scorecardresearch

ചൊവ്വ നീചരാശിയിലേക്ക്, മകം മുതൽ തൃക്കേട്ട വരെ

Mars transit to Cancer 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ചൊവ്വയുടെ കർക്കടകം രാശിയിലെ സഞ്ചാരം മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു, അനുഭവങ്ങൾ എന്തൊക്കെയാവും എന്ന അന്വേഷണമാണ് തുടർന്ന് അവതരിപ്പിക്കുന്നത്

astrology, horoscope, ie malayalam
ചൊവ്വ കർക്കടകം രാശിയിലേക്ക്

Mars transit to Cancer 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 മേയ് മാസം 10 ന് (1198 മേടം 26 ന്) ചൊവ്വ മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലായ് ഒന്നുവരെ (മിഥുനം 16 വരെ) അവിടെ തുടരുന്നു. കർക്കടകം ചൊവ്വയുടെ നീചരാശിയാകുന്നു. ഗ്രഹങ്ങൾക്ക് ഏറ്റവും ബലം കുറയുന്നത് അവരുടെ നീച രാശിയിലാണ്. ചൊവ്വയുടെ ബലഹാനി ദോഷശക്തിയായി മാറും എന്നാണ് സങ്കല്പം.

മേടവും വൃശ്ചികവും സ്വക്ഷേത്രം, അതിൽ തന്നെ മേടത്തിന് മൂലത്രികോണം എന്ന പ്രത്യേകതയുമുണ്ട്. മകരം രാശി ഉച്ചം. കർക്കടകം നീചവും. ഇങ്ങനെയാണ് ചൊവ്വയുടെ രാശിബന്ധം. ഉച്ചത്തിൽ ഏറ്റവും ബലം. മൂലത്രികോണത്തിൽ മുക്കാൽ ബലം. സ്വക്ഷേത്രത്തിൽ പകുതി ബലവും. നീചത്തിൽ ഒട്ടും ബലമില്ലാത്ത സ്ഥിതിയും. ശരാശരി 45 ദിവസമാണ് ചൊവ്വ ഓരോ രാശിയിലും സഞ്ചരിക്കാൻ എടുക്കുന്ന സമയം. പന്ത്രണ്ടു രാശികൾ ചുറ്റിവരാൻ ഒന്നരവർഷം ചൊവ്വയ്ക്ക് വേണം. ഇത്തവണ ഏതാണ്ട് 50 ദിവസത്തിലധികം ചൊവ്വ കർക്കടകത്തിൽ സഞ്ചരിക്കുന്നുണ്ട്.

ഗ്രഹങ്ങളുടെ കൂട്ടത്തിൽ പലതരം വിഭജനങ്ങൾ കാണാം. ചൊവ്വയെ ഒരു പാപഗ്രഹമായി കണക്കാക്കുന്നു. പുരുഷഗ്രഹം എന്ന വിഭാഗത്തിലും ചൊവ്വ ഉൾപ്പെടുന്നു. ഗ്രഹങ്ങളെ വ്യത്യസ്ത അക്ഷരങ്ങളിലാണ് രാശിചക്രത്തിൽ രേഖപ്പെടുത്തുക. ചൊവ്വയുടെ പ്രധാന നാമം ‘കുജൻ’ എന്നാണ്. അതിനാൽ രാശിചക്രത്തിൽ ആ വാക്കിന്റെ ആദ്യാക്ഷരമായ ‘കു’ എന്ന അക്ഷരം ചൊവ്വയെ കുറിക്കാൻ ഉപയോഗിക്കുന്നു.

ചൊവ്വയുടെ കർക്കടകം രാശിയിലെ സഞ്ചാരം മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു, അനുഭവങ്ങൾ എന്തൊക്കെയാവും എന്ന അന്വേഷണമാണ് തുടർന്ന് അവതരിപ്പിക്കുന്നത്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): പന്ത്രണ്ടാം രാശിയിലേക്കാണ് ചൊവ്വയുടെ പ്രവേശം. ഭാഗ്യ, സുഖസ്ഥാനാധിപ ഗ്രഹം നീചത്തിലാകുന്നു എന്ന യാഥാർത്ഥ്യമുണ്ട്. പല നിലയ്ക്ക് ചെലവേറുന്ന കാലമാണ്. വസ്തുസംബന്ധിച്ച വ്യവഹാരപ്രേരണകൾ ഉണ്ടാകാം. സഹോദരരും തൽസ്ഥാനീയരും എതിർചേരിയിലാവാം. യാത്രകൾ കൂടുതലുണ്ടാകും. പാദരോഗങ്ങൾ വിഷമിപ്പിക്കാനിടയുണ്ട്. ദാമ്പത്യത്തിൽ ചില അലോസരങ്ങളെ നേരിടേണ്ടിവരാം. ജാതക പ്രകാരം നല്ല ദശയും അപഹാരവും ഒക്കെയാണെങ്കിൽ ദോഷം ലഘുകരിക്കപ്പെടും.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി): ചൊവ്വ പതിനൊന്നാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. സ്വശക്തിയെക്കുറിച്ച് ബോധ്യം വരും. പ്രവർത്തനമേഖലയിൽ വിജയിക്കുന്നതാണ്. ധാരാളം പുതിയ അവസരങ്ങൾ വന്നുചേരും. കച്ചവടം ലാഭകരമായേക്കും. ദാമ്പത്യത്തിലെ സ്വരഭംഗങ്ങൾക്ക് അവസാനമാകുന്നതാണ്. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരരുടെ പിന്തുണ കർമ്മഗുണമേകും. ഋണബാധ്യത പരിഹരിക്കാനുള്ള ശ്രമം പാർശ്വികമായി ലക്ഷ്യം കാണും. പ്രതികൂലതകളെ മറികടക്കും. മനസ്സന്തോഷത്തിന് പല കാര്യങ്ങളും വന്നെത്തും.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): ചൊവ്വ പത്താം ഭാവത്തിൽ പ്രവേശിച്ചിരിക്കുകയാൽ കർമ്മരംഗത്ത് ചില അസ്വസ്ഥതകൾ പ്രത്യക്ഷപ്പെടാം. സാമ്പത്തികസ്ഥിതി പ്രതീക്ഷിച്ചത്ര ഉയരണമെന്നില്ല. ഉദ്യോഗസ്ഥർക്ക് അധികജോലിഭാരം ഉണ്ടായേക്കാം. കരാറുകളിൽ ഒപ്പിടും മുൻപ് പുനരാലോചന നടത്തുന്നത് ഉത്തമമായിരിക്കും. വ്യവഹാരങ്ങളിൽ ഏർപ്പെടാൻ കാലം അനുകൂലമല്ല. ഗൃഹനവീകരണം വിചാരിച്ചതിനെക്കാളും നീണ്ടുപോകാം. രാഷ്ട്രീയ മത്സരങ്ങളിലും പരീക്ഷകളിലും നേരിയ വിജയമാവും ഭവിക്കുക. ആയുധം, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ ജാഗ്രത കുറക്കരുത്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): രാശ്യധിപനായ ചൊവ്വയ്ക്ക് ഭാഗ്യഭാവത്തിൽ നീചസ്ഥിതി വരികയാൽ ഭാഗ്യാനുഭവങ്ങൾ മങ്ങാം. കഴിവിനും പ്രയത്നത്തിനും അനുസരിച്ചുള്ള പ്രതിഫലം കിട്ടണമെന്നില്ല. ചില പ്രതികൂലതകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ആത്മശക്തിയുടെ ശോഷണവും ഒരു സാധ്യതയാണ്. ഉപാസനകളിൽ വിഘ്നങ്ങളോ വിളംബമോ ഭവിച്ചേക്കാം. വൈകാരികക്ഷോഭം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ കരുതൽ വേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളിൽ കരുതൽ അനിവാര്യം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mars transit to cancer 2023 astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars