികമായി മാത്രമാണ് ശക്തിയുണ്ടാവുന്നത്.
മറ്റൊരുകാര്യം, ‘പരിവർത്തനം ‘ എന്ന അവസ്ഥയാണ്. ഗ്രഹങ്ങൾ പരസ്പരം അവരുടെ രാശികൾ മാറുമ്പോൾ ഇത് സംഭവിക്കുന്നു. ഇവിടെ ബുധൻ ചൊവ്വയുടെ വീട് / ക്ഷേത്രം ആയ മേടത്തിലേക്ക് കടക്കുമ്പോൾ ചൊവ്വ ബുധന്റെ വീട് / ക്ഷേത്രം ആയ മിഥുനം രാശിയിൽ മാർച്ച് മാസം 12-ാം തീയതി മുതൽ മേയ് മാസം 10-ാം തീയതി വരെ നിലകൊള്ളുകയാണ്, അഥവാ സഞ്ചരിക്കുകയാണ്. കുജബുധന്മാരുടെ പരസ്പരമുള്ള രാശിപരിവർത്തനം നടക്കുകയാണെന്ന് സാരം. തന്മൂലം ബുധൻ, ബുധന്റെ ക്ഷേത്രമായ മിഥുനത്തിലും കുജൻ/ ചൊവ്വ തന്റെ ക്ഷേത്രമായ മേടത്തിലും നിൽക്കുന്ന ഫലം / അനുഭവം വന്നുചേരുന്നു.
ഗ്രഹപരമായ ഈ യാഥാർത്ഥ്യങ്ങൾ ഫലചിന്തയിൽ പ്രതിഫലിക്കുകതന്നെ ചെയ്യും. മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട് രാശികളിലും മൂലം മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരെ ബുധന്റെ മേടം രാശി സഞ്ചാരം ഏതെല്ലാം വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്ന് ഇവിടെ അന്വേഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയാണ്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ബുധൻ അഞ്ചാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ബൗദ്ധികമായി ഉയർച്ചയുണ്ടാവും. പ്രശ്നങ്ങളെ യുക്തിയുപയോഗിച്ച് മറികടക്കും. പ്രത്യുല്പന്നമതിത്വത്തോടെ ചോദ്യങ്ങൾക്ക് മറുപടി പറയും. സന്താനങ്ങളുടെ ഉപരിപഠനത്തിൽ അധ്യാപകരുടെ ഉപദേശം കൈക്കൊള്ളും. അഞ്ചും ഏഴും ഭാവാധിപതികൾക്ക് സ്ഥാനവിപര്യയം വന്നിരിക്കുകയാൽ ദാമ്പത്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉയരാം. കർമ്മരംഗം ഉണരുന്നതാണ്. സാമ്പത്തിക സ്ഥിതി ആശാവഹമായിരിക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ബുധൻ നാലാം ഭാവത്തിലാണ്. ദേഹസൗഖ്യം, മനസ്സന്തോഷം ഇവ പ്രതീക്ഷിക്കാം. കച്ചവടരംഗം പുഷ്ടിപ്പെടും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള പദവികൾ കിട്ടും. ബന്ധുക്കളുടെ വലിയ തോതിലുള്ള പിന്തുണ പ്രതീക്ഷിക്കാവുന്ന സമയമാണ്. പഠനയാത്രകളോ, വിനോദയാത്രകളോ വേണ്ടിവരും. സാങ്കേതിക വിജ്ഞാനം നേടാൻ കൂടുതൽ സമയം ചെലവഴിക്കും. കായിക- കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്. ആരോഗ്യപരമായി കുറച്ച് വൈഷമ്യങ്ങൾ ഉണ്ടായേക്കാം.
കുംഭക്കൂറിന് (അവിട്ടം,3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി മുക്കാൽ): മൂന്നാം രാശിയിലാണ് ബുധൻ. സഹായ വാഗ്ദാനങ്ങൾ ജലരേഖകളാവും. എതിർപ്പുകൾ മുഖദാവിലാവില്ല, ഒളിഞ്ഞും മറഞ്ഞും ആയിരിക്കും. ലക്ഷ്യം നേടാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ട സാഹചര്യം വന്നുചേരാം. കരാറുകളിൽ പങ്കാളിയാവും മുൻപ് നിബന്ധനകൾ അറിയാൻ ശ്രമിക്കണം. ഏപ്രിൽ രണ്ടാം വാരം മുതൽ സമ്മർദ്ദം ഒഴിയും. അധികാരികളുടെ അപ്രീതി അവസാനിക്കും. പൊതുമധ്യത്തിൽ അംഗീകാരം സിദ്ധിക്കും. സാമ്പത്തികപരാധീനത മാറുന്നതാണ്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ കുറയരുത്.
മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ബുധൻ രണ്ടാം ഭാവത്തിലാണ്. യുക്തിയുക്തമായും വിദ്വജ്ജനോചിതമായും സംസാരിക്കും. കാര്യാലോചനകളിൽ നല്ല നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കും. കുടുംബസൗഖ്യം ലഭിക്കും. വിദ്യാർത്ഥികൾക്ക് അഭിമാനിക്കാവുന്ന കാലമായിരിക്കും. പരീക്ഷകളിൽ മികച്ച നേട്ടം സ്വന്തമാക്കും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം നടത്താൻ സാധിക്കും. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച ധനസഹായം വന്നുചേരുന്നതാണ്. രാഹുബന്ധമുള്ളതിനാൽ കാര്യസാധ്യത്തിന് കുമാർഗങ്ങൾ തേടാനുള്ള പ്രേരണകൂടി ഉണ്ടായേക്കും.