scorecardresearch
Latest News

മീന മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ

Meenam Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു

astrology, horoscope, ie malayalam

Meenam Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 മാർച്ച് 15 നാണ് മീനം ഒന്നാം തീയതി വരുന്നത്. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 തീയതികൾ). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം 2 മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.

ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ എടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ;ലഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം 2 മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.

ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവും എന്നിങ്ങനെയുള്ള അന്വേഷണങ്ങളാണ് തുടർന്ന് പര്യാലോചിക്കുന്നത്.

അശ്വതി: ഗ്രഹങ്ങളുടെ ആനുകൂല്യം ജീവിതത്തിൽ പ്രതിഫലിക്കും. ശുക്രൻ ജന്മരാശിയിൽ നിൽക്കുന്നതിനാൽ ഭോഗസിദ്ധി, ലൗകികാസക്തി എന്നിവയുണ്ടാവും. പ്രേമകാര്യങ്ങളിൽ പുരോഗതിയനുഭവപ്പെടും. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാവാം. ചെലവ് കൂടിയേക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ കരുതൽ കൈക്കൊള്ളണം. ബുധൻ നീചത്തിലും ചൊവ്വ മൂന്നിലുമാകയാൽ സഹോദരരുമായുള്ള ബന്ധത്തിൽ വിഷമങ്ങൾ സംഭവിക്കാം.

ഭരണി: സകുടുംബം വിനോദയാത്ര നടത്തും. കലാകാരന്മാർക്ക് ആദരം ലഭിക്കും. ആർഭാടജീവിതത്തിൽ താത്പര്യമേറും. സ്വന്തബന്ധുക്കളുമായികലഹിക്കാൻ പ്രേരണയേറും. അധികച്ചെലവുകൾ ഒരു സാധ്യതയാണ്. ആത്മസംയമനം പുലർത്തണം. ബുധൻ നീചത്തിലാകയാൽ മാസത്തിന്റെ ആദ്യപകുതിയിൽ പ്രതീക്ഷിച്ചത്ര സഹായം കിട്ടിയെന്നുവരില്ല. കച്ചവടക്കാർ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പരിശ്രമിക്കും. ആരോഗ്യപരിപാലനത്തിൽ ജാഗരൂകരാവണം.

കാർത്തിക: ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷകളെയും മത്സരങ്ങളേയും സധൈര്യം നേരിടും. പുതിയസൗഹൃദങ്ങൾ വന്നുചേരും. ദൂരയാത്രകൾക്ക് പദ്ധതി തയ്യാറാക്കും. മക്കളുടെ ഭാവികാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കും. ചെലവ് കൂടുമെങ്കിലും സാമ്പത്തികസ്ഥിതി മോശമാവില്ല. വസ്തുവിന്റെ ക്രയവിക്രയങ്ങൾ ലാഭത്തിലെത്താം. കാര്യാലോചനകളിൽ അഭിപ്രായങ്ങൾക്ക് പിന്തുണ കിട്ടും. ഉഷ്ണരോഗങ്ങളിൽ കരുതൽ വേണം.

രോഹിണി: പിതൃധനമോ സ്വത്തുക്കളോ അധീനത്തിൽ വരാം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന അനുമതിപത്രം ലഭിക്കും. നവീനകാര്യങ്ങൾ തുടങ്ങുവാനുള്ള ആലോചനകൾ സുഗമമായി പുരോഗമിക്കും. ചിലപ്പോൾ പരുഷവാക്കുകൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം ഉദയം ചെയ്യാം. ആഢംബരവസ്തുക്കൾക്കായി ചെലവേറും. ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന അപസ്വരങ്ങളെ ബുദ്ധിപൂർവം മറികടക്കും. കഫരോഗങ്ങൾക്ക് സാധ്യത കാണുന്നു.

മകയിരം: തൊഴിൽമേഖലയിൽ സ്വാധീനം വർദ്ധിക്കും. പൊതുപ്രവർത്തകർക്ക് അണികളുടെ പിൻബലം സിദ്ധിക്കും. പ്രതികൂലസാഹചര്യങ്ങളെ കരുതലോടെ പ്രതിരോധിക്കും. ഗുരുകാരണവരുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവും. അവിവാഹിതർക്ക് വിവാഹബന്ധത്തിൽ പ്രവേശിക്കാൻ കഴിയും. ഉടമ്പടികളിൽ ഒപ്പുവെക്കുമ്പോൾ പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കബളിപ്പിക്കപ്പെടാതെ നോക്കണം. ആരോഗ്യപരമായ പരിശോധനകൾ നീട്ടിവെക്കരുത്.

തിരുവാതിര: ചൊവ്വ ജന്മരാശിയിലായതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കലഹവാസനകളെ നിയന്ത്രിക്കണം. രാശ്യധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ ആത്മശക്തി ചോരുന്നതായി തോന്നാം. സർക്കാർ ഉദ്യോഗസ്ഥർക്ക് ഗുണാനുഭവങ്ങൾ ഭവിക്കാം. വായ്പ, ചിട്ടി ഇവയ്ക്കുള്ള അപേക്ഷകൾക്ക് പരിഗണന കൈവരും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാര്യസിദ്ധിയുണ്ടാവും. മാതാപിതാക്കളുടെ പരിപാലനത്തിൽ വീഴ്ചയുണ്ടാവാതെ നോക്കണം. പൊതുവേ ഗുണാനുഭവങ്ങൾക്ക് നേരിയ മുൻതൂക്കമുള്ള കാലമാണ്.

പുണർതം: പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ആത്മീയകാര്യങ്ങൾക്ക് ഉദാരമായി ചെലവുചെയ്യും. പുതിയ സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. പുതിയ വരുമാനമാർഗങ്ങൾ തുറന്നുകിട്ടും. പിതാവിന്റെ രോഗത്തിന് നല്ലചികിൽസ ലഭ്യമാക്കും. ചൊവ്വ, ബുധൻ, കേതു എന്നീ ഗ്രഹങ്ങൾ വിപരീതമാകയാൽ ബന്ധുജനാനുകൂല്യം കുറയും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. സാഹസങ്ങളും അപരിചിതരുമായുള്ള സഹവാസവും
അകാലയാത്രകളും ഒഴിവാക്കുന്നത് അഭികാമ്യം.

പൂയം: നക്ഷത്രനാഥനായ ശനി സ്വക്ഷേത്രത്തിലാകയാൽ പ്രതികൂലതകളെ ഭംഗിയായി മറികടക്കും. രാശിനാഥനായ ചന്ദ്രന് ആദ്യ ആഴ്ചയിൽ കൃഷ്ണപക്ഷ സഞ്ചാരം, അമാവാസി എന്നിവ വരികയാൽ പുതുസംരംഭങ്ങൾ തുടങ്ങാൻ ചെറിയ കാലവിളംബം ഏർപ്പെടാവുന്നതാണ്. ധനനക്ഷത്രാധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ മാസത്തിന്റെ പകുതിവരെ ധനക്ലേശത്തിന് വഴിയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ നേടാൻ പരിശ്രമിക്കേണ്ടിവരും. തെറ്റിദ്ധാരണകൾ തിരുത്താനുള്ള ശ്രമം ഭാഗികമായി വിജയിക്കും. ഗൃഹനിർമ്മാണം നീണ്ടേക്കാം.

ആയില്യം: നക്ഷത്രനാഥനായ ബുധന് മൗഢ്യം, നീചം എന്നിവയുള്ളതിനാൽ ലക്ഷ്യത്തിലെത്താൻ ക്ലേശിക്കും. ആത്മവിശ്വാസത്തിന് ചോർച്ച വരാം. ബന്ധുക്കളുടെ ദുരൂപദേശത്തിന് ചെവികൊടുത്തുപോകും. വളർത്തുമൃഗങ്ങളിൽ നിന്നും അപകടമുണ്ടാവാതെ നോക്കണം. വലിയ മുതൽമുടക്കുള്ള സംരംഭങ്ങളിൽ ഇപ്പോൾ ഏർപ്പെടാതിരിക്കുന്നതാവും നല്ലത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിൽസ വൈകിപ്പിക്കരുത്. മാസത്തിന്റെ രണ്ടാംപകുതി മുതൽ ധനനേട്ടം, കാര്യാനുകൂല്യം, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Meenam month 2023 astrological predictions aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars