Monthly Horoscope 2022 May: ഗുരു (വ്യാഴം) സ്വക്ഷേത്രമായ മീനംരാശിയിൽ സ്ഥിതിചെയ്യുന്ന കാലമാണ്. അതിചാരത്തിലാണെങ്കിലും ശനി കുംഭത്തിലുണ്ട്. രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. ശുക്രൻ തുടക്കത്തിൽ കുംഭത്തിലും പിന്നെ മീനത്തിലും ആയി സ്ഥിതി ചെയ്യുന്നു. ആദിത്യൻ ഉച്ചനായി മേടത്തിലുണ്ട്. മാസമദ്ധ്യത്തിൽ ഇടവത്തിലേക്ക് പകരുന്നു. കുജൻ മേയ് ആദ്യം കുംഭത്തിലും രണ്ടാം പകുതിയിൽ മീനത്തിലുമാണ്. ബുധൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുന്നു. മേയ് ഒന്നാം തീയതി ചന്ദ്രൻ ഭരണി നക്ഷത്രത്തിൽ നിന്നും യാത്ര തുടങ്ങുന്നു. ഇങ്ങനെയാണ് 2022 മേയ് മാസത്തെ ഗ്രഹസ്ഥിതി.
അശ്വതി: അന്തസ്സും ആത്മാഭിമാനവും പണയം വെക്കില്ല. ദൂരയാത്രകൾ, അന്യദേശവാസം ഇവയുണ്ടാവാം. സാമ്പത്തികമായി പറയുകയാണെങ്കിൽ വരവധികമാവും. എന്നാലോ? ചെലവുമതിനനുസരിച്ച് വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നു. സ്വയംതൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുരോഗതി വരും. ഗൃഹം മോടിപിടിപ്പിക്കാനാവും സന്താനങ്ങളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകും.
ഭരണി: പിന്നീടത്തേക്ക് മാറ്റിവച്ചിരുന്നവ നടപ്പിലാക്കാൻ ഒരുങ്ങും. പുതിയ ചില ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരാം. കടബാധ്യതക്ക് സാധ്യത കാണുന്നു. ഉദ്യോഗത്തിൽ ഉയർച്ച വരും. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് തടസ്സങ്ങളുണ്ടാവാം. ദീർഘയാത്രകൾ നടത്തേണ്ടിവരും. സമ്മർദ്ദങ്ങളെ നേരിടാൻ പഠിക്കും.
Read More: Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?
കാർത്തിക: രാഹു കാർത്തിക നക്ഷത്രത്തിലാണ്. അതിനാൽ പ്രാരബ്ധങ്ങളേറും. വേഗത്തിൽ ചെയ്തുതീർക്കാം എന്നുകരുതിയവ പതുക്കെ മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ. അന്യദിക്കിൽ നിന്നും ആശ്വാസവാർത്ത വന്നെത്തും. ക്രയവിക്രയങ്ങളിൽ അമളി പിണയാതെ നോക്കണം. കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാകും.
രോഹിണി: ധനകാര്യത്തിൽ നല്ല തീരുമാനങ്ങളെടുക്കും. നിക്ഷേപങ്ങളിൽ ആദായമേറും. അലച്ചിലിന് കുറവുണ്ടാവും. വിദേശയാത്രക്ക് ഉചിതസമയമാണ്. കരാർപണികൾ ചെയ്യുന്നവർക്കും ചെറുകിട സംരംഭകർക്കും വരവേറും. ഭൂമിയോ സ്വത്തോ സ്വാധികാരത്തിൽ വരാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
മകയിരം: വരവേറുമെങ്കിലും പാഴ്ച്ചെലവുകളും വരും. വിനോദയാത്രകൾ നടത്തും. ആഢംബരവസ്തുക്കൾ വാങ്ങിക്കൂട്ടും. സർക്കാരിൽ നിന്നും അനുകൂല മറുപടി കിട്ടും. തൊഴിൽ മേഖലയിൽ ശ്രദ്ധ കൂടുതൽ വേണ്ടതുണ്ട്. പ്രണയത്തിൽ വിജയിക്കും.
Read More: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവാതിര: പിതാവിൽ നിന്നും വലിയ തോതിലുള്ള പിന്തുണ കിട്ടും. രാഷ്ട്രീയപ്രവർത്തകർ മത്സരങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ ഉപരിപഠനത്തിന് അവസരമുണ്ടാകും. കടക്കെണിയിൽ നിന്നും മോചനം ലഭിക്കും. വിവാഹാഭിലാഷികൾക്ക് ശുഭവാർത്തയുണ്ടാവും. വാഹനം, വൈദ്യുതി ഇവ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം.
പുണർതം: ആരോഗ്യഗുണമുള്ള മാസമാണ്. കുടുംബത്തിലെ അനൈക്യം നീങ്ങും. ഗൃഹം മോടി പിടിപ്പിക്കാനൊരുങ്ങും. ചിട്ടി, വായ്പ എന്നിവ അനുകൂലമാകും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം നേടും. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും. അശനശയനസൗഖ്യവും ഉണ്ടാകുന്നതാണ്.
പൂയം: അഷ്ടമശനിയുടെ ഉപദ്രവം മൂലം അദ്ധ്വാനം ഏറും. അതിനനുസരിച്ച് വരുമാനം ഉണ്ടാവണമെന്നുമില്ല. ദൂരയാത്രകൾ മാറ്റിവെക്കുന്നതാവും ഉചിതം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ ക്ലേശിച്ചിട്ടാണെങ്കിലും പ്രതിരോധിക്കാനാവും. നാക്കും വാക്കും പിഴക്കാതെ നോക്കണം. വ്യവഹാരകാര്യങ്ങൾ തീർപ്പാകാതെ നീളും. മനോനിയന്ത്രണത്തിനുള്ള പരിശീലനം നേടുവാനിടയുണ്ട്.
ആയില്യം: ധനവിഷയത്തിൽ നേട്ടങ്ങൾ വരാം. കിട്ടാക്കടങ്ങൾ ലഭിച്ചേക്കും. യാത്രകൾ കൂടുതലായിട്ടുണ്ടാവും. അനാവശ്യമായ തിടുക്കം എല്ലാക്കാര്യത്തിലും ഒഴിവാക്കേണ്ടതാണ്. ആരോഗ്യപരമായി ശ്രദ്ധ വേണം. അഗ്നി,യന്ത്ര,വാഹനാദികൾ ഏറ്റവും കരുതലോടെ കൈകാര്യം ചെയ്യേണ്ട കാലമാണ്.
മകം: തൊഴിലിൽ നേട്ടങ്ങൾ വരും. മേലധികാരികളുടെ പ്രീതി നേടും. പിതാവിന് രോഗമുക്തിയുണ്ടാകും. ഉപരിപഠനത്തിന് ചെറിയ കാലവിളംബം ഏർപ്പെടാം. വിവാഹാലോചനകൾ ഏഴിലെ ശനിസ്ഥിതിമൂലം വൈകാം. കൂട്ടുകച്ചവടത്തിൽ തിരിച്ചടി നേരിടാനുമിടയുണ്ട്.
Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും
പൂരം: സർക്കാരിൽ നിന്നുമുള്ള വായ്പ, ചിട്ടി മുതലായവ അനുവദിച്ചുകിട്ടും. ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. ഗാർഹികമായി, വിശിഷ്യാ ദമ്പതികൾക്ക് ഐകമത്യം ദുർബലമാവും. പ്രണയികൾക്ക് ആശാഭംഗമുണ്ടാകുന്ന കാലവുമാണ്. ഉത്ക്കർഷേച്ഛ സ്വാർത്ഥതയായി പരിണമിക്കാനിടയുണ്ടെന്നതിനാൽ അത്മനിയന്ത്രണം അനിവാര്യമാണ്.
ഉത്രം: ലക്ഷ്യബോധത്തോടെ പ്രവർത്തിക്കും. പരാജയങ്ങളിൽ നിന്നും ശക്തമായ തിരിച്ചുവരവുണ്ടാകും. ഉന്നതബന്ധങ്ങൾ പ്രയോജനം ചെയ്യും. വിശാലമനസ്ക്കത അഭിനന്ദനം നേടും. പ്രണയകാര്യങ്ങളിൽ, ദാമ്പത്യത്തിൽ ഉദാസീനത പുലർത്തും. മക്കളുടെ ഭാവിയെ സംബന്ധിച്ച ചില ഉൽക്കണ്ഠകൾക്ക് ഇടയുണ്ട്.
അത്തം: പുതിയ ജോലിയിൽ പ്രവേശിക്കും. ചില കൂട്ടുകെട്ടുകൾ ഒഴിവാകും. ധനപരമായി ഭേദപ്പെട്ട കാലമാണ്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. കടബാധ്യതയിൽ നിന്നും മോചനം നേടാൻ പദ്ധതികൾ ആസൂത്രണം ചെയ്യും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവും.
ചിത്തിര: കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് ഭേദപ്പെട്ട സമയമാണ്. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. തുലാക്കൂറുകാർക്ക് പ്രതിസന്ധികളേറും. സഹായിക്കാം എന്ന് വാക്കുതന്നവർ ശത്രുക്കളാവുന്ന സാഹചര്യമാണ്. കർമ്മരംഗത്തിൽ ജാഗ്രത വേണം. അമളിപിണയാം. പണവരവും ചെലവും തുല്യമായിരിക്കും.
ചോതി: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടും. പൊതുക്കാര്യങ്ങളിലുണ്ടാകുന്ന നേട്ടം വ്യക്തിജീവിതത്തിൽ സംഭവിച്ചു കൊള്ളണമെന്നില്ല. പുണ്യപ്രവൃത്തികൾക്ക് അവസരമുണ്ടാകും. മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടുമെന്ന് പ്രവചിക്കാനാവില്ല. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പുവെക്കുമ്പോൾ കൂടുതൽ ജാഗരൂകരാവുന്നത് അഭികാമ്യം.
Read More:
- Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
- Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?
- ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
- 2022 Yearly Horoscope Predictions: വർഷഫലം 2022
വിശാഖം: സ്വാസ്ഥ്യവും സ്വാച്ഛന്ദ്യവും കൂടുകയും കുറയുകയും ചെയ്യും. മുഴുക്കെ ക്ഷേമകാലം എന്നുപറയാനാവില്ല. നാലിലെ / അഞ്ചിലെ ശനി സ്ഥിതി ചില ചിന്താക്കുഴപ്പങ്ങൾ ഉണ്ടാക്കാം. ശരിതെറ്റുകളെക്കുറിച്ച് സൂക്ഷ്മവിവേകം നഷ്ടപ്പെടാം. പഴയവീട് വാങ്ങുക, പുതുക്കുക തുടങ്ങിയവ ചില സാധ്യതകളാണ്. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാം. യാത്രകൾ കൊണ്ട് അല്പമായ നേട്ടങ്ങൾ ഭവിക്കുന്നതായിരിക്കും.
അനിഴം: കലാകാരന്മാർക്ക് സൃഷ്ടിപരമായി ഉയരാനാവും. പുരസ്ക്കാരങ്ങൾ തേടിവന്നേക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷം പകരും. പുണ്യപ്രവർത്തികൾ ചെയ്യും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വാഹനം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. വ്യവഹാരങ്ങൾ അനുകൂലമായ തീർപ്പിലേക്ക് നീങ്ങുന്നതായിരിക്കും. ധനവരവ് ഏറും.
തൃക്കേട്ട: പ്രണയസാഫല്യം, വിവാഹം ഇവയ്ക്ക് സാധ്യതയുണ്ട്. ദാമ്പത്യം നയിക്കുന്നവരുടെ ഇടയിൽ ദൃഢബന്ധം ഉണ്ടാകും. ഭൗതികമായ നേട്ടങ്ങൾക്കൊപ്പം ആത്മീയമായ ചര്യകളും തുടരും. ജീവിതം പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിക്കാവുന്ന കാലമാണ്. ചില സൗഹൃദങ്ങൾ ഉപേക്ഷിക്കുന്നത് ഗുണകരമാവും. ആരോഗ്യരംഗം സമ്മിശ്രമായിരിക്കും.
മൂലം: കച്ചവടത്തിൽ നേട്ടങ്ങളുണ്ടാവും. ചില പരിഷ്ക്കാരങ്ങൾ വീട്ടിലും വരുത്തും. സ്വയം തെറ്റുതിരുത്താനുള്ള തീരുമാനവുമെടുക്കും. വിദേശയാത്രകൾ, ഗൃഹനിർമ്മാണം, വാഹനം സ്വന്തമാക്കൽ ഇവ നടന്നേക്കാവുന്ന സമയമാണ്. കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാവും. ഭൂമിയിൽ നിന്നും വരുമാനം അധികരിക്കും.
പൂരാടം: സമാധാനപരമായ ജീവിത സാഹചര്യമുണ്ടാകും. ദുരിതക്കടൽ താണ്ടി വന്നതിന്റെ ആശ്വാസം പുതിയ ഉണർവേകും. നല്ല സൗഹൃദങ്ങൾ ഉണ്ടാവാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പുതുതൊഴിലിൽ പ്രവേശിക്കാനാവും. കരാർ പണികൾ/ ചെറുകിട സംരംഭങ്ങൾ എന്നിവ തുടങ്ങാൻ അനുകൂലമായ അന്തരീക്ഷം ഉദയം ചെയ്യും.
Read More: Weekly Horoscope (April 16 – April 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
ഉത്രാടം: ധനുക്കൂറുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കും. സജ്ജനങ്ങളുടെയും സഹോദരരുടെയും പിന്തുണയുണ്ടാകും. സാമ്പത്തികരംഗം മെച്ചപ്പെടും. മകരക്കൂറുകാർ ആത്മനിയന്ത്രണം പാലിക്കണം. കെടുകാര്യസ്ഥത മൂലം ചില നഷ്ടങ്ങൾ തൊഴിലിൽ വരുത്തി വെക്കുവാനിടയുണ്ട്. തീർത്ഥാടനത്തിന് യോഗമുളള കാലം കൂടിയാണ്. ആരോഗ്യരംഗം ആശ്വാസകരമാവും.
തിരുവോണം: ഏജൻസി, ഊഹക്കച്ചവടം മുതലായവയിൽ നിന്നും നേരിയലാഭമെങ്കിലും പ്രതീക്ഷിക്കാം. വാക്കുകളും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടാകും. ദൂരയാത്രകൾക്ക് അനുമതി ലഭിച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കാം. ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ദാമ്പത്യരംഗം ഊഷ്മളമായിരിക്കും.
അവിട്ടം: അജയ്യത പലരംഗത്തും പ്രകടിപ്പിക്കും. ഭാവിയിൽ പ്രയോജനമാകുന്ന ചില ഉചിതതീരുമാനങ്ങൾ കൈക്കൊള്ളും. നവസംരംഭങ്ങൾ സമാരംഭിക്കും. മകരക്കൂറുകാരെക്കാൾ കുംഭക്കൂറുകാരായ അവിട്ടം നാളുകാർ കൂടുതൽ പ്രായോഗികതയോടെ പെരുമാറും. നീണ്ടനാളത്തെ കേസുകൾ ഒത്തുതീർപ്പിലേക്ക് നീങ്ങാം. സന്താനങ്ങളുടെ ഭാവികാര്യങ്ങളിൽ ആശയക്കുഴപ്പം തുടരും.
ചതയം: വിദ്യാർത്ഥികൾക്ക് ഉപരിപഠനം സുഗമമാകും. വിദേശയാത്രയ്ക്ക് അവസരം വരും. ധനസ്ഥിതി ഉയരും. സഭകളിലും സമ്മേളനങ്ങളിലും പ്രസംഗം നടത്തി കൈയ്യടി നേടും. കുടുംബജീവിതത്തിലെ സങ്കീർണപ്രശ്നങ്ങളെ സമാലോചനകളിലൂടെ പരിഹരിക്കും. ആത്മീയകാര്യങ്ങൾക്ക് ധാരാളം സമയം കണ്ടെത്തും. ആരോഗ്യപരിശോധനകൾ ഒഴിവാക്കരുത്.
പൂരുട്ടാതി: ചിന്തിച്ച് പ്രവർത്തിക്കേണ്ട കാലമാണ്. ശത്രുക്കളിൽ നിന്നും ചില വെല്ലുവിളികൾ ഉയർന്നേക്കും. അലസതയും കർമ്മപരാങ്മുഖത്വവും ഭവിക്കാനിടയുള്ള കാലമാണ്. ചികിത്സാരീതി മാറുന്നത് രോഗശാന്തിക്ക് ഉതകും. യാത്രകൾ നീണ്ടുപോകാം. നവസംരംഭങ്ങൾക്ക് ധനസഹായം കിട്ടുന്നത് വൈകിയേക്കും. വൈകാരികത, വൈചാരികതയെക്കാൾ മുൻതൂക്കം നേടുന്ന കാലമാണ്.
Read More: Daily Horoscope April 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഉത്രട്ടാതി: വാഗ്വിലാസം വർദ്ധിക്കും. അധികാരസ്ഥാനങ്ങൾ കൈവരും. കടം, രോഗം, ശത്രുത ഇവ കുറയുന്ന കാലഘട്ടമാണ്. ഭോഗാസക്തി പ്രകടിപ്പിക്കും. പ്രണയജീവിതം സഫലമാവും. അവിവാഹിതർക്ക് ദാമ്പത്യപ്രവേശനം സാധ്യമാകും. വിദൂരദേശങ്ങളിൽ ചേക്കേറാൻ ശ്രമം നടത്തുന്നവർക്ക് അതിനായേക്കും.
രേവതി: പലതരം സമ്മർദങ്ങളിലൂടെ കടന്നുപോകേണ്ടി വരാം. ഈശ്വരാധീനം, ദൈവകൃപ തുടങ്ങിയവയെക്കുറിച്ച് ഓർമ്മിക്കേണ്ട സാഹചര്യങ്ങൾ സംജാതമാകും. ആശയവിനിമയത്തിൽ വിജയിക്കും. കൂട്ടുകച്ചവടത്തിൽ നിന്നും ലാഭം കുറയുവാനിടയുണ്ട്. വിദേശത്തുനിന്നും ധനസഹായമോ പിന്തുണയോ ഉണ്ടാകും. രോഗികൾക്ക് സാന്ത്വനം ഭവിക്കുന്നതായിരിക്കും.