Mercury in Makaram Kumbham Rashi Astrological Predictions: 2023 ഫെബ്രുവരി 7 ന് (1198 മകരം 24 ന്) ബുധൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്നു. ഫെബ്രുവരി 27 ന് ( കുംഭം 15 ന് ) കുംഭം രാശിയിലേക്കും പകരുന്നു. മാർച്ച് 16 (മീനമാസം 2 ) വരെ ബുധൻ അവിടെ തുടരുന്നു. ഗ്രഹങ്ങളുടെ ഇടയിൽ മിത്രം, ശത്രു, സമൻ എന്നിങ്ങനെ മൂന്നുതരം ബന്ധമുണ്ട്. ബുധന്റെ സമനാണ് ശനി. എന്നാൽ ശനിയുടെ മിത്രമാണ് ബുധൻ. ബുധന്റെ മകരം-കുംഭം രാശികളിലെ ഫലം വിലയിരുത്തുമ്പോൾ ഇക്കാര്യം പരിഗണനയർഹിക്കുന്നു.
ബുധൻ കന്നിരാശിയിലെ ഉച്ചസ്ഥിതി കഴിഞ്ഞ് തുലാം മുതൽ കുംഭം വരെയുള്ള രാശികളിൽ സഞ്ചരിക്കുമ്പോൾ ‘അവരോഹി’ എന്ന അവസ്ഥയിലാണ്. മീനം രാശി ബുധന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഉച്ചത്തിൽ നിന്നും നീചത്തിലേക്കുള്ള ഗ്രഹങ്ങളുടെ രാശിചക്രഭ്രമണത്തെ അവരോഹി അഥവാ അവരോഹണാവസ്ഥയിൽ ഉള്ള സ്ഥിതി എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബുധൻ തരുന്ന ഫലത്തെ ഇക്കാര്യവും സ്വാധീനിക്കാറുണ്ട് എന്നതും രേഖപ്പെടുത്തേണ്ടതാണ്.
എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, അരങ്ങ് സംബന്ധിച്ച പ്രവർത്തനം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം, വിദ്യാഭ്യാസം, അമ്മാവൻ, ബന്ധുക്കൾ, ത്വക്ക്, വളർത്ത് പക്ഷികൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹമാണ് ബുധൻ. “ബുധൻ സമം ബുദ്ധി” എന്ന ചെല്ല് ബൗദ്ധിക കാര്യങ്ങളുടെ കാരകത്വവും ബുധനുണ്ടെന്നതിന്റെ സൂചനയാണ്. ഏതാണ്ട് ഈ വർഷം മാർച്ച് മാസം മുഴുവൻ ബുധൻ സൂര്യനുമായി അടുത്ത് സഞ്ചരിക്കുകയാൽ മൗഢ്യം (Combust) എന്ന ദോഷത്തിലുമാണ്. ഫലനിർണയത്തിൽ ഇതും പ്രധാനമാണ്.
അശ്വതി മുതൽ രേവതി വരെ, മേടക്കൂറു മുതൽ ഇടവക്കൂറു വരെ ഉള്ള രാശികളിലും നക്ഷത്രങ്ങളിലും ജനിച്ചവരെ 2023 ഫെബ്രുവരി 7 മുതൽ മാർച്ച് 16 വരെ ബുധൻ ഏതേതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാന അനുഭവങ്ങൾ എന്തെല്ലാം ആയിരിക്കും എന്നീ അന്വേഷണങ്ങളാണ് ഈ ലേഖനത്തിലെ വിഷയം.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ബുധൻ 10,11 രാശികളിലൂടെ കടന്നുപോകുകയാൽ തൊഴിൽ രംഗം ഊർജ്ജിതമാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സർക്കാർ ആനുകൂല്യങ്ങൾ കൈവശം വന്നുചേരും. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധമേറും. കഠിനവിഷയങ്ങൾ ഹൃദിസ്ഥമാക്കാനുള്ള ശ്രമം വിജയിക്കും. വരുമാനം ഉയരുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സഭകളിലും സമാജങ്ങളിലും പ്രഭാഷണം നടത്താനും സദസ്സിന്റെ കൈയ്യടി നേടാനും സാധിക്കുന്നതായിരിക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആശാവഹമായ വിധത്തിലുള്ള പിന്തുണ വന്നുചേരുന്നതായിരിക്കും. വാതപിത്തകഫാദി ത്രിദോഷങ്ങൾ മാർച്ച് മാസത്തിൽ ക്ലേശിപ്പിച്ചേക്കാം. കരുതൽ കൈക്കൊള്ളുന്നത് അഭികാമ്യം.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ , രോഹിണി മുഴുവൻ, മകയിരം 1,2 പാദങ്ങൾ): ബുധൻ 9, 10 ഭാവങ്ങളിലായി സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനും അവ പ്രാവർത്തികമാക്കാനും സാധിക്കും. അവസരോചിതമായി പെരുമാറും. സ്വാശ്രയത്വത്തിൽ തൃപ്തിയടയും. പ്രൊഫഷണലുകൾക്ക് കർമമേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വിദ്യാർത്ഥികളുടെ ലക്ഷ്യബോധം ഉയരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. സാമ്പത്തികലാഭം പ്രതീക്ഷിക്കാമെങ്കിലും ക്രയവിക്രയങ്ങളിൽ നല്ല കരുതൽ വേണ്ടതുണ്ട്. ബന്ധുക്കൾക്ക് നൽകുന്ന ഹിതോപദേശം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളപ്പെടണമെന്നില്ല.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര , പുണർതം 1,2,3 പാദങ്ങൾ): ബുധൻ 8, 9 ഭാവങ്ങളിലായി സഞ്ചരിക്കുകയാൽ ഗുണദോഷസമ്മിശ്രമായ കാലമാണ്. അപ്രതീക്ഷിത ധനയോഗം, സൽകാര്യങ്ങളിൽ നേതൃത്വം, രാഷ്ട്രീയ വിജയം, കലാപരമായ സിദ്ധി എന്നിവയുണ്ടാവും. പരീക്ഷകളിൽ മികവ് പുലർത്തും. ബുദ്ധിപരമായ ഉണർവോടെ പ്രവർത്തിക്കും. എന്നാൽ പ്രധാന കാര്യങ്ങളിൽ അശ്രദ്ധ വരാൻ സാധ്യതയുണ്ട്. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പുവെക്കുമ്പോൾ നിയമവശങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവണം. സൗഹൃദത്തിൽ കരുതലുണ്ടാവണം. വ്യവഹാരങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതാവും ഉചിതം. ആരോഗ്യപരിരക്ഷയും അനിവാര്യം
കർക്കടകക്കൂറിന് ( പുണർതം നാലാംപാദം, പൂയം, ആയില്യം): ബുധൻ 7,8 ഭാവങ്ങളിലായി സഞ്ചരിക്കുകയാണ്. ഗുണങ്ങളിൽ പ്രധാനം കുടുംബസൗഖ്യം, ബന്ധുസമാഗമം, നേതൃസിദ്ധി, മത്സരവിജയം തുടങ്ങിയവയത്രെ ! വിദ്യാർത്ഥികൾക്ക് ദിശാബോധമുണ്ടാവും. സാമ്പത്തികമായി മെച്ചമുണ്ടാവും. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ശുഷ്കാന്തി പുലർത്തുവാൻ ശ്രമിക്കണം. ശത്രുക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അമിതമായ ഉൽക്കണ്ഠയുണ്ടാവും. അകലാചര്യയും സാഹസങ്ങളും ഒഴിവാക്കുന്നതാവും നല്ലത്. ആഢംബരത്തിനുള്ള ചെലവേറാം. ജീവിതശൈലീ രോഗങ്ങളിൽ പരിശോധന വേണ്ടിവരും.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ബുധൻ 6, 7 ഭാവങ്ങളിൽ നിൽക്കുകയാൽ കഠിനാദ്ധ്വാനത്തിന് പ്രയോജനം കിട്ടും. തൊഴിൽ രംഗത്ത് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരും. സാഹിത്യകാരന്മാർ നവീനമായ ആശയങ്ങൾ ആവിഷ്കരിക്കും. കടബാധ്യത തീർക്കാനുള്ള ഉദ്യമം വിജയം കാണും. എതിരാളികളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. എന്നാൽ ദാമ്പത്യ ജീവിതം അത്ര സുഖകരമായിക്കൊള്ളണമെന്നില്ല. ചില നിലപാടുകൾ അനുരഞ്‌ജനത്തിന്റെ വാതിലുകൾ കൊട്ടിയടക്കുന്നതാവും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാവാം. പങ്കുകച്ചവടം ക്ഷീണാവസ്ഥയിലാവും. ധനപരമായി സമ്മിശ്രകാലമാണ്.
കന്നിക്കൂറിന് (ഉത്രം 2,3,4 അത്തം , ചിത്തിര 1,2 പാദങ്ങൾ): ബുധൻ അഞ്ചിലും ആറിലുമായി സഞ്ചരിക്കുന്നതിനാൽ ഭാവിയെക്കുറിച്ച് പലതും ആസൂത്രണം ചെയ്യും. ചിലതൊക്കെ നടപ്പിൽ വരുത്തും. തൊഴിൽരഹിതർക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കാനാവും. കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും. മക്കളുടെ ഉയർച്ച സന്തോഷം നൽകും. സാങ്കേതികവിജ്ഞാനം നേടുന്നതിൽ താല്പര്യമേറും. പുതിയ കൂട്ടുകെട്ടുകൾ ഗുണകരമാവും. കടബാധ്യത പരിഹരിക്കാനുള്ള ശ്രമം കുറച്ചൊക്കെ വിജയിക്കും. കലാപരമായ സിദ്ധികൾ പൊതുമദ്ധ്യത്തിൽ അവതരിപ്പിക്കാൻ സന്ദർഭം സംജാതമാകുന്നതായിരിക്കും.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 ): ബുധൻ 4,5 രാശികളിലായി സഞ്ചരിക്കുന്നു. ഗൃഹനിർമ്മാണം പൂർത്തിയാക്കും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. ബന്ധുക്കളുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. നവമാധ്യമങ്ങളിൽ ശ്രദ്ധ നേടും വിധത്തിൽ. ബഹുമുഖങ്ങളായ കർമ്മരംഗങ്ങളിൽ മുദ്ര പതിപ്പിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കും. ചെറുയാത്രകൾ . ഇച്ഛയും ശക്തിയും തമ്മിൽ സമന്വയിപ്പിക്കുന്നതിൽ വിജയം കാണും.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ബുധൻ 3,4 ഭാവങ്ങളിലായി സഞ്ചരിക്കുകയാണ്. തീരുമാനങ്ങൾ കൈക്കൊള്ളാൻ മനശ്ചാഞ്ചല്യം ഉണ്ടാവും. സഹായ മനസ്ഥിതി തനിക്ക് തന്നെ ദോഷമായി വരാം. പ്രതിഭാ വിലാസം അംഗീകരിക്കാൻ മറ്റുള്ളവർ മടി കാണിക്കും. ആത്മശക്തിയോടെ പ്രവർത്തിച്ച് മുന്നേറും. പൊതുരംഗത്തുള്ളവർക്ക് അനുയായികളെ ശാസിക്കേണ്ടി വന്നേക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ പുലർത്താവുന്ന കാലമാണ്. ഗൃഹത്തിൽ സമാധാനവും ഐക്യവും പുലരും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാവുന്നതാണ്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം കാൽ): ബുധൻ 2, 3 ഭാവങ്ങളിലായി സഞ്ചരിക്കുന്നു. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ സ്നേഹോഷ്മളതകൾ ഏറും. പണ്ഡിതോചിതമായും യുക്തിസഹമായും സംസാരിച്ച് ശ്രോതാവിന്റെ ബഹുമാനാദരങ്ങൾ നേടും. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് പുലർത്തും. കായികമത്സരങ്ങളിൽ നിന്നും പാരിതോഷികങ്ങൾ ലഭിക്കാം. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റും. പിന്തുണ അറിയിച്ചിരുന്നവർ സമയത്ത് ഉതകിയെന്ന് വരില്ല. സാഹസ കർമ്മങ്ങൾ ഒഴിവാക്കുന്നത് ഉചിതം. സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പടലപ്പിണക്കം ഭവിക്കാം. വരവിൽ ഉയർച്ചയുണ്ടാകും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ: ബുധന്റെ സഞ്ചാരം ജന്മരാശിയിലും രണ്ടാം ഭാവത്തിലുമാണ്. ആശയക്കുഴപ്പവും കർമ്മ പരാങ്മുഖത്വവും ഉണ്ടാവും. കർത്തവ്യബോധം കുറയും. എന്നാലും ആത്മവിശ്വാസത്തിന്റെ ബലത്തിൽ കാര്യവിജയം വന്നുചേരും. കൃത്യമായ വാക്കുകളിലൂടെ ആശയ വിനിമയം സാധിക്കും. മാധ്യമ രംഗം, അഭിഭാഷകവൃത്തി, അദ്ധ്യാപനം, സാഹിത്യം എന്നീ മേഖലകളിലുള്ളവർക്ക് വാക്കും വചനവും കൊണ്ട് പ്രശോഭിക്കാൻ കഴിയുന്ന കാലമാണ്. തൊഴിൽപരമായി സാമ്പത്തിക നേട്ടമുണ്ടാകും. ബന്ധുക്കളുടെ ഇടയിലെ അനൈക്യം പറഞ്ഞുതീർക്കും. സർക്കാരിൽ നിന്നും ധനസഹായം, വായ്പ, ചിട്ടി മുതലായവ അനുകൂലമായിത്തീർന്നേക്കാം. ആരോഗ്യപരമായി ശ്രദ്ധ വേണം.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): ബുധൻ സഞ്ചരിക്കുന്നത് പന്ത്രണ്ടിലും ജന്മരാശിയിലുമായിട്ടാണ്. ദൂരയാത്രകൾ വേണ്ടി വന്നേക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഒരു സാധ്യതയാണ്. ബന്ധുക്കളുമായി അനൈക്യം വരാം. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ശ്രദ്ധ പാളാൻ ഇടകാണുന്നു. വരവും ചിലവും തമ്മിൽ അനുപാതം കുറയാം. കച്ചവടത്തിൽ ലാഭം കൂടുമെങ്കിലും ഉപഭോക്താക്കളുമായി ഉരസലുകൾ ഉണ്ടാവാം. കടമകൾ പൂർത്തീകരിക്കാൻ ക്ലേശിച്ചേക്കും. ദിനചര്യകളുടെ താളം അലസത മൂലം തെറ്റാനിടയുണ്ട്.
മീനക്കൂറിന് ( പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ബുധൻ 11,12 ഭാവങ്ങളിലായി സഞ്ചരിക്കുന്നതിനാൽ ലാഭനഷ്ടങ്ങൾ തുല്യമായി തീരുന്നതാണ്. ഫെബ്രുവരിയിൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഭോഗസിദ്ധി, അശനശയനസുഖം, വിദേശത്ത് നിന്നും ശുഭവാർത്താ ശ്രവണം, വിദ്വജ്ജനങ്ങളുടെ അംഗീകാരം, തൊഴിൽ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം. മാർച്ചിൽ വീടുമാറാനോ ദീർഘ സഞ്ചാരത്തിനോ സാധ്യത കാണുന്നു. ചെലവേറും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട കാലഘട്ടം കൂടിയാണ്. കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും വേണം.