/indian-express-malayalam/media/media_files/2026/01/13/mars-makaram-moolam-2026-01-13-16-23-05.jpg)
ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ?
'Mars' എന്ന് പാശ്ചാത്യർ വിളിക്കുന്ന ചൊവ്വയെ ഭൂമിപുത്രനായി ഭാരതീയർ വിശേഷിപ്പിക്കുന്നു. ഗ്രഹനിലയിൽ ചൊവ്വയെ 'കു' എന്ന അക്ഷരം ഉപയോഗിച്ചാണ് കുറിക്കുന്നത്. 'കുജൻ' എന്ന പേരിൻ്റെ ചുരുക്കമാണത്. 'കു' എന്ന അക്ഷരം ഭൂമിയെയും, 'ജൻ' എന്നത് ജനിച്ചവൻ എന്നതിനെയും സൂചിപ്പിക്കുന്നു. ആകയാൽ കുജൻ എന്ന പേരിന് ഭൂമിയുടെ പുത്രൻ എന്ന് അർത്ഥം സിദ്ധിക്കും. മാഹേയൻ, ഭൗമൻ എന്നിവ ചൊവ്വയ്ക്ക് അങ്ങനെയുണ്ടായ പേരുകളാണ്. മംഗളൻ, അംഗാരകൻ, വക്രൻ ആരൻ, രക്തൻ എന്നിവ മറ്റു പര്യായങ്ങളും.
ചൊവ്വ രാശിചക്രത്തെ ഒന്നരവർഷം കൊണ്ട് ഒരുവട്ടം ചുറ്റി വരും. ശരാശരി ഒരുരാശിയിൽ ഒന്നരമാസം സഞ്ചരിക്കും. 2026 ജനുവരി 15 മുതൽ ഫെബ്രുവരി 23 വരെ (1201 മകരം 1 മുതൽ കുംഭം 11 വരെ) ചൊവ്വ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. മകരം രാശി (Capricorn) ചൊവ്വയുടെ ഉച്ചക്ഷേത്രം/ ഉച്ചരാശി (Exalted House) ആകുന്നു.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
ഉച്ചരാശിയിൽ സഞ്ചരിക്കുന്ന ഗ്രഹം ഏറ്റവും ബലശാലിയായിരിക്കും. അനുകൂല രാശികളിൽ ജനിച്ചവർക്ക് സമുന്നത ഫലം നൽകും. ജീവിതം ആരോഹണപാതയിലാവും. നേട്ടങ്ങൾ സുലഭമായി കൈവരുന്നതാണ്. എന്നാൽ ഇപ്പോൾ, കഴിഞ്ഞ നവംബർ മുതൽ വരുന്ന മാർച്ച് അവസാനം വരെ ചൊവ്വയ്ക്ക് സൂര്യനുമായി സാമീപ്യവും സമ്പർക്കവും വരുന്നതിനാൽ മൗഢ്യാവസ്ഥ (Combustion) ഉണ്ട്. അതൊരുപക്ഷെ ചൊവ്വയുടെ ഉച്ചഫലത്തിൻ്റെ പെരുമയും പകിട്ടും കുറച്ചേക്കാം.
ധനുക്കൂറു മുതൽ മീനക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
രണ്ടാമെടത്താണ് ചൊവ്വ ഉച്ചനായിരിക്കുന്നത്. അതിനാൽ ധനപരമായി ഉയർച്ചയുണ്ടാവും. കിട്ടാനുള്ള ധനം കിട്ടുന്നതാണ്. വാക്കുകളിൽ ആജ്ഞാഭാവം നിറയും. ചിലപ്പോൾ എതിർപ്പുകളും ഉയരാം. വാദപ്രതിവാദങ്ങൾ ശക്തമാകും. ബിസിനസ്സിൽ പുതിയ തന്ത്രങ്ങൾ കൊണ്ടുവരും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്നതാണ്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പ്രണയികൾ ഇണയുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനാൽ തർക്കങ്ങളുയരാം.കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതിയാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഇൻഷ്വറൻസിനും മറ്റു കരുതലുകൾക്കും ധനം ചെലവഴിയാം.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ജന്മരാശിയിലാണ് ചൊവ്വയ്ക്ക് ഉച്ചം ഭവിച്ചിരിക്കുന്നത്. പാപഗ്രഹങ്ങൾ ജന്മരാശിയിലൂടെ സഞ്ചരിക്കുമ്പോൾ ജന്മനക്ഷത്രത്തിലൂടെയും കടന്നുപോവുകയാൽ ദോഷാനുഭവങ്ങൾ സാധ്യതയാണ്. ദേഹക്ലേശം, മനോനില അസന്തുലിതമാകൽ എന്നിവ ഭവിക്കും. വ്യക്തിജീവിതത്തിൽ പ്രതിസന്ധികൾ വരാം. എന്നിരുന്നാലും ഉച്ചസ്ഥനായ ഗ്രഹമാവുകയാൽ ചെറിയ നേട്ടങ്ങളും പ്രതീക്ഷിക്കാം. ധനവരവ് അധികരിക്കും. കടബാധ്യത പരിഹരിക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. അകന്നുപോയ ഉറ്റവർ വീണ്ടും ജീവിതത്തിൻ്റെ ഭാഗമാകും. ദൂരദേശ യാത്രകളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. മത്സരങ്ങളിൽ വിജയം ഉറപ്പിക്കും. സമൂഹത്തിൽ അംഗീകാരം വന്നെത്തും. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തണം.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ചൊവ്വ പന്ത്രണ്ടാം ഭാവത്തിലാണ് ഉച്ചം വഹിച്ചിരിക്കുന്നത്. പന്ത്രണ്ടാമെടം യാത്രകൾ, പാപകർമ്മങ്ങൾ, വ്യയം, പതനം എന്നിവയെ കുറിക്കുന്നു. അതിനാൽ ചെലവുകൾ, വിശേഷിച്ചും അനാവശ്യച്ചെലവുകൾ അധികരിക്കും. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. കടം വാങ്ങിയതിന് നൽകിയ ഉറപ്പുകൾ പാലിക്കാൻ കഴിയാതെ വിഷമിക്കുന്നതാണ്. കൂട്ടുകെട്ടുകൾ ദോഷകരമാവാം. ദുഷ്പ്രേരണകർക്ക് വിധേയരാവാം. ആകസ്മിക യാത്രകൾ ഉണ്ടാവുന്നതാണ്. ദേഹക്ലേശത്തിനും ഊർജ്ജനഷ്ടത്തിനും കാരണമായേക്കാം. വസ്തുവിൽപ്പന തടസ്സപ്പെടുന്ന സാഹചര്യം സംജാതമാകും. എങ്കിലും ചൊവ്വ ഉച്ചഭാവത്തിലാവുകയാൽ ദോഷങ്ങൾ ന്യൂനീകരിക്കപ്പെടാം. ചില ഗുണാനുഭവങ്ങളും കൂടി വന്നെത്തുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
പതിനൊന്നാം ഭാവത്തിൽ ചൊവ്വ ഉച്ചം പ്രാപിക്കുകയാൽ അഭീഷ്ടസിദ്ധി ഭവിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉപജാപങ്ങൾക്ക് മറുമരുന്ന് പ്രയോഗിക്കുവാനാവും. തടസ്സങ്ങളില്ലാതെ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ ധനാഗമ മാർഗങ്ങൾ തുറന്നു കിട്ടാം. ബിസിനസ്സിൽ വളർച്ചയുടെ കാലമാണ്. വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കങ്ങൾ നടത്തുവാനാവും. ഭൂമി വാങ്ങിക്കാനുള്ള തീരുമാനം സഫലമായേക്കും. ഗൃഹനവീകരണം പൂർത്തിയാവും. നീണ്ടുപോയിരുന്ന നിയമയുദ്ധത്തിൽ വിജയിക്കാം. രോഗക്ലേശിതർക്ക് നവചികിൽസ കൊണ്ട് ഗുണം വരും. കലാപ്രവർത്തനത്തിന് പാരിതോഷികം ലഭിക്കും. നേതൃപദവി കൈവരുന്നതാണ്. രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരാക്കുവാൻ കഴിയും. മറ്റുള്ളവർ മടിച്ചുനിന്ന ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. പ്രണയം, ദാമ്പത്യം എന്നിവയിൽ സ്വസ്ഥത പ്രതീക്ഷിക്കാം.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us