Mercury In Medam Rashi 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ബുധൻ (Mercury) 2023 മാർച്ച് 31 ന് (1198 മീനം 17 ന്) മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇത് രണ്ട് തരത്തിലാണ് ബുധനെ സംബന്ധിച്ചും ഫലങ്ങളെ സംബന്ധിച്ചും പ്രധാനമാകുന്നത്. മാർച്ച് 15 മുതൽ മാർച്ച് 31 വരെ ബുധൻ മീനം രാശിയിൽ സഞ്ചരിക്കുകയായിരുന്നു. മീനം ബുധന്റെ നീചക്ഷേത്രമാണ്. (Debilitated House). കൂടാതെ മാർച്ച് 1 മുതൽ 31 വരെ ബുധൻ മൗഢ്യത്തിൽ (combustion) ആയിരുന്നു.
ഈ രണ്ട് പതനങ്ങളിൽ നിന്നും മേടം രാശിയിലേക്ക് കടക്കുമ്പോൾ, ബുധൻ ഉയിർക്കുകയാണ്. ബുധന്റെ രണ്ട് തരത്തിലുള്ള ക്ഷീണാവസ്ഥകളും (മൗഢ്യവും നീചവും) അവസാനിക്കുകയാണ്. മേടം രാശി ചൊവ്വയുടെ അവകാശ / ആധിപത്യരാശിയാണ്. അവിടേക്കാണ് ബുധൻ വരുന്നത്. ഗ്രഹങ്ങൾക്കിടയിൽ പരസ്പരം മിത്രം അഥവാ ബന്ധു (Friend), ശത്രു (enemy), സമൻ (Neutral) എന്നിങ്ങനെ മൂന്നുതരം ബന്ധങ്ങളുണ്ട്. ചൊവ്വയുടെ ഒരേയൊരു ശത്രുഗ്രഹം (Enemy Planet) ആണ് ബുധൻ. എന്നാൽ ബുധന്റെ മിത്രവുമല്ല, ശത്രുവുമല്ല, സമൻ (Neutral Planet) ആണ് ചൊവ്വ. അതിനാൽ ബുധന് മേടം രാശിയിൽ ഭാഗികമായി മാത്രമാണ് ശക്തിയുണ്ടാവുന്നത്.
മറ്റൊരുകാര്യം, ‘പരിവർത്തനം ‘ എന്ന അവസ്ഥയാണ്. ഗ്രഹങ്ങൾ പരസ്പരം അവരുടെ രാശികൾ മാറുമ്പോൾ ഇത് സംഭവിക്കുന്നു. ഇവിടെ ബുധൻ ചൊവ്വയുടെ വീട് / ക്ഷേത്രം ആയ മേടത്തിലേക്ക് കടക്കുമ്പോൾ ചൊവ്വ ബുധന്റെ വീട് / ക്ഷേത്രം ആയ മിഥുനം രാശിയിൽ മാർച്ച് മാസം 12-ാം തീയതി മുതൽ മേയ് മാസം 10-ാം തീയതി വരെ നിലകൊള്ളുകയാണ്, അഥവാ സഞ്ചരിക്കുകയാണ്. കുജബുധന്മാരുടെ പരസ്പരമുള്ള രാശിപരിവർത്തനം നടക്കുകയാണെന്ന് സാരം. തന്മൂലം ബുധൻ, ബുധന്റെ ക്ഷേത്രമായ മിഥുനത്തിലും കുജൻ/ ചൊവ്വ തന്റെ ക്ഷേത്രമായ മേടത്തിലും നിൽക്കുന്ന ഫലം / അനുഭവം വന്നുചേരുന്നു.
ഗ്രഹപരമായ ഈ യാഥാർത്ഥ്യങ്ങൾ ഫലചിന്തയിൽ പ്രതിഫലിക്കുകതന്നെ ചെയ്യും. മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട് രാശികളിലും അശ്വതി മുതൽ ആയില്യം വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരെ ബുധന്റെ മേടം രാശി സഞ്ചാരം ഏതെല്ലാം വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്ന് ഇവിടെ അന്വേഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയാണ്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക കാൽ): മാസാദ്യം ബുധനും രാഹുവും ശുക്രനും രാശിയിൽ സ്ഥിതിചെയ്യുന്നു. ഏപ്രിൽ 15 ന് സൂര്യനും,21 ന് വ്യാഴവും മേടത്തിലേക്ക് വരുന്നു. കാര്യലബ്ധി, ഭോഗസിദ്ധി, ധനലാഭം, പരീക്ഷകളിൽ വലിയ വിജയം എന്നിവ പ്രതീക്ഷിക്കാം. രാശിയുടെ നാഥനായ ചൊവ്വയും ബുധനും പരിവർത്തനത്തിലാകയാൽ ചില ഗുണപരമായ മാറ്റങ്ങൾ വരാം. മാധ്യമ രംഗം, നിയമം, അദ്ധ്യാപനം, ഏജൻസി, പോലീസ്, അഗ്നിശമന സേന എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ആകസ്മിക പിന്തുണകൾ ലഭിക്കാനിടയുണ്ട്. അസാധ്യം എന്ന് കരുതിയവ നേടാൻ കഴിഞ്ഞേക്കാം. ഊഹക്കച്ചവടത്തിന് തുനിയരുത്. ആരോഗ്യ പരിരക്ഷയിൽ അലംഭാവവും അരുത്.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം 1,2 പാദങ്ങൾ): രണ്ടും പന്ത്രണ്ടും ഭാവനാഥന്മാർക്ക് (ബുധനും ചൊവ്വയ്ക്കും) പരിവർത്തനം വരികയാൽ ധനസ്ഥിതിയിൽ ശ്രദ്ധ വേണം. കടം വാങ്ങി കാര്യം നടത്തേണ്ട സാഹചര്യങ്ങൾ സംജാതമാകാം. അലച്ചിലിനോ ക്ഷണികമായ ചില തോൽവികൾക്കോ ഇടയുണ്ട്. മാസത്തിന്റെ ആദ്യപകുതിയിൽ രാഷ്ട്രീയ നേട്ടം, പിതാവിൽ നിന്നും ആനുകൂല്യം, സർക്കാർ ധനസഹായം ഇവ ഭവിക്കാം. ഏപ്രിൽ രണ്ടാം വാരത്തിൽ ശുക്രൻ ജന്മരാശിയിലേക്ക് വരികയാൽ ഭോഗസിദ്ധി, പ്രണയം, ദാമ്പത്യസുഖം എന്നിവയും പ്രതീക്ഷിക്കാവുന്ന താണ്. പണമിടപാടുകൾ, ആരോഗ്യം ഇവയിൽ അധികശ്രദ്ധ വേണ്ടതുണ്ട്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): രാശ്യധിപന് (ബുധന്) ചൊവ്വയുമായി പരിവർത്തനം വരികയാൽ ചില നേട്ടങ്ങൾ വേഗത്തിലെത്തും. ആത്മശക്തി അധികരിക്കും. തടസ്സങ്ങളുടെ യഥാർത്ഥകാരണം കണ്ടെത്തി അവ പരിഹരിക്കും. മാസത്തിന്റെ രണ്ടാം പകുതിക്ക് മികവേറുന്നതാണ്. രാഷ്ട്രീയമായ പദവികൾ, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, തൊഴിൽരംഗത്ത് പലതരം നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഏപ്രിൽ രണ്ടാം ആഴ്ച മുതൽ ശുക്രൻ ഇടവത്തിൽ സഞ്ചരിക്കുകയാൽ ഊഹക്കച്ചവടം, വലിയ ക്രയവിക്രയങ്ങൾ എന്നിവയിലേർപ്പെട്ടാൽ നഷ്ടം വരാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ആശിച്ച വിഷയത്തിൽ ഉപരിപഠനം നടത്താൻ സാഹചര്യം ഉണ്ടാകുന്നതാണ്.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): ഗ്രഹപരിവർത്തനം മൂലം തൊഴിൽരംഗം കുറച്ചൊന്ന് അശാന്തമാകാനിടയുണ്ട്. കച്ചവടം കുറഞ്ഞേക്കും. ഉദ്യോഗസ്ഥരുടെ ഇടപെടൽ കൊണ്ട് ചില പ്രശ്നങ്ങൾ ഉയരാം. രണ്ടാം ആഴ്ചമുതൽ ഭേദപ്പെട്ട ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ബാങ്ക് / വ്യക്തികൾ/ സംഘങ്ങൾ എന്നിവയിൽ നിന്നും വായ്പാസഹായം ലഭിച്ചേക്കും. വിദേശപഠനത്തിനും വിദേശജോലിക്കും കാലം അനുകൂലമാണ്. ദേഹാരോഗ്യത്തിൽ ഏറെ ശ്രദ്ധ വേണം. സാഹസകർമ്മങ്ങൾക്ക് ഒരുമ്പെടരുത്. സഹോദരരുമായുള്ള അനൈക്യത്തിന് പരിഹാരം ഉണ്ടാവുന്നതാണ്.