scorecardresearch

ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? മകം മുതൽ തൃക്കേട്ടവരെ

ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു

author-image
S. Sreenivas Iyer
New Update
mars makaram makam

ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ?

'Mars' എന്ന് പാശ്ചാത്യർ വിളിക്കുന്ന ചൊവ്വയെ ഭൂമിപുത്രനായി ഭാരതീയർ വിശേഷിപ്പിക്കുന്നു.  ഗ്രഹനിലയിൽ ചൊവ്വയെ 'കു' എന്ന അക്ഷരം ഉപയോഗിച്ചാണ് കുറിക്കുന്നത്. 'കുജൻ' എന്ന പേരിൻ്റെ ചുരുക്കമാണത്. 'കു' എന്ന അക്ഷരം ഭൂമിയെയും, 'ജൻ' എന്നത് ജനിച്ചവൻ എന്നതിനെയും സൂചിപ്പിക്കുന്നു. ആകയാൽ കുജൻ എന്ന പേരിന് ഭൂമിയുടെ പുത്രൻ എന്ന് അർത്ഥം സിദ്ധിക്കും. മാഹേയൻ, ഭൗമൻ എന്നിവ ചൊവ്വയ്ക്ക് അങ്ങനെയുണ്ടായ പേരുകളാണ്. മംഗളൻ, അംഗാരകൻ, വക്രൻ ആരൻ, രക്തൻ എന്നിവ മറ്റു പര്യായങ്ങളും.

Advertisment

ചൊവ്വ രാശിചക്രത്തെ ഒന്നരവർഷം കൊണ്ട് ഒരുവട്ടം ചുറ്റി വരും. ശരാശരി ഒരുരാശിയിൽ ഒന്നരമാസം സഞ്ചരിക്കും. 2026 ജനുവരി 15 മുതൽ ഫെബ്രുവരി 23 വരെ (1201 മകരം 1 മുതൽ കുംഭം 11 വരെ) ചൊവ്വ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. മകരം രാശി (Capricorn) ചൊവ്വയുടെ ഉച്ചക്ഷേത്രം/ ഉച്ചരാശി (Exalted House) ആകുന്നു. 

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

ഉച്ചരാശിയിൽ സഞ്ചരിക്കുന്ന ഗ്രഹം ഏറ്റവും ബലശാലിയായിരിക്കും. അനുകൂല രാശികളിൽ ജനിച്ചവർക്ക് സമുന്നത ഫലം നൽകും. ജീവിതം ആരോഹണപാതയിലാവും. നേട്ടങ്ങൾ സുലഭമായി കൈവരുന്നതാണ്. എന്നാൽ  ഇപ്പോൾ, കഴിഞ്ഞ നവംബർ മുതൽ വരുന്ന മാർച്ച് അവസാനം വരെ ചൊവ്വയ്ക്ക് സൂര്യനുമായി സാമീപ്യവും സമ്പർക്കവും വരുന്നതിനാൽ മൗഢ്യാവസ്ഥ (Combustion) ഉണ്ട്. അതൊരുപക്ഷെ ചൊവ്വയുടെ ഉച്ചഫലത്തിൻ്റെ പെരുമയും പകിട്ടും കുറച്ചേക്കാം.

ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ഉച്ചസ്ഥനായ ചൊവ്വ ആറാം ഭാവത്തിലാണ്. ഏറ്റവും അനുകൂല ഫലം കിട്ടുന്ന കൂറുകാരിൽ ചിങ്ങക്കൂറുകാരുമുണ്ട്. അപ്രതീക്ഷിത ധനയോഗം ഭവിക്കും. തൊഴിലില്ലാത്തവർക്ക് പുതുതൊഴിലിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനയോ സ്വതന്ത്രച്ചുമതല യോ പ്രതീക്ഷിക്കാം. എതിർപ്പുകളെ തമസ്കരിക്കും. ജനകീയ പിന്തുണ അധികരിക്കുന്നതാണ്. സ്വന്തമായി സംരംഭങ്ങൾ നടത്തുന്നവർക്ക് വായ്പ ലഭിക്കാം. സർക്കാരിൽ നിന്നും ലൈസൻസ്/ അനുമതി കിട്ടും. ഭൂമിയിൽ നിന്നും കരുതിയതിലും ആദായം വന്നെത്തും. വ്യവഹാരങ്ങളിൽ അനുകൂല വിധിയുണ്ടാവും. വസ്തുവോ വീടോ വാങ്ങാനുള്ള ശ്രമം വിജയിക്കും. പ്രണയികൾക്ക് വീട്ടുകാരുടെ അംഗീകാരം കിട്ടുന്നതാണ്. സാമ്പത്തികമായി മെച്ചം വന്നെത്തും.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

കന്നിക്കൂറിന് (ഉത്രം2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

അഞ്ചാം ഭാവത്തിലാണ് ചൊവ്വ ഉച്ചസ്ഥനായിരിക്കുന്നത്. നിർബന്ധ ബുദ്ധികൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും. കർമ്മരംഗത്ത് സമ്മിശ്രഫലങ്ങളാവും. പുതിയ പ്രോജക്ടുകൾ സാക്ഷാല്കരിക്കാൻ തടസ്സങ്ങളുണ്ടായേക്കാം. നാട്ടിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വന്നേക്കും. സന്താന പ്രാപ്തിക്കായി നടത്തുന്ന ചികിൽസകൾ ഫലവത്താകും. സഹോദരർക്ക് ഗുണാനുഭവങ്ങൾ വന്നെത്തും. ഭൂമി വിൽപ്പനയിൽ കൂടുതൽ ധനം കിട്ടും. മകൻ്റെ ഉപരിപഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതിന് സാധ്യതയുണ്ട്. ജീവിതശൈലീരോഗങ്ങൾ നിയന്ത്രണത്തിലാവും. ദാമ്പത്യത്തിൽ പിണക്കങ്ങളുടെ എണ്ണം കൂടാനിടയുണ്ട്. ചെലവ് കൂടുന്നതിനാൽ സാമ്പത്തിക പിരിമുറുക്കം സാധ്യതയാണ്. ഉപാസനാദികൾ മുടങ്ങില്ല. തീർത്ഥാടനയോഗമുണ്ട്.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ചൊവ്വ നാലാമെടത്തിൽ ഉച്ചസ്ഥനാണ്. നാലാമെടം കൊണ്ട് മനസ്സും ദേഹവും സുഹൃത്തുക്കളും വാഹനവും ഭൂമിയും ചിന്തിക്കപ്പെടുന്നു. ഇക്കാര്യങ്ങളിൽ ചിലതൊക്കെ ഗുണകരമാവും. മനശ്ശക്തി വർദ്ധിക്കും. നിർഭയത്തോടെ പ്രവർത്തികളിൽ മുഴുകാനാവും. കഠിനമായ ദൗത്യങ്ങൾ ഏൽപ്പിക്കപ്പെടാം. എന്നാൽ പിന്തിരിയുകയില്ല. മാതാവിൻ്റെ അസുഖങ്ങൾക്ക് ചികിൽസ ഫലപ്രദമാവും. പുതിയ വാഹനം വാങ്ങാനിടയുണ്ട്. പണയത്തിലിരുന്ന വസ്തു വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കളുടെ ബിസിനസ്സിൽ കൂട്ടുചേരും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരാം. ബിസിനസ്സിൽ പുരോഗതി ഭവിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. ഗൃഹനിർമ്മാണം ആരംഭിക്കും. വാടകക്കാരെക്കിട്ടും. പിണങ്ങിയ അനുരാഗികൾ വീണ്ടും ഒന്നിക്കുന്നതാണ്.

വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)

മൂന്നാം ഭാവത്തിലാണ് ചൊവ്വ ഉച്ചനായിരിക്കുന്നത്. ഏറ്റവും അനുകൂലസ്ഥിതിയാണ് ചൊവ്വയ്ക്ക്, മൂന്നാമെടം. ആത്മവിശ്വാസം ഉയരും. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരം കൈവരും. ഉദ്യോഗസ്ഥർക്ക് പദവി ഉയരാം. കടബാധ്യതകൾ പരിഹരിക്കാൻ അവസരം സിദ്ധിക്കുന്നതാണ്. മേലധികാരികളും സഹപ്രവർത്തകരും ഹിതാനുകാരികളാവും. സമൂഹത്തിൽ ബഹുമാന്യത കിട്ടും. മത്സരങ്ങളിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തുന്നതാണ്. വീട് വാങ്ങുവാനും നിർമ്മാണ പ്രവർത്തനം നടത്തുവാനും സന്ദർഭമുണ്ടാവും. വ്യവഹാരങ്ങളിൽ അനുകൂല വിധി നേടുന്നതാണ്. പുരസ്കാരങ്ങൾ ലഭിക്കാം. കുടുംബ ജീവിതത്തിൽ സ്വസ്ഥത പുലരും. ഭാവി തീരുമാനങ്ങൾ കൈക്കൊള്ളും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: