scorecardresearch

ചൊവ്വ തുലാം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

Mars transit to Libra 2023 Astrological Predictions, Aswathy to Revathi: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

Mars transit to Libra 2023 Astrological Predictions, Aswathy to Revathi: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

author-image
S. Sreenivas Iyer
New Update
Mars transit to Libra | Mars transit to Libra transit dates | Mars transit to Thulam rashi | ചൊവ്വ തുലാം രാശിയിലേക്ക് | Astrology | Horoscope

ചൊവ്വ തുലാം രാശിയിലേക്ക് കടക്കുമ്പോൾ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ വരുന്ന സ്വാധീനം ഇതൊക്കെയാണ്

Mars transit to Libra 2023 Astrological Predictions, Aswathi to Revathi: 2023 ഒക്ടോബർ 3-ാം തീയതി മുതൽ നവംബർ 16-ാം തീയതി വരെ ( 1199 കന്നി 16 മുതൽ തുലാം 30 വരെ) ചൊവ്വ തുലാം രാശിയിലൂടെ സഞ്ചരിക്കുന്നു. 2023സെപ്തംബർ 25 മുതൽ 2024 ജനുവരി 17 വരെ, ഏതാണ്ട് നാലുമാസക്കാലം ചൊവ്വ മൗഢ്യത്തിലുമാണ്. തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വ ഒക്ടോബർ 16 വരെ ചിത്തിരയിലും നവംബർ 2 വരെ ചോതിയിലും തുടർന്ന് വിശാഖം നക്ഷത്രത്തിലുമാണ്.

Advertisment

തുലാം മാസത്തിൽ, കൃത്യമായി പറഞ്ഞാൽ, ഒക്ടോബർ 18 മുതൽ 29 വരെ ചൊവ്വയോടൊപ്പം സൂര്യൻ, കേതു, ബുധൻ എന്നീ ഗ്രഹങ്ങളും സഞ്ചരിക്കുന്നുണ്ട്. ഭൂമിയുടെ പുത്രൻ എന്ന വ്യക്തിത്വമാണ് ചൊവ്വയെ കുജൻ എന്ന പേരിന് അർഹമാക്കിയത്. ചൊവ്വയ്ക്ക് ചൊവ്വ, രക്തൻ, രുധിരൻ തുടങ്ങിയ പേരുകൾ വന്നത് ദേഹത്തിന്റെ രക്തകാന്തി കൊണ്ടാണ്. പാപഗ്രഹവും അശുഭനും ക്രൂരനും ആണ് എന്ന മേൽവിലാസത്തിനൊപ്പം ചൊവ്വ നന്മതരുന്നവനും മംഗളകാരിയുമാണ്. അതിനാൽ 'മംഗളൻ' എന്ന നാമവുമുണ്ട്.

നവഗ്രഹ സാമ്രാജ്യത്തിലെ വലിയ പടത്തലവൻ കൂടിയാണ് ചൊവ്വ. ഒരു സൈന്യാധിപന്റെ ശക്തിയും അച്ചടക്കവും അധൃഷ്യഗാംഭീര്യവും ചൊവ്വയ്ക്കുണ്ട്. ബലശാലിയാണ് ഗ്രഹനിലയിൽ ചൊവ്വ എങ്കിൽ നന്മകളും ഐശ്വര്യവും സമ്മാനിക്കും. ദുർബലനെങ്കിൽ ദുഷ്ടനായി മാറി കഷ്ടഫലങ്ങളേകും. തന്റെ സമനായ ശുക്രന്റെ ക്ഷേത്രമായ തുലാത്തിൽ സഞ്ചരിക്കുകയാൽ വലിയ ബലവാനാണ് ഇപ്പോൾ ചൊവ്വ എന്ന് പറയാനാവില്ല. മാത്രവുമല്ല മൗഢ്യത്തിലുമാണ്, ചൊവ്വ. ഗ്രഹങ്ങളുടെ ശക്തി ഏറ്റവും ക്ഷയിക്കുന്ന കാലമാണ് മൗഢ്യം എന്നത് ഓർമ്മിക്കാം. അതിനാൽ അടുത്ത ജനുവരി പകുതിവരെ ചൊവ്വയിൽ നിന്നും സൽഫലങ്ങൾ കുറയും. ക്രൗര്യം കൂടുകയും ചെയ്യും.

ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു, അനുഭവങ്ങൾ എന്തൊക്കെയാവും എന്ന് പരിശോധിക്കുകയാണ് ഇവിടെ.

Advertisment

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ജന്മരാശിയുടെ/ കൂറിന്റെ അധിപനാണ് ചൊവ്വ. ഏഴാം രാശിയിൽ നിന്ന് ജന്മരാശിയിലേക്ക് ചൊവ്വ നോക്കുന്നത് ഗുണമാണെങ്കിലും പാപഗ്രഹമായ കേതു ഒപ്പമുള്ളതും ചൊവ്വ മൗഢ്യസ്ഥനായതും ദോഷപ്രദമാണ്. ഏഴാം ഭാവം പ്രണയം, ദാമ്പത്യം, യാത്ര, പങ്കുകച്ചവടം എന്നിവകളെ സൂചിപ്പിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങൾക്ക് ഇപ്പോൾ കാലം അനുകൂലമല്ല എന്നാണ് ചൊവ്വയുടെ സ്ഥിതിയിൽ നിന്നും മനസ്സിലാക്കേണ്ടത്. പ്രണയബന്ധം ഉലയാം. ദമ്പതികളുടെ ഇടയിൽ സ്നേഹം കുറയുകയുടെ ദ്വേഷം കൂടുകയും ചെയ്യും. തൊഴിൽ രംഗത്ത്‌ തടസ്സങ്ങൾ വരാം. ആത്മവിശ്വാസം തെല്ല് കുറഞ്ഞേക്കും. സാഹസങ്ങൾക്ക് മുതിരാതിരിക്കുകയാണ് കരണീയം.

ഇടവക്കൂറ്

(കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ) ആറാം രാശിയിലാണ് ചൊവ്വ. പാപഗ്രഹങ്ങൾ 3,6,11 എന്നീ ഭാവങ്ങളിൽ അതീവ ഗുണദാതാക്കൾ ആണ്. രോഗം, ശത്രു, കടം, കാര്യതടസ്സം മുതലായവ ആറാം ഭാവം കൊണ്ട് പരിഗണിക്കുന്നു. രോഗികൾക്ക് രോഗാവസ്ഥയിൽ നിന്നും മോചനം ഭവിക്കുന്നതാണ്. കടക്കെണിയിൽ പെട്ട് ഉഴലുന്നവർക്ക് സാമ്പത്തിക സഹായം വന്നു ചേർന്നേക്കും. വീട്ടിലും തൊഴിലിടത്തിലും എതിർപ്പുകളിൽ പെട്ട് നട്ടംതിരിയുന്നവർക്ക് പ്രതിരോധിക്കാൻ സാഹചര്യമുണ്ടാവും. ഭൂമിസംബന്ധിച്ച ക്രയവിക്രിയങ്ങളിൽ ലാഭം ഭവിക്കാം. സഹോദരരുമായി പിണങ്ങിക്കഴിഞ്ഞവർക്ക് വീണ്ടും ഇണങ്ങാനും കുടുംബബന്ധം സുദൃഢമാകാനും സാധിക്കും. മുകളിൽ പറഞ്ഞ നേട്ടങ്ങളൊക്കെ ഉണ്ടാകുമെങ്കിലും ചൊവ്വ ദുർബലനാകയാൽ അവ ഭാഗികമായിട്ടാവാം അനുഭവപ്പെടുക. അല്ലെങ്കിൽ അവയ്ക്ക് തിളക്കം കുറയാം.

മിഥുനക്കൂറ്

(മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ):- അഞ്ചാം ഭാവത്തിലാണ് ചൊവ്വ. അഞ്ചാം ഭാവം മക്കൾ, ബുദ്ധിശക്തി, പ്രതിഭാവിലാസം, സുകൃതം, മന്ത്രിത്വം മുതലായവയെ കുറിക്കുന്നു. അവിടെ ചൊവ്വ സ്ഥിതി ചെയ്യുകയാൽ മുകളിൽ പറഞ്ഞ വസ്തുകൾക്ക് ക്ഷീണമോ ദോഷമോ വരാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി കുറയും. നിർബന്ധബുദ്ധി ഉണ്ടാവും. സാഹിത്യകാരന്മാരുടെ പ്രതിഭാശക്തിക്ക് തളർച്ച വരാം. പ്രതീക്ഷിച്ച അംഗീകാരം നീണ്ടുപോകാം. മക്കളെച്ചൊല്ലി വല്ല വിഷമമോ ഇച്ഛാഭംഗമോ ഉണ്ടായേക്കാം. പിതൃകർമ്മങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ചില ചീത്തഉപദേശങ്ങൾ സ്വാധീനിച്ചേക്കാം. ഇരുവട്ടം ആലോചിച്ചുവേണം ഏതൊരു തീരുമാനവും കൈക്കൊളളാൻ.

കർക്കടകക്കൂറ്

(പുണർതം നാലാം പാദം, പൂയം, ആയില്യം) ചൊവ്വ നാലാം ഭാവത്തിലാണ്. അമ്മ, സുഹൃത്ത്, വീട്, വാഹനം, മനസ്സ് തുടങ്ങിയ വിഷയങ്ങൾ മുഖ്യമായും നാലാം ഭാവം കൊണ്ട് ചിന്തിക്കുന്നു. അവയ്ക്ക് അഭിവൃദ്ധി ഉണ്ടാവാത്ത ഒരു സാഹചര്യമാണ് ചൊവ്വ സൃഷ്ടിക്കുക. മനസ്സുഖം കുറയും. അനാവശ്യചിന്തകൾ മനസ്സിൽ കടന്നുകൂടും. ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടാം. സുഹൃത്തുക്കളുമായി പിണങ്ങാം. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ നല്ല ശ്രദ്ധ വേണ്ടതുണ്ട്. ഭൂമി/ വസ്തു ഇവ സംബന്ധിച്ച വ്യവഹാരങ്ങളോ തർക്കങ്ങളോ ഉയർന്നേക്കാം. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത കുറയരുത്. ധനവരവ് പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. കുടുംബകാര്യങ്ങളിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടാം. പൊതുവേ ക്ഷോഭം നിയന്ത്രിക്കപ്പെടണം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം ഒന്നാം പാദം):- മൂന്നാം ഭാവത്തിലാണ് ചൊവ്വ. ചിങ്ങക്കൂറുകാർക്ക് അനുകൂലമായ സ്ഥിതിയിലാണ് ചൊവ്വയെന്ന് പറയാം. ആത്മവിശ്വാസം ഉയരുന്നതാണ്. വിഷമപ്രശ്നങ്ങളെ സമർത്ഥമായി നേരിടും. പോംവഴികൾ സ്വയം കണ്ടെത്തും. തൊഴിലിൽ മുന്നേറാൻ സാധിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സഞ്ജാതമാകുന്നതാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ബന്ധുജനങ്ങളുടെ നിർലോഭമായ സ്നേഹം ലഭിക്കുന്നതാണ്. പ്രണയികൾക്ക് സ്വപ്നസാഫല്യം ഉണ്ടാകും.
നിക്ഷേപം, ഭൂമി ഇവയിൽ നിന്നും ആദായം ഉയർന്നേക്കും.

കന്നിക്കൂറ്

(ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര ആദ്യപകുതി):- രണ്ടാം ഭാവത്തിലാണ് ചൊവ്വ. കന്നിരാശിയുടെ അഷ്ടമാധിപനുമാണ് ചൊവ്വ. ആകയാൽ രണ്ടാമെടം കൊണ്ട് ചിന്തിക്കപ്പെടുന്ന വിദ്യ, ധനം, കണ്ണുകൾ, വാക്ക് എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ വേണം. വാക്കുകൾ പരുഷമായി തോന്നാം ശ്രോതാവിന്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മാർക്ക് കുറയാം. ഉപരിപഠനത്തിന് പ്രവേശം കിട്ടാൻ വിഷമിക്കും. പണവരവ് കുറയുന്നതാണ്. ആരോഗ്യസ്ഥിതിയിൽ ജാഗരൂകരാവണം. പ്രണയികൾക്ക് തിരിച്ചടി ഉണ്ടായേക്കാം.ദാമ്പത്യത്തിൽ കലഹവും വിശ്വാസരാഹിത്യവും ഒരു പ്രശ്നമായി മാറാം.

തുലംക്കൂറ്

(ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ):- തുലാക്കൂറുകാർക്ക് ജന്മരാശിയിൽ ചൊവ്വ സഞ്ചരിക്കുകയാൽ ദോഷപ്രദമായ കാലഘട്ടമാണ്. വ്യക്തിത്വത്തെ ബാധിക്കും. ദേഹസുഖം കുറയുന്നതാണ്. യശസ്സിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യേണ്ടതായി വരാം. സ്വസ്ഥത , ആത്മവിശ്വാസം, എന്നിവയെയും ചൊവ്വ കുറച്ചൊക്കെ പ്രതികൂലമായി ബാധിച്ചേക്കാം, പ്രണയികൾക്ക് പിണങ്ങിപ്പിരിയാൻ കാരണങ്ങൾ ഉണ്ടായിക്കൊള്ളും. ദമ്പതികൾക്ക് പരസ്പരം കുറ്റം ചാരാൻ പ്രവണത ഏറുന്നതാണ്. വാഹനം, അഗ്നി, യന്ത്രം, വൈദ്യുതി ഇവ ഉപയോഗിക്കുമ്പോൾ ജാഗ്രത കുറയ്ക്കരുത്. മറ്റു ഗ്രഹങ്ങളുടെ അനുകൂലതയനുസരിച്ച് ഇവിടെ വ്യക്തമാക്കിയ ദോഷാനുഭവങ്ങൾ ലഘൂകരിക്കപ്പെടാം.

വൃശ്ചികക്കൂറ്

(വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):- പന്ത്രണ്ടാം രാശിയായ തുലാം രാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. വിപരീതാനുഭവങ്ങൾക്കാവും പൊതുവേ മുൻതൂക്കം വരിക. വരവ് തെല്ല് മന്ദീഭവിക്കാം. എന്നാൽ ഗാർഹികമായും വ്യക്തിപരമായും ഉള്ള ചെലവുകൾ കൂടിയേക്കും. വായ്പാ തവണകളുടെ തിരിച്ചടവ് മുടങ്ങാനിടയുണ്ട്. അനാവശ്യയാത്രകൾ വേണ്ടിവരും. ചിലർക്ക് വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. പാദരോഗങ്ങൾ, ചതവ്, മുറിവ് ഇവ സാധ്യതകൾ. സഹോദരാനുകൂല്യം കുറഞ്ഞേക്കാം. സ്വന്തം ജാതകത്തിലെ ദശാപഹാരാദികളുടെ ഗുണമനുസരിച്ച് മുകളിൽ വ്യക്തമാക്കിയ ദോഷാനുഭവങ്ങൾ കുറയാം.

ധനുക്കൂറിന്

(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) അനുകൂലഭാവമായ പതിനൊന്നാമെടത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. തടസ്സപ്പെട്ടിരുന്ന ആദായമാർഗം തുറന്നു കിട്ടുന്നതാണ്. ഭൂമികാരകനാണ് ചൊവ്വ എന്നതിനാൽ വസ്തുവാങ്ങാനോ നല്ല വിലയ്ക്ക് വിൽക്കാനോ സാധിച്ചേക്കും. ഭൂമിയിൽ നിന്നും ഉള്ള ആദായവും ഉയരും. സഹോദരരുമായി പിണക്കം നീങ്ങി രമ്യതയിലാവും. മക്കളുടെ കാര്യത്തിൽ ശുഭവാർത്തയുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിയുന്നതാണ്. ഭോഗസുഖം ഉണ്ടാകും. തൊഴിലിൽ നിന്നും അംഗീകാരം ലഭിക്കാം. പ്രണയജീവിതം പുഷ്കലമാകുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്ര, വിരുന്നുകൾ ഇവയുണ്ടാകും. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കുന്നതാണ്.

മകരക്കൂറിന്

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ) കർമ്മസ്ഥാനമായ പത്താമെടത്തിലാണ് ചൊവ്വ. കർമ്മരംഗത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സ്ഥിതിയാണത്. ഉദ്യോഗസ്ഥർക്ക് മേലധികാരകളുടെ അപ്രീതി നേരിടേണ്ടി വരാം. പ്രതീക്ഷിച്ച ശമ്പളവർദ്ധന നീണ്ടേക്കാം.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഉല്പന്നങ്ങൾ ഉപഭോക്താക്കളുടെ മുന്നിൽ ശരിയാംവിധം പരിചയപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചേക്കാം. പൊതുപ്രവർത്തകർക്ക് ജനകീയ അടിത്തറ ഇളകുന്നതായി തോന്നും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. മക്കളെ സംബന്ധിച്ചും ചില ഉൽക്കണ്ഠകൾ ഉയരാം. സ്വന്തം ആരോഗ്യകാര്യത്തിലും അലംഭാവമരുത്.

കുംഭക്കൂറ്

(അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ) കുംഭക്കൂറിന്റെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഭാഗ്യം, ഉപാസന, അച്ഛൻ, ധർമ്മം മുതലായ കാര്യങ്ങൾ ഒമ്പതാമെടത്താൽ ചിന്തിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങൾക്ക് പ്രായേണ ദോഷാനുഭവങ്ങളാവും ഒമ്പതിൽ നിൽക്കുന്ന ചൊവ്വ സൃഷ്ടിക്കുക. കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കണമെന്നില്ല. ചെയ്യേണ്ട ജോലികൾ ചെയ്ത് പൂർത്തിയാക്കാൻ തടസ്സങ്ങൾ ഉണ്ടാകാം. ഇഷ്ടവസ്തുക്കൾ കൈമോശം വരാം. ഭാഗ്യക്കേട് കാരണം അർഹതയുണ്ടെങ്കിലും തഴയപ്പെടും. ഉപാസനകൾക്ക് ഭ്രംശം സംഭവിക്കാം. അച്ഛന്റെ ആരോഗ്യ കാര്യത്തിൽ അനാസ്ഥയരുത്. പൂർവ്വിക സ്വത്തുക്കളെ സംബന്ധിച്ച് സഹോദരരുമായി തർക്കങ്ങൾ ഉടലെടുക്കാം. അതിനാൽ ആലോചനാപൂർവ്വം മുന്നോട്ട് നീങ്ങേണ്ട കാലമാണ്.

മീനക്കൂറ്

(പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി) ചൊവ്വ മീനക്കൂറിന്റെ എട്ടാമെടമായ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. അഷ്ടമം അഥവാ എട്ടാമെടം ഏറെ കരുതൽ വേണ്ട രാശിയാണ്. മരണഭയം, ആപത്തുകൾ, വീഴ്ച, മുറിവ് എന്നിങ്ങനെയുള്ള കാര്യങ്ങളുമായി എട്ടാമെടം ബന്ധപ്പെടുന്നു. അവിടെ കേതുവുണ്ട്, ചൊവ്വയും കൂടി വരുന്നതോടെ കാര്യങ്ങൾ അത്ര പന്തിയാവണം എന്നില്ല. ആരോഗ്യ പരിരക്ഷ അനിവാര്യം. എല്ലാക്കാര്യങ്ങളിലും ശ്രദ്ധയുണ്ടാവണം. ഇടപാടുകളിൽ കണിശത പുലർത്തണം. വാക്കും കർമ്മവും സമന്വയിപ്പിക്കുക എളുപ്പമാവില്ല. വ്യവഹാരങ്ങൾക്ക് മുതിരരുത്. ക്ഷോഭം നിയന്ത്രിക്കണം. പരമാവധി മാനസിക ശാന്തത പുലർത്താൻ ശ്രമിക്കേണ്ടതാണ്. സ്വന്തം ജാതക പ്രകാരം നല്ല ദശാപഹാരാദികളിലൂടെ കടന്നുപോവുന്നുവെങ്കിൽ മുകളിൽ പറഞ്ഞ ദോഷങ്ങൾ നാമമാത്രമാവും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: