scorecardresearch
Latest News

1198 മീന മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം

Meenam Month 2023 Astrological Predictions: സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു

astrology, horoscope, ie malayalam

Meenam Month 2023 Astrological Predictions: 2023 മാർച്ച് 15 നാണ് മീനം ഒന്നാം തീയതി വരുന്നത്. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 തീയതികൾ). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം 2 മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.

ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ എടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ;ലഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം 2 മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.

ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവും എന്നിങ്ങനെയുള്ള അന്വേഷണങ്ങളാണ് തുടർന്ന് പര്യാലോചിക്കുന്നത്.

അശ്വതി: ഗ്രഹങ്ങളുടെ ആനുകൂല്യം ജീവിതത്തിൽ പ്രതിഫലിക്കും. ശുക്രൻ ജന്മരാശിയിൽ നിൽക്കുന്നതിനാൽ ഭോഗസിദ്ധി, ലൗകികാസക്തി എന്നിവയുണ്ടാവും. പ്രേമകാര്യങ്ങളിൽ പുരോഗതിയനുഭവപ്പെടും. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാവാം. ചെലവ് കൂടിയേക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ കരുതൽ കൈക്കൊള്ളണം. ബുധൻ നീചത്തിലും ചൊവ്വ മൂന്നിലുമാകയാൽ സഹോദരരുമായുള്ള ബന്ധത്തിൽ വിഷമങ്ങൾ സംഭവിക്കാം.

ഭരണി: സകുടുംബം വിനോദയാത്ര നടത്തും. കലാകാരന്മാർക്ക് ആദരം ലഭിക്കും. ആർഭാടജീവിതത്തിൽ താത്പര്യമേറും. സ്വന്തബന്ധുക്കളുമായികലഹിക്കാൻ പ്രേരണയേറും. അധികച്ചെലവുകൾ ഒരു സാധ്യതയാണ്. ആത്മസംയമനം പുലർത്തണം. ബുധൻ നീചത്തിലാകയാൽ മാസത്തിന്റെ ആദ്യപകുതിയിൽ പ്രതീക്ഷിച്ചത്ര സഹായം കിട്ടിയെന്നുവരില്ല. കച്ചവടക്കാർ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പരിശ്രമിക്കും. ആരോഗ്യപരിപാലനത്തിൽ ജാഗരൂകരാവണം.

കാർത്തിക: ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷകളെയും മത്സരങ്ങളേയും സധൈര്യം നേരിടും. പുതിയസൗഹൃദങ്ങൾ വന്നുചേരും. ദൂരയാത്രകൾക്ക് പദ്ധതി തയ്യാറാക്കും. മക്കളുടെ ഭാവികാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കും. ചെലവ് കൂടുമെങ്കിലും സാമ്പത്തികസ്ഥിതി മോശമാവില്ല. വസ്തുവിന്റെ ക്രയവിക്രയങ്ങൾ ലാഭത്തിലെത്താം. കാര്യാലോചനകളിൽ അഭിപ്രായങ്ങൾക്ക് പിന്തുണ കിട്ടും. ഉഷ്ണരോഗങ്ങളിൽ കരുതൽ വേണം.

രോഹിണി: പിതൃധനമോ സ്വത്തുക്കളോ അധീനത്തിൽ വരാം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന അനുമതിപത്രം ലഭിക്കും. നവീനകാര്യങ്ങൾ തുടങ്ങുവാനുള്ള ആലോചനകൾ സുഗമമായി പുരോഗമിക്കും. ചിലപ്പോൾ പരുഷവാക്കുകൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം ഉദയം ചെയ്യാം. ആഢംബരവസ്തുക്കൾക്കായി ചെലവേറും. ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന അപസ്വരങ്ങളെ ബുദ്ധിപൂർവം മറികടക്കും. കഫരോഗങ്ങൾക്ക് സാധ്യത കാണുന്നു.

മകയിരം: തൊഴിൽമേഖലയിൽ സ്വാധീനം വർദ്ധിക്കും. പൊതുപ്രവർത്തകർക്ക് അണികളുടെ പിൻബലം സിദ്ധിക്കും. പ്രതികൂലസാഹചര്യങ്ങളെ കരുതലോടെ പ്രതിരോധിക്കും. ഗുരുകാരണവരുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവും. അവിവാഹിതർക്ക് വിവാഹബന്ധത്തിൽ പ്രവേശിക്കാൻ കഴിയും. ഉടമ്പടികളിൽ ഒപ്പുവെക്കുമ്പോൾ പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കബളിപ്പിക്കപ്പെടാതെ നോക്കണം. ആരോഗ്യപരമായ പരിശോധനകൾ നീട്ടിവെക്കരുത്.

തിരുവാതിര: ചൊവ്വ ജന്മരാശിയിലായതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കലഹവാസനകളെ നിയന്ത്രിക്കണം. രാശ്യധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ ആത്മശക്തി ചോരുന്നതായി തോന്നാം. സർക്കാർ ഉദ്യോഗസ്ഥർക്ക് ഗുണാനുഭവങ്ങൾ ഭവിക്കാം. വായ്പ, ചിട്ടി ഇവയ്ക്കുള്ള അപേക്ഷകൾക്ക് പരിഗണന കൈവരും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാര്യസിദ്ധിയുണ്ടാവും. മാതാപിതാക്കളുടെ പരിപാലനത്തിൽ വീഴ്ചയുണ്ടാവാതെ നോക്കണം. പൊതുവേ ഗുണാനുഭവങ്ങൾക്ക് നേരിയ മുൻതൂക്കമുള്ള കാലമാണ്.

പുണർതം: പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ആത്മീയകാര്യങ്ങൾക്ക് ഉദാരമായി ചെലവുചെയ്യും. പുതിയ സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. പുതിയ വരുമാനമാർഗങ്ങൾ തുറന്നുകിട്ടും. പിതാവിന്റെ രോഗത്തിന് നല്ലചികിൽസ ലഭ്യമാക്കും. ചൊവ്വ, ബുധൻ, കേതു എന്നീ ഗ്രഹങ്ങൾ വിപരീതമാകയാൽ ബന്ധുജനാനുകൂല്യം കുറയും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. സാഹസങ്ങളും അപരിചിതരുമായുള്ള സഹവാസവും
അകാലയാത്രകളും ഒഴിവാക്കുന്നത് അഭികാമ്യം.

പൂയം: നക്ഷത്രനാഥനായ ശനി സ്വക്ഷേത്രത്തിലാകയാൽ പ്രതികൂലതകളെ ഭംഗിയായി മറികടക്കും. രാശിനാഥനായ ചന്ദ്രന് ആദ്യ ആഴ്ചയിൽ കൃഷ്ണപക്ഷ സഞ്ചാരം, അമാവാസി എന്നിവ വരികയാൽ പുതുസംരംഭങ്ങൾ തുടങ്ങാൻ ചെറിയ കാലവിളംബം ഏർപ്പെടാവുന്നതാണ്. ധനനക്ഷത്രാധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ മാസത്തിന്റെ പകുതിവരെ ധനക്ലേശത്തിന് വഴിയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ നേടാൻ പരിശ്രമിക്കേണ്ടിവരും. തെറ്റിദ്ധാരണകൾ തിരുത്താനുള്ള ശ്രമം ഭാഗികമായി വിജയിക്കും. ഗൃഹനിർമ്മാണം നീണ്ടേക്കാം.

ആയില്യം: നക്ഷത്രനാഥനായ ബുധന് മൗഢ്യം, നീചം എന്നിവയുള്ളതിനാൽ ലക്ഷ്യത്തിലെത്താൻ ക്ലേശിക്കും. ആത്മവിശ്വാസത്തിന് ചോർച്ച വരാം. ബന്ധുക്കളുടെ ദുരൂപദേശത്തിന് ചെവികൊടുത്തുപോകും. വളർത്തുമൃഗങ്ങളിൽ നിന്നും അപകടമുണ്ടാവാതെ നോക്കണം. വലിയ മുതൽമുടക്കുള്ള സംരംഭങ്ങളിൽ ഇപ്പോൾ ഏർപ്പെടാതിരിക്കുന്നതാവും നല്ലത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിൽസ വൈകിപ്പിക്കരുത്. മാസത്തിന്റെ രണ്ടാംപകുതി മുതൽ ധനനേട്ടം, കാര്യാനുകൂല്യം, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം.

മകം: ഭാഗ്യ രാശിസ്ഥിതശുക്രൻ ചില ഭാഗ്യാനുഭവങ്ങൾക്ക് കാരണമാകാം. പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും. ബിസിനസ്സ് ലാഭകരമാകാം. പുതുസംരംഭങ്ങൾ തുടങ്ങിയേക്കും. പതിനൊന്നിലെ ചൊവ്വ ഭൂമിയിൽ നിന്നും ആദായത്തിന് കാരണമാകും. ഊഹക്കച്ചവടത്തിൽ ലാഭം വരാം. സർക്കാർ അനുമതി കിട്ടാൻ കാത്തിരിക്കേണ്ടതായി വരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

പൂരം: സാമൂഹ്യപ്രവർത്തകർക്ക് അംഗീകാരം സിദ്ധിക്കും. പ്രണയികൾക്ക് നല്ലകാലമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധവെക്കണം. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ സിദ്ധിക്കാം. അന്യരുടെകാര്യത്തിൽ ഇടപെടാതിരിക്കുന്നതാവും നല്ലത്. മക്കളുടെ ഉന്നമനത്തിനായി ചില നടപടികൾ കൈക്കൊള്ളും. ക്ഷേത്ര/ മത കാര്യങ്ങളുടെ ചുമതല സ്തുത്യർഹമായി നിർവഹിക്കും. പണച്ചെലവ് നിയന്ത്രിക്കാൻ കഴിയും.

ഉത്രം: അഷ്ടമത്തിലെ രവിഗുരുയോഗം നിങ്ങളെ മാനസികമായി തളർത്താം. മുന്നോട്ട് വെച്ച് കാൽ പിൻവലിച്ചേക്കും. ചിലപ്പോൾ തീരുമാനങ്ങളിൽ പുനരാലോചനയുണ്ടാകും. സർക്കാരിൽ നിന്നും സഹായധനം, അനുമതിപത്രം ഇവ നേടാൻ അലച്ചിൽ ഏറും. ധനവിനിയോഗത്തിൽ സൂക്ഷ്മത വേണ്ടതുണ്ട്. സൗഹൃദങ്ങൾ അനുകൂലമാകും. വസ്തുവകകളിൽ നിന്നും ആദായം വന്നുചേരും. കുടുംബബന്ധങ്ങൾ ഊഷ്മളമായിത്തുടരും. വാതകഫരോഗങ്ങൾക്ക് ചികിൽസ ആവശ്യമായി വന്നേക്കാം.

അത്തം: എഴുത്തിൽ അക്ഷരത്തെറ്റേറും. വാക്കിൽ ദുരർത്ഥങ്ങൾ കടന്നുവരുന്നതായി പരാതി ഉണ്ടാകാം. ‘Listen to many, speak to a few ” എന്ന ഷേക്സ്പിയർ വാക്യത്തെ അനുസരിക്കുന്നതാവും തൽക്കാലം ഉചിതം. ധനപരമായി സമ്മർദ്ദം തുടർന്നേക്കും. കുടുംബജീവിതത്തിൽ കുറച്ചൊക്കെ സമാധാനം അനുഭവപ്പെടും. കർമ്മോന്നതി നേടാൻ കിണഞ്ഞ് പരിശ്രമിക്കേണ്ടതുണ്ട്. യാത്രകൾ ഗുണകരമാവും. വിദേശജോലിക്കുള്ള ശ്രമം ലക്ഷ്യം കാണുന്നതാണ്. ആർഭാടത്തിൽ ഭ്രമമേറും. ജീവിതശൈലീ രോഗങ്ങളിൽ കരുതൽ വേണ്ടതുണ്ട്.

ചിത്തിര: “call a spade a spade ” എന്ന താങ്കളുടെസ്വഭാവം ഇപ്പോൾ കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കാം. കന്നിക്കൂറുകാർ മത്സരങ്ങളിൽ വലിയ വെല്ലുവിളി നേരിടും. തുലാക്കൂറിൽ ജനിച്ചവർക്ക് കുടുംബസൗഖ്യം ഉണ്ടാകും. കച്ചവടം അഭിവൃദ്ധിയിലാകും. പുതിയ കരാറുകൾ ഉറപ്പിച്ചുകിട്ടും. ആത്മീയ സാധനകൾക്ക് ഒമ്പതിലെ കുജസ്ഥിതി തടസ്സമായേക്കാം. ആരോഗ്യകാര്യത്തിൽ അലംഭാവം അരുത്.

ചോതി: നക്ഷത്രനാഥനായ രാഹുവിന് ശുക്രബന്ധം വരുകയാൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാവാം. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കാം. അധികാരികളുടെ പ്രീതി കൈവരുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടങ്ങൾ ഏർപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമല്ല. തൊഴിലാളികൾക്ക് അദ്ധ്വാനഭാരം വർദ്ധിച്ചേക്കാം. വസ്തുവിൽ നിന്നും ആദായം പ്രതീക്ഷിച്ചതുപോലെ ഉണ്ടാവില്ല. ആരോഗ്യപരമായി കരുതൽ വേണം.

വിശാഖം: തൊഴിലിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികസ്ഥിതി ഒട്ടൊക്കെ അനുകൂലമാവും. വിശിഷ്ട വ്യക്തിത്വങ്ങളുമായി സൗഹൃദമുണ്ടാകുന്നതാണ്. മംഗളകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കും. പൊതുക്കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തും. കുടുംബപ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കും. നക്ഷത്രനാഥന് മൗഢ്യം വരികയാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ക്ലേശങ്ങളേറാം. വ്യക്തിത്വ പ്രതിസന്ധികൾ ഉണ്ടായെന്നു വരാം. ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളരുത്. പാരമ്പര്യ ചികിത്സാരീതികൾ ഗുണം ചെയ്യും.

അനിഴം: വാർഷികമായ ശനിമൗഢ്യം തീർന്നതിനാൽ വ്യക്തിപരമായുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. തൊഴിൽ വളരും. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവർക്ക് നല്ലകാലമാണ്. തടസ്സപ്പെട്ടുകിടന്നിരുന്ന ആലോചനകളും പ്രവർത്തനങ്ങളും പുനരാരംഭിക്കും. സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ചില കാര്യങ്ങൾ കൈക്കൊള്ളും. ധനപരമായി സമ്മിശ്രമായ കാലമായിരിക്കും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാകും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉചിതം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ആശ്വാസം ലഭിക്കും.

തൃക്കേട്ട: ഭാവിയെ സംബന്ധിച്ച പ്രധാനതീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യം സംജാതമാകും. അവിവാഹിതർക്ക് നല്ല വിവാഹബന്ധം ഉണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. സഭകളിലും സമ്മേളനങ്ങളിലും സംബന്ധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പരീക്ഷാവിജയം സ്വന്തമാകും. വ്യവഹാരങ്ങൾക്ക് ഒരുങ്ങരുത്. തർക്കങ്ങൾ തിരിച്ചടിയാകാനിടയുണ്ട്. വാഹനം, അഗ്നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും.

മൂലം: നാലാമെടത്ത് സൂര്യനും നീചനായ ബുധനും മൗഢ്യത്തിലുള്ള വ്യാഴവും സഞ്ചരിക്കുന്നതിനാൽ ഗാർഹികമായ ക്ലേശങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ കലഹം ഉണ്ടാകാം. ചൊവ്വ ഏഴിലേക്ക് നീങ്ങിയതിനാൽ ദാമ്പത്യപരമായി സൗഖ്യക്കുറവും ഭവിക്കാം. തൊഴിലിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാവാനിടയില്ല. മുടങ്ങിക്കിടന്ന ആത്മീയസാധനകൾ പൂർത്തിയാക്കും. ഗൃഹനിർമ്മാണ പുരോഗതി മെല്ലെയാവും. ശക്തമായ ചില പിന്തുണകൾ വലിയ ആശ്വാസം നൽകും. പഠനം /തൊഴിൽ എന്നിവ സംബന്ധിച്ച യാത്രകൾ അനിവാര്യമാകാം.

പൂരാടം: സ്വന്തം വീട്ടിൽ നിന്നും മാറിനിൽക്കും. വാഹനം വാങ്ങാൻ ഇത് അനുകൂല സമയമല്ല. ഇഷ്ടവസ്തുക്കൾ പ്രതീക്ഷിച്ച വേഗത്തിൽ കൈവശം വന്ന് ചേരണമെന്നില്ല. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം വരില്ല. ധനപരമായി നല്ലകാലമാണ്. സൽക്കാര്യങ്ങൾക്ക് ചെലവുണ്ടാവും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. ഉദരരോഗങ്ങൾ ക്ലേശിപ്പിക്കാം.

ഉത്രാടം: കാര്യപൂർത്തീകരണത്തിന് നിരന്തര പരിശ്രമം വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാൻ കാത്തിരിക്കേണ്ടതായി വരും. പണവരവ് അല്പം ക്ഷീണാവസ്ഥയിലായേക്കാം. ‘നല്ല പാതി ‘ യുമായി കലഹിക്കാനുള്ള പ്രേരണവന്നേക്കും. സർക്കാർ കാര്യങ്ങൾ ‘അവസാന മണിക്കൂറിൽ ‘ നടന്നുകിട്ടും. പാരിതോഷികങ്ങളോ ആഢംബരവസ്തുക്കളോ സമ്മാനമായി ലഭിക്കാം. സാഹസങ്ങൾ ഒഴിവാക്കണം. അതിചിന്ത, ചിലപ്പോൾ മാനസികാരോഗ്യത്തെ ക്ലേശിപ്പിച്ചെന്ന് വരാം.

തിരുവോണം: ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളും. എന്നാൽ അവ പ്രാവർത്തികമാക്കാൻ തടസ്സങ്ങൾ വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. ചെറിയ തോതിലെങ്കിലും ബിസിനസ്സ് അഭിവൃദ്ധിപ്പെടുന്നതാണ്. സർക്കാർ സഹായധനം വൈകിയേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആലസ്യം ഭവിക്കാം. ഇഷ്ടവസ്തുക്കൾ വാങ്ങാൻ പണം ഒരു തടസ്സമാവില്ല. തീർത്ഥാടനയോഗം കാണുന്നു. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ഇച്ഛാശക്തി കുറയും.

അവിട്ടം: കഴിഞ്ഞ ഒരു വർഷമായി അവിട്ടം നക്ഷത്രത്തിൽ തുടർന്ന ശനി ചതയത്തിലേക്ക് മാറുന്നു. അമിതാദ്ധ്വാനം, ഭയാശങ്കകൾ, ധനക്ലേശം, മറ്റ് സമ്മർദ്ദങ്ങൾ എന്നിവ ഒഴിഞ്ഞുകിട്ടും. സന്തോഷാനുഭവങ്ങൾ വന്നെത്തും. പുതുസംരംഭങ്ങളിൽ വിജയിക്കും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയെത്തും. നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണ്. കുടുംബബന്ധങ്ങൾ ഊഷ്മളമാകാം. മകരക്കൂറിലെ അവിട്ടം നാളുകാർക്ക് മെച്ചപ്പെട്ട പദവികൾ ലഭിക്കുവാൻ സാധ്യത കാണുന്നു.

ചതയം: ശനി 28/29 വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ ജന്മനക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശരാശരി ഒരു വർഷത്തിലധികം ശനി ഒരു നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ചെറുതും വലുതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ഊർജ്ജവും ശക്തിയും പെട്ടെന്ന് ചോർന്ന് പോകുന്നതായി തോന്നാം. ആലസ്യം നമ്മെ ഭരിക്കാം. ശരിതെറ്റുകളെക്കുറിച്ച് വിവേകം നഷ്ടപ്പെടാം. ആശങ്കയെക്കാൾ ജാഗ്രതയാണ് വേണ്ടത്. ധനപരമായി മെച്ചപ്പെട്ട സ്ഥിതി തുടരുന്നതായിരിക്കും. പരീക്ഷയിൽ, പഠനത്തിൽ ശ്രദ്ധ കൂടുതൽ വേണ്ടതുണ്ട്. ആരോഗ്യ പരിശോധനകളിൽ മാന്ദ്യം നന്നല്ല.

പൂരുരുട്ടാതി: സൂര്യനും ബുധനും വ്യാഴവും ജന്മരാശിയിലുണ്ട്. വിപരീത ഫലങ്ങൾ സൃഷ്ടിക്കപ്പെടാം. രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഉള്ളതിനാൽ കരുതൽ വേണം. കാര്യനേട്ടം പതുക്കെയാവും. ചിലപ്പോൾ ബുദ്ധിപരമായി എടുക്കേണ്ട തീരുമാനങ്ങൾ ഹൃദയം കൊണ്ട് കൈക്കൊള്ളുന്നതിന്റെ പ്രശ്നങ്ങൾ ഉദയം ചെയ്യാം. വരവ് മോശമാവില്ല. കലാപ്രവർത്തനത്തിൽ വിജയിക്കാം. തീരുമാനങ്ങൾക്ക് മുൻപുള്ള കൂടിയാലോചനകൾ ഒഴിവാക്കരുത്.

ഉത്രട്ടാതി: ജന്മനക്ഷത്രത്തിലും മുൻ,പിൻ നക്ഷത്രങ്ങളിലും ഗ്രഹങ്ങൾ നിൽക്കുന്നതും സഞ്ചരിക്കുന്നതും മാനസിക സംഘർഷത്തിന് കാരണമാകാം. ഏകാഗ്രത നഷ്ടപ്പെട്ടേക്കും. ലക്ഷ്യത്തിൽ നിന്നും പിന്നോട്ടുപോകാനിടയുണ്ട്. അലച്ചിലേറും. മത്സരങ്ങളിൽ പരാജയഭീതി വരാം. രണ്ടാമെടത്തിലെ രാഹു-ശുക്രയോഗം വാഗ്വാദം, അമിതസംഭാഷണം , പണവരവ്, മുഖരോഗങ്ങൾ, ‘മുഖം മിനുക്കുക ‘ എന്ന ശൈലീപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്നിവയ്ക്കൊക്കെ സാഹചര്യമൊരുക്കാം.

രേവതി: പ്രതീക്ഷിച്ച കാര്യങ്ങൾ നീണ്ടുപോകാം. എന്നാൽ ആകസ്മികമായ പലതും നടന്നേക്കാം. പൊതുജനമധ്യത്തിൽ കലാവാസനയും കഴിവുകളും ആദരിക്കപ്പെട്ടാൽ അദ്‌ഭുതപ്പെടാനില്ല. പുതിയ ചുമതലകൾ വന്നെത്തും. വിദേശജോലിയ്ക്കുള്ള നിയമനോത്തരവ് കൈവരുന്നതാണ്. കൃത്യനിർവഹണം കഠിനമായിത്തീർന്നേക്കും. ചെലവ് കൂടുന്നത് ആശങ്കയുണർത്തും. അവിവാഹിതരുടെ കാര്യത്തിൽ ചില ശുഭതീരുമാനങ്ങൾ ഉണ്ടായെന്നു വരാം. ആരോഗ്യപരമായി ജാഗ്രത വേണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Meenam month 2023 astrological predictions