scorecardresearch
Latest News

May 2023 Horoscope: മേയ് മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

May Month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തിലെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

astrology, horoscope may, ie malayalam
May Month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars

May Month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 മേയ് ഒന്നാം തീയതി വരുന്നത് 1198 മേടം 17 തിങ്കളാഴ്ചയാണ്. മേയ് 15 ന് 1198 ഇടവമാസം തുടങ്ങുന്നു. സൂര്യൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മേയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലും മേയ് 31 ന് ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചിത്തിര നക്ഷത്രത്തിലും എത്തുന്നു.

വ്യാഴം മേടത്തിലും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലും ആയി സഞ്ചരിക്കുന്നു. ബുധൻ ഈ മാസം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മേയ് 2 ന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും ചൊവ്വ മേയ് 10 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കും സംക്രമിക്കുന്നു.

ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തിലെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

മകം: ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ഉദ്യോഗത്തിൽ സ്ഥാനോന്നതി ഉണ്ടായേക്കും. സകുടുംബം തീർത്ഥാടനം നടത്തുന്നതാണ്. ചില തർക്കങ്ങൾക്ക് നല്ല പരിഹാരം കണ്ടെത്താൻ കഴിയും. രാഷ്ട്രീയത്തിൽ വിജയം ഭവിക്കുന്നതാണ്. ഗവേഷണ പഠനാദികൾക്ക് വായ്പാ സഹായം ലഭിക്കും. കരാറുകളിൽ ഒപ്പുവെക്കും. കൂട്ടുകച്ചവടത്തിനുള്ള ആലോചനകൾ മുന്നേറും. കൂട്ടുകാരിൽ നിന്നും നല്ല പിന്തുണ ലഭിച്ചേക്കും. ഭൂമിയിടപാടുകളിൽ നഷ്ടസാധ്യതയുണ്ട്. ആരോഗ്യപാലനത്തിൽ അലംഭാവമരുത്.

പൂരം: നക്ഷത്രനാഥനായ ശുക്രൻ മാസാദ്യം തന്നെ പതിനൊന്നിലേക്ക് വരികയിൽ ചില പാരിതോഷികങ്ങൾ ലഭിച്ചേക്കും. ഇഷ്ടവ്യക്തികളുടെ സ്നേഹം നേടും. വിദേശധനം വന്നുചേരുന്നതാണ്. കുടുംബാംഗങ്ങളുടെ ഇടയിലെ അനൈക്യം നയചാതുരിയോടെ കൈകാര്യം ചെയ്യും. അധികാരികളുടെ ‘നല്ല പുസ്തകത്തിൽ’ ഇടം പിടിച്ചേക്കും. സഹപ്രവർത്തകരുടെ പിന്തുണ പ്രയോജനപ്പെടുത്തും. മുടങ്ങിക്കിടന്ന കാര്യങ്ങളിൽ തീരുമാനമുണ്ടാകുന്നതാണ്. പൊതുരംഗത്ത് സജീവമാകാൻ കഴിയും. പഠനാവശ്യങ്ങൾക്ക് യാത്ര വേണ്ടിവന്നേക്കും. വ്യാപാരമേഖല വിപുലീകരിക്കും. കിടപ്പ് രോഗികൾക്ക് പുതുചികിൽസ ആശ്വാസമേകും.

ഉത്രം: ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകും. ഗ്രഹങ്ങളുടെ സദ്ഭാവസ്ഥിതികളാൽ കാര്യതടസ്സം നീങ്ങുന്നതാണ്. മുതൽമുടക്കുകൾ ലാഭകരമാവും. വസ്തു / വീട് വാങ്ങാൻ സാധ്യതയുള്ള സമയമാണ്. ഭാവികാര്യങ്ങൾ വ്യക്തമായി ആലോചിച്ച് തീരുമാനിക്കും. പ്രതികൂലതകളെ കൂസാതെ മുന്നോട്ട് നീങ്ങാൻ സാധിക്കുന്നതാണ്. അയൽതർക്കങ്ങളിൽ ഉറച്ച നിലപാടുകൾ കൈക്കൊള്ളും. അവിവാഹിതർക്ക് നല്ല വിവാഹാലോചന ഭവിക്കും. ജീവിത ശൈലീരോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടി വരുന്നതാണ്. വാഗ്വാദങ്ങൾ ഒഴിവാക്കുന്നത് ഉചിതം.

അത്തം: ബൗദ്ധികമായി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കം അനിവാര്യം. അലച്ചിൽ കൂടാം. പ്രതീക്ഷിച്ചവ കരഗതമാവാൻ വൈകിയേക്കും. ദിവസവേതനക്കാർക്ക് മുടങ്ങാതെ തൊഴിൽ ലഭിക്കും. വ്യാപാരത്തിൽ അധ്വാനത്തിന് അനുസൃതമായി പുരോഗതിയുണ്ടാവണം എന്നില്ല. സഹായ വാഗ്ദാനങ്ങൾ ഭാഗികമായിട്ടാവും കൈവരിക. വിദ്യാർത്ഥികൾക്ക് ചിലപ്പോൾ പ്രതീക്ഷിച്ച വിഷയങ്ങളിൽ ഉന്നതപഠനം സാധ്യമായില്ലെന്ന് വരാം. കുടുംബജീവിതത്തിൽ ചില സന്തോഷാനുഭവങ്ങൾ ഭവിക്കാം. ആറാം ഭാവാധിപൻ ബലവാനാകയാൽ രോഗം, ശത്രു, കടം ഇവ കുറയാം.

ചിത്തിര: കാര്യസാധ്യത്തിന് ശക്തമായ ഇടപെടലുകൾ നടത്തും. ഒപ്പമുള്ളവർക്ക് പ്രവർത്തനോർജ്ജം പകരും. വിശിഷ്ട വ്യക്തികളുടെ പിന്തുണ കരുത്ത് പകരും . പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. വ്യാപാരം വിപുലികരിക്കാൻ യാത്രകൾ ചെയ്യും. വരുമാനം വർദ്ധിക്കുന്നതാണ്. കുടുംബകാര്യങ്ങൾക്ക് ചെലവേറുന്നതാണ്. ദാമ്പത്യ ജീവിത്തിലെ ദുർവാശികൾ അവസാനിപ്പിക്കും. മക്കളുടെ ഭാവികാര്യങ്ങൾ കൂട്ടായി ആലോചിച്ച് തീരുമാനിക്കും. ഗൃഹനിർമ്മാണത്തിന് ബാങ്കുകളുടെ സഹായം തേടും.

ചോതി: ഗുണദോഷസമ്മിശ്രമായ മാസമാണ്. ഏഴിലും എട്ടിലും ഉള്ള സൂര്യസഞ്ചാരം കലഹം, അനാവശ്യമായ അലച്ചിൽ എന്നിവയ്ക്ക് വഴിയൊരുക്കും. അധികാരികളുടെ അപ്രീതിയുണ്ടാകാം. മാനസികസമ്മർദ്ദം ദുർവഹമാകുന്നതാണ്. എന്നാൽ വ്യാഴാനുകൂല്യം ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും വിജയം നേടും. സജ്ജനങ്ങളുടെ പ്രത്യക്ഷസഹായം ശക്തിപകരും. മക്കൾക്ക് ശ്രേയസ്സുണ്ടാകും. ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നെത്തുന്നതാണ്. കലാപഠനത്തിന് തുടക്കം കുറിക്കും. അവിവാഹിതർക്ക് വിവാഹബന്ധം ഉറച്ചേയ്ക്കും.

വിശാഖം: തടസ്സങ്ങളുണ്ടായാലും ലക്ഷ്യം നേടുന്നതായിരിക്കും. വ്യാപാരത്തിൽ ദീർഘകാലപദ്ധതികൾ ആവിഷ്കരിക്കും. ഗവേഷണപ്രബന്ധം / സാഹിത്യകൃതി പരക്കെയുള്ള അഭിനന്ദനം നേടും. ബൗദ്ധികമത്സരങ്ങൾക്ക് തയ്യാറെടുപ്പുകൾ നടത്തും. സാങ്കേതിക മേഖലയിൽ ഉപരിപഠനത്തിനൊരുങ്ങും. തൊഴിലില്ലാത്തവർക്ക് പുതിയ വരുമാനമാർഗം വന്നുചേരുന്നതാണ്. കടം വാങ്ങാനുള്ള പ്രേരണ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. എതിർപ്പുകളുടെ ഉറവിടം അറിയാത്തത് ചിത്തശല്യം ഉണ്ടാക്കാം. വാഹനം സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

അനിഴം: ബന്ധുക്കൾ പിണക്കം വിട്ട് ഇണങ്ങും. പൂർവ്വകാല സൗഹൃദം വീണ്ടെടുക്കുന്നതാണ്. ചിലരുടെ കാര്യത്തിൽ അധികം താല്പര്യമെടുക്കുന്നത് അപവാദത്തിന് ഇടവരുത്താം. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. മുതൽമുടക്കുകൾക്ക് നല്ലലാഭം കിട്ടിത്തുടങ്ങും. രാഷ്ട്രീയമത്സരങ്ങളിൽ നിന്നും പിന്മാറില്ല. ചെറിയയാത്രകൾക്ക് മുതിരും. നല്ലകാര്യങ്ങൾക്ക് ചെലവ് വർദ്ധിച്ചേക്കും. കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുകൂടുന്നതിൽ ഏറെ സന്തോഷിക്കാനാവും. മംഗളകർമ്മങ്ങളിൽ മുഖ്യത്വം വഹിക്കും. സാഹസങ്ങൾക്ക് മുതിരരുത്. ആരോഗ്യജാഗ്രത അനിവാര്യം.

തൃക്കേട്ട: വ്യക്തിപരമായും തൊഴിൽപരമായും ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സ്വയം തിരുത്താനും നവീകരിക്കാനും ഉള്ള സാഹചര്യം സംജാതമാകുന്നതാണ്. സമയബന്ധിതമായി ജോലി പൂർത്തിയാക്കും. അന്യദേശ- വിദേശ പഠനത്തിന് സാഹചര്യം ഒരുങ്ങുന്നതാണ്. തൊഴിൽസംരംഭകർക്ക് മുന്നിൽ ചില വെല്ലുവിളികൾ ഉയരാം. പ്രോജക്ടുകൾക്ക് സർക്കാർ അനുമതി ലഭിക്കാൻ കാലവിളംബം ഉണ്ടായേക്കും. യുവാക്കളുടെ പ്രണയം കൂടുതൽ ദൃഢമാകുന്നതാണ്. വാഹനം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ ശ്രദ്ധ വേണം. കലാപ്രവർത്തനം ആദരിക്കപ്പെടും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: May month 2023 astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars

Best of Express