scorecardresearch
Latest News

മേയ് പകുതി വരെ ഈ നാളുകാരെ മാനസിക സംഘർഷം അലട്ടാം, അവിവാഹിതർക്ക് ആശാവഹമായ കാലം

മേടത്തിലെ ഗ്രഹസ്ഥിതി അനുസരിച്ച് പൂരം, മൂലം, പൂരാടം, തിരുവോണം, അവിട്ടം, പൂരുട്ടാതി എന്നീ ആറ് നക്ഷത്രക്കാരുടേയും മേടമാസത്തെ പൊതുഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

astrology, horoscope, ie malayalam

വിഷു ആഘോഷിക്കുന്ന മേടമാസത്തിന് മുപ്പത് ദിവസമാണുള്ളത്. ഈ വർഷം ഏപ്രിൽ 15 നാണ് മേടം ഒന്ന്. അത് മേയ് പതിനാലിന് അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞായിരുന്നു സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് മാറും. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.

മേടം ഏഴിനാണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.

ഈ ഗ്രഹസ്ഥിതി അനുസരിച്ച് പൂരം, മൂലം, പൂരാടം, തിരുവോണം, അവിട്ടം, പൂരുട്ടാതി എന്നീ ആറ് നക്ഷത്രക്കാരുടേയും മേടമാസത്തെ പൊതുഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

പൂരം: വ്യാഴം നവമഭാവത്തിൽ ആണെങ്കിലും മൗഢ്യം തുടരുന്നതിനാൽ ചെറിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ ആദ്യ ആഴ്ചകളിൽ ഉണ്ടായില്ലെന്ന് വരാനും സാധ്യതയുണ്ട്. എന്നാലും കർമ്മരംഗം പുരോഗതിയിൽ തന്നെയാകും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കുന്നതാണ്. അധികാരികളുടെ മറഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ഗുണകരമാവും. നിലപാടുകൾ ശരിയാണോ എന്ന ചിന്ത ഇടക്കിടെ ചിത്തശല്യകാരിയാകാം. ധനപരമായി മോശമല്ല, കാലം. കുടുംബജീവിതം ഏഴിലെ ശനിയുടെ സുസ്ഥിതിയാൽ മെച്ചപ്പെടുന്നതാണ്. അവിവാഹിതർക്ക് ആശാവഹമായ കാലമാണെന്ന് പറയാം. നവസംരംഭങ്ങൾക്കും വമ്പിച്ച മുതൽമുടക്കുകൾക്കും കുറച്ചു കൂടി കാത്തിരിക്കുന്നതാവും സമുചിതം.

മൂലം: അഞ്ചാമെടത്തിലെ, വിശിഷ്യാ, അനുജന്മമായ അശ്വതിയിലെ ഗ്രഹാധിക്യം ആശയക്കുഴപ്പങ്ങൾക്ക് വഴിവെക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകളുണ്ടാകാം. അതിചിന്ത കർമ്മ പരാങ്മുഖത്വത്തിലേക്ക് നയിക്കാനിടയുണ്ട്. എങ്കിലും ശക്തമായ പിന്തുണ ലഭിക്കുന്നത് മുന്നോട്ടുള്ള പോക്കിന് കരുത്തേകും. ആറിലെ രാഹുവും ഏഴിലെ കുജനും തൊഴിൽ / ഗാർഹിക രംഗങ്ങളെ തെല്ല് അസ്വസ്ഥമാക്കിയേക്കാം. എന്നാൽ ഭാഗ്യാധിപനായ ആദിത്യന്റെ ഉച്ചരാശിസ്ഥിതി ക്ലേശങ്ങളെ അകറ്റും. മനസ്ഥൈര്യം പകരും. ധനപരമായി മെച്ചങ്ങളേകും. ജീവിതത്തിന്റെ സന്തുലിതാവസ്ഥ തുടരുന്നതാണ്. ധ്യാന-യോഗമാർഗങ്ങൾ അവലംബിക്കുവാൻ താല്പര്യമേറും.

പൂരാടം: നക്ഷത്രനാഥനായ ശുക്രന്റെ സ്വക്ഷേത്രസ്ഥിതി, ഭാഗ്യാധിപന്റെ ഉച്ചസ്ഥിതി ഇവയാൽ നല്ല അനഭവങ്ങൾക്ക് പ്രാമുഖ്യം കൈവരുന്ന മാസമാണ്. പ്രവൃത്തിയിൽ നേട്ടങ്ങൾ, അധികാരികളുടെ അംഗീകാരം എന്നിവ സിദ്ധിക്കും. രാശിനാഥനായ വ്യാഴത്തിന്റെ മൗഢ്യം മാസപ്പകുതിയോളം തുടരുകയാൽ ശരീരമനസ്സുകൾക്ക് ചില അസ്വാസ്ഥ്യങ്ങൾ വന്നുചേരാം. മക്കളുടെ പ്രശ്നങ്ങൾ തലവേദനയ്ക്ക് കാരണമായെന്നു വന്നേക്കാം. ഏഴിലെ കുജസ്ഥിതി കുടുംബബന്ധങ്ങളിൽ ഭിന്നസ്വരങ്ങൾ ഉയരുന്നതിന് വഴിതുറക്കാനിടയുള്ളതിനാൽ അനുരഞ്ജനത്തിന്റെ പാതയാവും സുഗമം. ധനവരവ് മോശമാവില്ല. സൽകാര്യങ്ങൾക്കായി ചെലവും ഉണ്ടാവും. വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് നേരിയ വിളംബം ഭവിക്കാം. വൃദ്ധജനങ്ങളുടെ സഹകരണം വലിയ പിൻബലമരുളുന്നതായിരിക്കും.

തിരുവോണം: ഈ വർഷത്തെ മേടസംക്രമനക്ഷത്രം കൂടിയാണ് തിരുവോണം. വീട്, വാഹനം, മനസ്സമാധാനം എന്നിവയുമായി ബന്ധപ്പെട്ട നാലാമെടത്ത് ശുഭപാപന്മാർ കലർന്ന് കാണുന്നതിനാൽ പ്രസ്തുതവിഷയങ്ങളിൽ ശ്രദ്ധയാവശ്യമാണ്. ധനസ്ഥിതി മോശമാവില്ല. നിക്ഷേപങ്ങളിൽ നിന്നും നല്ല വരുമാനം ഉണ്ടാകും. കച്ചവടം അഭിവൃദ്ധികരമാവുന്നതാണ്. നൂതന സാങ്കേതികരീതികൾ സ്ഥാപനത്തിൽ പ്രയുക്തമാക്കാനുള്ള ശ്രമം വിജയിക്കും. ഉപരിപഠനം ആഗ്രഹിക്കുന്നവർക്കും ഏത്‌ വിഷയം തിരഞ്ഞെടുക്കണം എന്നതിനെച്ചൊല്ലി തീരുമാനത്തിലെത്താൻ താമസം നേരിട്ടേക്കാം. കലാപ്രവർത്തകർക്ക് അഞ്ചിലെ ശുക്രസ്ഥിതിയാൽ ഭാവനാപൂർണമായ രചനകൾ സൃഷ്ടിക്കുവാനാവും. മാനസികസംഘർഷം കുറയ്ക്കാൻ വേണ്ട പരീശീലനങ്ങൾ കൈക്കൊള്ളുന്നത് ഗുണകരമായേക്കാം.

അവിട്ടം: പല നിലയ്ക്കും മാറ്റത്തിന്റെ ആരംഭമാണ്. വീടോ നാടോ മാറിത്താമസിക്കാനിടയുണ്ട്. പുതുജോലിക്കായുള്ള പരിശ്രമങ്ങൾ വിജയിക്കുന്നതാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിറുത്താൻ നയോപായം വേണ്ടിവരും. ഗൃഹനിർമ്മാണം പൂർത്തിയാവുന്നതാണ്. ഉപേക്ഷിച്ച കലാ-കായിക- വിനോദ താത്പര്യങ്ങൾ വീണ്ടും പൊട്ടിമുളയ്ക്കും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതായിരിക്കും. മക്കളുടെ വിദ്യാഭ്യാസ പുരോഗതിയിൽ സന്തോഷിക്കും. മാനസിക സംഘർഷങ്ങൾ ലഘുകരിക്കാനായാൽ കൂടുതൽ സന്തോഷിക്കാൻ സാധിക്കുന്നതാണ്.

പൂരുട്ടാതി: നക്ഷത്രനാഥന്റെ മൗഢ്യം മാസത്തിന്റെ ആദ്യ പകുതിയോളം തുടരുകയാൽ മാറ്റം പ്രകടമാവുന്നത് രണ്ടാം പകുതിയിലാവും. ആന്തരികക്ഷോഭം കുറയുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അതിനുള്ള അവസരം സംജാതമാകും. തൊഴിൽ മാറ്റം പ്രതീക്ഷിക്കുന്നവർക്കും കാലം ആനുകൂലമാണ്. സുഹൃത്ബന്ധങ്ങൾ വിപുലീകരിക്കും. യാത്രകൾ പ്രയോജനകരമാവും. കടബാധ്യത കുറയുന്നതാണ്. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ ഉപരിപഠനത്തിന് സാധ്യതയുണ്ട്. തുടർ ചികിൽസകളിലൂടെ രോഗാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാണ്. ക്ഷമയാണ് ഏറ്റവും നല്ല ആയുധം എന്നത് മറക്കരുത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mental tension may bother these starse till the middle of may