/indian-express-malayalam/media/media_files/2026/01/14/mars-transit-revathy-2026-01-14-12-39-01.jpg)
ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ?
Astrology: 'Mars' എന്ന് പാശ്ചാത്യർ വിളിക്കുന്ന ചൊവ്വയെ ഭൂമിപുത്രനായി ഭാരതീയർ വിശേഷിപ്പിക്കുന്നു. ഗ്രഹനിലയിൽ ചൊവ്വയെ 'കു' എന്ന അക്ഷരം ഉപയോഗിച്ചാണ് കുറിക്കുന്നത്. 'കുജൻ' എന്ന പേരിൻ്റെ ചുരുക്കമാണത്. 'കു' എന്ന അക്ഷരം ഭൂമിയെയും, 'ജൻ' എന്നത് ജനിച്ചവൻ എന്നതിനെയും സൂചിപ്പിക്കുന്നു. ആകയാൽ കുജൻ എന്ന പേരിന് ഭൂമിയുടെ പുത്രൻ എന്ന് അർത്ഥം സിദ്ധിക്കും. മാഹേയൻ, ഭൗമൻ എന്നിവ ചൊവ്വയ്ക്ക് അങ്ങനെയുണ്ടായ പേരുകളാണ്. മംഗളൻ, അംഗാരകൻ, വക്രൻ ആരൻ, രക്തൻ എന്നിവ മറ്റു പര്യായങ്ങളും.
ചൊവ്വ രാശിചക്രത്തെ ഒന്നരവർഷം കൊണ്ട് ഒരുവട്ടം ചുറ്റി വരും. ശരാശരി ഒരുരാശിയിൽ ഒന്നരമാസം സഞ്ചരിക്കും. 2026 ജനുവരി 15 മുതൽ ഫെബ്രുവരി 23 വരെ (1201 മകരം 1 മുതൽ കുംഭം 11 വരെ) ചൊവ്വ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. മകരം രാശി (Capricorn) ചൊവ്വയുടെ ഉച്ചക്ഷേത്രം/ ഉച്ചരാശി (Exalted House) ആകുന്നു.
ഉച്ചരാശിയിൽ സഞ്ചരിക്കുന്ന ഗ്രഹം ഏറ്റവും ബലശാലിയായിരിക്കും. അനുകൂല രാശികളിൽ ജനിച്ചവർക്ക് സമുന്നത ഫലം നൽകും. ജീവിതം ആരോഹണപാതയിലാവും. നേട്ടങ്ങൾ സുലഭമായി കൈവരുന്നതാണ്. എന്നാൽ ഇപ്പോൾ, കഴിഞ്ഞ നവംബർ മുതൽ വരുന്ന മാർച്ച് അവസാനം വരെ ചൊവ്വയ്ക്ക് സൂര്യനുമായി സാമീപ്യവും സമ്പർക്കവും വരുന്നതിനാൽ മൗഢ്യാവസ്ഥ (Combustion) ഉണ്ട്. അതൊരുപക്ഷെ ചൊവ്വയുടെ ഉച്ചഫലത്തിൻ്റെ പെരുമയും പകിട്ടും കുറച്ചേക്കാം.
മേടക്കൂറ് മുതൽ മീനക്കൂറുവരെയുള്ളവയിൽ ഉൾപ്പെടുന്ന അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
മേടക്കൂറിൻ്റെ അധിപഗ്രഹമാണ് ചൊവ്വ. അതിനാൽ ചൊവ്വയുടെ ഉച്ചസ്ഥിതി മേടക്കൂറുകാരുടെ മാനസികാവസ്ഥയെ ഉന്നമിപ്പിക്കുന്നതാണ്. പത്താം ഭാവത്തിലാണ് കുജസ്ഥിതി എന്നതിനാൽ തൊഴിലിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. ആത്മവിശ്വാസം ഉയരുന്നതാണ്. സമൂഹത്തിൻ്റെ സ്വീകാര്യത പ്രതീക്ഷിക്കാം. മത്സരാധിഷ്ഠിത കരാറുകൾ കൈവരുന്നതാണ്. ഉദ്യോഗം തേടുന്നവർക്ക് അർഹതയ്ക്കൊത്ത ജോലി കിട്ടാനുള്ള സാധ്യത വളരെക്കൂടുതലാണ്. രാഷ്ട്രീയ മത്സരങ്ങളിൽ അനായസമായി വിജയിക്കും. ഉപജാപങ്ങളെ മുൻകൂട്ടി പ്രതിരോധിക്കും. ബിസിനസ്സിൽ കരുതലോടുകൂടിയ പ്രവർത്തനങ്ങൾ വേണ്ടതുണ്ട്. പാർട്ണർമാരെ ചേർക്കുമ്പോൾ ശ്രദ്ധവേണം. കുടുംബ ബന്ധങ്ങളിൽ സംഘർഷം വരാതിരിക്കാൻ ആത്മസംയമനം അനിവാര്യമാണ്. ധനസ്ഥിതി മോശമാവില്ല.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ചൊവ്വ ഉച്ചനാകുന്നത് ഒമ്പതാം ഭാവത്തിലാകയാൽ ചില അനുകൂലതകൾ ഭവിക്കാം. എന്നാൽ ദോഷവശങ്ങളുമുണ്ട്. സ്വന്തം കഴിവുകൊണ്ടല്ലാതെ, ഭാഗ്യം കൊണ്ട് നേട്ടങ്ങൾ വന്നെത്തും. പദവികൾ നേടുന്നതാണ്. മത്സരങ്ങളിൽ എതിരാളികളെ നിഷ്പ്രഭരാക്കി വിജയിക്കുവാനാവും. പിതാവിനും സ്ഥാനമാനങ്ങൾക്ക് അർഹത കാണുന്നു. ഉദ്യോഗക്കയറ്റം ഭവിക്കും. പലകാര്യങ്ങൾക്കും തിടുക്കം കാട്ടുന്നത് ഗുണമായേക്കില്ല. ഏകോപനത്തിൽ വീഴ്ചവരുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. പൂർവ്വിക സ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങൾ നീളുന്നതായിരിക്കും. തീർത്ഥാടനത്തിന് സന്ദർഭം ലഭിക്കും. സാമ്പത്തികമായി സമ്മിശ്രമായ കാലമാണ്. സഹോദരനെ സഹായിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ ഏറെ ക്ലേശിക്കും. ഉറക്കം കുറയുന്നതാണ്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ചൊവ്വ അഷ്ടമത്തിലാണ് ഉച്ചസ്ഥനാവുന്നത്. അഷ്ടമത്തെ അനിഷ്ടഭാവങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദോഷങ്ങളും കൂടി നേട്ടങ്ങൾക്കൊപ്പം അനുഭവിക്കേണ്ടിവരുന്നതാണ്. മൃഗഭയം ഉണ്ടാവാം. ചോരശല്യം വരാം. വസ്തുവിൻ്റെ ക്രിയവിക്രയത്തിൽ തടസ്സം നേരിടും. സാമ്പത്തിക വ്യയം കൂടുന്നതാണ്. ആഢംബരച്ചെലവുകൾ കുറയ്ക്കണം. സഹോദരരുമായി പിണങ്ങാം. രോഗികൾക്ക് ആശ്വസിക്കുവാനാവും. സഹപ്രവർത്തകരുമായി ഭിന്നതകൾ ഉടലെടുക്കുന്നതാണ്. കെട്ടിടം പണിയിൽ നിയമ പ്രശ്നങ്ങൾ വരാം. കടബാധ്യതകൾ കൂടാതിരിക്കാൻ ജാഗ്രത വേണം. പണയം വെച്ച സ്വർണാഭരണങ്ങളിൽ നിന്നും കൂടുതലായി പണം ലഭിക്കുന്നതാണ്.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് ചൊവ്വ ഉച്ചസ്ഥിതി പ്രാപിച്ചിരിക്കുന്നത് ഏഴാമെടത്തിലാണ്. അതിനാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വരും. ചെറിയ കാര്യങ്ങൾ പിണക്കത്തിലേക്ക് നയിക്കാം. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറാനിടയുണ്ട്. ഔദ്യോഗികമായി വേറെ ദിക്കുകളിൽ താമസിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് സ്ഥലംമാറ്റം വൈകുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനാവും. സ്വകാര്യ സ്ഥാപനത്തിൽ സ്വതന്ത്ര ചുമതല ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിനുള്ള അനുമതി കിട്ടിയേക്കും. ഭവന നിർമ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് ചെലവേറും. പ്രണയികൾക്കിടയിൽ ego അധികരിക്കും. സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കുക എളുപ്പമായേക്കില്ല.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഉച്ചസ്ഥനായ ചൊവ്വ ആറാം ഭാവത്തിലാണ്. ഏറ്റവും അനുകൂല ഫലം കിട്ടുന്ന കൂറുകാരിൽ ചിങ്ങക്കൂറുകാരുമുണ്ട്. അപ്രതീക്ഷിത ധനയോഗം ഭവിക്കും. തൊഴിലില്ലാത്തവർക്ക് പുതുതൊഴിലിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനയോ സ്വതന്ത്രച്ചുമതല യോ പ്രതീക്ഷിക്കാം. എതിർപ്പുകളെ തമസ്കരിക്കും. ജനകീയ പിന്തുണ അധികരിക്കുന്നതാണ്. സ്വന്തമായി സംരംഭങ്ങൾ നടത്തുന്നവർക്ക് വായ്പ ലഭിക്കാം. സർക്കാരിൽ നിന്നും ലൈസൻസ്/ അനുമതി കിട്ടും. ഭൂമിയിൽ നിന്നും കരുതിയതിലും ആദായം വന്നെത്തും. വ്യവഹാരങ്ങളിൽ അനുകൂല വിധിയുണ്ടാവും. വസ്തുവോ വീടോ വാങ്ങാനുള്ള ശ്രമം വിജയിക്കും. പ്രണയികൾക്ക് വീട്ടുകാരുടെ അംഗീകാരം കിട്ടുന്നതാണ്. സാമ്പത്തികമായി മെച്ചം വന്നെത്തും.
കന്നിക്കൂറിന് (ഉത്രം2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
അഞ്ചാം ഭാവത്തിലാണ് ചൊവ്വ ഉച്ചസ്ഥനായിരിക്കുന്നത്. നിർബന്ധ ബുദ്ധികൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും. കർമ്മരംഗത്ത് സമ്മിശ്രഫലങ്ങളാവും. പുതിയ പ്രോജക്ടുകൾ സാക്ഷാല്കരിക്കാൻ തടസ്സങ്ങളുണ്ടായേക്കാം. നാട്ടിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വന്നേക്കും. സന്താന പ്രാപ്തിക്കായി നടത്തുന്ന ചികിൽസകൾ ഫലവത്താകും. സഹോദരർക്ക് ഗുണാനുഭവങ്ങൾ വന്നെത്തും. ഭൂമി വിൽപ്പനയിൽ കൂടുതൽ ധനം കിട്ടും. മകൻ്റെ ഉപരിപഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതിന് സാധ്യതയുണ്ട്. ജീവിതശൈലീരോഗങ്ങൾ നിയന്ത്രണത്തിലാവും. ദാമ്പത്യത്തിൽ പിണക്കങ്ങളുടെ എണ്ണം കൂടാനിടയുണ്ട്. ചെലവ് കൂടുന്നതിനാൽ സാമ്പത്തിക പിരിമുറുക്കം സാധ്യതയാണ്. ഉപാസനാദികൾ മുടങ്ങില്ല. തീർത്ഥാടനയോഗമുണ്ട്.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ചൊവ്വ നാലാമെടത്തിൽ ഉച്ചസ്ഥനാണ്. നാലാമെടം കൊണ്ട് മനസ്സും ദേഹവും സുഹൃത്തുക്കളും വാഹനവും ഭൂമിയും ചിന്തിക്കപ്പെടുന്നു. ഇക്കാര്യങ്ങളിൽ ചിലതൊക്കെ ഗുണകരമാവും. മനശ്ശക്തി വർദ്ധിക്കും. നിർഭയത്തോടെ പ്രവർത്തികളിൽ മുഴുകാനാവും. കഠിനമായ ദൗത്യങ്ങൾ ഏൽപ്പിക്കപ്പെടാം. എന്നാൽ പിന്തിരിയുകയില്ല. മാതാവിൻ്റെ അസുഖങ്ങൾക്ക് ചികിൽസ ഫലപ്രദമാവും. പുതിയ വാഹനം വാങ്ങാനിടയുണ്ട്. പണയത്തിലിരുന്ന വസ്തു വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കളുടെ ബിസിനസ്സിൽ കൂട്ടുചേരും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരാം. ബിസിനസ്സിൽ പുരോഗതി ഭവിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. ഗൃഹനിർമ്മാണം ആരംഭിക്കും. വാടകക്കാരെക്കിട്ടും. പിണങ്ങിയ അനുരാഗികൾ വീണ്ടും ഒന്നിക്കുന്നതാണ്.
വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)
മൂന്നാം ഭാവത്തിലാണ് ചൊവ്വ ഉച്ചനായിരിക്കുന്നത്. ഏറ്റവും അനുകൂലസ്ഥിതിയാണ് ചൊവ്വയ്ക്ക്, മൂന്നാമെടം. ആത്മവിശ്വാസം ഉയരും. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരം കൈവരും. ഉദ്യോഗസ്ഥർക്ക് പദവി ഉയരാം. കടബാധ്യതകൾ പരിഹരിക്കാൻ അവസരം സിദ്ധിക്കുന്നതാണ്. മേലധികാരികളും സഹപ്രവർത്തകരും ഹിതാനുകാരികളാവും. സമൂഹത്തിൽ ബഹുമാന്യത കിട്ടും. മത്സരങ്ങളിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തുന്നതാണ്. വീട് വാങ്ങുവാനും നിർമ്മാണ പ്രവർത്തനം നടത്തുവാനും സന്ദർഭമുണ്ടാവും. വ്യവഹാരങ്ങളിൽ അനുകൂല വിധി നേടുന്നതാണ്. പുരസ്കാരങ്ങൾ ലഭിക്കാം. കുടുംബ ജീവിതത്തിൽ സ്വസ്ഥത പുലരും. ഭാവി തീരുമാനങ്ങൾ കൈക്കൊള്ളും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
രണ്ടാമെടത്താണ് ചൊവ്വ ഉച്ചനായിരിക്കുന്നത്. അതിനാൽ ധനപരമായി ഉയർച്ചയുണ്ടാവും. കിട്ടാനുള്ള ധനം കിട്ടുന്നതാണ്. വാക്കുകളിൽ ആജ്ഞാഭാവം നിറയും. ചിലപ്പോൾ എതിർപ്പുകളും ഉയരാം. വാദപ്രതിവാദങ്ങൾ ശക്തമാകും. ബിസിനസ്സിൽ പുതിയ തന്ത്രങ്ങൾ കൊണ്ടുവരും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പ്രണയികൾ ഇണയുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനാൽ തർക്കങ്ങളുയരാം.കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതിയാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഇൻഷ്വറൻസിനും മറ്റു കരുതലുകൾക്കും ധനം ചെലവഴിയാം.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ജന്മരാശിയിലാണ് ചൊവ്വയ്ക്ക് ഉച്ചം ഭവിച്ചിരിക്കുന്നത്. പാപഗ്രഹങ്ങൾ ജന്മരാശിയിലൂടെ സഞ്ചരിക്കുമ്പോൾ ജന്മനക്ഷത്രത്തിലൂടെയും കടന്നുപോവുകയാൽ ദോഷാനുഭവങ്ങൾ സാധ്യതയാണ്. ദേഹക്ലേശം, മനോനില അസന്തുലിതമാകൽ എന്നിവ ഭവിക്കും. വ്യക്തിജീവിതത്തിൽ പ്രതിസന്ധികൾ വരാം. എന്നിരുന്നാലും ഉച്ചസ്ഥനായ ഗ്രഹമാവുകയാൽ ചെറിയ നേട്ടങ്ങളും പ്രതീക്ഷിക്കാം. ധനവരവ് അധികരിക്കും. കടബാധ്യത പരിഹരിക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. അകന്നുപോയ ഉറ്റവർ വീണ്ടും ജീവിതത്തിൻ്റെ ഭാഗമാകും. ദൂരദേശ യാത്രകളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. മത്സരങ്ങളിൽ വിജയം ഉറപ്പിക്കും. സമൂഹത്തിൽ അംഗീകാരം വന്നെത്തും. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തണം.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ചൊവ്വ പന്ത്രണ്ടാം ഭാവത്തിലാണ് ഉച്ചം വഹിച്ചിരിക്കുന്നത്. പന്ത്രണ്ടാമെടം യാത്രകൾ, പാപകർമ്മങ്ങൾ, വ്യയം, പതനം എന്നിവയെ കുറിക്കുന്നു. അതിനാൽ ചെലവുകൾ, വിശേഷിച്ചും അനാവശ്യച്ചെലവുകൾ അധികരിക്കും. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. കടം വാങ്ങിയതിന് നൽകിയ ഉറപ്പുകൾ പാലിക്കാൻ കഴിയാതെ വിഷമിക്കുന്നതാണ്. കൂട്ടുകെട്ടുകൾ ദോഷകരമാവാം. ദുഷ്പ്രേരണകർക്ക് വിധേയരാവാം. ആകസ്മിക യാത്രകൾ ഉണ്ടാവുന്നതാണ്. ദേഹക്ലേശത്തിനും ഊർജ്ജനഷ്ടത്തിനും കാരണമായേക്കാം. വസ്തുവിൽപ്പന തടസ്സപ്പെടുന്ന സാഹചര്യം സംജാതമാകും. എങ്കിലും ചൊവ്വ ഉച്ചഭാവത്തിലാവുകയാൽ ദോഷങ്ങൾ ന്യൂനീകരിക്കപ്പെടാം. ചില ഗുണാനുഭവങ്ങളും കൂടി വന്നെത്തുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
പതിനൊന്നാം ഭാവത്തിൽ ചൊവ്വ ഉച്ചം പ്രാപിക്കുകയാൽ അഭീഷ്ടസിദ്ധി ഭവിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉപജാപങ്ങൾക്ക് മറുമരുന്ന് പ്രയോഗിക്കുവാനാവും. തടസ്സങ്ങളില്ലാതെ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ ധനാഗമ മാർഗങ്ങൾ തുറന്നു കിട്ടാം. ബിസിനസ്സിൽ വളർച്ചയുടെ കാലമാണ്. വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കങ്ങൾ നടത്തുവാനാവും. ഭൂമി വാങ്ങിക്കാനുള്ള തീരുമാനം സഫലമായേക്കും. ഗൃഹനവീകരണം പൂർത്തിയാവും. നീണ്ടുപോയിരുന്ന നിയമയുദ്ധത്തിൽ വിജയിക്കാം. രോഗക്ലേശിതർക്ക് നവചികിൽസ കൊണ്ട് ഗുണം വരും. കലാപ്രവർത്തനത്തിന് പാരിതോഷികം ലഭിക്കും. നേതൃപദവി കൈവരുന്നതാണ്. രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരാക്കുവാൻ കഴിയും. മറ്റുള്ളവർ മടിച്ചുനിന്ന ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. പ്രണയം, ദാമ്പത്യം എന്നിവയിൽ സ്വസ്ഥത പ്രതീക്ഷിക്കാം.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us