/indian-express-malayalam/media/media_files/uploads/2023/06/Budhan-Horoscope-1.jpg)
Mercury In Idavam Rashi 2023 Star Predictions
Mercury In Idavam Rashi 2023 Star Predictions: 2023 ജൂൺ 7 ന്, 1198 ഇടവം 24 ന്, ബുധനാഴ്ച രാത്രി അസ്തമയാനന്തരം ബുധൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂൺ 24/ മിഥുനം 9 വരെ ബുധൻ ഇടവത്തിൽ തുടരുകയാണ്. ബുധന്റെ മിത്രനായ ശുക്രന്റെ വീടാണ് ഇടവം. ബന്ധുവീട്ടിൽ വിരുന്നുവന്ന ആഹ്ളാദത്തിലാവും ബുധൻ. അതിനാൽ ബുധൻ കടുത്ത ഫലങ്ങൾ ആർക്കും നൽകുന്നില്ല. സ്നേഹവായ്പും ഗുണദോഷിക്കലും മാത്രമാവും ബുധന്റെ നയം എന്ന് കരുതാം.
ഉപരിപഠനത്തിൽ ആശങ്ക നേരിടുന്നവർക്ക് ബുധൻ അനുകൂല ഫലങ്ങൾ നൽകുന്നു. വൈജ്ഞാനിക സിദ്ധികൾ പകരുന്നു. നിയമം, മാധ്യമം, അധ്യാപനം, മനുഷ്യവിഭവശേഷി, ഏജൻസി പ്രവർത്തനം എന്നിവയുടെ കാരകൻ ബുധനാണ്. പ്രസ്തുതരംഗങ്ങളിൽ ഉപജീവനം കണ്ടെത്തിയിട്ടുള്ളവർക്ക് ബുധന്റെ ഇടവരാശി സ്ഥിതി പ്രയോജനകരമാണ്. തൊഴിലിൽ വിജയിക്കാൻ 'ബുധ പ്രഭാവം' സഹായകമാവും.
ചന്ദ്രന്റെയും താരയുടേയും മകനാണ് ജ്യോതിഷ വിശ്വാസങ്ങളിൽ ബുധൻ. ലിംഗകല്പനകളിൽ നപുംസകമാണ്. ശനിയുടെയും ശുക്രന്റെയും മിത്രനുമാണ് ബുധൻ. വർഷത്തിൽ സൂര്യസാമീപ്യം മൂലം കൂടുതൽ മൗഢ്യത്തിലാകുന്നു, ബുധൻ. കാലപുരുഷന്റെ വാക്ക് എന്ന വിശേഷണം ബുധനുണ്ട്. വാക്കിന്റെ വിഭുക്കളും പ്രഭുക്കളുമായി ജീവിക്കുന്നവരിൽ ബുധന്റെ സ്വാധീനം പ്രകടമാണ്.
ബുധൻ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ മേടം മുതൽ ഇടവം വരെയുള്ള പന്ത്രണ്ട് കൂറുകളിൽ, അശ്വതി മുതൽ രേവതി വരെ 27 നാളുകളിൽ ജനിച്ചവരുടെ അനുഭവങ്ങൾ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക കാൽ): രണ്ടാമെടത്താണ് ബുധൻ. ആകയാൽ വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം സാധ്യമാകും. ബന്ധുക്കളുടെ പിണക്കം നീങ്ങും. വിദ്യാഭ്യാസ കാര്യത്തിന് വായ്പകൾ വേഗം ലഭിക്കും. ഗൃഹാന്തരീക്ഷം സ്വസ്ഥമാകുന്നതാണ്. കച്ചവടത്തിൽ പുരോഗതി ദൃശ്യമാകും. മാധ്യസ്ഥശ്രമങ്ങൾ വിജയിക്കുന്നതാണ്. അവസരോചിത ബുദ്ധി തർക്കങ്ങളിൽ ഉപകാരമാകും. ചില പിരിമുറുക്കങ്ങൾക്ക് അയവ് വരുന്നതാണ്.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം പകുതി): ചില ബലപരീക്ഷണങ്ങൾ ഉണ്ടായേക്കും. തർക്കങ്ങളിൽ വിജയം എളുപ്പമാവില്ല. ജോലി സംബന്ധിച്ച കാര്യങ്ങൾക്ക് അലച്ചിൽ വേണ്ടിവരും. ബന്ധുക്കളുടെ സഹായം ആവശ്യപ്പെടും. എന്നാൽ പ്രതീക്ഷിച്ച പിന്തുണ കിട്ടിയേക്കില്ല. വിവാഹ കാര്യത്തിന് തടസ്സം അനുഭവപ്പെടാം. ധനപരമായി കാലം അനുകൂലമല്ല. കൈവായ്പകൾക്ക് ശ്രമിക്കും. ആരോഗ്യപരമായും കാലം മെച്ചമാണെന്ന് പറയാൻ സാധിക്കില്ല.
മിഥുനക്കൂറിന് (മകയിരം രണ്ട്, മൂന്ന് പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): പന്ത്രണ്ടിലെ ബുധസ്ഥിതിമൂലം വിദ്യാഭ്യാസത്തിന് തടസ്സം, വിളംബം ഇവ വരാം. അന്യദേശ പഠനം ഒരു സാധ്യതയാണ്. സുഹൃത്തുക്കളും ബന്ധുക്കളം വാഗ്ദാനം പാലിക്കുന്നതിൽ വിമുഖത കാട്ടും. വസ്തുകാര്യങ്ങളിൽ തർക്കങ്ങൾ വന്നേക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനാവും . ശാരീരികമായ ക്ലേശത്തിന് വൈദ്യസഹായം വേണ്ടി വരാം. തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്.
കർക്കടകക്കൂറിന് ( പുണർതം നാലാം പാദം, പൂയം, ആയില്യം): പതിനൊന്നിലെ ബുധസ്ഥിതി പലതരം നേട്ടങ്ങൾക്ക് വഴിയൊരുക്കും. കർമ്മരംഗത്ത് കാര്യക്ഷമത വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുണ്ടായിരുന്ന തടസ്സം നീങ്ങും. വ്യവഹാരങ്ങളിൽ വിജയിക്കാൻ കഴിയുന്നതാണ്. ബന്ധുമിത്രാദികളുടെ സർവ്വാത്മനായുള്ള പിന്തുണ ലഭിച്ചേക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് താൽകാലികമായ ശമനം ഭവിക്കുന്നതാണ്. ബുദ്ധിശക്തികൊണ്ട് തൊഴിൽ രംഗത്തെ എതിർപ്പുകളെ മറികടക്കാനാവും. അധ്യാപകർക്കും മാധ്യമ രംഗത്തുള്ളവർക്കും നിയമജ്ഞർക്കും അംഗീകാരം സിദ്ധിച്ചേക്കും.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ബുധൻ പത്താം ഭാവത്തിലാണ്. കർമ്മമേഖലക്ക് പുഷ്ടിയുണ്ടാകും. നവീന പദ്ധതികൾ ആവിഷ്കരിക്കും. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ലഭിച്ചേക്കാം. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസമാർജ്ജിക്കും. വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് കളമൊരുങ്ങും. ദേഹസുഖം നൽകാനും ഭൗതിക നേട്ടങ്ങൾ കൈവരിക്കാനും ധനലാഭമുയർത്താനും പത്താം ഭാവത്തിലെ ബുധൻ അനുകൂലനത്രെ.
കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര 1,2 പാദങ്ങൾ): കന്നിരാശിയുടെ നാഥൻ ആയിട്ടുള്ള ബുധൻ ഭാഗ്യഭാവത്തിൽ സ്ഥിതി ചെയ്യുകയാൽ ഭാഗ്യാനുഭവങ്ങൾ വന്നെത്തും. നേട്ടങ്ങൾ കുടുംബജീവിതത്തെ ഭാസുരവും ശ്രേയസ്സുള്ളതുമാക്കും. കർമ്മരംഗത്ത് ചില കുതിപ്പുകൾ ഉണ്ടാവും. "കാലം കുറഞ്ഞ ദിനമെങ്കിലും അർത്ഥദീർഘം" എന്ന് കവി പറഞ്ഞതുപോലെ നല്ല ഫലങ്ങൾക്കാവും മുൻതൂക്കം. രോഗക്ലിഷ്ടർക്ക് മികച്ച ചികിൽസ ലഭിച്ചേക്കാം. ശത്രുക്കളുടെ പ്രവർത്തനവും മന്ദീഭവിക്കുന്നതാണ്.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം മുക്കാൽ): മക്കളുടെ ഭാവികാര്യങ്ങളിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രതീക്ഷിച്ചിരുന്ന ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. സാമ്പത്തികക്ലേശങ്ങൾ ലഘുകൃതമാവും. ചില സഹായഹസ്തങ്ങൾ മുന്നോട്ട് വരുന്നതാണ്. വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ സന്ദർഭം വന്നെത്തും. മുടങ്ങിക്കിടന്ന വായ്പകളും കുടിശ്ശികകളും തിരിച്ചടക്കാൻ കഴിയും.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ഏഴാം ഭാവത്തിലാണ് ബുധസ്ഥിതി. അനുകൂല കാര്യങ്ങൾ ഉണ്ടാവുമെങ്കിലും അവയ്ക്ക് പുഷ്ടി കുറയും. ചെറുയാത്രകൾ കൂടതലായി ഉണ്ടാവും. വിജയിക്കാൻ വലിയ അദ്ധ്വാനം വേണ്ടി വരുന്നതാണ്. കാമുകീകാമുകന്മാർക്ക് ഇച്ഛാഭംഗത്തിന് സാധ്യതയുണ്ട്. ദമ്പതികൾക്കും ചില മനോവിഷമങ്ങൾ ഉണ്ടാവാം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് തുടർ ചികിൽസകൾ വേണ്ടിവന്നേക്കാം. വ്യാപാരികൾക്ക് ധനലാഭം നേരിയ തോതിൽ ഉയരാം. ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ബുധൻ ആറാമെടത്തിലാണ്. മറഞ്ഞുനിൽക്കുന്ന ആത്മശക്തി കരുത്തുനേടും. വിജയിക്കാനാവാശ്യമായ തന്ത്രങ്ങൾ മെനയാനാവും. പഠിപ്പിൽ തടസ്സങ്ങൾ അകന്ന് തുടർച്ച കൈവരിക്കും. അപ്രതീക്ഷിതമായ സ്ഥാനലബ്ധി സന്തോഷമേകും. ഒപ്പമുള്ളവരുടെ പിന്തുണ നേടുവാൻ കഴിഞ്ഞേക്കും. വ്യാപാരാവശ്യങ്ങൾക്ക് വായ്പകൾ പ്രയോജനപ്പെടുത്തും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറാൻ സാധിക്കുന്നതാണ്. ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ചില ദുർഘടങ്ങളെ ഒഴിവാക്കാനാവാതെ വിഷമിക്കും. ആലോചനകൾ അധികരിക്കും. കർമ്മരംഗത്ത് ഉദാസീനതയുണ്ടാവും. കൃത്യമായ ഇടപെടലുകൾ നടത്താൻ കഴിയാത്തതിനാൽ കുടുംബജീവിതത്തിൽ ചില അലോസരങ്ങൾ ഉയർന്നേക്കാം. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ ചില അനിശ്ചിതത്വങ്ങൾ വന്നുചേർന്നേക്കും. ധനവിനിയോഗത്തിൽ ആശയക്കുഴപ്പം ഏർപ്പെടാം. മുൻഗണനാക്രമം നിശ്ചയിക്കുന്നതിൽ പിഴവുകൾ വരാതെ നോക്കേണ്ടതുണ്ട്.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി മുക്കാൽ): നാലാം ഭാവത്തിലാണ് ബുധസ്ഥിതി. കുടുംബസുഖം വർദ്ധിക്കുന്നതാണ്. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാവും. ബന്ധുഭവനം സന്ദർശിക്കാനും വിരുന്നുകളിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ നല്ലമാറ്റം പ്രതീക്ഷിക്കാം. പഠനകാര്യങ്ങളിൽ ആഗ്രഹം സാധിക്കുന്നതാണ്. ഉദ്യോഗത്തിൽ പുതിയ ചുമതലകൾ വന്നുചേരും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിച്ചേക്കും.
മീനക്കൂറിന് (പൂരുരുട്ടുതി നാലാംപാദം, ഉത്രട്ടാതി, രേവതി): വിജയ പ്രതീക്ഷകൾക്ക് നേരിയ മങ്ങൽ അനുഭവപ്പെടാം. പണം കളവ് പോവാതെ നോക്കണം. പൊതുവേ സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങൾ വരാം. നവസംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമല്ല. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ക്ളേശിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടവിഷയങ്ങൾ ലഭിക്കുക വലിയ കടമ്പയാവും. തർക്കവിവാദാദികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് അഭിലഷണീയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.