scorecardresearch
Latest News

May 2023 Horoscope: മേയ് മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

May Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തിലെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

astrology, horoscope may, ie malayalam

May Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 മേയ് ഒന്നാം തീയതി വരുന്നത് 1198 മേടം 17 തിങ്കളാഴ്ചയാണ്. മേയ് 15 ന് 1198 ഇടവമാസം തുടങ്ങുന്നു. സൂര്യൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മേയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലും മേയ് 31 ന് ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചിത്തിര നക്ഷത്രത്തിലും എത്തുന്നു.

വ്യാഴം മേടത്തിലും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലും ആയി സഞ്ചരിക്കുന്നു. ബുധൻ ഈ മാസം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മേയ് 2 ന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും ചൊവ്വ മേയ് 10 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കും സംക്രമിക്കുന്നു.

ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തിലെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

അശ്വതി: വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ അശ്വതിയിൽ സഞ്ചരിക്കുന്നു. രാഹു പിന്നിലേക്കും വ്യാഴം മുന്നിലേക്കും ആയിട്ടാണ് യാത്ര. അതിനാൽ പോസിറ്റീവും നെഗറ്റീവും ആയ രണ്ട് മനോഭാവങ്ങളും രണ്ട് കർമ്മരീതികളും അശ്വതി നാളുകാർ പിന്തുടരും. ആരോഗ്യപ്രശ്നങ്ങൾ ക്ലേശിപ്പിച്ചേക്കാം. പണവരവ് മോശമാകില്ല. വിട്ടുനിന്നവർക്ക് കുടുംബത്തോടൊപ്പം ചേരാൻ സാധിക്കും. ഉപരിപഠനം നാട്ടിൽ വേണോ മറുനാട്ടിൽ വേണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടാവാം. വിവാഹാലോചനകൾ ഏതാണ്ട് ഉറച്ചതുപോലെയാവും. കർമ്മരംഗത്ത് തിരക്കേറുന്നതാണ്.

ഭരണി: ജന്മരാശിയിൽ ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും സഞ്ചരിക്കുകയാൽ പൊതുവേ കാലം അനുകൂലമാണെന്നോ പ്രതികൂലമാണെന്നോ പറയാനാവില്ല. തീരുമാനങ്ങൾ ആലോചിച്ച് വേണം നടപ്പിൽ വരുത്താൻ. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. അലച്ചിലേറും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നല്ലകാലമാണ്. കലാപ്രവർത്തനം മികവുറ്റതാവും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതുജോലിയോ കരാർപണികളോ ലഭ്യമാവും. കുടുംബാംഗങ്ങൾക്കിടയിൽ രമ്യതയേറും. സാഹസങ്ങൾക്ക് മുതിരരുത്.

കാർത്തിക: ധാരാളം യാത്രകൾ വേണ്ടിവരും.ചെലവ് പല വഴികളിലൂടെയാവും. ലക്ഷ്യം നേടിയെടുക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടതായി വന്നേക്കാം. എന്നാലും പ്രതികൂലതകളെ തരണം ചെയ്യുവാൻ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണ നേടും. തൊഴിലിൽ നേട്ടങ്ങൾ കൈവരിക്കും. വായ്പകളിലൂടെ ചിലവുകൾക്ക് വഴി കണ്ടെത്താനാവും. മത്സരങ്ങളിൽ വിജയിക്കും. പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ കാലം അനുകൂലമല്ല. മെയ് 10 മുതൽ 25 വരെ കാർത്തിക ഞാറ്റുവേലയാകയാൽ സാഹസങ്ങൾക്ക് മുതിരരുത്. ആരോഗ്യപരിപാലന ത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്.

രോഹിണി: പന്ത്രണ്ടാം രാശിയിലെ ഗ്രഹാധിക്യം അനാവശ്യമായ ചെലവുകൾക്കും യാത്രകൾക്കും വഴിവെക്കും. മാനസിക സമ്മർദ്ദം ഉയരാം. ഉന്നതോദ്യോഗസ്ഥരുടെ അപ്രീതി നേടും. സാങ്കേതിക പഠനത്തിൽ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. അന്യനാട്ടിൽ പഠനം , തൊഴിൽ എന്നിവയ്ക്ക് അവസരം സിദ്ധിക്കാം. ഗൃഹവാഹനാദികളുടെ നവീകരണം ഒരു സാധ്യതയാണ്. ജന്മരാശിയുടെ അധിപനായ ശുക്രന് രണ്ടാം രാശിയിലേക്ക് മാറ്റം വരുന്നതിനാൽ വാക്കിൽ വിളങ്ങും. കുടുംബ ഭദ്രതയുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കലാരംഗം ഉന്മേഷഭരിതമാകും. സമയബന്ധിതമായ വൈദ്യപരിശോധനകൾ മുടക്കരുത്.

മകയിരം: ഇടവക്കൂറുകാർക്ക് ചില മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം. ക്ഷോഭം നിയന്ത്രിക്കാൻ ക്ലേശിക്കുന്നതാണ്. പണച്ചെലവേറും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് അധികാരലബ്ധി, സ്ഥാനോന്നതി,
മികച്ച പരീക്ഷാവിജയം ഇവ പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കുന്നതാണ്. വീട്ടിലും നാട്ടിലും അംഗീകാരം സിദ്ധിക്കും. മക്കളുടെ ശ്രേയസ്സിൽ സന്തോഷിക്കാനാവും. മാസത്തിന്റെ രണ്ടാം ആഴ്ചമുതൽ നക്ഷത്രനാഥനായ ചൊവ്വയ്ക്ക് നീചം വരുന്നതിനാൽ ആരോഗ്യത്തിൽ കരുതൽ വേണം. ക്രയവിക്രയങ്ങളിൽ സൂക്ഷ്മത പാലിക്കണം.

തിരുവാതിര: നല്ല അനുഭവങ്ങൾക്കാവും മുൻതൂക്കം. മാസത്തിന്റെ ആദ്യപകുതിക്ക് മെച്ചമേറും. ആദായം കൂടുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ലാഭം വർദ്ധിക്കാം. കച്ചവടം വിപുലീകരിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും. ന്യായമായ ആഗ്രഹങ്ങൾ അനായാസം നടന്നുകിട്ടും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചെലവേറുന്നതാണ്. ഹൃദയ / ശിരോരോഗങ്ങൾ ക്ലേശിപ്പിക്കാം. വസ്തുസംബന്ധിച്ച കലഹമോ തർക്കമോ ഉണ്ടാവാനിടയുണ്ട്. സർക്കാർ അനുമതി ലഭിക്കാൻ വൈകുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണ്ടതുണ്ട്.

പുണർതം: ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ വിജയംകാണും. മത്സരഫലം അനുകൂലമായിത്തീരും. മുതൽമുടക്കുകൾക്ക് നല്ല മൂല്യം പ്രതീക്ഷിക്കാം. സുഹൃത്തുക്കളും ബന്ധുക്കളും അകമഴിഞ്ഞ് സഹായിക്കുന്നതാണ്. കുടുംബസമേതം ഉല്ലാസയാത്രകൾ നടത്താൻ സാഹചര്യം ഒരുങ്ങും. യുവാക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ വന്നുചേരും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചെലവ് അധികരിക്കും. അനാവശ്യ വിവാദങ്ങളിൽ തലയിടും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ജോലിഭാരം കൂടുന്നതാണ്. ജീവിത ശൈലീരോഗങ്ങൾ വിഷമിപ്പിച്ചേക്കാം.

പൂയം: പരീക്ഷ/അഭിമുഖം/ മത്സരം ഇവകളിൽ പ്രശംസാർഹമായ വിജയം നേടും. ചില പദവികളൊക്കെ കൈവരും. അധ്വാനം വിലമതിക്കപ്പെടുന്നതാണ്. വ്യക്തിത്വം ആദരിക്കപ്പെടും. ധനസ്ഥിതി മോശമാവില്ല. സർക്കാരുമായി ബന്ധമുള്ള കാര്യങ്ങൾ ഭംഗിയായി നടന്നുകിട്ടും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്ന കാലമാണ്. തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ചൊവ്വ ജന്മരാശിയിലേക്ക് പകരുന്നതിനാൽ ആരോഗ്യകാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ ആവശ്യമുണ്ട്. അഗ്നി, ആയുധം, യന്ത്രം, വൈദ്യുതി, വാഹനം എന്നിവ ഏറ്റവും കരുതലോടെ ഉപയോഗിക്കുകയും വേണം.

ആയില്യം: മുൻപ് അസാധ്യം എന്ന് അനുഭവപ്പെട്ടിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ അനായാസം നടന്നുകിട്ടും. ഉദ്യോഗത്തിൽ ശോഭിക്കും. കർമ്മരംഗത്ത് ചില നൂതനത്വങ്ങൾ നടപ്പിൽ വരുത്തും. എതിർപ്പുകളെ ശക്തമായി പ്രതിരോധിക്കും. കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. പിതൃസ്വത്തിന്മേലുള്ള തർക്കം പരിഹൃതമാകും. കിഴക്ക് ഭാഗത്തേക്കുള്ള യാത്രകൾ ഗുണകരമാവുന്നതാണ്. ഉപരിപഠനപ്രവേശം അനായാസമായി കൈവരും. മേയ് 10 ന് ശേഷം ചൊവ്വ കർക്കടകം രാശിയിലേക്ക് സംക്രമിക്കുകയാൽ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. ക്ഷോഭവാസനകളെ നിയന്ത്രിക്കേണ്ടതുണ്ട്. സാഹസങ്ങൾക്ക് മുതിരരുത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: May month 2023 astrological predictions aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars