scorecardresearch

ബുധൻ മകരം- കുംഭം രാശികളിൽ, മകം മുതൽ തൃക്കേട്ട വരെ

Mercury in Makaram Kumbham Rashi Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മകം മുതൽ തൃക്കേട്ട വരെ, ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെ ഉള്ള രാശികളിലും നക്ഷത്രങ്ങളിലും ജനിച്ചവരെ 2023 ഫെബ്രുവരി 7 മുതൽ മാർച്ച് 16 വരെ ബുധൻ ഏതേതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു

horoscope, Astrological Predictions, ie malayalam

Mercury in Makaram Kumbham Rashi Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ഫെബ്രുവരി 7 ന് (1198 മകരം 24 ന്) ബുധൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്നു. ഫെബ്രുവരി 27 ന് ( കുംഭം 15 ന് ) കുംഭം രാശിയിലേക്കും പകരുന്നു. മാർച്ച് 16 (മീനമാസം 2 ) വരെ ബുധൻ അവിടെ തുടരുന്നു. ഗ്രഹങ്ങളുടെ ഇടയിൽ മിത്രം, ശത്രു, സമൻ എന്നിങ്ങനെ മൂന്നുതരം ബന്ധമുണ്ട്. ബുധന്റെ സമനാണ് ശനി. എന്നാൽ ശനിയുടെ മിത്രമാണ് ബുധൻ. ബുധന്റെ മകരം-കുംഭം രാശികളിലെ ഫലം വിലയിരുത്തുമ്പോൾ ഇക്കാര്യം പരിഗണനയർഹിക്കുന്നു.

ബുധൻ കന്നിരാശിയിലെ ഉച്ചസ്ഥിതി കഴിഞ്ഞ് തുലാം മുതൽ കുംഭം വരെയുള്ള രാശികളിൽ സഞ്ചരിക്കുമ്പോൾ ‘അവരോഹി’ എന്ന അവസ്ഥയിലാണ്. മീനം രാശി ബുധന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഉച്ചത്തിൽ നിന്നും നീചത്തിലേക്കുള്ള ഗ്രഹങ്ങളുടെ രാശിചക്രഭ്രമണത്തെ അവരോഹി അഥവാ അവരോഹണാവസ്ഥയിൽ ഉള്ള സ്ഥിതി എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബുധൻ തരുന്ന ഫലത്തെ ഇക്കാര്യവും സ്വാധീനിക്കാറുണ്ട് എന്നതും രേഖപ്പെടുത്തേണ്ടതാണ്.

എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, അരങ്ങ് സംബന്ധിച്ച പ്രവർത്തനം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം, വിദ്യാഭ്യാസം, അമ്മാവൻ, ബന്ധുക്കൾ, ത്വക്ക്, വളർത്ത് പക്ഷികൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹമാണ് ബുധൻ. “ബുധൻ സമം ബുദ്ധി” എന്ന ചെല്ല് ബൗദ്ധിക കാര്യങ്ങളുടെ കാരകത്വവും ബുധനുണ്ടെന്നതിന്റെ സൂചനയാണ്. ഏതാണ്ട് ഈ വർഷം മാർച്ച് മാസം മുഴുവൻ ബുധൻ സൂര്യനുമായി അടുത്ത് സഞ്ചരിക്കുകയാൽ മൗഢ്യം (Combust) എന്ന ദോഷത്തിലുമാണ്. ഫലനിർണയത്തിൽ ഇതും പ്രധാനമാണ്.

മകം മുതൽ തൃക്കേട്ട വരെ, ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെ ഉള്ള രാശികളിലും നക്ഷത്രങ്ങളിലും ജനിച്ചവരെ 2023 ഫെബ്രുവരി 7 മുതൽ മാർച്ച് 16 വരെ ബുധൻ ഏതേതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാന അനുഭവങ്ങൾ എന്തെല്ലാം ആയിരിക്കും എന്നീ അന്വേഷണങ്ങളാണ് ഈ ലേഖനത്തിലെ വിഷയം.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ബുധൻ 6, 7 ഭാവങ്ങളിൽ നിൽക്കുകയാൽ കഠിനാദ്ധ്വാനത്തിന് പ്രയോജനം കിട്ടും. തൊഴിൽ രംഗത്ത് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരും. സാഹിത്യകാരന്മാർ നവീനമായ ആശയങ്ങൾ ആവിഷ്കരിക്കും. കടബാധ്യത തീർക്കാനുള്ള ഉദ്യമം വിജയം കാണും. എതിരാളികളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. എന്നാൽ ദാമ്പത്യ ജീവിതം അത്ര സുഖകരമായിക്കൊള്ളണമെന്നില്ല. ചില നിലപാടുകൾ അനുരഞ്‌ജനത്തിന്റെ വാതിലുകൾ കൊട്ടിയടക്കുന്നതാവും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാവാം. പങ്കുകച്ചവടം ക്ഷീണാവസ്ഥയിലാവും. ധനപരമായി സമ്മിശ്രകാലമാണ്.

കന്നിക്കൂറിന് (ഉത്രം 2,3,4 അത്തം , ചിത്തിര 1,2 പാദങ്ങൾ): ബുധൻ അഞ്ചിലും ആറിലുമായി സഞ്ചരിക്കുന്നതിനാൽ ഭാവിയെക്കുറിച്ച് പലതും ആസൂത്രണം ചെയ്യും. ചിലതൊക്കെ നടപ്പിൽ വരുത്തും. തൊഴിൽരഹിതർക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കാനാവും. കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും. മക്കളുടെ ഉയർച്ച സന്തോഷം നൽകും. സാങ്കേതികവിജ്ഞാനം നേടുന്നതിൽ താല്പര്യമേറും. പുതിയ കൂട്ടുകെട്ടുകൾ ഗുണകരമാവും. കടബാധ്യത പരിഹരിക്കാനുള്ള ശ്രമം കുറച്ചൊക്കെ വിജയിക്കും. കലാപരമായ സിദ്ധികൾ പൊതുമദ്ധ്യത്തിൽ അവതരിപ്പിക്കാൻ സന്ദർഭം സംജാതമാകുന്നതായിരിക്കും.

തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 ): ബുധൻ 4,5 രാശികളിലായി സഞ്ചരിക്കുന്നു. ഗൃഹനിർമ്മാണം പൂർത്തിയാക്കും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. ബന്ധുക്കളുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. നവമാധ്യമങ്ങളിൽ ശ്രദ്ധ നേടും വിധത്തിൽ. ബഹുമുഖങ്ങളായ കർമ്മരംഗങ്ങളിൽ മുദ്ര പതിപ്പിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കും. ചെറുയാത്രകൾ . ഇച്ഛയും ശക്തിയും തമ്മിൽ സമന്വയിപ്പിക്കുന്നതിൽ വിജയം കാണും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ബുധൻ 3,4 ഭാവങ്ങളിലായി സഞ്ചരിക്കുകയാണ്. തീരുമാനങ്ങൾ കൈക്കൊള്ളാൻ മനശ്ചാഞ്ചല്യം ഉണ്ടാവും. സഹായ മനസ്ഥിതി തനിക്ക് തന്നെ ദോഷമായി വരാം. പ്രതിഭാ വിലാസം അംഗീകരിക്കാൻ മറ്റുള്ളവർ മടി കാണിക്കും. ആത്മശക്തിയോടെ പ്രവർത്തിച്ച് മുന്നേറും. പൊതുരംഗത്തുള്ളവർക്ക് അനുയായികളെ ശാസിക്കേണ്ടി വന്നേക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ പുലർത്താവുന്ന കാലമാണ്. ഗൃഹത്തിൽ സമാധാനവും ഐക്യവും പുലരും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mercury in makaram kumbham rashi astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars